Image

അകലങ്ങളിലെ നെടുവീർപ്പുകൾ ( കവിത : രാധിക സജീവ് )

Published on 13 March, 2025
അകലങ്ങളിലെ നെടുവീർപ്പുകൾ ( കവിത : രാധിക സജീവ് )

മരണമെന്നെ 
കീഴ്പ്പെടുത്തുമ്പോൾ
വെനീസിലെ കൂട്ടുകാരി 
എനിക്കൊരു സന്ദേശമയച്ചിട്ടുണ്ടാകും

വായിക്കാനാവാത്ത 
അക്ഷരങ്ങൾ
എന്റെയവസാന 
യാത്രയിലേക്കുളള
വഴിയറിയാതെ 
ഉണങ്ങിപോയിരിക്കും .

ശ്വാസം മുട്ടിക്കുന്ന 
നെടുവീർപ്പുകൾ
പുറത്തിറങ്ങാനാവാതെ 
ജാലകപ്പടിയിൽ
പൊത്തിപിടിച്ചിരിക്കും

ഉടുപ്പുകളിലെ 
വറ്റാത്ത വിയർപ്പ്ഗന്ധം 
ഒരുകുറ്റപത്രം തയ്യാറാക്കും.

പ്രാർത്ഥനകൾ പാതിമയക്കിന്റെ
ഈർഷ്യയോടെ കോട്ടുവായിടും .

ഉമ്മകൾ കടന്നൂൽകൂടിളകിയതുപോലെ
ആർത്തുപിടിച്ചുലക്കും .

കവിതകളുടെ 
അവസാന വായനക്കാരി
വാക്കുകളിലെ തിരകളെ 
മുറിച്ചുകടക്കുന്ന തിരക്കിലായിരിക്കും.

മരണത്തിലേക്ക്‌ 
ചുരംകയറിവന്ന പൂമരം
ഇലപൊഴിച്ച്‌ നിഷ്കളങ്കയാവും.

ശുഭരാത്രികളുടെ 
മേച്ചിലിൽ
പരിഷ്ക്കാരിയായ സവോപോളക്കാരി
ചുണ്ടിൽ 
ലിപ്‌സ്റ്റിക്ക്‌ പുരട്ടും

ആവർത്തിച്ചാവർത്തിച്ച്‌ 
വിളിച്ചിട്ടും 
രണ്ടറ്റം കാണാനാവാതെ
ബെർലിൻക്കാരി 
പുസ്തകംതുറന്ന് 
അമർത്തിയിടിക്കും.

ആർദ്ദ്രതയോടെ 
സംസാരിക്കുന്ന
ലണ്ടൻകാരി 
അവൾമാത്രം
അതെ,
അവൾ മാത്രം 
താളുകളുടെ തേങ്ങലോടെ
അടഞ്ഞ എന്റെമിഴികൾ
നോക്കികരയുന്നുണ്ടാകും
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Network Error