Image

പുതിയ കാലത്തിന്റെ കലര്‍പ്പുകളെ ഏറ്റു വാങ്ങുന്ന എഴുത്തുകാരി

Published on 17 September, 2012
പുതിയ കാലത്തിന്റെ കലര്‍പ്പുകളെ ഏറ്റു വാങ്ങുന്ന എഴുത്തുകാരി
നിഴലുകള്‍ വളര്‍ന്നു മായുന്ന ഈ ഡാഫോഡില്‍ പാടങ്ങളിലെവിടെയോ  ചോളനിറമുള്ള ഒരു പെണ്‍കുട്ടി ഒളിഞ്ഞിരിക്കുന്നു, ഡോണ മയൂരയുടെ ഐസ് ക്യൂബുകൾ എന്ന കവിതാസമാഹാരത്തിനു ഡോ.മനോജ് കുരൂർ എഴുതിയ പഠനം

ഡോണ മയൂര എന്നു കേള്‍ക്കുമ്പോള്‍ ഡോണ മരീനയെക്കൂടി ഓര്‍ക്കുന്നു. കൊളംബസ്‌ പുതുലോകം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന്‌ പതിനാറാം നൂറ്റാണ്ടില്‍ മെക്‌സിക്കോയിലെത്തിയ ഹെര്‍ണന്‍ കോര്‍ട്ടസ്‌ എന്ന അധിനിവേശകന്‍ അവളുടെ നാവുവിലയ്‌ക്കെടുത്തു. തെക്കന്‍ മെക്‌സിക്കോയില്‍ തദ്ദേശീയരായ മാതാപിതാക്കള്‍ക്കു ജനിച്ച്‌ പല പ്രാദേശികഭാഷകളിലും നിഷ്‌ണാതമായ ഡോണയെ കോര്‍ട്ടസ്‌ തന്റെ പ്രണയിനിയാക്കി. അവള്‍ സ്വന്തം നാട്ടുകാര്‍ക്കും സ്‌പാനിഷ്‌ കൊളോണിയല്‍ അധികാരികള്‍ക്കുമിടയില്‍ സംവേദനം സാധ്യമാക്കുന്ന ഇടനിലക്കാരിയായി വര്‍ത്തിച്ചു. സ്‌പാനിഷ്‌ ചക്രവര്‍ത്തിക്ക്‌ കോര്‍ട്ടസ്‌ അയച്ച കത്തില്‍ അവളെ പേരെടുത്തു പരാമര്‍ശിക്കുന്നില്ല. പകരം അയാള്‍ എഴുതുന്നു: `എന്റെ നാവാണ്‌ ഇവള്‍'

സ്‌പാനിഷ്‌ അധിനിവേശകര്‍ക്ക്‌ ഡോണ മരീന അത്ര പ്രധാനിയല്ല. പക്ഷേ തുടര്‍ന്നുള്ള അഞ്ഞൂറുവര്‍ഷത്തെ അധിനിവേശത്തിന്റെ ചരിത്രത്തില്‍ ലാറ്റിന്‍ അമേരിക്കയ്‌ക്ക്‌ അവര്‍ അവഗണിക്കപ്പെട്ട മാതാവാണ്‌. വംശങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ബഹുമുഖമായ കലര്‍പ്പുകളാണല്ലൊ പിന്നീട്‌ ആ ദേശസമുച്ചയത്തില്‍ സംഭവിക്കുന്നത്‌. അതുകൊണ്ട്‌ തദ്ദേശീയവും വിദേശീയവുമായ കലര്‍പ്പുകളുടെ ഒരു കാവ്യപദ്ധതിതന്നെ അവിടെ രൂപപ്പെടുന്നുണ്ട്‌. തദ്ദേശീയരും വിദേശീയരും ഓരോ തരത്തില്‍ അപരമെന്നും അന്യമെന്നും കരുതി അവഗണിച്ചിരുന്ന കലര്‍പ്പിന്റെ സൌന്ദര്യശാസ്‌ത്രം ഇന്ന്‌ പൂര്‍വാധികം പ്രാധാന്യത്തോടെ തിരിച്ചറിയപ്പെടുന്നുമുണ്ട്‌. പതിനാറാം നൂറ്റാണ്ടിലെ പെറുവിയന്‍ ചരിത്രകാരന്‍ ഗാര്‍സിലാസോ ഡി ലാ വേഗ മുതല്‍ ലാറ്റിന്‍ അമേരിക്കയുടെതന്നെ ആധുനികകവികളില്‍ പ്രധാനിയായ സെസാര്‍ വയേഹോ വരെ ഉള്‍പ്പടുന്ന സങ്കരവംശക്കാരുടെ സംഘര്‍ഷങ്ങള്‍ ലാറ്റിന്‍ അമേരിക്കന്‍ നാടുകളുടെ സാംസ്‌കാരികസാഹചര്യത്തില്‍ വളരെ പ്രധാനമാണ്‌.

ഒരു തരത്തില്‍ ഇത്‌ ഒരു ദേശത്തിന്റെയോ ദേശസമുച്ചയത്തിന്റെയോ മാത്രം പ്രശ്‌നമല്ല. സമകാലികമായ ജീവിതസാഹചര്യങ്ങള്‍ ലോകത്തെവിടെയായാലും കലര്‍പ്പുകളെ അനിവാര്യമാക്കുന്നു. ഡോണ മയൂര ഈ പുതിയ കാലത്തിന്റെ കലര്‍പ്പുകളെ ഏറ്റു വാങ്ങുന്ന എഴുത്തുകാരിയാണ്‌. കേരളത്തിലും അമേരിക്കയിലെ ഷിക്കാഗോയിലുമായി ജീവിക്കുന്നു. എവിടെനിന്ന്‌ ഇടപെടുന്നു എന്നത്‌ കുറെയൊക്കെ അപ്രസക്തമാക്കുന്ന തരത്തില്‍ സൈബര്‍ ലോകത്തും വ്യാപരിക്കുന്നു. ഡോണ മയൂര എന്ന പേരില്‍ത്തന്നെ ഈ ലോകങ്ങളുടെ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളുന്ന കൌതുകകരമായ കലര്‍പ്പുണ്ട്‌. മയൂരയുടെ ബ്‌ളോഗ്‌ ഋതുഭേദങ്ങള്‍ അതാകട്ടെ കാലം തെറ്റിയവയാണ്‌. എഴുത്തുകാരിയാവട്ടെ കളരിക്കു പുറത്തുമാണ്‌ ! ജീവിതത്തെയും എഴുത്തിനെയും അസ്വതന്ത്രമാക്കുന്ന ഇടങ്ങളോട്‌ ഇടഞ്ഞുതന്നെ നില്‌ക്കാന്‍ കൊതിക്കുന്ന, ചങ്കൂറ്റവും കളിമട്ടും ഇടകലര്‍ന്ന മട്ടിലുള്ള ചില ഭാവക്കലര്‍പ്പുകള്‍ ഡോണയുടെ എഴുത്തില്‍ കാണാം. എന്നാല്‍ അവ കളിക്കു വേണ്ടിയുള്ള കളിപറയലല്ല. മിക്കപ്പോഴും സങ്കടങ്ങളുടെയും ദുരന്ത ങ്ങളുടെയും ആഴങ്ങളിലേക്കും പ്രണയത്തിന്റെ ആകാശങ്ങളിലേക്കുമൊക്കെ പിടിവിട്ടു പറക്കുന്നതും ഈ പറക്കലുകള്‍ ചിലപ്പോള്‍ ക്രമംതെറ്റി വിപരീത ദിശ കളിലേക്കാ കുന്നതും ഡോണയുടെ കവിതകളുടെ സ്വഭാവമാണ്‌. പറഞ്ഞുവന്നത്‌ കലര്‍പ്പു കളെക്കുറിച്ചാണല്ലോ. സംശയിക്കേണ്ടതില്ല. ദേശങ്ങളുടെയും ഭാഷകളുടെയും വ്യാപരിക്കുന്ന ഇടങ്ങളുടെയും വൈകാരികസംഘര്‍ഷങ്ങളുടെയും നോട്ടങ്ങളു ടെയും പേരുകളുടെയുമൊക്കെ സങ്കരങ്ങളുടെ സമകാലികമായ പ്രതീകമാണ്‌ ഡോണ മയൂര.

എന്താണ്‌ ഈ തലതിരിഞ്ഞ കാഴ്‌ചകളുടെയും കലര്‍പ്പുകളുടെയും സൌന്ദര്യശാസ്‌ത്രം? എന്താണ്‌ അതിന്റെ സാംസ്‌കാരികരാഷ്ട്രീയം? ക്രമങ്ങളും പൊരുത്തങ്ങളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ലയാത്മകതയാണ്‌ സൌന്ദര്യത്തിന്റെ അടിസ്ഥാനമെന്നത്‌ പ്രബലമായ കലാസങ്കല്‌പമാണ്‌. പക്ഷേ അനുഭവങ്ങളുടെ സങ്കീര്‍ണതകളാണ്‌ കലയെ നിര്‍ണയിക്കുന്നതെങ്കില്‍ നേര്‍ക്കാഴ്‌ചകള്‍ക്കൊപ്പം തലതിരിഞ്ഞ കാഴ്‌ചകളില്‍നിന്നും അതിന്‌ ഒഴിഞ്ഞുമാറാനാവില്ല. ഡോണയുടെ കവിതകളില്‍ ആഖ്യാതാവ്‌ സ്വയം നിര്‍വചിക്കുന്ന ചില വരികളുണ്ട്‌.

തല തെറിച്ചതാ
ഉടല്‍ ബാക്കിയുണ്ട്‌
ഉടലോടെ സ്വര്‍ഗത്തില്‍
പോകേണ്ടതല്ലയോ? (കുമ്പസാരം)

കുമ്പസാരം എന്ന തലക്കെട്ടും തലതെറിച്ചത്‌ എന്ന സ്വയംനിര്‍ണയവും ഉടല്‍ മാത്രം ബാക്കിയാകുന്നതിന്റെ വൈപരീത്യവും സ്വര്‍ഗത്തിലെത്തല്‍ എന്ന മതാത്മതമായ ജീവിതസാക്ഷാത്‌ക്കാരവും ചേര്‍ന്ന്‌ വിപരീതധ്വനികളുടെ ഒരു മിശ്രണമാകുന്നുണ്ട്‌ ഈ നാലുവരിക്കവിത. ചിലപ്പോള്‍ ജീവിതത്തിന്റെ ദാരുണതകള്‍വരെ തലതിരിഞ്ഞ ചിരികളുടെ മറുവശത്തു കാണാനായെന്നു വരാം. കീമോയെ തോല്‌പിക്കാന്‍ തല വടിച്ചിറക്കാന്‍ തീരുമാനിച്ചെന്നു പറയുന്ന വിദേശിസുഹൃത്തിനോട്‌ ആറ്റംബോംബിട്ടിടത്തുവരെ പുല്ലു കിളിര്‍ക്കുന്നു എന്ന്‌ ആശ്വസിപ്പിച്ചു ചിരിക്കുന്നതില്‍ അതുണ്ട്‌ (കേരളമെന്ന്‌ പറയുമ്പോള്‍ കോവളം എന്നു തിരിച്ചുപറയുന്നവള്‍ക്ക്‌). സുന്ദരമായ കാഴ്‌ചകളും അനുഭവങ്ങളും പോലും ഇത്തരം തലതിരിഞ്ഞതാവുന്നതിനും കവിതയില്‍ ഉദാഹരണങ്ങളുണ്ട്‌. മുറ്റത്തുകിടക്കുന്ന ഇറ്റുജലത്തില്‍ ആഴങ്ങളിലെ ആകാശത്തിന്റെ കാഴ്‌ചയില്‍ രസിക്കുന്നതിന്‌ ഈ തലതിരിഞ്ഞ കാഴ്‌ചയുടെ ഭംഗികൂടിയുണ്ട്‌.

വേരാഴംകൊണ്ട്‌ തായ്‌മരങ്ങള്‍
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും
ആഴങ്ങളിലെ ഈ ആകാശത്ത്‌
മഴയ്‌ക്കൊപ്പം വൃക്ഷത്തലപ്പുകള്‍ (ആഴങ്ങളിലെ ആകാശം)
ഇത്തരത്തില്‍ പുതുമയുള്ള ദൃശ്യഭംഗികള്‍ ഡോണയുടെ കവിതകളില്‍ സുലഭമാണ്‌.
പിളര്‍ന്നുപോയൊരു
റുമാന്‍ പഴത്തിന്റെ അല്ലികള്‍
ബി ഫ്‌ളാറ്റ്‌ പോലെ
നിരന്നിരിക്കുന്നു.

സംഗീതം ദൃശ്യമായി രേഖപ്പെടുത്തുന്ന നൊട്ടേഷന്‍ ഷീറ്റില്‍ ബി ഫ്‌ലാറ്റ്‌ സ്വരസംയുക്തത്തിനും റുമാന്‍ പഴത്തിനും കാഴ്‌ചയിലുള്ള സാദൃശ്യമാണ്‌ ഇവിടത്തെ സാധാരണധര്‍മ്മം. ബീഥോവന്റെ സംഗീതത്തെയും പ്രണയാനുഭവത്തെയുമൊക്കെ ചേര്‍ത്തുവച്ചുകൊണ്ട്‌ കാഴ്‌ചകളിലൂടെ ഒരു കാല്‌പനിക സംഗീതമൊരുക്കുകയാണ്‌ ഈ കവിത. പറയാതെയുള്ളിലൊളിപ്പിച്ച പ്രണയം ഘനീഭവിച്ച മഞ്ഞായ്‌ പൊഴിയുന്നതും അല്‌പാല്‌പമായി ആകാശമിടിഞ്ഞു വീഴുന്നെന്നതു കാണെക്കാണെ പ്രണയി മൊഴിയുന്നതു മെക്കെച്ചേര്‍ന്ന്‌ ഭാഷയിലൂടെ കനപ്പെടുന്ന ഒരു സംഗീതാനുഭവമാകുന്നുണ്ട്‌. ബി ഫ്‌ളാറ്റ്‌ എന്ന കവിത.

പക്ഷെ പ്രണയം എന്നത്‌ പലപ്പോഴും ലളിതവും വിശുദ്ധവുമായ ഒരു കാല്‌പനികാനുഭവമാകണമെന്നില്ല. ഒരു വശത്ത്‌ മനസ്സുകൊണ്ടുള്ള ഇഴയടുപ്പവും മറുവശത്ത്‌ കാഴ്‌ചപ്പാടുകളുടെയും തിരിച്ചറിവുകളുടെയും പൊരുത്തക്കേടുകളും ചേര്‍ന്ന്‌ ഇക്കാലത്തെ പ്രണയത്തിന്റെ സംഘര്‍ഷങ്ങള്‍ ഡോണയുടെ കവിതയില്‍ പുതിയ കണ്ണീര്‍പ്പാടങ്ങളാകുന്നു. അമൂര്‍ത്തമായ അനുഭവങ്ങളില്‍പ്പോലും അത്തരം വ്യത്യസ്‌തതകളുണ്ട്‌. പാതി ചാരിയ ജനല്‍പ്പാളികള്‍ക്കപ്പുറം ഇരുവരിലൊരാളവച്ച മുല്ലത്തൈകളില്‍ മൊട്ടിട്ട സ്വപ്‌നങ്ങള്‍ സ്വന്തം സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ അവര്‍ അറുത്തെടുക്കുന്നു. അവ കോര്‍ത്തെടുക്കാന്‍ അവന്‍ നിലാവിന്റെ വെള്ളിനൂലും അവള്‍ മഴുനൂലുമാണ്‌ തേടിപ്പോകുന്നത്‌ (കോര്‍ത്തെടുക്കാന്‍ വൈകിയവ). അവളില്‍ ഭ്രാന്തുപൂക്കുമ്പോള്‍ ചെമ്പരത്തിയോ നിയോ എന്നു മറ്റെയാള്‍ അതിനെ നിസ്സാരമാക്കുന്നു (പൂക്കാലം) അതുകൊണ്ടുതന്നെ ഒരേ കടലിലെത്തുമ്പോള്‍ പ്പോലും മിഴിയും മഴയും പുഴയും കരയും സമാന്തരങ്ങളായിത്തന്നെ സഞ്ചരിക്കേണ്ടിവരുന്നു. (ഒരേ കടല്‍)

ഉപരിപ്‌ളവമെന്നു തിരിച്ചറിയപ്പെടുന്ന സാമൂഹികരാഷ്ട്രീയത്തിന്റെ നിസ്സാരതകളെ എഴുതുന്ന ഉന്മീലനം, എന്റെ രാഷ്ട്രീയം തുടങ്ങിയ കവിതകള്‍ ഈ സമാഹാരത്തിലുണ്ടെങ്കിലും വൈയക്തികജീവിതത്തിന്റെ രാഷ്ട്രീയമാണ്‌ ഡോണയുടെ മിക്ക കവിതകള്‍ക്കുള്ളത്‌. പ്രണയാനുഭവത്തിന്റെ വിവിധമാനങ്ങള്‍ ഇത്രയേറെ വൈവിധ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള കവികള്‍ കുറവാണ്‌ എന്നുതന്നെ പറയാം. സ്‌നേഹമെന്നു തലക്കെട്ടുള്ള പല കവിതകളുണ്ട്‌. കൈക്കുടന്നയില്‍ കോരിയെടുത്ത ജലമായിരുന്നു സ്‌നേഹം എന്ന ധാരണയില്‍നിന്ന്‌ ഒലിച്ചു തീര്‍ന്നിട്ടും അവശേഷിച്ച നനവു മാത്രമാണതെന്ന്‌ ഒരു കവിതയില്‍ തിരിച്ചറിവിലേക്കെത്തുന്നു. മറ്റൊന്നില്‍ കൊടിയ വിഷം പുരട്ടി രാകിയ ചാട്ടുളിയാണ്‌ സ്‌നേഹം.

സമകാലിക ജീവിതത്തില്‍ പ്രണയം ഒരു അതിജീവനതന്ത്രം കൂടിയാണ്‌. മിഷേല്‍ ദിസെര്‍ത്തുവിന്റെ പ്രാക്ടീസ്‌ ഓഫ്‌ എവെരിഡേ ലൈഫ്‌ എന്ന കൃതിയില്‍ വിവരിക്കുന്ന തരത്തില്‍ ദൈനംദിനജീവിതത്തിലെ നൂറായിരം സങ്കീര്‍ണതകളില്‍നിന്നും അധികാര പ്രയോഗങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ വ്യക്തി കണ്ടെത്തുന്ന രക്ഷാമാര്‍ഗമാണത്‌. നീന്തലറിയാത്തവര്‍ മുങ്ങിമരിക്കാതിരിക്കാന്‍ വൃഥാ കുടിച്ചുവറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന പ്രളയമാണ്‌ പ്രണയം (പ്രളയം) എന്ന നിര്‍വചനത്തില്‍ അതു കാണാം. ദുരന്തമെന്നു തീര്‍ച്ചയുള്ളപ്പോള്‍ത്തന്നെ അത്‌ ഒരു അനിവാര്യതകൂടിയാകുന്നു. ചില്ലകളില്ലെ ചില്ലകളല്ലെ എന്ന കവിതയില്‍ അതിന്റെ വശ്യതയും വേദനയുമുണ്ട്‌. ഒരു മരമായി ചെറുകാറ്റില്‍പ്പോലും ഉലയില്ലെന്നുറച്ച്‌ വേരുകളാഴത്തിലേക്കാഴ്‌ത്തിയിറക്കി നിന്നാല്‍പ്പോലും ചില്ലകള്‍ അത്‌ അനുസരിക്കുന്നില്ല. പ്രണയിയോടു പറയാനുള്ള വാക്കുകളെല്ലാം നിഴലുകാളാവുകയും ആ നിഴലുകള്‍ താന്‍ പോലുമറിയാതെ ആയിരം വിരലുകള്‍ നീട്ടി സര്‍വാംഗം ചുംബിക്കുകയും ചെയ്യുമ്പോഴേക്കും തായ്‌ത്തടിയില്‍ ചാരി നിഴലില്‍ അല്‌പനേരം വിശ്രമിച്ച്‌ പ്രണയി കടന്നുപോകുന്നു. പ്രണയം അരക്ഷിതമായിത്തന്നെ തുടരുന്നു.

പ്രണയത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ഡോണയുടെ കവിത അനുഭവിക്കുന്നതും നേരിടുന്നതും പലതരത്തിലാണ്‌.

തമ്മില്‍ പിരിയുന്നത്‌
എങ്ങനെയായിരിക്കണം
എന്നതിനെപറ്റിയായിരുന്നു
കണ്ടുമുട്ടിയപ്പോഴേ ഞാന്‍
ചിന്തിച്ചിരുന്നത്‌

അത്രമേല്‍ നിന്നെ ഇഷ്ടമായതുകൊണ്ട്‌ (ഐസ്‌ ക്യൂബുകള്‍)
പ്രണയികള്‍ ഒരു പാര്‍ക്ക്‌ ബഞ്ചില്‍ കാലം കൊണ്ടുവച്ച രണ്ട്‌ ഐസ്‌ ക്യൂബുകളാകുന്നു. അരിച്ചുകയറുന്ന തണുപ്പിനെ തുളച്ചുകയറാനാവാതെ നട്ടുച്ചയുടെ വെയില്‍ അവര്‍ക്കുമേല്‍ കുടപിടിക്കുന്നു. മടിച്ചു മടിച്ചു തണുപ്പിറങ്ങുമ്പോള്‍ വേര്‍പിരിയാനാവാതെ ബഞ്ചില്‍ നിന്നു മൊലിച്ചിറങ്ങി അവര്‍ ഒഴുകിയൊഴുകിപ്പോകുന്നു. അവര്‍ക്കുമേല്‍ ഇരുളും വെളിച്ചവും ഒരു പിയാനോ ആകുന്നു. കാലം അതില്‍ അവരുടെ പ്രണയസങ്കീര്‍ത്തനം വായിക്കുന്നു. മുകളില്‍ തിളച്ചുമറിയുന്ന കടലും താഴെ ചിറകുകളില്‍ തീപിടിച്ച മേഘഗര്‍ജ്ജനത്തിന്റെ അലകളുമാണ്‌ ആ സംഗീതത്തില്‍ മറ്റുള്ളവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്‌. ഇവിടെയും ഇന്ദ്രീയാനുഭവങ്ങളുടെയും സ്ഥലകാലങ്ങളുടെയും കീഴ്‌മേല്‍മറിച്ചിലുകളും കലര്‍പ്പുകളും ശ്രദ്ധിക്കുക. പ്രണയാനുഭവത്തിന്റെ സൌന്ദര്യവും സങ്കീര്‍ണതയും സംഘര്‍ഷവും സൂക്ഷ്‌മമായി ആവിഷ്‌ക്കരിക്കുന്നതാണ്‌ ഈ കവിത.

പ്രണയം എപ്പോഴും പ്രണയാന്ത്യത്തെതന്നെ പ്രതീക്ഷിക്കുന്നു. ഒരു അനസ്‌തറ്റിസ്‌റിനെ പ്രണയിക്കണമെന്നാണ്‌ കിീാിശമ എന്ന കവിതയിലെ തിരിച്ചറിവ്‌. കാരണമുണ്ട്‌. ഒന്നാമത്‌ ഇതുപോലെ ഉറക്കം നഷ്ടപ്പെടാത്ത പ്രണയം മറ്റൊരിടത്തുകിട്ടില്ല. പ്രണയാന്ത്യത്തിലാകട്ടെ ഇനി ഞാനിറങ്ങട്ടെ എന്ന പതിവുവാക്കുകള്‍ക്കു പകരം ഇനി ഞാനുറക്കട്ടെ എന്നു കേള്‍ക്കുകയോ ഇനിയൊന്നുറക്കുക എന്നു പറയുകയോ ചെയ്യാമല്ലോ! വിചിത്രമായ ഇത്തരം തമാശകള്‍ക്കു പിന്നില്‍ പ്രണയാനുഭവം അതിന്റെ ദുരന്തതീവ്രതയോടെ ഒളിഞ്ഞിരിക്കുന്നുണ്ട്‌.

അരക്ഷിതമായ പ്രണയത്തിന്റെയോ ദാമ്പത്യത്തിന്റെയോ ആത്യന്തികദുരന്തമാണ്‌ ഒടു(രു)ക്കം എന്ന കവിതയിലുള്ളത്‌. ഇരുവരുമൊന്നിച്ച്‌ തലവച്ച്‌ മുഖംചേര്‍ത്തുറങ്ങിയിരുന്ന തലയണകൊണ്ട്‌ അവിശ്വാസിയായ പങ്കാളി അവളെ കൊലപ്പെടുത്തുന്നു. ശവമെടുപ്പിനുമുമ്പേ അവളെ കാണാന്‍വരുന്ന കാമുകനെ വെട്ടി നുറുക്കാന്‍ അവന്‍ കാത്തിരിക്കുന്നു. പക്ഷേ അവളെ കണ്ടിട്ടുപോയത്‌ അവളുടെ കാമുകിമാരാണ്‌ ! പ്രതികാരത്തിന്റെ മൂര്‍ച്ചയും നിന്ദ കലര്‍ന്ന പരിഹാസവും ചേര്‍ ന്ന കവിതയില്‍ പെണ്‍മനസ്സിന്റെ നിഗൂഢമായ സഞ്ചാരങ്ങളുടെ സൂചനകളുണ്ട്‌. താന്‍ റൊമാന്റിക്‌ അല്ല എന്ന്‌ ഫ്രിഡ്‌ജിലെ യെല്ലോസ്‌റിക്കിയില്‍ കുറിച്ച നേര്‍ പ്പാതിയോട്‌ പറയാതെ പറയുന്നത്‌ താന്‍ ഒരു ഫോറന്‍സിക്‌ പതോളജിസ്‌റ്‌ ആണെ ന്നാണ്‌. മനസ്സ്‌ പെട്ടെന്ന്‌ അന്നു പോസ്‌റ്‌മോര്‍ട്ടം ടേബിളിലുണ്ടായിരുന്ന കറുത്ത സൌന്ദര്യത്തെ ഓര്‍ത്തെടുക്കുകയും തന്റെ ജീവിതവുമായി എവിടെയൊക്കെയോ സമീകരിക്കുകയും ചെയ്യുന്നു. അ സശ,ൈ ഛി ്യീൗൃ ഹശു എന്ന്‌ യെല്ലോ സ്‌റിക്കിയില്‍ മറുപടി കുറിക്കുന്നതില്‍ തീക്ഷ്‌ണമായ പ്രതികരണത്തിന്റെ ഐറണി കാണാം (്യലഹഹീം േെശരസ്യ). മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി മാറുന്ന വൈഭവമാണു ജീവിതം എന്ന്‌ മുങ്ങിക്കപ്പല്‍ എന്ന കവിതയിലും കാണാം. ഇത്തരം ഭാവനാത്മകമോ അദൃശ്യ മോ ആയ അതിജീവനതന്ത്രങ്ങളുടെ തുടര്‍ച്ചയാണ്‌ പലപ്പോഴും ഡോണയുടെ കവിതകളിലെ പ്രണയം. ഉമ്മ കിട്ടുന്നതിനു വേണ്ടി കാരണങ്ങള്‍ കണ്ടെത്തി പിണ ക്കം നടിക്കുന്നത്‌ പ്രണയത്തിന്റെ ലളിതമായ ഒരു ജീവനതന്ത്രം. പേര്‍ത്തുപേര്‍ത്തു കെട്ടിയുമ്മ നല്‍കിയതുകൊണ്ട്‌ പ്രണയിയാല്‍ കൊല്ലപ്പെട്ട്‌, പ്രണയിയുടെ ചുണ്ടത്തു മരിച്ചിരിക്കുന്ന തന്നെ ഈ മരണത്തിലെങ്കിലും അടര്‍ത്തി മാറ്റരു തെന്നഅപേക്ഷയായി ഈ അതിജീവനതന്ത്രങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെടു ന്നുമുണ്ട്‌ (കെട്ടിയുമ്മ). പങ്കാളിത്തത്തിലെ പൊരുത്തക്കേടുകളും അതിന്റെ ദുരന്തവുമാണ്‌ നിണമെഴുതുന്നത്‌ എന്ന കവിതയിലും തീക്ഷ്‌ണമായി ആവിഷ്‌ ക്കരിക്കപ്പെടുന്നത്‌. ഓരോ രാത്രിയുമിതള്‍ കൊഴിയുമ്പോള്‍ പങ്കാളിയുടെ കള്ള ങ്ങള്‍ അവളെ ജയിക്കുന്നു. താഴ്വാരത്തിലേക്കെന്നതു പറഞ്ഞതു കള്ളമെന്ന റിഞ്ഞിട്ടും കുന്നിന്‍മുകളിലെ കുരുതിക്കല്ലിലേക്ക്‌ അവള്‍ കൂടെപ്പോകുന്നു. അവള്‍ക്ക്‌ ഒന്നേയുള്ളു പറയാന്‍.

എന്റെ കുരുതിക്കു ശേഷവും
കള്ളംകൊണ്ടു നീ
ചുവന്നകളമെഴുതണം
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം
ഇല്ലെങ്കില്‍ കളത്തിനു പിന്നില്‍
പിടയുന്ന ഉടല്‍, അറുത്തു മാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നു വരില്ല. (നിണമെഴുതിയത്‌)

ഈ ജന്മത്തില്‍ പൊറുത്തതുപോലെ അടുത്ത ജന്മത്തിലായെന്നു വരില്ല ഒരുജീവിതത്തിന്റെതന്നെ ദുരന്തതീവ്രത ആവിഷ്‌കരിക്കുന്ന ഈ കവിത ജീവിതം കൊണ്ടെഴുതിയതാണെന്നു തോന്നും അത്തരം കവിതകള്‍ അനുഭവിക്കുകയെ ന്നല്ലാതെ നുണഞ്ഞു രസിക്കാനായില്ലെന്നുവരും. അപ്പോഴും മോചനമില്ലാത്ത കുരുക്കാണു പ്രണയം. മുങ്ങിച്ചാകാനായി എടുത്തുചാടുമ്പോള്‍ അതിനെ കുട്ടിക്കളിയായെടുത്ത്‌ അവന്‍ എണ്ണും. അവള്‍ ഉയിരോടെ പൊങ്ങും. (തൊണ്ണൂ റ്റൊമ്പോതേയ്‌....). ഇത്തരം അനുഭവങ്ങളുടെ സങ്കീര്‍ണ്ണതകളും അസംബ ന്ധങ്ങളും മൂലമാവണം കടന്നലിനെയും വണ്ടിനെയും പിടിച്ചു തീപ്പട്ടിയിലിട്ടു ചെറുപ്പത്തില്‍ കേട്ട തീപ്പട്ടിപ്പാട്ടുപോലെയായിരുന്നു ഇന്ന്‌ വീട്‌ (തീപ്പട്ടിപ്പാട്ട്‌) എന്ന്‌ പാര്‍പ്പിടത്തെത്തന്നെ വിര്‍വചക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്‌ ഈ കവിതയിലെ മാത്രം വീടല്ല. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും സങ്കീര്‍ണ്ണമായ ചുഴികളില്‍ പ്പെട്ട ഏതു വീടും ആകാം അത്‌.

അവിടെ അക്വേറിയത്തിലെ സ്വര്‍ണമത്സ്യങ്ങള്‍ക്കു വിശക്കുന്നുണ്ട്‌. നുറുക്കുമ്പോള്‍ തെറിച്ച സ്വപ്‌നശകലങ്ങളും കവിള്‍ ചുട്ടുപൊള്ളിച്ച്‌ ചാലുകീറിയ ഉപ്പുനീരുമാണ്‌ അവയ്‌ക്കു കൊടുക്കാനുള്ളത്‌. കൊത്തിവിഴുങ്ങി എല്ലാമുള്ളി ലാക്കി ഇനി നിന്നെയിങ്ങു വിട്ടുതരൂ എന്ന്‌ അവ (അക്വേറിയം). സ്‌നേഹവും കരുണയും പ്രകടിപ്പിക്കുന്ന ഇടങ്ങളിലെല്ലാം കടുത്ത വില കൊടുക്കേണ്ടിവരുന്നത്‌ അനുഭവങ്ങളുടെ തുടര്‍ച്ചയാണ്‌. ചുരുള്‍നിവര്‍ത്തി കുടഞ്ഞുവിരിച്ചു നരച്ചിടം ചായം തൊട്ടുമിനുക്കിയും ചുരുട്ടിവച്ചും പുതുക്കിഎടുക്കാന്‍ നോക്കുന്ന ഒരേയൊരു ഓര്‍മ്മയെ നനക്കുന്ന മഴയില്‍ (പെയ്‌തുതോരാത്ത മഴ) സുന്ദരമായ കാഴ്‌ചയല്ല, വീണ്ടും വീണ്ടും ഭൂതകാലത്തിലേക്ക്‌ എടുത്തെറിയപ്പെടുന്നതിന്റെ അസ്വസ്ഥതയാണ്‌ നിര്‍ത്താതെ പെയ്യുന്നത്‌. വീട്ടുപരിസരത്തിന്റെ മറ്റൊരു അനുഭവം നോക്കുക. ചോളനിറമുള്ള ഒരു പെണ്‍കുട്ടി അപ്രത്യക്ഷയായ തരിശായ വയലേല ഇന്ന്‌ ഡാഫോഡില്‍ പാടമാണ്‌. അവിടെ നിഴലുകള്‍ വളര്‍ന്ന്‌ പാടത്തുനിന്നിറങ്ങി പ്പോകുമ്പോള്‍ ഡാഫോഡില്‍ വേരുകള്‍ കൂടെ പോകും പക്ഷേ അവ ചെന്നണയുന്ന കൂട്‌ ഏതാണെന്നു മാത്രമറിയില്ല (ഡാഫോഡില്‍). അഭയസ്ഥാനങ്ങളെല്ലാം അസംബന്ധങ്ങളായി തീരുന്നത്‌ ദൈനംദിന ജീവിതത്തിലെ കാഴ്‌ചകളിലെല്ലാം പലതരത്തില്‍ അനുഭവിക്കാനാകുന്നു. അളന്നുവെട്ടിത്തയ്‌ച്ചതിന്റെ അളവുകള്‍ തെറ്റിക്കുമ്പോള്‍ പിരുത്തടിക്കുകയും പിരുതെടുക്കുകയും ചെയ്യുന്ന തയ്യല്‍ക്കാരിയില്‍ ഒരു കവിത ദൈവത്തെ കണ്ടുമുട്ടുന്നത്‌ (തയ്യല്‍ക്കാരി) അതുകൊണ്ടാവാം.

ചില കവിതകളില്‍ സ്വയം നിര്‍വചിക്കുമ്പോള്‍ കവിതയിലെ ആഖ്യതാവിനുപിന്നിലുള്ള ?ഞാന്‍? മറനീക്കിതന്നെ പുറത്തുവരുന്നു.

ഞാന്‍ ജീവിതത്തിന്റെ ആലയില്‍
പെട്ടുപോയൊരു ഇരുമ്പുദണ്ഡ്‌
ഓരോ തവണയും പ്രഹരമേല്‍ക്കുമ്പോള്‍
മുന കൂര്‍ക്കുകയോ മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പുദണ്ഡ്‌.
അടുക്കരുത്‌
വേദനിപ്പിക്കും; മുറുവേല്‌പിച്ച്‌. (ഞാന്‍)

മറ്റൊരു കവിതയില്‍ അഭാവങ്ങള്‍ ചേര്‍ന്നുണ്ടായതാണ്‌ `ഞാന്‍'. വേലിപ്പടര്‍പ്പുകളിടഴകെട്ടി മരക്കൊമ്പില്‍ ഊഞ്ഞാലാടാനാകാത്തതും കെട്ടിടസമുച്ചയത്തിലൊന്നില്‍ നിന്നും നയാഗ്രയാകാത്തും കൈത്തണ്ടയിലെ സീബ്രാവരകള്‍ മുറിച്ചുകടക്കാനാവാത്തതും ഞാന്‍ ആണ്‌ (ഞാനെന്നത്‌).

ജീവിതം തന്നെ ദുരന്തമെന്നു തിരിച്ചറിയുന്ന നിരവധികവിതകളുണ്ട്‌ ഈ സമാഹാരത്തില്‍. ഒരിക്കല്‍ മുളച്ചുപൊന്തുകയും കരയുകയും ചിരിക്കുകയും കലപില കൂട്ടുകയും ചെയ്‌ത്‌ അപ്രത്യക്ഷമായവയുടെ വിത്തുകള്‍ തങ്ങളെ ഇനി മുളച്ചുപൊന്താനിടയാക്കരുതേ എന്നു പ്രാര്‍ത്ഥിക്കുന്നത്‌ ഡോണയുടെ കവിത കേള്‍ക്കുന്നു. (ഒളിവിലെ പ്രാര്‍ത്ഥന). ഒരിടത്ത്‌ ഉണരല്ലെ എന്നും മറ്റൊരിടത്ത്‌ ഉണരണേ എന്നുമുള്ള പ്രാര്‍ത്ഥനകൊണ്ടുമാവും അവള്‍ രാവിലെ ഉണര്‍ന്നെഴുന്നേല്‌ക്കുന്നത്‌ (ഇങ്ങനെയൊക്കെയല്ലേ ഒരാള്‌). അടര്‍ന്ന്‌ വീഴുമ്പോള്‍ പറക്കല്‍ താഴെക്കാണെങ്കിലും ചിറകുമുളയ്‌ക്കുന്ന പഴുത്തുപോയ പച്ചയെയും നീരുവലിഞ്ഞ മഞ്ഞയെയും സംബോധനചെയ്യുന്നത്‌ ആത്മകര്‍മ്മത്തിന്റെ സത്തയെ സ്വയം നിര്‍വ്വജിക്കുന്നതു കൊണ്ടാണെന്നുതന്നെ തോന്നും (ഇലച്ചിറകുകള്‍).

കവിയെന്ന വിളിപ്പേരുതന്നെ ഏറുകൊണ്ടു കാലുവെന്ത പട്ടിയെന്നാകുന്നതും ചങ്ങലയില്‍ കുരുങ്ങാന്‍ കൊതിക്കുമ്പോള്‍ പോലും തെരുവില്‍ത്തന്നെ കഴിയാന്‍ വിധിക്കപ്പെടുന്നതും വിപരീത ഹാസ്യത്തിന്റെ മേമ്പൊടിയോടെ പരീക്ഷ എന്ന കവിത അവതരിപ്പിക്കുന്നുണ്ട്‌. അക്ഷരങ്ങളില്‍ മേയുന്ന പശുവാണ്‌ മറ്റൊരുകവിതയിലെ (പശു) കവി. അയവെച്ചുമ്പോള്‍ കയറുപൊട്ടിച്ചോ കുറ്റിപറിച്ചോ ഓടിക്കാത്തതിനെ കഥയെന്നോ കവിതയെന്നോ വിളിക്കാനാവാത്തതിന്റെ സങ്കടവുമുണ്ട്‌. ഒരു ദിവസമെങ്കിലും കയറുപൊട്ടിച്ച്‌ ഓടിയില്ലെങ്കില്‍ സ്വാതന്ത്യ്രത്തെക്കുറിച്ച്‌ തനിക്ക്‌ ഒരു സ്വപ്‌നവുമില്ലല്ലൊ എന്നു കരുതുമെന്ന ശങ്കയില്‍ കയറുപൊട്ടിച്ചോടുന്ന വിഷ്‌ണുപ്രസാദിന്റെ കവിതയിലെ പശുവിനോട്‌ ഈ പശുവും ചേര്‍ന്നു നില്‍ക്കുന്നു. എഴുത്തിനെ സ്വാതന്ത്യ്രവുമായി ചേര്‍ത്തു വയ്‌ക്കുന്ന ഴാങ്‌ പോള്‍ സാര്‍ത്ര്‌ മുതല്‍ക്കുള്ളവരുടെ ദാര്‍ശനികമായ പിന്തുണയും ഈ പശുവിനുണ്ട്‌. പക്ഷെ എഴുത്ത്‌ ഒരിക്കലും ആത്യന്തികമായ സ്വാതന്ത്യ്രാഘോഷമാകുന്നില്ല. എഴുതാനാവാത്തതിനും എഴുതിത്തെളിയാത്തതിനുമൊക്കെ പഴിച്ചുകൊണ്ട്‌ ഒരു കല്ല്‌ സ്‌ളേറ്റ്‌ എറിഞ്ഞുടച്ചാലും മറ്റൊരു കല്ല്‌ സ്‌ളേറ്റിനെ ആശ്രയിക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന ആവിഷ്‌ക്കാരത്തിന്റെ ദുരന്തം മറ്റുപല പുതുകവികളെയും പോലെ ഡോണയും എഴുതുന്നുണ്ട്‌. ആവിഷ്‌ക്കാരം ഈ കാലത്തെ കവിതയുടെ സജീവമായ പ്രശ്‌നവും പ്രമേയവുമാണ്‌. എഴുതുന്ന കല്ലുപെന്‍സിലാവുകയാണോ എഴുതപ്പെടുന്ന കല്ല്‌ സ്‌ളേറ്റാവുകയാണോ നല്ലതെന്ന്‌ ഡോണ ഒരു പുതിയ സംശയം ഉയര്‍ത്തുന്നുമുണ്ട്‌ (വലുതാവുമ്പോള്‍ ആരാവണം?).

ശിശിരമാണ്‌ ഡോണയുടെ കവിതകളിലെ ഋതു. ശിശിരത്തിന്റെ ദംശമേറ്റു നീലിച്ചുപോയ ഒരാള്‍ ഒരു ഋതു മാപിനി എന്നപോലെ ആകാലത്തിന്റെ അനുഭവങ്ങളെ കവിതകളില്‍ അളന്നെടുക്കുന്നു. മേലേമാനത്തെ വേനലില്‍ മൂത്തുപൊട്ടിയ പരുത്തിക്കായ്‌കള്‍ നനുനനുത്ത ഉള്ളുകാട്ടി പറക്കുന്നു (ശിശിരത്തിലൊരു വേനല്‍കാഴ്‌ച) എന്നത്‌ പോലെ കാഴ്‌ചയുടെ വൈവിദ്യങ്ങളായി ഒതുങ്ങുന്നില്ല. കവിതയിലെ ശിശിരം. യാതനയും പ്രണയവും സമീകരിക്കുന്ന കാലമായി അത്‌ കവിതകളുടെ പശ്ചത്തലമാകുന്നു. പുറത്ത്‌ മഞ്ഞുവീഴുമ്പോള്‍ തന്നെപോലെ നനഞ്ഞ തുവര്‍ത്തും തുണികളും കൊണ്ട്‌ മുറികള്‍ക്കകം സുരക്ഷിതമായടിച്ചിരുന്ന സില്‍വിയ പ്‌ളാത്തിനെ ഡോണയുടെ കവിത ഇഷ്ടപ്പെടുന്നത്‌ യാദൃച്ഛികമല്ല (ഫ്രഷ്‌ ഔട്ട്‌ ഓഫ്‌ ദ ഓവന്‍).

പുതുകാലത്ത്‌ കവിതകളെഴുതുന്ന ഏറെപ്പേരുണ്ടെന്ന അലസമായ ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്‌. ഇന്നത്തെ കവിതകളെല്ലാം ചേര്‍ത്തുവച്ചാല്‍ ഒറ്റക്കവിതപോലെ തോന്നും എന്നുവരെ അവര്‍ അലഭാവം കൊള്ളുന്നു. എന്നാല്‍ ഇക്കാലത്തിന്റെ ജീവിതമെന്തെന്നും അതിന്റെ എണ്ണിയാലൊടുങ്ങാത്ത സങ്കീര്‍ണ്ണതകളെന്തെന്നും തിരിച്ചറിയുന്ന ഒരാള്‍ക്ക്‌ ഡോണ മയൂരയുടെ കവിതകളെ അവഗണിക്കാനാവില്ല. ഭാഷയെ നിരന്തരം പുതുക്കി എടുക്കാനുള്ള ശ്രമങ്ങളിലൂടെ, തിരിഞ്ഞും മറിഞ്ഞുമുള്ള സ്വരഭേദങ്ങളിലൂടെ, പുതുമയുള്ള ദൃശ്യങ്ങളുടെ കണ്ടെടുക്കലിലൂടെ ഈ കവിതകള്‍ ഇക്കാലത്തെ ജീവിതത്തെ ആവിഷ്‌ക്കരിക്കുന്നു. ദേശങ്ങളും അനുഭവങ്ങളും ഋതുക്കളും മുതല്‍ ആവിഷ്‌കൃതമാധ്യമങ്ങളുടെ വരെ കലര്‍പ്പുകളിലൂടെ അത്‌ കവിതയുടെ പുതിയൊരു സംവേദനം സാധ്യമാക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടാത്ത വായനക്കാരെയും ഈ കവിതകള്‍ സംബോധനചെയ്യുന്നുണ്ട്‌. ഇലകൊഴിയുന്നൊരു മഞ്ഞുകാലവും അരിച്ചുകയറുന്ന തണുപ്പിനെ തുളച്ചിറങ്ങാനാകാതെ പ്രണയികള്‍ക്കുമേല്‍ കുടപിടിക്കുന്ന വെയിലും ഐസ്‌ ക്യൂബുകള്‍പോലെ ഉരുകിയൊലിക്കുന്ന ചില മനുഷ്യരും ഇരുളും വെളിച്ചവും ചേര്‍ന്ന ഒരു പിയാനോയും അതില്‍ കേള്‍ക്കുന്ന പ്രണയസങ്കീര്‍ത്തനവും ഒപ്പം പ്രണയാനുഭവത്തിന്റെ സങ്കീര്‍ണാനുഭവങ്ങളും ഈ കവിതകള്‍ക്കു ശേഷവും അവരോടപ്പവും നടക്കും.

ഡോ. മനോജ്‌ കുറൂര്‍
പുതിയ കാലത്തിന്റെ കലര്‍പ്പുകളെ ഏറ്റു വാങ്ങുന്ന എഴുത്തുകാരി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക