ഏറ്റുമാന്നൂരിൽ സ്വന്തം കുഞ്ഞുങ്ങളോടൊപ്പം ജീവൻ ഹോമിച്ച ഷൈനിക്ക് ജോലി കൊടുക്കാത്തതിനും ഒരു വർഷം ഫ്രീ ആയി ജോലി ചെയ്യാനുമൊക്കെ പറഞ്ഞതിന് കാരിത്താസ് ആശുപത്രി അധികൃതർക്കും ക്നാനായ സഭാ നേതൃത്വത്തിനും അവരുടേതായ ന്യായീകരങ്ങളുണ്ടാകാം. പക്ഷെ അവർ ചെയ്തത് മനുഷ്യത്വ രഹിതമായിരുന്നു. അതുപോലെയുള്ള കാര്യങ്ങളാണ് ഈ സഭയുടെ കൊട്ടോടി പള്ളി ഇടവകാംഗമായ ജെസ്റ്റിനെതിരെ ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ജെസ്റ്റിനെ ആ ഇടവകയിൽനിന്ന് പുകച്ചു പുറത്തുചാടിക്കാൻ ഇവർ ശ്രമിക്കുന്നു. അവനെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നു. കൊടതി വിധി ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങളാൽ ജെസ്റ്റിന്റെയും വിജിമോളുടെയും വിവാഹമെന്ന കൂദാശ അവർ നിഷേധിക്കുന്നു. മറ്റൊരു പള്ളിയിൽ വച്ച് അവരുടെ വിവാഹം നടത്തുവാനുള്ള വിവാഹക്കുറി കൊടുക്കുവാൻ പോലും ഇവർ വിസമ്മതിക്കുന്നു.
ഷൈനിയോട് ചെയ്തതിലും വലിയ ക്രൂരതയാണ് ഇവർ ജെസ്റ്റിനോടും കുടുംബത്തോടും ചെയ്യുന്നത്. ഈ പ്രവർത്തികൾ ഇവരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ പാരമ്പര്യങ്ങളും ഉയർന്ന കുലമഹിമയും വംശശുദ്ധിയുമൊക്കെയാണ് ഇതിനുള്ള ന്യായീകരണങ്ങൾ. നൂറുകണക്കിനാളുകളെ കല്യാണത്തിന് ക്ഷണിച്ചിട്ട് കല്യാണ ദിവസം സ്വന്തം പള്ളിയിൽ നിന്ന് കുറി കിട്ടാത്തതിന്റെ പേരിൽ വിവാഹം നടത്താൻ സാധിക്കാതെ വന്നാലുള്ള മാനസിക വിഷമം ഒന്നാലോചിച്ചു നോക്കുക. അതുകൊണ്ടവർ വിവാഹം കഴിക്കാതെ കുറച്ചുനാൾ ഒന്നിച്ചു ജീവിക്കേണ്ടി വന്നു. അപ്പോൾ അവർ വ്യഭിചാരത്തിലാണ് ജീവിക്കുന്നതെന്ന് സഭാധികാരികൾ പറഞ്ഞു പരത്തി. തികഞ്ഞ സഭാവിശ്വാസികളായ ഇവർക്ക് ഇത്ര മാത്രം മാനസിക വ്യഥയും നാണക്കേടും ഉണ്ടാക്കുന്ന ഇതുപോലുള്ള പ്രചരണങ്ങൾ വ്യക്തിഹത്യയാണ്. വിശ്വാസികളായ അവരെ രജിസ്റ്റർ മാര്യേജ് ചെയ്തു ജീവിക്കുവാൻ സഭാധികാരികൾ നിർബന്ധിതരാക്കി. അവർക്കുണ്ടായിരിക്കുന്ന കുഞ്ഞിനെ മാമോദീസ മുക്കുവൻ ജെസ്റ്റിന്റെ ഇടവക വികാരിയും സഭാ നേതൃത്വവും തയാറാകുന്നില്ല. ഒരു ഓട്ടോ റിക്ഷ ഡ്രൈവറായ ജസ്റ്റിന് കോടതിയിൽ കേസ് നടത്തി ജയിക്കുവാനുള്ള സാമ്പത്തികമോ സ്വാധീനമോ ഇല്ല.
അങ്ങനെ അതിതീവ്രമായ മാനസിക വ്യഥയിലേക്കു തള്ളിവിട്ടിരിക്കുകയാണ് ക്നാനായ സഭാ സമുദായ നേതൃത്വം ഈ കുടുംബത്തെ. KCCNA പോലുള്ള അമേരിക്കയിലെ സംഘടനകൾ ഇങ്ങനെയുള്ള ആചാരങ്ങളെയും പ്രവർത്തികളെയും ന്യായീകരിക്കുന്നത് വളരെ ഖേദകരമാണ്. ഷൈനിയെപോലെ ഇവരും എന്തെങ്കിലും കടുംകൈ കാണിക്കുന്നതിന് മുൻപ് അവരുടെ വിവാഹവും കുഞ്ഞിന്റെ മാമോദീസയും നടത്തിക്കൊടുക്കുവാനുള്ള സത്വര നടപടികൾ കോട്ടയം രൂപതാധികാരികൾ എടുക്കണമെന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു. അവർ എന്തെങ്കിലും കടുംകൈ ചെയ്തതിനു ശേഷം ഞങ്ങൾ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്ന് ആരും പറയാൻ ഇടവരരുത്.
അലക്സ് കെ. എസ്തപ്പാൻ
KANA, പ്രസിഡന്റ്