ടൊറന്റോ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അടക്കം വിദേശ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നീക്കവുമായി കാനഡ സർക്കാർ. 2025-ൽ പ്രോസ്സസ് ചെയ്യുന്ന സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണം 505,162 ആക്കിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. ജനുവരി 22-ന് ആരംഭിച്ച പുതിയ മാറ്റം ഡിസംബർ 31 വരെ തുടരും. പഠനാനുമതികളുടെ എണ്ണത്തിനല്ല ഈ വർഷം അംഗീകാരം ലഭിക്കുക, മറിച്ച് പ്രോസസ്സിങിനായി സ്വീകരിച്ച അപേക്ഷകൾക്കുള്ളതാണ് ഈ പരിധി. താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്നാൽ ലക്ഷ്യത്തോടെയാണ് ഫെഡറൽ ഗവൺമെൻ്റ് പഠന അനുമതി അപേക്ഷകൾക്ക് പരിധി നിശ്ചയിക്കുന്നത്.
ഐആർസിസി പ്രഖ്യാപിച്ച് പരിധിയിലെത്തുന്നത് വരെ മാത്രമേ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയുള്ളൂ. കൂടുതൽ ലഭിക്കുന്ന അപേക്ഷകൾ പ്രോസസ്സ് ചെയ്യാതെ തന്നെ തിരികെ നൽകുകയും അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യുകയും ചെയ്യും. മന്ത്രിതല നിർദ്ദേശങ്ങൾ അനുസരിച്ച്, 505,162 സ്റ്റഡി പെർമിറ്റ് ആപ്ലിക്കേഷൻ പ്രോസസ്സിംഗ് ടാർഗെറ്റ് അടിസ്ഥാനമാക്കി കാനഡയിലെ പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ ഗവൺമെൻ്റുകൾക്ക് ഇതിനകം രജ്യാന്തര വിദ്യാർത്ഥികൾക്കായി അലോക്കേഷൻ നൽകിയിട്ടുണ്ട്.
2025-2027 ഇമിഗ്രേഷൻ ലെവൽ പ്ലാൻ പ്രകാരം 2025-നും 2027-നും ഇടയിൽ ഓരോ വർഷവും 305,900 പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിപ്പാർട്ട്മെൻ്റ് വെളിപ്പെടുത്തുന്നു – എന്നാൽ ഇത് അംഗീകൃത പഠന പെർമിറ്റുകളുടെ എണ്ണമല്ല, മറിച്ച് IRCC നൽകുന്ന പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണമാണ്. ഒരു വിദ്യാർത്ഥി ഒരു സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതും അവരുടെ പഠനം ആരംഭിക്കാൻ കാനഡയിലെത്തുന്നതും തമ്മിലുള്ള സമയ വ്യത്യാസം കാരണം, ലാൻഡിംഗുകളും അപേക്ഷാ അംഗീകാരങ്ങളും ഒരുപോലെയല്ല.