മുന്നിലൂടൊഴുകുന്ന
കായൽപ്പരപ്പിലൊരു ജഡം.
അഴുകിയാ ജഡയുദരത്തിലൊരു
കുഞ്ഞു ഹൃദയവും
പിടഞ്ഞല്ലോ....
ദൂരെ ദൂരെ
തീവണ്ടിപ്പാതയിൽ
ഉടൽ-ശിരസ്സ് രണ്ടായി
കബന്ധം.
പിടഞ്ഞയായുയിരിൽ
കടമെന്ന വാക്കും പിടഞ്ഞുവോ..
ചിരിച്ചൊരു കാമിനി
ചൊടിയിലവനെ
മുത്തിയത് വിഷമോ ...
നവോഢ
നൂറാഭരണ
ഭൂഷിണി ...
എങ്കിലും, നാളുകൾക്കിപ്പുറം
കയർത്തുമ്പിൻ്റെ
കഷണത്തിലൊടുക്കം.
പണയിട
സ്വർണ്ണക്കുറവു കൊണ്ടോ .....
പരീക്ഷണ ഏ പ്ളസിൻ്റെ
കുറവിലൊന്നിൽ
അസഹനം.
വൻ പരീക്ഷകൾ
മനസ്സിൻ്റെ തീഷ്ണതകൾ
ലഹരിത്തിരി നീട്ടിയഭയങ്ങളോ....
ലഹരിക്കോടാലി
കഴുത്തിൽപതിച്ചൊരമ്മ,
മകൻ്റെ കാൽപാദം
തൊട്ടു തൊഴുന്നു
ജീവനായ് കേഴുന്നുവോ.....
ചുറ്റിലുമശാന്തിപർവങ്ങൾ
എങ്കിലുംഞാൻ,
മുന്നിലൊഴുകുന്ന
പുഴ ശാന്തം നോക്കിയിരിക്കുന്നു.....
പുലരി , ചിരി തൊട്ടുണർത്തുന്ന
കുയിൽനാദം കേൾക്കാനിരിക്കുന്നു...
വിരിയുന്ന
പൂക്കൾ തന്നുന്മാദ
സൗന്ദര്യ സുരഭിലമറിയാനിരിക്കുന്നു.....