ഇന്ത്യൻ രക്തമുള്ള നാസ ബഹിരാകാശ യാത്രിക സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറും സ്‌പേസ്എക്സ് പേടകത്തിൽ ഭൂമിയിലേക്കു മടക്ക യാത്ര ആരംഭിച്ചതോടെ, അവരെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി വെളിപ്പെടുത്തൽ.
ഇന്ത്യയുടെ അഭിമാന പുത്രിക്കു സുരക്ഷിതമായ ലാൻഡിംഗ് ആശംസിച്ചു മാർച്ച് 1നു വില്യംസിനു മോദി ആശംസ അയച്ചെന്നു കേന്ദ്രമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചു. "നിങ്ങളുടെ ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പ്രാർഥിക്കുന്നു. ആയിരക്കണക്കിനു മൈലുകൾ അകലെയാണെങ്കിലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് അടുത്താണ്," മോദി കുറിച്ചു.
വില്യംസ് നന്ദി അറിയിച്ചതായി സിംഗ് വെളിപ്പെടുത്തി.
2016ൽ വില്യംസിനെ യുഎസിൽ വച്ചു കണ്ടുമുട്ടിയത് മോദി ഓർമിച്ചു.
വിൽമോറും (62) വില്യംസും (59) ഫ്രീഡം എന്ന പേടകത്തിൽ ചൊവാഴ്ച്ച വൈകിട്ട് ആറു മണിയോടെ (പ്രാദേശിക സമയം) ഫ്ലോറിഡയിൽ ഇറങ്ങുമെന്നാണ് നാസയുടെ അറിയിപ്പ്. (ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചെ)
കഴിഞ്ഞ വർഷം ജൂണിൽ ബോയിങ്ങിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ പറന്ന അവർ 'സ്റ്റാർലൈനർ' തകരാറിലായതോടെ അവിടെ കുടുങ്ങുകയായിരുന്നു. 10 ദിവസത്തെ ദൗത്യത്തിൽ പോയവർ 285 ദിവസം കഴിഞ്ഞാണ് മടങ്ങുന്നത്.
Modi greets Sunita Williams as return awaited