Image

പഴം പൊരിക്ക് പറയാനുള്ളത്.... : പൗലോസ് ഐക്കരക്കുടി

Published on 13 March, 2025
പഴം പൊരിക്ക് പറയാനുള്ളത്.... : പൗലോസ് ഐക്കരക്കുടി

തൊട്ടടുത്ത ചായക്കടയിലെ പലഹാരപ്പെട്ടിയിൽ പഴംപൊരി ഇരിക്കുന്നതു കണ്ടപ്പോൾ  എനിക്ക് രണ്ട് വരി എഴുതണമെന്ന് തോന്നി.. ചുവടെ കുറിക്കട്ടെ..

പഴം പൊരിക്ക് പറയാനുള്ളത്....

"എവിടുന്നോ വന്ന ഒരു വാഴക്കന്ന് , അതെന്റെ അമ്മയായിരുന്നു..! ഏതോ ഒരാൾ ഒരുനാൾ വലിയ കുഴിയെടുത്ത് എന്റെ അമ്മയെ അതിലിട്ട് മൂടി. കന്നുകാലിച്ചാണകവും ചീഞ്ഞ ചവറുകളുമിട്ട് എന്റെ അമ്മയ്ക്ക് അവരാൽ കഴിയുന്ന ദ്രോഹവും ചെയ്തു. ചീഞ്ഞ മണം ശ്വസിച്ചാണെങ്കിലും കാറ്റും വെയിലും കൊണ്ട് ഒരു പരിഭവവുമില്ലാതെ അമ്മ അവിടെ നിന്നും പിച്ചവെച്ച് വളരാൻ തുടങ്ങി.

ആദ്യം എന്റെ അമ്മയുടെ കണ്ണ് പൊട്ടി. ദയയില്ലാത്തവൻ വന്ന് പൊട്ടിയ കണ്ണിനെ ചവിട്ടിമെതിച്ചു. എങ്കിലും സഹിച്ചു നിന്നു. പിന്നെ അമ്മയുടെ കൈ ഒടിഞ്ഞു. എങ്കിലും വേദന സഹിച്ച് കാറ്റിനോട് പൊരുതി പിന്നെയും ജീവിച്ചു.

ഒരു നാൾ അമ്മ ഗർഭിണിയായി. അങ്ങനെ ഞങ്ങൾ കുറെ മക്കളെ കാണാൻ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചു. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവായതിനാൽ ഞങ്ങളുടെ എണ്ണം എടുക്കുമ്പോൾ അമ്മയ്ക്ക് തെറ്റിപ്പോകാറുണ്ട്. ഞങ്ങളെ നോക്കി അമ്മ ഒരു പാട് നാൾ സന്തോഷിച്ചു നിന്നു.

ഒരു ദിവസം ഒരാൾ പിന്നിൽ നിന്നും, അമ്മയുടെ  കഴുത്തിനു വെട്ടി . അമ്മയെക്കൊന്ന് ഞങ്ങളെ തമ്മിൽ വേർപെടുത്തി. എന്നെയും കൂടപ്പിറപ്പുകളേയും നിലത്ത് വെച്ചിട്ട് ആ കശ്മലൻ അമ്മയുടെ നട്ടെല്ല് ഊരിയെടുത്തു. അമ്മ വേദനകൊണ്ട് പുളഞ്ഞപ്പോൾ അയാൾ പറയുന്ന കേട്ടു. ഇത് അരിഞ്ഞ് ഉപ്പേരി വെക്കണമെന്ന്.
അമ്മയെ വെട്ടുന്നതു കണ്ട് ഞങ്ങൾ തലകുമ്പിട്ടിരുന്നു കരഞ്ഞു.

താമസിയാതെ അയാൾ ഞങ്ങളെ തൂക്കി കൊണ്ടുപോയി ഒരു ചെമ്പിലിട്ടു.
അമ്മയോടുള്ള കലി തീരാത്ത അരിശം ഞങ്ങളോട് തീർക്കുമെന്ന ഭാവത്തിൽ ചെമ്പിൽ വെച്ച് ഞങ്ങളെ പുകച്ചു. രണ്ട് ദിവസത്തേക്ക് പുറം ലോകം കാണിക്കാതെ ഞങ്ങളെ മൂടി വെച്ചു. അതുകൊണ്ട് ആരോടും സങ്കടം പറയാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങൾ പരസ്പരം സങ്കടം പറഞ്ഞ് പുകഞ്ഞു.

അയാൾക്ക് കുറ്റബോധം തോന്നിയിട്ടാവണം ഞങ്ങളെ തൂക്കി പുറത്തിട്ടു. പച്ചക്കളറായിരുന്ന ഞങ്ങൾ നീരുവെച്ച് പഴുത്ത ശരീരമായി പുറത്തുവന്നതു കണ്ടപ്പോൾ അയാൾക്ക് കലി കയറി. ഞങ്ങളെ ഒറ്റയ്ക്ക് ഒറ്റക്ക് നിർദാക്ഷിണ്യം വേർപെടുത്തി .

ഞങ്ങളെ കുറച്ചുപേരെ ആദ്യം പിടികൂടിയ ശേഷം മൂർച്ചയുള്ള കത്തികൊണ്ട് ഞങ്ങളുടെ തൊലി പൊളിച്ചു മാറ്റി .വേദന കൊണ്ട് കരഞ്ഞ ഞങ്ങളെ അയാൾ നീളത്തിൽ നീളത്തിൽ പൂളിയെടുത്തു . നട്ടെല്ലടക്കം അയാൾ കീറിച്ചീന്തി. തീർന്നില്ല അയാളുടെ കോപം.! ഞാൻ നോക്കുമ്പോൾ ഒരടുപ്പിൽ വലിയ ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുന്ന കണ്ടു. അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല. നിമിഷ നേരം കൊണ്ട് അതിയാൻ എന്റെ ഒരു ഭാഗമെടുത്ത് വൃത്തികെട്ട ഒരു കുഴമ്പ് പുരട്ടി . മൈദ ആണ് പോലും. ആ കുഴമ്പ് പുരട്ടിയപ്പോൾ എന്റെ ശരീരം കുറച്ച് തടിച്ചു. എന്റെ മുറിവ് ഉണങ്ങാനുള്ള വല്ല മരുന്നുമാവുമെന്ന് ഞാൻ കരുതി.

അയാൾ എന്നെ വാൽസല്യത്തോടെ എടുത്തു. ഞാൻ സന്തോഷിച്ചു. കരുണയുള്ള മനുഷ്യനാണല്ലോ എന്ന് മനസ്സിൽ പറഞ്ഞതേ ഓർമ്മയുള്ളു.. ഞാൻ തിളച്ച എണ്ണയിലെത്തി .എന്റെ മറ്റ് ശരീര ഭാഗങ്ങളും എന്റെ കൂടപ്പിറപ്പുകളും ഓരോന്നായി ചെമ്പിൽ പതിച്ചു. ഞങ്ങൾ വാവിട്ട് കരഞ്ഞു .കയ്യും കാലുമിട്ടടിച്ചു. ചീറിക്കരഞ്ഞു. അയാൾക്ക് ദയ തോന്നിയിട്ടാവണം.ഞങ്ങളെ കോരിയെടുത്തു.

സുഹൃത്തുക്കളേ.. ആ ഞങ്ങളെയാണ് നിങ്ങൾ ആസ്വദിച്ച് കടിച്ചു മുറിച്ച് തിന്നുന്നത്. 

ഓർമ്മ വേണം..... ഓർമ്മ..!


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക