വടക്കേ ഇന്ത്യക്കാർക്ക് മലയാളികളേക്കാൾ ഭക്തി കൂടുതലാണെന്നു തോന്നിയിട്ടുണ്ട്. എന്റെ സഹപാഠി നെറ്റിയിൽ എല്ലായ്പ്പോഴും കുങ്കുമം അണിയുകയും ഹനുമാൻ ചാലിസ് (ഒരു മന്ത്രം) ഉരുവിടുകയും ചെയ്യാറുണ്ട്. വാസ്തവത്തിൽ കുളിച്ച് കുറി തൊടുക ഹിന്ദുമത വിശ്വാസി കളുടെ അനുഷ്ഠാനങ്ങളിൽ ഒന്നാണ്. വെള്ളിയാഴ്ച്ച നെറ്റിയിൽ കുങ്കുമം തൊടുന്നത് ദേവി സാന്നിധ്യം ഉണ്ടാകാൻ സഹായിക്കുമത്രേ. നെറ്റിയുടെ മധ്യത്തിലാണ് കുറി തൊടുന്നത്, ശിവന്റെ തൃക്കണ്ണിനെ അത് ഓർമ്മിപ്പിക്കുന്നു. ശാസ്‌ത്രപരമായി എന്തെങ്കിലും ഗുണമുണ്ടോ എന്നറിയില്ല പക്ഷെ ഹിന്ദുമതവിശ്വാസപ്രകാരം കുറി അഥവാ തിലകം ചാർത്തൽ വളരെ പ്രധാനമാണ്. അതുകൊണ്ട് ഐശ്വര്യവും ഗുണങ്ങളും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്റെ സഹപാഠി ഹനുമാൻ ഭക്തനാണ്. എന്നെ അദ്ദേഹം പഠിപ്പിച്ച മന്ത്രമാണ്. “ജയ് ബജ്‌രംഗ് ബലി കർ ബലി തോട് ദേ ദുസ്‌മൻ കി നളി”
അർത്ഥം വന്ദനം ഹനുമാനെ, ശക്തിമാനെ നീ എന്റെ ശത്രുവിന്റെ കൊരവള്ളി പൊട്ടിച്ചുകളയണെ" ഭക്തികൊണ്ടു എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നു കരുതുന്നവർ അതിന്റെ കൂടെ ഒരു വരി കൂടെ ചേർക്കും അതിങ്ങനെയാണ്. “ബേജ് ചെമ്പക് കലി” ഒരു ചെമ്പക പൂമൊട്ടിനെ കൂടെ അയച്ചുതരിക. ചെമ്പക പൂമേനിയുള്ള ഒരു സുന്ദരിയെ എന്ന് വിവക്ഷ. ഈ സഹപാഠിക്ക് കുരങ്ങന്മാരെ വലിയ ബഹുമാനമാണ്.കോളേജ് കാമ്പസിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടുന്ന കുരങ്ങന്മാരെ മറ്റു കുട്ടികൾ ഒച്ചയുണ്ടാക്കിയും കല്ലെറിഞ്ഞും ഓടിക്കുമ്പോൾ ഇദ്ദേഹം അവിടെ പ്രത്യക്ഷപ്പെട്ട് കുരങ്ങന്മാരെ ആപത്തിൽ നിന്നും രക്ഷിക്കാറുണ്ട്. ഹനുമാന് കുരങ്ങിന്റെ രൂപമായിരുന്നു അതുകൊണ്ട് കുരങ്ങന്മാരെ ആദരിക്കണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
എന്റെ അനിയൻ ദിനേശനും ഭാര്യ ഗീതയും ബറോഡയിലാണ് താമസം. അവർ രണ്ടുപേരും ഈശ്വരനിൽ ഉറച്ച വിശ്വാസമുള്ളവരാണ്. ഈശ്വരൻ എന്ന് പറഞ്ഞാൽ ശരിയാകില്ല ഈശ്വരന്റെ വിവിധ രൂപങ്ങളിൽ. അങ്ങനെ ഹനുമാനെയും പൂജിക്കുന്നു. അവന്റെ പറമ്പിൽ മലയപുലയൻ വച്ച പോലെ ഒരു വാഴയുണ്ട്.അങ്ങനെ പറയാൻ കാരണം വടക്കേ ഇന്ത്യയിൽ ഒരു വാഴ വച്ച് വലുതാക്കുക പ്രയാസമായതുകൊണ്ടാണ്. പക്ഷെ ഗീത വാഴയെ മകനെപ്പോലെ ഓമനിച്ചുകൊണ്ടിരുന്നു. അങ്ങനെ വാഴ കുലച്ചു. ദിനേശൻ രാവിലെ ജോലിക്ക് പോകാൻ കാറിൽ കയറാൻ വരുമ്പോൾ എപ്പോഴും കാറിന്റെ മുകളിൽ വാലും നീട്ടി കുരങ്ങൻ അവനെ നോക്കി പല്ലിളിക്കുക പതിവാണ്. കുരങ്ങൻ കാറിനെ മാന്തി പെയിന്റ് കളയുമോ എന്ന പേടിയിൽ അവൻ അതിനെ ഓടിക്കും. ഒരു ദിവസം കുരങ്ങൻ കാറിന്റെ മുകളിൽ കയറാതെ കാറിന്റെ വാതിൽക്കൽ വന്നു ഭവ്യതയോടെ നിന്നു. അവൻ കാറിൽ കയറാതെ ശങ്കിച്ച് നിന്നപ്പോൾ കുരങ്ങൻ വാലും നീട്ടി "മാരി സാത്തി ആവോ" (എന്റെ കൂടെ വരിക)എന്ന് ഗുജറാത്തിയിൽ പറഞ്ഞപോലെ എന്തോ ശബ്ദമുണ്ടാക്കി നടന്നു. ദിനേശൻ പുറകെ ചെന്നു. കുരങ്ങൻ വാഴക്കുല ചൂണ്ടിക്കാട്ടി കലപില ശബ്ദമുണ്ടാക്കി. കുലയിൽ ഒരു കായ പഴുത്തിട്ടുണ്ട് അത് തിന്നോട്ടെ എന്ന് ചോദിക്കുന്നപോലെ കുരങ്ങൻ കഥകളി കളിച്ചു. ദിനേശന് വളരെ മനസ്സലിവാണ്. ഗീത കാണാതെ പറിച്ച് തിന്നോടാ എന്നും പറഞ്ഞു അവൻ ജോലിക്ക് പോയി. അവൻ ജോലി കഴിഞ്ഞുവന്നപ്പോൾ കുരങ്ങൻ നന്ദിസൂചകമായി അവന്റെ അടുത്തു വന്നു നിന്നു. ബാഗ് പിടിക്കണോ എന്ന് ചോദിച്ചു അവന്റെ കൂടെ വീടിന്റെ വരാന്തയിലേക്ക് കയറി. ഗീത വാതിൽ തുറന്നു വരുന്നത് കണ്ടു കുരങ്ങൻ ഓടി. അവൾ പറഞ്ഞു.. ചേട്ടാ ഈ കുരങ്ങൻ നമ്മുടെ വാഴക്കുലയിലെ പഴുത്ത പഴമൊക്കെ തിന്നു തൊലി ഇവിടേ കൊണ്ടിട്ടിരിക്കുന്നു.
ഒരു കായയല്ലേ പഴുത്തിട്ടുണ്ടായിരുന്നുള്ളു എന്ന് ദിനേശ് പറഞ്ഞപ്പോൾ
ഗീത."ആര് പറഞ്ഞു"
"കുരങ്ങൻ"
ചേട്ടാ.. എന്താ ഈ പറയുന്നത്.
ഡി രാവിലെ ഞാൻ ജോലിക്ക് പോകുമ്പോൾ കുരങ്ങൻ പറഞ്ഞു.
ഗീതക്ക് ദ്വേഷ്യം വന്നു. കുരങ്ങൻ മലയാളത്തിലോ ഗുജറാത്തിയിലോ പറഞ്ഞു.
ഗുജറാത്തിയിൽ
ചേട്ടാ തമാശ കള. വാഴക്കുല പകുതിയായി.
അപ്പോഴാണ് ദിനേശ് യാഥാർഥ്യത്തിലേക്ക് വരുന്നത്.അവൻ രാവിലെ ഉണ്ടായ സംഭവം വിവരിച്ചു.
ഗീതയിലെ ഭക്തി ഉണർന്നു. ഒരു പക്ഷെ ഹനുമാൻ സ്വാമി ആയിരിക്കുമോ ആ കുരങ്ങൻ. കുരങ്ങന്റെ ശുക്രദശ. ഗീതക്കും ദിനേശിനും മകനും വാഴക്കുലയിലെ പകുതിയേ കിട്ടിയുള്ളൂ. പക്ഷെ അവർക്ക് അതിൽ നിരാശയില്ല കാരണം കുരങ്ങൻ അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുവെന്നു അവർ വിശ്വസിക്കുന്നു. ഇതൊക്കെ അന്ധവിശ്വാസങ്ങൾ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ വീണ്ടും ഒരു സംഭവം വിവരിച്ചിട്ട് എന്നോട് ഇത് വിശ്വസിക്കുമോ എന്ന് ചോദിച്ചു.
അവർ മാർക്കറ്റിൽ പോയി പഴം വാങ്ങി കൊണ്ട് വന്നു. പഴത്തിന്റെ പൊതി വീടിന്റെ വരാന്തയിൽ വച്ച് അയല്പക്കകാരൻ എന്തിനോ വിളിച്ചപ്പോൾ മതിലിനടുത്തേക്ക് ചെന്ന്. രണ്ടു പേരും സംസാരിച്ച് തിരിച്ചു വന്നപ്പോൾ കണ്ടു കുരങ്ങൻ വാങ്ങി കൊണ്ടുവന്ന പഴം കൊണ്ടോടുന്നു.. എന്നാൽ പൊതി കൊണ്ടുപോയിട്ടില്ല. അവർ നോക്കിയപ്പോൾ കുരങ്ങൻ വച്ച് പോയിരിക്കുന്നത് മൂന്നു പഴങ്ങൾ ആണ്. ദിനേശ്, ഗീത, മകൻ. എന്ന് കണക്കുകൂട്ടിയപോലെ മൂന്നു പഴങ്ങൾ. കുരങ്ങൻ ബാക്കിയുള്ളതൊക്കെ കൊണ്ട് പോയി. ദിനേശ് പറഞ്ഞു. എന്നാലും കുരങ്ങൻ ഇത്ര കണിശമായി ഞങ്ങൾക്ക് മൂന്നുപേർക്കും മൂന്ന് പഴങ്ങൾ വച്ച് പോയില്ലേ എന്തോ ദിവ്യശക്തിയുണ്ട്.
ഞാൻ പറഞ്ഞു ഒന്ന്വല്. നിങ്ങൾ രണ്ടു പടല പഴം വാങ്ങി. ഒരു പടലയിൽ മൂന്നെണ്ണം. മറ്റേത് വലുത്. കുരങ്ങൻ നോക്കിയപ്പോൾ വലിയ പടല കൊണ്ടുപോയി. മറ്റേത് അവിടെ വച്ച്. അത് കുരങ്ങൻ കണക്ക് പഠിച്ചിട്ടോ നിങ്ങളോടുള്ള കരുതൽ കൊണ്ടോ ഒന്നുമല്ല. നിങ്ങൾ അവിടെ ഉടനെ വന്നില്ലെങ്കിൽ അവൻ അതുകൂടി എടുക്കാൻ വന്നേനെ. എല്ലാം കൂടി അവനെക്കൊണ്ട് താങ്ങിക്കൊണ്ടുപോകാൻ കഴിയില്ലല്ലോ. ദിനേശ് "തന്നെ" എന്ന് പറഞ്ഞു വീണ്ടും സംശയം പ്രകടിപ്പിച്ചു.
എന്നാലും എനിക്ക് തോന്നുന്നത് ഇവിടെ ഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നാണ്.വിശ്വാസം ആണ് എല്ലാം. നിന്റെ വിശ്വാസം പോലെ നീ ഓരോന്നും കാണുക. എന്നും പറഞ്ഞു ഞാൻ ഫോൺ വയ്ക്കുമ്പോൾ ആലോചിച്ചു, ദിനേശിന്റെ സ്ഥാനത്തു വേറെ മതവിശ്വാസി ആയിരുന്നെങ്കിൽ ഒരു പക്ഷെ കുരങ്ങനെ അവർ രസായനം ഉണ്ടാക്കി കഴിച്ചേനെ. "ഉലകെ മായം വാഴ്വേ മായം "
ശുഭം
(അടുത്തതിൽ : കളഞ്ഞുപോയ മൂക്കുത്തി)
Read more: https://emalayalee.com/writer/11