Image

''ദുഷ്ടാ, പൊള്ളുകയാണെൻ്റെ ശരീരവും; അവൾക്കൊപ്പം എൻ്റെ തലയും പൊട്ടിപ്പൊളിയുന്നു, എത്രയോ നിലവിളികളുടെ തുടർച്ചയാണിത്''; ശാരദക്കുട്ടി

Published on 04 February, 2025
''ദുഷ്ടാ, പൊള്ളുകയാണെൻ്റെ ശരീരവും; അവൾക്കൊപ്പം  എൻ്റെ തലയും പൊട്ടിപ്പൊളിയുന്നു, എത്രയോ  നിലവിളികളുടെ തുടർച്ചയാണിത്''; ശാരദക്കുട്ടി

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുത്ത് ഹോട്ടൽ ജീവനക്കാരി ഹോട്ടലിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിൽ കഴിയുന്ന  സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. മുക്കത്ത് നടന്ന ക്രൂരപീഡനത്തിൻ്റെ ശ്രമങ്ങളും പെൺകുട്ടിയുടെ ഉറക്കെയുള്ള അലറിക്കരച്ചിലും തളർത്തിക്കളയുന്നുവെന്നും എന്നെങ്കിലും ഈ ഭയങ്ങളിൽ നിന്ന് എൻ്റെ വംശം മുക്തമാകുമോ എന്നും ശാരദക്കുട്ടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മുക്കത്ത് നടന്ന ക്രൂരപീഡനത്തിൻ്റെ ശ്രമങ്ങളും പെൺകുട്ടിയുടെ ഉറക്കെയുള്ള അലറിക്കരച്ചിലും തളർത്തിക്കളയുന്നു. ”എന്നെ ഒന്നും ചെയ്യല്ലേ’ എന്ന അലർച്ചയും കരച്ചിലും ഇവിടെ ഷെയർ ചെയ്യാനുള്ള ധൈര്യമോ മനസ്സോ ഇല്ല.
അതിനിടയിലും അയാൾ ആവർത്തിച്ചു പറയുന്നു, ‘ഒച്ച വെക്കരുത്, നിൻ്റെ മാനം പോകും’ എന്ന്. മാനത്തിനു വേണ്ടിയല്ലെടോ വൃത്തികെട്ടവനേ അവൾ നിലവിളിക്കുന്നത്. കെട്ട നിന്നോടൊക്കെ ആരെങ്കിലും മാനത്തിനു വേണ്ടി കെഞ്ചുമോ?
അവളനുഭവിച്ച വേദന , ഭയം, നിസ്സഹായത, നിരാശ, എല്ലാത്തിനും കൂടി പറയാനൊരു വാക്ക് എൻ്റെ ഭാഷയിലില്ല.
പക്ഷേ, ആ അലർച്ചയിൽ നിന്ന് എൻ്റെ ശരീരവും അതെല്ലാം അനുഭവിക്കുന്നുണ്ട്, അറിയുന്നുണ്ട്. ഓരോ അലർച്ചയും എൻ്റേതു കൂടിയാണ്. ദുഷ്ടാ, പൊള്ളുകയാണെൻ്റെ ശരീരവും. എനിക്കും ഓരോ ഇഞ്ചും നീറുന്നു. അവൾക്കൊപ്പം എൻ്റെ തലയും പൊട്ടിപ്പൊളിയുന്നു.

എന്താനന്ദമാണ് നിനക്ക് ലഭിച്ചിരിക്കുക ഈ ഭയത്തിലും വേദനയിലും ചവിട്ടി നിന്നിട്ട്?
ഈ ഭയത്തിൻ്റെ അർഥം നിനക്കറിയുമോ? ഈ ഭയത്തിൻ്റെ ആഴം നിനക്ക് ഊഹിക്കാനാകുമോ? ഈ അലർച്ചയുടെ പൊരുൾ നിനക്കറിയാമായിരുന്നെങ്കിൽ അതിനെ ഒച്ച എന്ന് നിനക്ക് പറയാനാകുമായിരുന്നില്ല. മനുഷ്യനോ മൃഗമോ കാട്ടാളനോ കാപാലികനോ അല്ല നീ.
എത്രയോ നിലവിളികളുടെ തുടർച്ചയാണിത്. പെൺശരീരങ്ങൾ ഭയന്നുള്ള നിലവിളികൾക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ?
ഭയമാകുന്നു. വല്ലാതെ ഭയമാകുന്നു. എന്നെങ്കിലും ഈ ഭയങ്ങളിൽ നിന്ന് എൻ്റെ വംശം മുക്തമാകുമോ? ആർക്ക് ഒരുറപ്പു തരാനാകും? ഇത്ര മാത്രം അനാഥവും ശപിക്കപ്പെട്ടതുമാണോ ഞങ്ങളുടെ ജീവിതങ്ങൾ?
ഇനി നിയമപാലകരോട്, ഭരണകൂടത്തോട്…
ഇതിൽ കൂടുതൽ തെളിവുകൾ തരാനാകുമോ ഒരു പെൺകുട്ടിക്ക് ? ഇനിയും എങ്ങോട്ടു കടത്തണം ഞങ്ങളുടെ പെൺകുട്ടികളെ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക