Image

ഈ ലഹരി അതിപ്രസരത്തിന് ആരാണുത്തരവാദി? (നടപ്പാതയിൽ ഇന്ന് –130: ബാബു പാറയ്ക്കൽ)

Published on 16 March, 2025
ഈ ലഹരി അതിപ്രസരത്തിന് ആരാണുത്തരവാദി? (നടപ്പാതയിൽ ഇന്ന് –130: ബാബു പാറയ്ക്കൽ)

കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിലും ഒട്ടുമുക്കാൽ അച്ചടി മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമായും ചർച്ച ചെയ്യപ്പെടുന്നത് കേരളത്തിൽ അതിവേഗം വളരുന്ന ക്രൂരമായ ക്രിമിനൽ സംഭവങ്ങളും കൊലപാതക പരമ്പരകളുമാണ്. ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊല്ലുന്നു, ഭാര്യ ഭർത്താവിനെ വെട്ടിക്കൊല്ലുന്നു, മകൻ അമ്മയെയും അച്ഛനെയും വെട്ടിക്കൊല്ലുന്നു, കാമുകൻ കാമുകിയെ കൊല്ലുന്നു, കാമുകി കാമുകനെ കൊല്ലുന്നു, 14 വയസ്സുകാരി 13 വയസ്സുകാരന്റെ കുഞ്ഞിനെ പ്രസവിക്കുന്നു, 23 വയസ്സുകാരൻ കുടുംബത്തിലുള്ള അഞ്ചു പേരെ ഒറ്റ ദിവസം കൊല്ലുന്നു, 15 വയസ്സുകാരായ കുട്ടികൾ സഹപാഠിയെ ഗൂഡാലോചന നടത്തി തലയോട്ടി അടിച്ചു പൊട്ടിച്ചു കൊല്ലുന്നു, കോളേജിൽ പഠിക്കുന്നവർ സഹപാഠിയെ മൂന്നു ദിവസം പട്ടിണിയ്ക്കിട്ടു പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കുന്നു, റാഗിംഗ് എന്ന പേരിൽ സഹപാഠിയുടെ പുക്കിളിനു ചുറ്റും കോമ്പസ് കുത്തിയിറക്കി വേദനകൊണ്ടു പിടയുന്നവനെ നോക്കി ചിരിച്ചു രസിക്കുന്നു, അങ്ങനെ എന്തെല്ലാം സംഭവങ്ങൾ! കണക്കില്ലാത്ത ആത്മഹത്യകളുടെ വിവരങ്ങൾ കൂടി എഴുതിയാൽ സ്ഥലം തികയാതെ വരും. എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു, "ഈ നാടിനെന്തു പറ്റി?" 

പല ദൃശ്യ മാധ്യമങ്ങളിലും നടക്കുന്ന ആർക്കും യാതൊരു ഗുണവുമില്ലാത്ത ചർച്ചകളും അവയിലെ പാനലിസ്റ്റുകളുടെ അഭിപ്രായങ്ങളും ശ്രദ്ധിച്ചാൽ 'ഇവരൊക്കെ ഇക്കാര്യം ആദ്യമായി കേൾക്കുന്നതുപോലെ' യാണ് തോന്നുക. ഈ നാടിനെന്തു പറ്റി? ഒന്നും പറ്റിയിട്ടില്ല എന്നതാണ് സത്യം. അത് പോകേണ്ട പാതയിലൂടെ തന്നെയാണ് പോകുന്നത്. അഥവാ, അതിനെ നയിക്കുന്നവർ ആ പാതയിലൂടെയാണ് നയിക്കുന്നത്. അരാജകത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പടുകുഴിയിലേക്കു തന്നെ ഈ നാട് വീഴണം എന്ന് ചിലർക്കൊക്കെ നിർബ്ബന്ധമുള്ളതുപോലെ തോന്നുന്നു. കുറെ വർഷങ്ങൾ പുറകോട്ടു നോക്കിയാൽ വല്ലപ്പോഴുമൊരിക്കൽ മാത്രം കേൾക്കുന്ന കൊലപാതകവും ആത്മഹത്യയും ഇന്ന് മണിക്കൂർ ഇടവിട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇന്നത്തെ കൊലപാതകങ്ങളിൽ ഇരയും വേട്ടക്കാരും കൂടുതലും ഇരുപത്തഞ്ചു വയസ്സിനു മാത്രം താഴെയുള്ളവരാണ് എന്നതാണ് പ്രത്യേകത.

പണ്ടൊക്കെ കൊലപാതകങ്ങൾക്കൊരു കാരണമുണ്ടായിരുന്നു. ഇന്ന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ ഇങ്ങനെ മാറിയത്? ആലോചിച്ചു തല പുണ്ണാക്കേണ്ട ആവശ്യമില്ല. നമ്മുടെ ചെറുപ്പ കാലത്ത് ഇന്നത്തെപ്പോലെ മൊബൈൽ ഉപയോഗിക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിൽ എന്തായേനേ എന്ന് ഒരു നിമിഷം ചിന്തിക്കുക. ഇഷ്ടപ്പെടുന്ന പെൺകുട്ടിക്ക് ഒരു കത്തു കൊടുക്കാൻ എന്തെല്ലാം സാഹസിക യത്നങ്ങളാണ് ശ്രമിച്ചിരുന്നത്? പരീക്ഷയ്ക്ക് പഠിക്കുമ്പോൾ ഏതെല്ലാം പുസ്തകങ്ങൾ റെഫർ ചെയ്‌തു നോട്ടെടുത്താണ് പഠിച്ചിരുന്നത്? ആരുടെയെല്ലാം കവിതകളും കഥകളും കാണാപാഠം പഠിച്ചിരിക്കുന്നു! ഇന്നോ, വിരൽത്തുമ്പിൽ ഗൂഗിൾ എല്ലാം തരുന്നു.

പണ്ടൊക്കെ പ്രേമിക്കുന്ന പെൺകുട്ടിയുടെ കൂടെ ടൗണിൽ ഒരു സിനിമയ്ക്ക് പോകുകയോ ഒന്നിച്ചൊരു കോഫി ഷോപ്പിൽ പോയിരുന്നു കുറച്ചു സമയം ചെലവഴിക്കുകയോ ചെയ്യാമെന്ന് വെച്ചാൽ അത്ര എളുപ്പമല്ല. പലപ്പോഴും വെറുതെ മനസ്സിൽ ലഡ്ഡു പൊട്ടുമെന്നു മാത്രം. ഇനി ഒരു പക്ഷേ അതിനു ഭാഗ്യമുണ്ടായാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു തന്നെ വിവരം വീട്ടിലറിഞ്ഞിട്ടുണ്ടാവും. പിന്നെ പൂരം കാണാൻ തൃശൂർക്ക് പോകേണ്ട ആവശ്യമില്ല. 

പണ്ടൊക്കെ കോളേജിൽ സീനിയർ ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾ പോലും കാമ്പസ്സിന് വെളിയിൽ നിന്ന് ഒരു സിഗരറ്റ് വലിക്കുമ്പോൾ ഒരദ്ധ്യാപകൻ അതുവഴി വന്നാൽ ബുദ്ധിമുട്ടി വാങ്ങിക്കൊണ്ടുവന്ന ആ സിഗരറ്റ് അതിവേഗം വലിച്ചെറിയുമായിരുന്നു. ഇന്ന് അതല്ല കഥ. അന്നത്തെ വിദ്യാർത്ഥികളുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ് ഇന്നത്തെ വിദ്യാർഥികൾ. അപ്പോൾ ചെറിയൊരു കാലഘട്ടം കൊണ്ട് ഒരു സംസ്ക്കാരം പാടേ മാറിമറിഞ്ഞുവെങ്കിൽ ആരാണുത്തരവാദികൾ? അതിന് ഇന്നത്തെ കുട്ടികളെ മാത്രം പഴി ചാരിയിട്ടു കാര്യമില്ല. 

ജീവിത സാഹചര്യങ്ങളാണ് കൂടുതലും ഒരു വ്യക്തിത്വം വാർത്തെടുക്കുന്നതിന്റെ അടിസ്ഥാനം. അന്ന് അർദ്ധപ്പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞു വന്ന തലമുറ അവരുടെ മക്കളെ പട്ടിണിയറിയാതെ കഴിവതും ആഢംബരത്തിൽ വളർത്തി. അങ്ങനെ വളർന്ന തലമുറയ്ക്ക് കഷ്ടപ്പാട് എന്തെന്നറിയാത്തതിനാൽ അവർ ലക്ഷ്യബോധമില്ലാതെ വളർന്നു. ധാരാളമായി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭേച്ഛ മാത്രം ലക്ഷ്യമാക്കി കൂണു പോലെ മുളച്ചു പൊങ്ങി. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് വിദ്യാർത്ഥികളിൽ കൂടി ഉത്തമ പൗരന്മാരെ വാർത്തെടുക്കാനുള്ള യാതൊരു പ്രതിബദ്ധതയുമില്ലായിരുന്നു. പൈസയ്ക്കു പഞ്ഞമില്ലാതിരുന്ന വിദ്യാർത്ഥികൾക്ക് കൂട്ടായി ഹോസ്റ്റലുകളിൽ മദ്യവും പിന്നീട് മയക്കുമരുന്നും ഒഴുകിയെത്തി. മൊബൈൽ ഫോണിന്റെ സ്വാധീനം ആശയവിനിമയം ശീഘ്രമാക്കിയതോടെ മയക്കുമരുന്നിന്റെ ലഭ്യത അനായാസമാക്കി. 
മറ്റൊരു കാര്യം കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരം വിദ്യാർത്ഥികളിൽ  ചേരിതിരിവുണ്ടാക്കിയെന്നതാണ്. ഭരണപക്ഷത്തിന് പോലീസ് പിന്തുണ ഉണ്ടായതോടെ വിഭിന്ന ഗ്രൂപ്പുകളിൽ രൂപപ്പെട്ടിരുന്ന കൂട്ടായ്‌മകൾ അക്രമസംഘങ്ങളായി മാറി. അധികാര ഭ്രമദ്ധതയും പാർട്ടിക്കൂറുമുള്ള അധികാരികളുടെ മൗനാനുവാദത്തോടെ  മാരകായുധങ്ങൾ അവർക്കകമ്പടി സേവിക്കാൻ തുടങ്ങിയപ്പോൾ പണ്ടൊക്കെ ചെറിയ അടിപിടിയിൽ തീർന്നിരുന്നത് കൊലപാതക കലാരൂപത്തിലേക്കു മാറി. എന്തൊക്കെ അക്രമങ്ങളുണ്ടായാലും അതിനെയൊക്കെ ലഘൂകരിച്ച് 'രക്ഷാപ്രവർത്തനം' ആയി പോലും കാണുന്ന ഭരണാധികാരികൾ വാഴുമ്പോൾ പിന്നെ ആരെ പേടിക്കണം?

എന്നാൽ നിയമത്തിന്റെ നീരാളിപ്പിടിയിൽ മരുന്നിന്റെ വിതരണക്കാർക്ക് ഭയമുണ്ടായിരുന്നതിനാൽ കാര്യങ്ങൾ പലപ്പോഴും അത്ര എളുപ്പമായില്ല. പക്ഷേ, കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മയക്കുമരുന്ന് വിതരണക്കാർക്ക് സർക്കാർ 'ഫ്രീ മാർക്കറ്റിങ് ലൈസൻസ്' നൽകിയിരിക്കുന്നതുപോലെയാണ് ചരക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്. പാർട്ടി ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്ന വിതരണക്കാരുടെ മുൻപിൽ നിയമം നടപ്പാക്കേണ്ട പോലീസ് വന്ധ്യംകരിക്കപ്പെട്ടിരിക്കയാണ്. എന്നാൽ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്ന ആശയത്തിൽ ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരാളെ മയക്കുമരുന്നുമായി പിടിച്ചാൽ നടപടിയെടുക്കുന്നതിനു മുൻപ് അദ്ദേഹം എവിടെയെങ്കിലും ദൂരസ്ഥലത്തേക്കു സ്ഥലം മാറ്റപ്പെടും. ഇങ്ങനെ പല ഉദാഹരണങ്ങൾ ആയതോടെ മയക്കുമരുന്നു വിതരണക്കാർക്കും ഉപഭോക്താക്കൾക്കും സർവ്വസ്വാതന്ത്യം ലഭിച്ചു. ഇപ്പോൾ മുക്കിലും മൂലയിലുമുള്ള പെട്ടിക്കടകൾ മുതൽ ബസ് സ്റ്റാൻഡിൽ ചെവിത്തോണ്ടി വിൽക്കുന്നവന്റെ സഞ്ചിയിൽ വരെ 'സാധനം' ലഭ്യമാണ്. ഇന്ന് അഞ്ചാം ക്ലാസ്സ് മുതലുള്ള കുട്ടികളിൽ വരെ മയക്കുമരുന്നിന്റെ ഉപയോഗം കണ്ടുതുടങ്ങിയിട്ടുണ്ട്. 

ഈ നാടിനെ രക്ഷിച്ചെടുക്കാൻ ആർക്കെങ്കിലും ആകുമോ? ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സംഭവ്യമല്ല. എന്നാൽ നാശത്തിലേക്കു കൂപ്പുകുത്തുന്ന ഇളം തലമുറയിലെ കുട്ടികളെ ബോധവൽക്കരിക്കാൻ, ഭരണയന്ത്രം നിഷ്‌ക്രിയത്വം പാലിക്കുന്നതുകൊണ്ട്, അവരവരുടെ കുടുംബങ്ങൾ മുതൽ ശ്രമം നടക്കണം. ഇതത്ര എളുപ്പമല്ല. എന്നാൽ എളുപ്പമാക്കാൻ സാധിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. സമൂഹത്തിന്റെ പിന്തുണയാണ് ആദ്യം ഉണ്ടാകേണ്ടത്. മുസ്ലിംകൾക്ക് മോസ്‌കുകളും ക്രിസ്ത്യാനികൾക്ക് ദേവാലയങ്ങളും ഹിന്ദുക്കൾക്ക് കരയോഗങ്ങളും കേന്ദ്രമാക്കി അവരുടെ ദൂരപരിധിയിലുള്ള കുടുംബങ്ങളിൽ ഒരു സർവ്വേ നടത്തണം. ഏതൊക്കെ വീടുകളിലുള്ള കുട്ടികൾ മയക്കുമരുന്നിനടിപ്പെട്ടിട്ടുണ്ട് എന്നു കണ്ടു പിടിക്കാം. അതുപോലെ തന്നെ ഓരോ സ്ഥലങ്ങളിലുമുള്ള വിദ്യാലയങ്ങളിലും ഇതുപോലെ ഏതൊക്കെ കുട്ടികളാണ് മയക്കുമരുന്നുപയോഗിക്കുന്നതെന്നറിയാം. ഇവർക്ക് വേണ്ട കൗൺസലിംഗ് ഈ കേന്ദ്രങ്ങൾ മുഖേന നൽകാവുന്നതാണ്. 

എന്നാൽ ഈ മരുന്നിന്റെ സംഭരണവും വിതരണവും യഥേഷ്ടം നടക്കുമ്പോൾ ഈ കുട്ടികളെ നിയയന്ത്രിക്കുക എളുപ്പമല്ല. പക്ഷേ, ആർജ്ജവമുള്ള ഒരു ഭരണാധികാരിക്ക് കേരളത്തിൽ മയക്കുമരുന്നിന്റെ മായാജാലം 24 മണിക്കൂർ കൊണ്ട് നിയന്ത്രിക്കാനാവും. കേരളാ പോലീസ് ലോകത്തിലെ തന്നെ സമർത്ഥരായ പോലീസ് സേനകളിൽ ഒന്നാണ്. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കണം എന്ന് മാത്രം. എല്ലാ പോലീസ് സ്റ്റേഷനുകളിലും അവരുടെ അധികാര പരിധിയിൽ ലഹരി മരുന്ന് കച്ചവടം ചെയ്യുന്നവരെയും അതിന്റെ വിതരണ കേന്ദ്രങ്ങളെയും പറ്റി പൂർണ്ണ വിവരം ഉണ്ടാവും. അവരെയെല്ലാം പൊക്കി അകത്തിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷേ, അവരെക്കൊണ്ടു പുട്ടടിച്ചു ജീവിക്കുന്ന അധികാര കേന്ദ്രങ്ങൾക്കതു ചെയ്യാനാവില്ല. അതാണ് യാഥാർഥ്യം. പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാനും ഈ കുറ്റവാളികളെ കയറൂരി വിടാനും ശ്രമിക്കാതെ നാടിന്റെ ഭാവിയായ യുവ തലമുറയെ നേർവഴിക്കു നടത്താൻ വേണ്ടി മയക്കുമരുന്നിന്റെ മേൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ വെറും ആഴ്ച്ചകൾ കൊണ്ട് കേരളം തിരിച്ചു വരും. അതല്ല, ആരാന്റമ്മയ്ക്കു ഭ്രാന്തു വന്നാൽ കാണാൻ നല്ല രസമാണെന്നു കരുതി മയക്കുമരുന്നു കച്ചവടക്കാർക്ക് ഓശാന പാടാൻ നിന്നാൽ താമസിയാതെ തന്നെ കൈകൊട്ടി ചിരിക്കാം.
________________
 

Join WhatsApp News
Jayan varghese 2025-03-16 23:55:56
'അമ്മ പള്ളിയിൽ പോയ തക്കത്തിന് അടുക്കളയിൽ വേലക്കാരിയെ ഒളിഞ്ഞു നോക്കുന്ന അപ്പനെ കണ്ടു പഠിച്ച കുട്ടികൾ ഇതല്ലാതെ എവിടെ എത്തിച്ചേരാനാണ് ? ക്രൈസ്തവ വിശ്വാസത്തിന്റെ പാരമ്പര്യങ്ങൾ പഠിപ്പിക്കാനായി പായ്ക്കപ്പലുകളിൽ കടലുകൾ കടന്ന് മല നാട്ടിലെത്തിയ സന്യസ്തരായ സഭാ പിതാക്കന്മാരെ അടയ്ക്കാ കച്ചവടത്തിന് വന്നവർ എന്നാക്ഷേപിച്ചവരുടെ മക്കൾക്കും ഇത് തന്നെ ഗതി ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക