ഗവൺമെന്റിന്റെ അടച്ചു പൂട്ടൽ ഒഴിവാക്കാൻ യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ നേതാക്കൾ പാസാക്കിയെടുത്ത ബിൽ സെനറ്റിൽ എതിർക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ (ന്യൂ യോർക്ക്) വ്യാഴാഴ്ച്ച ആ എതിർപ്പു പിൻവലിച്ചു. പെൻസിൽവേനിയ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാനൊപ്പം താൻ ബില്ലിനു വോട്ട് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
പാർട്ടിയിൽ പലരും എതിർപ്പു തുടരുന്നുണ്ടെന്നു ഷൂമർ വെളിപ്പെടുത്തി. അവർ അതിന്റെ വിശദാംശങ്ങൾ പഠിച്ചു കൊണ്ടിരിക്കയാണ്. 30 ദിവസത്തെ ആശ്വാസം മാത്രമേ ഗവൺമെന്റിനു നൽകാവൂ എന്നതാണ് അവരുടെ നിലപാട്. എന്നാൽ ശനിയാഴ്ച്ച അടച്ചു പൂട്ടൽ ഉണ്ടാവുന്നത് ഒഴിവാക്കുന്ന വോട്ടിൽ വെള്ളിയാഴ്ച്ച ബിൽ പാസാകും എന്നാണ് പ്രതീക്ഷ.
"ഞാൻ ബില്ലിനെ പിന്തുണയ്ക്കും, ഗവൺമെന്റ് അടച്ചു പൂട്ടുന്നത് ഒഴിവാക്കും," ഷൂമർ സെനറ്റിൽ പറഞ്ഞു. ഈ ബിൽ പാസാക്കിയില്ലെങ്കിൽ ട്രംപിന് അമിതാധികാരം കൈവരുമെന്നു ഷൂമർ ചൂണ്ടിക്കാട്ടി. മാത്രമല്ല, എല്ലാ ഫെഡറൽ സ്ഥാപനങ്ങളും നശിപ്പിക്കാൻ എലോൺ മസ്കിനു അധികാരം കിട്ടും.
സെനറ്റ് മജോറിറ്റി ലീഡർ ജോൺ തൂണുമായി (റിപ്പബ്ലിക്കൻ-സൗത്ത് ഡക്കോട്ട) ചർച്ച ചെയ്തു വെള്ളിയാഴ്ചയ്ക്കു മുൻപ് ധാരണ ഉണ്ടാക്കേണ്ടതുണ്ട്.
സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 ഭൂരിപക്ഷം ഉണ്ടെങ്കിലും ഫിലിബസ്റ്റർ മറികടക്കാൻ 60 വോട്ട് വേണം. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ (കെന്റക്കി) എതിർത്തു നിൽക്കെ ആ 60 ബുദ്ധിമുട്ടാണ്. എന്നാൽ ഷൂമറുടെ പിന്തുണ കിട്ടിയതോടെ ഡെമോക്രറ്റുകളുടെ ഫിലിബസ്റ്റർ നീക്കം ഉണ്ടാവില്ലെന്ന പ്രതീക്ഷയായി.
നിലവിലുള്ള ബില്ലിൽ $10 ബില്യൺ വർധന ഐ സി ഇ ക്കു അനുവദിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാട് കടത്താനുള്ള ട്രംപിന്റെ പദ്ധതി നടപ്പാക്കുന്നത് അവരാണ്. ആ പണത്തിനു വേണ്ടി മറ്റു പല വിഭാഗങ്ങളിലായി $13 ബില്യൺ വെട്ടിക്കുറച്ചു.
Schumer backs GOP bill to avert shutdown