Image

യുഎസ് വനിതാ ടെന്നിസിൽ വീണ്ടും താരത്തിളക്കം ( സനില്‍ പി.തോമസ്)

Published on 26 January, 2025
യുഎസ് വനിതാ ടെന്നിസിൽ വീണ്ടും താരത്തിളക്കം ( സനില്‍ പി.തോമസ്)

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മാഡിസണ്‍ കീസ് ചാമ്പ്യനായപ്പോള്‍ അതൊരു അട്ടിമറിയെന്നു പറയാം. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യനായിരുന്ന ബെലറൂസ് താരം അരീന സബ്ലെങ്കയെയാണ് കീസ് ഫൈനനില്‍ തോല്‍പ്പിച്ചത് (6-3, 2-6, 7-5). ഇരുപത്തൊമ്പതാം വയസില്‍ കൈവന്ന കന്നി ഗ്രാന്‍ സ്ലാം കിരീടം. പത്തൊമ്പതാം സീഡ് മാത്രമായിരുന്നു മാഡിസണ്‍ കീസ് ഇവിടെ. സബ്‌ലെങ്ക ഒന്നാം സീഡും.

2014-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ യു.എസിന്റെ സെറീന വില്യംസിനോടും 2017 യു.എസ് ഓപ്പണ്‍ ഫൈനലില്‍ യുഎസിന്റെ സ്‌ലോണ്‍  സ്റ്റീഫന്‍സിനോടും പരാജയപ്പെട്ട കീസ് ഇക്കുറി വനിതാ ടെന്നിസില്‍ യുഎസിന്റെ തിളക്കമാര്‍ന്ന ചരിത്രത്തില്‍ ഇടം കണ്ടെത്തുകയായിരുന്നു. വില്യംസ് സഹോദരിമാരായ വീനസും സെറീനയും സജീവ ടെന്നിസില്‍ നിന്നു പിന്‍വാങ്ങിയതോടെ യുഎസ് വനിതാ ടെന്നിസില്‍ താരത്തിളക്കം കുറഞ്ഞിരുന്നു.

പതിനാലാം വയസില്‍ പ്രഥമ ഡബ്ല്യു.ടി.എ ടൂര്‍ മാച്ച് ജയിച്ചതുമുതല്‍ മാഡിസണ്‍ കീസിനെ ഭാവി ഒന്നാം നമ്പര്‍ ആയി കണ്ടുതുടങ്ങിയതാണ്.

പക്ഷെ, പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഒരു ഗ്രാന്‍ സ്ലാം കിരീടത്തിനായി. പത്തു വര്‍ഷം മുമ്പ് ഇതേ ടൂര്‍ണമെന്റിന്റെ സെമിയില്‍ തോറ്റ പത്തൊമ്പതുകാരിക്ക് ഇത് അവിസ്മരണീയമായ മുഹൂര്‍ത്തം. 2020-ല്‍ സോഫിയ കെനിന്‍ ജയിച്ച ശേഷം ഒരു യുഎസ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്നത് ആദ്യം.

സെമിയില്‍  ലോക രണ്ടാം നമ്പര്‍ പോളണ്ടിന്റെ ഇഗസ്യാം ടെക്കിനേയും ഫൈനലില്‍ ലോക ഒന്നാം നമ്പറിനേയും തോല്‍പിക്കുക, 2005-ല്‍ സെറീന വില്യംസ് കാഴ്ചവെച്ച അട്ടിമറിയുടെ ആവര്‍ത്തനമെന്നു പറയാം. ആദ്യമായൊരു ഗ്രാന്‍ സ്ലാം ടൂര്‍ണമെന്റ് ജയിച്ച നാലാമത്തെ പ്രായംകൂടിയ താരവുമായി കീസ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചതോടെ മാഡിസണ്‍ കീസ് ലോക റാങ്കിംഗില്‍ ഏഴാമതായി. സോഫിയ കെനിന്‍ നാലാം റാങ്കിലും സ്‌ലോണ്‍ സ്റ്റീഫന്‍സണ്‍ മൂന്നാം റാങ്കിലും എത്തിയിരുന്നു. മാഡിസന്‍ കീസിന്റെ കുതിപ്പ് ഇനിയെത്രത്തോളം എന്നു കാത്തിരുന്നു കാണാം.

എന്തായാലും കീസിന് യുഎസ് വനിതാ ടെന്നിസ് പാരമ്പര്യത്തിന്റെ കണ്ണി ആകുവാന്‍ സാധിച്ചു. ബില്ലിജീന്‍ കിങ്ങും ക്രിസ് എവര്‍ട്ടും ട്രേസി ഓസ്റ്റുനുമൊക്കെ ജ്വലിപ്പിച്ച ആ ചരിത്രത്തില്‍ പിന്നീട് വീനസും സെറീനയും നിറഞ്ഞു. ഇവര്‍ക്കുശേഷം തുടര്‍ച്ചയായ വിജയങ്ങള്‍ കൈവരിക്കാന്‍ യു.എസ് വനിതാ താരങ്ങൾക്കു കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

വനിതാ ടെന്നിസിന് പുരുഷന് തുല്യമായ സ്ഥാനവും പ്രതിഫലവും നേടിയെടുക്കാന്‍ മുന്നണിപ്പോരാളിയായത് ബില്ലി ജീന്‍ കിങ്ങ് ആണ്. ബില്ലിജീന്‍ കിങ്ങ് വിമ്പിള്‍ഡണ്‍ ജയിച്ചപ്പോള്‍ 'രാജാവ് രാജ്ഞിയായി' എന്നാണ് ടെന്നിസ് ലോകം വാഴ്ത്തിയത്. ആ പാരമ്പര്യത്തില്‍ പുതിയ കണ്ണിയാകാന്‍ കീസിന് സാധിച്ചു. ആന്ദ്രേ ആഗസിയെ വിവാഹം കഴിക്കുകവഴി സ്റ്റെഫി ഗ്രാഫും യുഎസിലേക്ക് കൂറുമാറുകവഴി മാര്‍ട്ടീന നവ്‌രത്തിലോവയും ഇന്ന് അമേരിക്കക്കാരാണ്.

ഫോം നിലനിര്‍ത്തിയാല്‍ മാഡിസണ്‍ കീസിന് ഈ വര്‍ഷം കൂടുതല്‍ ഗ്രാൻ സ്ലാം വിജയങ്ങള്‍ സാധ്യമാകും. ഇല്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയം യു.എസില്‍ വളരുന്ന താരനിരയ്ക്ക് പ്രചോദനമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക