Image

ഗോൾഡൻ കൊഴുക്കട്ട (പി.സീമ)

Published on 22 January, 2025
ഗോൾഡൻ കൊഴുക്കട്ട (പി.സീമ)

ഒരു പാചകക്കുറിപ്പ് ആകട്ടെ. കഥ എന്നും കവിത എന്നും പറഞ്ഞ് ഓരോന്ന് സൃഷ്ടിച്ചു  വിടുന്നതിൽ നിന്നു ഒരു ചേഞ്ച്‌ ആയിക്കോട്ടെ... ഒരു ചേഞ്ച്‌ ആർക്കാണ് ഇഷ്ടമില്ലാത്തത്?

അപ്പോൾ കൊഴുക്കട്ട ഉണ്ടാക്കിയാലോ. എല്ലാർക്കും അറിയാം എങ്കിലും ഇത് സവിശേഷമായ ഗോൾഡ് കളർ കൊഴുക്കട്ട ആണ്.  

ആദ്യം അപ്പപ്പൊടി എടുക്കുക. അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു നന്നായി കുഴയ്ക്കുക. മൃദു വാകുമ്പോൾ ഓരോ ഉരുളകൾ മനോധർമ്മം പോലെ ഉരുട്ടുക. പിന്നെ അകത്തു വെയ്ക്കാൻ ശർക്കര തേങ്ങ ജീരകം എലയ്ക്ക പൊടി ഇവയൊക്കെ വേണ്ടുന്ന അളവിൽ ചേർക്കാൻ ഏവർക്കും അറിയാവുന്നതാണല്ലോ. എന്നിട്ട് ഇഡ്ഡലി തട്ടിൽ വെച്ചു ആവി കയറ്റി പുഴുങ്ങി ചൂടാറുമ്പോൾ തിന്നുക. അ ല്ലെങ്കിൽ വായും നാക്കും പൊള്ളും. നിങ്ങളെ തെറി പറഞ്ഞു പാതി വെച്ചു തുപ്പി തെറിപ്പിക്കും.

ഞാൻ ഇങ്ങനെ ഒരു സാഹസത്തിനു ഒരുമ്പെട്ടത് താഴെ മുറിയിൽ റെന്റിനു നിൽക്കുന്ന പെൺകുട്ടി കൊഴുക്കട്ട ഉരുട്ടുന്നത് കണ്ടപ്പോൾ ഉണ്ടായ ഉൾപ്രേരണ കൊണ്ടാണ് കേട്ടോ. ഇല്ലേൽ മിക്കവാറും കടലക്കറി ഉണ്ടാക്കാൻ മടിച്ചു ഉണക്കപ്പുട്ടു മാത്രം അകത്താക്കുന്ന ശീലം.  ഏതായാലും കുഴച്ചു വെച്ച അരിമാവിനു സന്തോഷം. ഇന്നിവൾ പീച്ചി ഇടിയപ്പം ആക്കിയില്ലല്ലോ. ഉരുട്ടി  ഒന്ന് തട്ടി മധുരവും തരുമല്ലോ എന്ന് അതു ആശ്വസിച്ചു. അങ്ങനെ ഉണ്ടകൾ റെഡിയായി. തേങ്ങ അല്പം പഞ്ചസാര ഒക്കെക്കൂടി കുഴച്ചുള്ളിലാക്കി ഒന്നും കൂടെ ഉരുട്ടി. ഓരോന്നെ പെറുക്കി ഇഡ്ഡലി തട്ടിൽ വെച്ചപ്പോൾ തലേന്ന് ഫ്രിഡ്ജിൽ വെച്ച രണ്ടു ഇടിയപ്പങ്ങൾ വിളിച്ചു പറഞ്ഞു

"ഉണ്ട കിട്ടിയപ്പോ ഞങ്ങളെ മറന്നു അല്ലേ."

അങ്ങനെ അവ രണ്ടും ഫ്രിഡ്ജിൽ നിന്നു വന്നു ഇഡ്ഡലിത്തട്ടിൽ കയറി കുത്തിയിരുന്നു.. ഇതോടെ പാചകം പണി തീർന്നു.. ഗ്യാസ് ഓൺ ആക്കി.

ശേഷം ഞാൻ പാത്രം അടച്ചു വെച്ചു ഹാളിൽ വന്നു. അദ്ദേഹം ഉള്ളപ്പോൾ നാലുകാലും പറിച്ചു പാഞ്ഞു പണി എടുക്കുന്ന ഞാൻ ഇപ്പോൾ സർവത്ര റസ്റ്റ്‌ ആണല്ലോ. അങ്ങനെ കാലും നീട്ടി കസേരപ്പുറത്തിരുന്നു പത്രം പാരായണം ചെയ്തപ്പോൾ ഇടിയപ്പം ആവി കയറി ചൂടായ  ഓർമ്മ വന്നു അകത്തു ചെന്നു മൂടി തുറന്നു അവ രണ്ടും എടുത്തു പാത്രത്തിൽ ഇട്ടു.

"ഞങ്ങളെ വേണ്ടേ.. പൊള്ളി ഒരു പരുവമായി "എന്ന് കൊഴുക്കട്ടകൾ നിലവിളിച്ചു.. തീ കുറച്ചു സിം ൽ ആക്കി. 
"ഒന്നൂടെ വേകണം .അടങ്ങി അവിടിരിക്കു" എന്ന് ഞാൻ അവരെ ശാസിച്ചു...ഒരു നുള്ളു പഞ്ചാര. ഇത്തിരി പാലും കൂട്ടി ഇടിയപ്പത്തിനു കൊടുത്തു വീണ്ടും തീന്മേശ മടിത്തട്ടാ ക്കിയിരുന്ന് അവ അകത്താക്കി.  അപ്പോൾ  ചുമ്മാ രണ്ടു പാട്ട് കേൾക്കാൻ പൂതി തോന്നി."മഞ്ഞലയിൽ മുങ്ങി തോർത്തി.യും മധുചന്ദ്രികയുടെ ചായത്തളിക"യും കേട്ടു  കുറെ നേരം ഇരുന്ന് കഴിഞ്ഞു തിന്ന തളികയുമായി അകത്തു പോയി.  അപ്പോൾ ആണ് ഞാൻ സിം ൽ ആക്കിപ്പോയ തീനാമ്പു ഉള്ളിൽ ആളിയത്.  ", ന്റെ കൃഷ്ണാ ന്റെ കൊഴുക്കട്ട "  എന്ന് ധ്യാനിച്ചു ഞാൻ പെട്ടെന്ന് പാത്രം തുറന്നു.. സൂപ്പർ. വെള്ളം ഒക്കെ വറ്റി പാത്രം അല്പം കരിഞ്ഞു സ്വർണ്ണനിറം പൂശിയ കൊഴുക്കട്ടകൾ എന്നെ നോക്കി കോക്രി കാണിച്ചു

"അന്നേരം പറഞ്ഞതല്ലേ എടുത്തോണ്ട് പോകാൻ.. ഇനി  നീ എങ്ങനെ തിന്നും?"

സ്പൂൺ കൊണ്ട് ഒരെണ്ണം അടർത്തി അല്പം വായിലിട്ടു. സൂപ്പർ കരിചുവ കരിഞ്ഞ ഗന്ധം.. ഇന്ന്  വാഴച്ചുവട്ടിലേക്കു നാല് ഉണ്ടകൾ വലിച്ചെറിഞ്ഞപ്പോൾ  പിള്ളേർ ഉണ്ടായിരുന്നേൽ ബാറ്റ് കൊണ്ട് sixer അടിച്ചു കളിച്ചേനെ   അദ്ദേഹം എങ്ങാനും കണ്ടെങ്കിൽ ആത്മാവായി വന്നു കൊത്തി ഇങ്ങനെ പറഞ്ഞേനെ.

"നല്ല ശ്രദ്ധ. ഗ്യാസിന് കാശ് മുടക്കുന്നത് അരിപ്പൊടി മേടിക്കുന്നത് ഒക്കെ ഞാൻ അല്ലേ... നിനക്ക് നഷ്ടം ഒന്നും ഇല്ലാല്ലോ." അങ്ങനെ ചോദിച്ചാൽ അത് ശരിയല്ലേ?

പാട്ട് കേട്ടു വട്ടായി.. അരിപ്പൊടിയും ഗ്യാസും ഒക്കെ ചുമ്മാ കിട്ടുന്നതല്ല എന്ന് അപ്പോൾ കേട്ട അശരീരി എന്റെ ഉള്ളിൽ നിന്നു തന്നെ ആയിരുന്നു.

സാരമില്ല 60 കഴിഞ്ഞില്ലേ.മറവിയാ . ആറിലും അറുപതിലും ഒരുപോലെയാ .എന്ന് സ്വയം സമാധാനിച്ചു. തിരികെ വന്നു വീണ്ടും പാട്ടു വെച്ചു. "കണക്കെഴുതാൻ ഏടുകൾ ഇല്ലാത്ത കാവ്യ പുസ്തകമല്ലേ ജീവിതം "എന്ന് ജയേട്ടൻ ഈണത്തിൽ പിന്നെയും പാടുന്നു.   അല്ലേലും കണക്കൊക്കെ എന്നേ തെറ്റിപ്പോയതാ. കൂട്ടിയും കുറച്ചും, ഗുണിച്ചും ,ഹരിച്ചും നോക്കിയാൽ ശിഷ്ടം പൂജ്യം ആകാതെ പോകുന്നത് അക്ഷരങ്ങളും വിവർത്തനവും ഇടയ്ക്ക് കൂട്ടുള്ളത് കൊണ്ട് കൂടിയാണ്..

ഇനി ഈ പാചകം പരീക്ഷിച്ച്‌ ആരുടെയെങ്കിലും കുടൽ കരിഞ്ഞാൽ എനിക്കു ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല കേട്ടോ.  

( ഇപ്പോൾ അടുക്കളയിൽ നിന്നു ഒരു കരിഞ്ഞ മണം വരുന്നുണ്ട്. ചോറ് തിളപ്പിച്ചു വാർക്കാൻ വെച്ചതാണ് സർവത്ര കരികാലം. ഇന്ന് അത്താഴം ബ്ലാക്ക് റൈസ് ആകട്ടെ.  ഇതാണ് ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിൽ ഉള്ള സ്വാതന്ത്ര്യം.  അപാരം അനന്തം...കരിമയം, കർമ്മഫലം )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക