Image

കെന്നഡി വധം സംബന്ധിച്ചു ഞെട്ടിക്കുന്ന പുതിയ വിവരങ്ങളൊന്നും പുറത്തു വന്നില്ല (പിപിഎം)

Published on 19 March, 2025
കെന്നഡി വധം സംബന്ധിച്ചു ഞെട്ടിക്കുന്ന പുതിയ വിവരങ്ങളൊന്നും പുറത്തു വന്നില്ല (പിപിഎം)

യുഎസ് പ്രസിഡന്റായിരിക്കെ ജോൺ ഫിറ്സ്‌ജെറാൾഡ് കെന്നഡി വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു ഫയലുകൾ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചൊവാഴ്ച്ച പുറത്തു വിട്ടതോടെ അവയിൽ പുതുതായി എന്താണുള്ളതെന്ന ആകാംക്ഷ ഉയർന്നു. പൊട്ടിത്തെറിയാവുന്ന പുതിയ വിവരങ്ങൾ പരിമിതമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സി ഐ എയിലെ ഒരു ചെറിയ സംഘം കെന്നഡി വധ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു എന്ന വിവരം സ്ഥിരീകരിക്കുന്ന ചില സൂചനകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഘാതകൻ ലീ ഹാർവി ഓസ്വാൾഡ് സി ഐ എയുടെ ഏജന്റ് ആയിരുന്നോ എന്ന സോവിയറ്റ് രഹസ്യാന്വേഷണ ഏജൻസി കെ ജി ബിയുടെ അന്വേഷണമാണ് മറ്റൊരു വിവരം.

1967 ജൂണിൽ കെന്നഡി വധിക്കപ്പെട്ടു ഒരു ദിവസം കഴിഞ്ഞു യുഎസ് ആർമി ഇന്റലിജൻസ് ഓഫിസർ ഗാരി അണ്ടർഹിൽ വളരെ രോഷാകുലനായി വാഷിംഗ്‌ടൺ വിട്ടു പാഞ്ഞ കഥ പുറത്തുവരുന്നു. സി ഐ എ യിലെ ഗൂഢസംഘം കെന്നഡി വധത്തിനു പിന്നിൽ ഉണ്ടെന്നു ഒരു സുഹൃത്തിനോട് പറഞ്ഞ അദ്ദേഹം ആറു മാസം കഴിഞ്ഞു സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആത്മഹത്യ ആണെന്നാണ് കൊറോണർ കുറിച്ചത്.

സി ഐ എയിലും പെന്റഗണിലെ ഉന്നതർക്കിടയിലും ഉറ്റ ബന്ധങ്ങൾ ഉണ്ടായിരുന്നു രണ്ടാം ലോകായുധ കാലത്തു ഇന്റലിജൻസ് ഓഫിസർ ആയിരുന്ന യുഎസ് നേവി ക്യാപ്റ്റൻ അണ്ടർഹില്ലിന്.

തോക്കും ലഹരിയും മറ്റു നിരോധിത വസ്തുക്കളും വിൽക്കുന്ന സി ഐ എയിലെ സംഘത്തിനു നേരെയാണ് അദ്ദേഹം വിരൽ ചൂണ്ടിയത് എന്നു വ്യക്തമാകുന്നു. അവരുടെ കച്ചവടങ്ങൾ അറിഞ്ഞ കെന്നഡി നടപടി എടുക്കുമെന്ന ആശങ്കയിലാണത്രെ അദ്ദേഹത്തെ വധിച്ചത്.

1991 നവംബർ 20നുള്ള രേഖയിലാണ് കെ ജി ബിയുടെ നിക്കോണോവ് എന്ന ഉദ്യോഗസ്ഥൻ ഓസ്വാൾഡ് സി ഐ എ ഏജന്റ് ആയിരുന്നോ എന്ന് അന്വേഷിച്ച കാര്യം പറയുന്നത്. കെ ജി ബിക്കു നിയന്ത്രണമുള്ള ഏജന്റ് ആയിരുന്നില്ല എന്നാണ് നിക്കോണോവ് പറയുന്നത് എന്ന് ഫയലിൽ പറയുന്നു. സോവിയറ്റ് യൂണിയനിൽ കഴിയുന്ന കാലത്തു വെടിവയ്ക്കാൻ ഒസ്വാൾഡിനു കൃത്യത ഉണ്ടായിരുന്നില്ല എന്നും അയാൾ പറയുന്നുണ്ട്.

ഓസ്വാൾഡ് മുൻപ് യുഎസ് മറീൻ ആയിരുന്നു. കെന്നഡിയെ വെടിവയ്ക്കുന്നതിനു നാല് വർഷം മുൻപ് സോവിയറ്റ് യൂണിയനിൽ അഭയം തേടിയ അയാൾ കെന്നഡി വധത്തിനു മുൻപ് മെക്സിക്കോയിലെ ക്യൂബൻ കോൺസലേറ്റ് സന്ദർശിച്ചിരുന്നു. സോവിയറ്റ് വിസയ്ക്കു വേണ്ടി അന്ന് ശ്രമം നടത്തി.

പത്രവാർത്തയുടെ പിന്നാലെ

ചൊവാഴ്ച്ച പുറത്തു വന്ന മറ്റൊരു 'രഹസ്യ' ഫയലിൽ കാണുന്നത് സി ഐ എ ആണ് വധത്തിനു പിന്നിൽ എന്നെഴുതിയ ഒരു ഇറ്റാലിയൻ പത്രത്തെ സി ഐ എ പിന്തുടർന്നു എന്നാണ്. 1960കളിൽ സി ഐ എ പ്രവർത്തിച്ചിരുന്നതിന്റെ പല വിശദാംശങ്ങളും ഫയലുകളിൽ ഉണ്ട്.

1964ൽ വാറൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും പുറത്തു വന്നതിൽ പലതും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഏൾ വാറൻ കണ്ടെത്തിയത് ഒസ്വാൾഡിന്റെ പിന്നിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ്. എന്നാൽ കെന്നഡി വധത്തിനു പിന്നിൽ ഗൂഢാലോചന നടന്നു എന്നാണ് പിന്നീട് വന്ന സർവേകളിൽ ജനം പ്രതികരിച്ചത്.

ഫയലുകൾ 2017ൽ മാത്രമേ പുറത്തു വിടാവൂ എന്ന് കോൺഗ്രസ് നിഷ്കർഷിച്ചിരുന്നു. ട്രംപ് 2018ൽ 19,000 ഫയലുകൾ പുറത്തു വിട്ടു. 2022 ഒടുവിൽ ജോ ബൈഡൻ 13,000 ഫയലുകൾ പുറത്തിറക്കി.

ചൊവാഴ്‌ചയോടെ 98% ഫയലുകളും പുറത്തുവന്നു എന്നാണ് നാഷനൽ ആർകൈവ്സ് പറയുന്നത്.

JFK files reveal nothing explosive 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക