Image

കൊച്ചിയിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു; ഹോസ്റ്റലുകളിലെ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി

Published on 16 March, 2025
കൊച്ചിയിൽ പോലീസിന്റെ  ലഹരി വേട്ട തുടരുന്നു; ഹോസ്റ്റലുകളിലെ  പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി

കൊച്ചി:കളമശേരി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്ക് പിന്നാലെ കൊച്ചിയിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച പരിശോധന ശക്തമാക്കി പോലീസ്. ശനിയാഴ്ച രാത്രിയാണ് കളമശേരിയിലെ വിവിധ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.  കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് മിന്നൽ പരിശോധന നടന്നത്. കുസാറ്റ് പരിസരത്തെ ഒരു ഹോസ്റ്റലിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ ഒരു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു.പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു. പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചവരെയും പൊലീസ് പിടികൂടി.

കളമശേരി പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചില രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുസാറ്റിന് പുറത്തുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ കൊച്ചി നഗരത്തിലും പരിശോധനകൾ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

അതേസമയം, കളമശേരി പോളി ടെക്‌നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രമായി ഹോസ്റ്റലിൽ ഒരു പ്രത്യേക ഗ്യാങ് ഉണ്ടെന്നും ഹോസ്റ്റലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പലപ്പോഴും ഈ ഗ്യാങ്ങാണെന്നും പോലീസ്  വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക