Image

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം

Published on 13 March, 2025
കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്‍കിയ ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതോടൊപ്പം കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും.

നേരത്തെ, പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര എംഎസ്എംഇ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു.

ഫെബ്രുവരി 10 നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയായ ജോളി (56) മരിച്ചത്. ‌‌‌തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു 11 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ ജോളി മധു , ചെയര്‍മാന്‍ എന്നിവർ ഉള്‍പ്പെടെയുളള കയര്‍ ബോര്‍ഡിലെ ഉന്നതർക്കെതിരെ മാനസിക പീഡനം ആരോപിച്ചിരുന്നു. 30 വര്‍ഷത്തോളമായി കയര്‍ബോര്‍ഡിലെ ജീവനക്കാരിയായ ജോളി മധു ക്യാന്‍സര്‍ അതിജീവിതകൂടിയായിരുന്നു.

എന്നാൽ, കയര്‍ ബോര്‍ഡിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ ജോളിയോടു മേലുദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയതായി കുടുംബം ആരോപിക്കുന്നു. ക്യാന്‍സര്‍ രോഗിയെന്ന പരിഗണനപോലും നല്‍കാതെ അകാരണമായി ആന്ധ്രയിലേക്കു സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി 30 ന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നുമാണ് കുടുംബത്തിന്‍റെ പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക