"ഡ..ഡ..ഡ..ഡാഡി
മ മ്മ മ്മ മമ്മി.....
മമ്മിയ്ക്കൊരുമ്മ
ഡാഡിയ്ക്കൊരുമ്മ......"
1981ൽ “തകിലുകൊട്ടാമ്പുറം” എന്നചിത്രത്തിൽ
യേശുദാസിനോടൊപ്പം ഈ ഗാനം പാടിക്കൊണ്ട്
ചലച്ചിത്രരംഗത്തെത്തിയ പിന്നണി ഗായികയാണ് കെ.എസ്.ബീന.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ചേച്ചി.
ആദ്യഗാനംതന്നെ ഹിറ്റായി മാറിയപ്പോൾ
ബീന മലയാളത്തിൽ ചുവടുറപ്പിക്കുമെന്ന് പലരുംകരുതി. പക്ഷേ,
ഏതാനുംചിത്രങ്ങളിൽമാത്രം പാടിയശേഷം
അവർമാറിനിന്നു. കാരണം മറ്റൊന്നുമല്ല, 1981ൽതന്നെയായിരുന്നു ബീനയുടെവിവാഹവും.
വിവാഹശേഷം ബീന ഗൾഫിലേക്ക്പോവുകയായിരുന്നു.
ബീനയോടൊപ്പമായിരുന്നു ചിത്രയുടെയും സംഗീതപഠനം.
സ്‌കൂൾതലംമുതൽ മികച്ച ഗായികയായി പേരെടുത്ത
കെ.എസ്.ബീന, 1977 മുതൽ തുടർച്ചയായി അഞ്ചുതവണ കേരള സർവകലാശാലാ യുവനോത്സവ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു എന്ന കാര്യം പുതിയ തലമുറയിലെ അധികമാർക്കും അറിയാത്ത കാര്യമാണ്.
ചിത്രയ്ക്കുമുന്നേ അറിയപ്പെട്ടിരുന്ന ഗായികയായിരുന്നു ബീന.
സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും ആദ്യത്തെമകളായ ബീനയ്ക്ക് ചിത്രയേക്കാൾ അഞ്ചുവയസ്സ്കൂടുതലുണ്ട്.
തിരുവനന്തപുരം വിമൻസ്കോളേജിൽ സംഗീതവിദ്യാർഥിനിയായിരുന്ന സമയത്താണ് ബീന
ഓരോ മത്സരങ്ങളിലും പങ്കെടുത്തിരുന്നത്.
മാവേലിക്കര പ്രഭാവർമ, എച്ച്.ഹരിഹരൻ, ഓമനക്കുട്ടിടീച്ചർ എന്നിവരുടെകീഴിലാണ്ബീന സംഗീതംഅഭ്യസിച്ചത്. കുട്ടിക്കാലംമുതലേ ബീനയും ചിത്രയും ഒപ്പമിരുന്ന് സന്ധ്യാനാമം ചൊല്ലുമായിരുന്നു.
ബീനപാടുന്ന പാട്ടുകൾ ചിത്രയും മനോഹരമായിപാടുമ്പോൾ
ബീന ഒരുപാട്പ്രോത്സാഹിപ്പിച്ചിരുന്നു.
ഇരുവരുടെയും വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചത്
സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണൻ തന്നെയാണ്.
ആകാശവാണി ലളിതസംഗീതപാഠത്തിലെ നിരവധി ഗാനങ്ങള്‍ ബീനപാടിയിട്ടുണ്ട്.
ഒപ്പം ബീനപാടിയ അനേകം ലളിതഗാനങ്ങൾ
ആകാശവാണി പ്രക്ഷേപണംചെയ്തിട്ടുമുണ്ട്.
എം.ജി.രാധാകൃഷ്ണൻ സംഗീതംനൽകിയ
"അക്കരെനിന്നിക്കരയ്ക്കൊരുപാലം....."
(കാവാലം നാരായണപണിക്കർ)
"രാധയെകാണാത്ത മുകിൽവർണ്ണനോ...."
(തിക്കുറിശ്ശി)
"ഇഷ്ടദേവന്റെ തിരുസന്നിധിയിൽ...."
(ബിച്ചു തിരുമല)
"ഓടക്കുഴലേ ഓടക്കുഴലേ...."
(ഓ.എൻ.വി.കുറുപ്പ്)
"കര കാണാകടലിനക്കരെയുണ്ടൊരു...."
(എ.പി.ഗോപാലൻ)
തുടങ്ങിയ ഗാനങ്ങളൊക്കെ
കെ.എസ്.ബീനയാണ് പാടിയിരിക്കുന്നതെന്ന് മിക്കവർക്കും അറിയില്ല. "കന്നിപൂംപൈതൽ
ആണോപെണ്ണോ..."
(തകിലുകൊട്ടാമ്പുറം)
"തക്കിടമുണ്ടൻ താറാവേ...."
(താറാവ്)
"വനമാലി നിൻമാറിൽ ചേർന്നു...."
(അട്ടഹാസം)
"എന്തുമമ സദനത്തിൽ..."
.....ചിത്രയോടൊപ്പം
(സ്നേഹപൂർവ്വം മീര)
ഇത്രയും ഗാനങ്ങൾമാത്രമാണ്ബീന സിനിമയിൽ പാടിയിട്ടുള്ളത്.
ബീനയും ചിത്രയും ചേർന്നുപാടിയ അനേകം ഭക്തിഗാനങ്ങളുമുണ്ട്.
ഗൾഫിൽ അക്കാലത്ത്, ഇന്നത്തെപ്പോലെ കൂടുതൽ ഗാനമേള പ്രോഗ്രാമുകളും
മറ്റും ഉണ്ടായിരുന്നില്ല. എങ്കിലും,ഏതാനുംവേദികളിൽ പാടിയിട്ടുണ്ട്.
കുറച്ചുനാൾ സംഗീതക്ലാസുകളും നടത്തിയിരുന്നു ബീന.
കുട്ടികളായതോടെ സംഗീതാസ്വാദക മാത്രമായി ബീന.
അപ്പോഴേക്കും ചിത്ര മലയാളത്തിലെ അറിയപ്പെടുന്ന ഗായികയായിമാറിയിരുന്നു.
ചിത്രയുടെ ഏറ്റവുംവലിയ ആരാധികയും, വിമർശകയുമാണ് ബീന.
അന്നൊക്കെ പാട്ടിൽ എന്തെങ്കിലും ശ്രുതിഭംഗം വന്നുവെന്ന് തോന്നിയാൽ അപ്പോൾ ബീനയുടെ വിളിയുണ്ടാവുമായിരുന്നു.
ചിത്രയുടെപാട്ടുകൾ കേട്ടിരിക്കുന്നതാണ് ബീനയുടെഏറ്റവും ഇഷ്ടമുള്ളഹോബി.
ഗൾഫിൽനിന്ന് വന്നശേഷം കുറേക്കാലം ചെന്നൈയിൽ താമസമാക്കിയ ബീനയും കുടുംബവും
ഇപ്പോൾ കരമനയിലാണ് താമസം.
മക്കളായ വിനായകിനും വർഷയ്ക്കും സംഗീതാഭിരുചിയുണ്ടെങ്കിലും അവരാരും
സംഗീത രംഗത്തേക്ക് വന്നതുമില്ല.