യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടച്ചുപൂട്ടുന്ന യുഎസ് എയ്ഡിന്റെ വാഷിംഗ്‌ടണിലെ ആസ്ഥാനത്തു എത്തിയ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ്-ഹൗസ് അംഗങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ ചൊവാഴ്ച തടഞ്ഞു. നിർണായക വിദേശ സഹായ ഏജൻസി അടയ്ക്കുന്നതിനെതിരെ പ്രതിഷേധം ഉയർത്തിയ ഡെമോക്രറ്റുകൾ ഏറ്റുമുട്ടലിനു നില്കാതെ സ്ഥലം വിട്ടു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ചുമതല ഏറെറടുത്ത യുഎസ് എയ്‌ഡ് ആസ്ഥാനം തിങ്കളാഴ്ച്ച മുതൽ അടച്ചിട്ടിരിക്കയാണ്. ഭരണകാര്യക്ഷമത വർധിപ്പിക്കാൻ ട്രംപ് ചുമതലപ്പെടുത്തിയ ഡി ഓ ജി ഇ മേധാവി എലോൺ മസ്കിനു അവിടെ പ്രവേശനം നിഷേധിച്ചത് അനുസരണക്കേടാണെന്നും അതു കൊണ്ടാണ് ഓഫിസ് അടച്ചതെന്നും റുബിയോ ചൂണ്ടിക്കാട്ടിയിരുന്നു.
ജീവനക്കാരുമായി സംസാരിക്കാനാണ് ഡെമോക്രാറ്റിക് നേതാക്കൾ എത്തിയത്. എന്നാൽ അവരെ സ്വീകരിക്കാൻ ഓഫിസിൽ ആരുമില്ലെന്ന് സെക്യൂരിറ്റി അവരെ അറിയിച്ചു. സെനറ്റർ വാൻ ഹോളൻ (മെരിലാൻഡ്) ആണ് സംഘത്തെ നയിച്ചത്.
യുഎസ് എയ്‌ഡ് പൂട്ടുന്നത് യുഎസിനെ ദുർബലമാക്കുകയും എതിരാളികളെ ശക്തരാക്കുകയും ചെയ്യുമെന്ന് ഡെമോക്രാറ്റിക് സെനറ്റർ ബ്രയാൻ ഷാറ്സ് ചൂണ്ടിക്കാട്ടി. "ഞങ്ങൾ ഈ അനീതിയെ ചെറുക്കും. കോടതികളിലും കോൺഗ്രസിലുമെല്ലാം."
തന്ത്രപരമായ താല്പര്യങ്ങളുടെ പേരിൽ ചൈന ലോകത്തു പലേടത്തും സഹായവും വായ്പാ പദ്ധതികളും വികസിപ്പിക്കുമ്പോൾ അതിനെ ബാലൻസ് ചെയ്യാൻ യുഎസ് എയ്‌ഡ് അത്യാവശ്യമാണെന്നു ക്രിസ് വാൻ ഹോളൻ ചൂണ്ടിക്കാട്ടി. മസ്കിന്റെ നടപടി റഷ്യയും ചൈനയും ഇറാനും പോലുളള ശതൃക്കൾക്കു നൽകുന്ന സമ്മാനമാണ്.
Democrats blocked at USAID HQ