ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമ മലയാളത്തില്‍ ചരിത്രം സൃഷ്ടിക്കുകയാണ് .ഇരയുടെ ജഡം വളരെ സര്‍ഗ്ഗാല്‍മകമായി മറവു ചെയ്തു ശിക്ഷയില്‍ നിന്ന് രക്ഷപെടുന്ന അഭിനവ ജോര്‍ജ് കുട്ടിമാരുടെ അന്ത്യം കുറിക്കുകയാണ് ഈ സിനിമ .ശരത് ചന്ദ്രന്‍ ആര്‍ ജെ സംവിധാനം ചെയ്ത ഈ സിനിമ ക്രുതഹസ്തതയോടെയുള്ള സംവിധാനം കൊണ്ടും ശക്തമായ നീതി ബോധം കൊണ്ടും മികവുറ അഭിനയം കൊണ്ടും നമ്മുടെ ഭാവുകത്വത്തില്‍ വലിയ വ്യതിയാനമുണ്ടാക്കും .
“ജഡം എവിടെ” എന്ന ചോദ്യം കുറ്റാന്വേഷണത്തിലെനിര്‍ണ്ണായകമായ ഭാഗമാണ് നിയമവ്യവസ്ഥയിലെയും.ജഡം കിട്ടിക്കഴിഞ്ഞാലെ മരിച്ചുവെന്നും അത് സാധാരണ മരണമോ വധമോ എന്ന് ഉറപ്പിക്കാനുമാവൂ . അന്വേഷണവും കണ്ടെത്തലും നൂറു ശതമാനം പിഴവറ്റതാക്കാന്‍ ഈകണ്ടെത്തല്‍ സുപ്രധാനമാണ് ..അതാണല്ലോ പ്രേത സിനിമകളുടെ പോലും ആണിക്കല്ല് ! അത് കൊണ്ടു തന്നെ ജഡം ഒളിപ്പിക്കുന്നതിലെ വൈദഗ്ദ്യം പോലെ പ്രധാനമാണ് ജഡത്തിനു പകരം ജഡം കണ്ടെത്തുകയും .വളരെ മിടുക്കനായ ഒരാള്‍ക്ക് ജഡം ഒളിപ്പിക്കാണോ പകരം ജഡം കണ്ടെത്തി കൊടുക്കാനോ കഴിഞ്ഞെന്നു വരും .അങ്ങനെ കുറ്റകൃത്യത്തെ മറയ്ക്കാനും .പക്ഷെ വളരെ വൈകിയാണെങ്കിലും നമ്മുടെ നീതി ന്യായ വ്യവസ്ഥ സത്യം കണ്ടെത്തും .കുറ്റവാളികളെ അര്‍ഹമെങ്കില്‍ ശിക്ഷക്ക് വിധേയരാക്കും .പക്ഷെ അതൊരു നീണ്ട കയറാണ്.നീണ്ടകാലം വേണ്ടി വരും അത് യാഥാര്‍ത്ഥ്യമാകാന്‍ ഇതിനിടക്ക് നിരപരാധികള്‍ പീഡനങ്ങള്‍ക്ക് ഇരയാകും .ഇരകളും ബന്ധുക്കളും നീതി കിട്ടാതെ അലയും .നമ്മുടെ നീതിവ്യവസ്ഥ തന്നെ ചോദ്യം ചെയ്യപ്പെടും.
സംവിധായകന്റെ കണ്ണിലൂടെയാണ് ഓരോ സിനിമയും വികസിക്കുന്നത് .അത് കൊണ്ടു തന്നെ ഓരോ കാണിയുടെയും ധര്‍മ്മ ബോധത്തെ സ്വാധീനിക്കുന്നതും സംവിധായകന്‍ തന്നെ .സാമൂഹികവും സനാതനവുമായ മൂല്യങ്ങളെ നിരാകരിക്കുന്ന ഒരു സംവിധായകന് ഒരു പൈശാചിക കൃത്യത്തെ പോലും ന്യായീകരിക്കാനാകും യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വേര്‍പെടുത്തി ഭാവനയുടെ ലോകത്തില്‍ നിര്‍ത്തി (willing suspension of disbelief) ചെകുത്താന് പോലും ഈശ്വര സ്വഭാവം നല്‍കി വശീകരിക്കാന്‍ സംവിധായകന് കഴിയും .അത് സര്‍ഗ്ഗാല്‍മക സൃഷ്ടിയുടെ ഉന്നതമായ രൂപമാണ്.പക്ഷെ ഒരു സര്‍ഗ്ഗാല്‍മക സംവിധായകന്‍ ഒരിക്കലും വീഴരുതാത്ത ചതിക്കുഴി കൂടിയാണ് അത് .അക്രമവും അഴിമതിയും നീതിനിഷേധവും ഹരമാകുന്ന ഒരു തലമുറയ്ക്ക് അത്തരം സൃഷ്ടികള്‍ ആസ്വാദ്യകരമാകും .അത് അക്രമത്തിനു പ്രേരണ ചെയ്യുകയും ചെയ്യും കാരണം വൈകാരികതയിലല്ലല്ലോ ഇവിടെ നാം മുതല്‍ മുടക്കുന്നത് !
മുക്കണ്ണന്‍ പോലും അനീതി ചെയ്‌താല്‍ താനത് തുറന്നു പറയുമെന്ന് പറഞ്ഞയാളാണല്ലോ നക്കീരന്‍ !നീതിബോധം അല്ലെങ്കില്‍ സത്യം ,സ്നേഹം പോലെയുള്ള സനാതന മൂല്യങ്ങളുടെ അടിത്തറയില്‍ വേണം ഏതു സൃഷ്ടിയും .
ആ നിലക്ക് The devotion of suspect x എന്ന ജാപ്പനീസ് നോവല്‍ നമുക്ക് നോക്കാം .ലോകമെങ്ങും വായിക്കപ്പെട്ട ,ജാപ്പനീസിലും കൊറിയനിലും സിനിമകള്‍ക്ക് ആധാരമായ കൃതിയാണ് ഇത് . കെയ്ഗോ ഹിഗാഷിമോയുടെ പ്രശസ്തമായ കുറ്റാന്വേഷണ നോവല്‍ മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണമായ അവസ്ഥകളിലേക്ക് കടന്നു ചെല്ലുന്നു .താന്‍ ആദ്യമായി കാണുന്ന ഒരു സ്ത്രീയോട് തോന്നുന്ന അഭിനിവേശവും ആ സ്ത്രീക്കും മകള്‍ക്കും വേണ്ടി എന്തും ചെയ്യാനുള്ള മാനസികാവസ്ഥയും ഉള്ള ഒരു പ്രത്യേക സ്വാഭാവക്കാരനായ ഗണിതശാസ്ത്ര പ്രൊഫസ്സറാണ് ഈ നോവലിലെ നായകന്‍ .അസാധാരണ ബുദ്ധിശക്തി ഉണ്ടെങ്കിലും സാമാന്യ ബോധം അനുഗ്രഹിക്കാത്ത വ്യക്തി അദ്ദേഹത്തെ പോലെയുള്ളവര്‍ സമൂഹവും സ്നേഹവുമായി ഏറ്റുമുട്ടുമ്പോള്‍ അത് ആപല്ക്കരമായി തീരും .
തന്‍റെ തൊട്ടയല്‍പ്പക്കതെ ഫ്ലാറ്റില്‍ താമസിക്കുന്ന ,താനിഷ്ടപ്പെടുന്ന ഒരു സ്ത്രീയും മകളും ഒരു കൊല നടത്തുന്നു .ഗതികെട്ടു, സ്വയം രക്ഷാര്‍ഥം ചെയ്യുന്ന കൊലയാണ് അതെന്നു അയാള്‍ക്കറിയാം .ആ സ്ത്രീയോടുള്ള സ്നേഹം കൊണ്ടു അദ്ദേഹം അത് മറയ്ക്കാന്‍ കൌശലത്തോടെ ചില സൂത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നു .അതിലൊന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തിയതി കൊണ്ടു കുഴപ്പിക്കുന്നതാണ് . യഥാര്‍ത്ഥ ജഡം പോലീസില്‍ നിന്ന് ഒളിപ്പിക്കുന്നതാണ് മറ്റൊന്ന് .അയാള്‍ അതിനു മഹാസൂത്രങ്ങള്‍ ആണ് കണ്ടെത്തുന്നത് .ക്രൂരമായ സൂത്രങ്ങള്‍ .
അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതും അദേഹത്തിന്റെ തന്നെ സ്വാര്‍ഥമായ ചിന്തയും ഈ അപകടത്തിനു മാറ്റു കൂട്ടുന്നു .സുഹൃത്തിന് വേണ്ടി ജയിലില്‍ പോയാല്‍ പോലും അയാള്‍ക്ക് വിഷമമില്ല . സാധാരണ ലോകവും ജയിലും തമ്മില്‍ അയാള്‍ക്ക് വ്യത്യാസമില്ല .അയാള്‍ മറൊരു ലോകത്തിലാണ് ജീവിക്കുന്നത് .അയാളുടെ തന്ത്രങ്ങള്‍ വിജയിക്കുന്നു .അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താന്‍ ആ സൂത്രങ്ങള്‍ സഹായിക്കുന്നു .
മലയാളത്തില്‍ ദൃശ്യത്തില്‍ എത്തുമ്പോള്‍ ഇത് നിസ്സഹായയായ ഒരമ്മയും ചൂഷണത്തിന് വിധേയയായ മകളും ഗതികേട് മൂലം അവരെ രക്ഷിക്കേണ്ടി വരുന്ന ഭര്‍ത്താവുമായി മാറുന്നു .വലിയ വിദ്യാഭ്യാസം ഇലെങ്കിലും ദൃശ്യപരമായി നല്ല ലോക പരിജ്ഞാനം ഉള്ള വ്യക്തിയാണ് നായകന്‍ അയാള്‍ക്ക് എങ്ങനെ തന്‍റെ കുടുംബത്തെ രക്ഷിക്കണമെന്നറിയാം .അതിനു വേണ്ടി കൊന്നയാളുടെ ജഡം മാറ്റി പോത്തിന്റെ ജഡം കുഴിച്ചിടാനും ആര്‍ക്കും കണ്ടുപിടിക്കാനാകാത്ത ഇടത്തു ജഡം മറവു ചെയ്യാനും കഴിയുന്നു .പോലീസിനെയും നിയമ വ്യവസ്ഥയെയും അയാള്‍ ഇരുട്ടിലാക്കുന്നു .വ്യക്തിയുടെ ,കുടുംബത്തിന്റെ കണ്ണില്‍ നോക്കുമ്പോള്‍ ഇത് ന്യായമായി തോന്നുമെങ്കിലും അത് സ്വാഭാവിക നീതിയാണോ എന്ന ചോദ്യം സിനിമക്ക് ശേഷം കാണികളില്‍ ഉണ്ടാകും .
ദൃശ്യം രണ്ടിലും ഈ മിടുക്ക് അധികരിക്കുന്നു എന്നല്ലാതെ കുറ്റബോധത്തിന്റെ ലാഞ്ചന കാണാനില്ല .എങ്കിലും നീതി അടുത്താണ് എന്ന സൂചനയുണ്ട് .
പക്ഷെ ഈ ചിത്രം പൊതുവേ കുടുംബത്തിനു വേണ്ടി എന്ത് മാരണം ചെയ്താലും തെറ്റില്ല എന്ന തെറ്റായ ഒരു naaraative സൃഷ്ടിക്കാന്‍ ഇടയാക്കി .പലരും ജഡം മറവു ചെയ്യുന്നതില്‍ അന്യാദൃശ്യമായ മികവ് കാണിച്ചു .എന്തിനും ദൃശ്യം മോഡല്‍ എന്ന ന്യായം ഉണ്ടായി .അവയെല്ലാം പോലിസ്പൊളിച്ചുവെങ്കിലും കുറ്റം ചെയ്‌താല്‍ രക്ഷപെടാം എന്ന ഒരു ധാരണ സൃഷ്ടിക്കാന്‍ ഈ സിനിമക്ക് കഴിഞ്ഞു .
ഏതാണ്ട് ഇതേ അച്ചില്‍ വാര്‍ത്തതാണ് മമ്മൂട്ടി അഭിനയിച്ച വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് .Deadline പാലിക്കാന്‍ ബദ്ധപ്പെടുന്ന എഴുത്തുകാരിയെ, നിശ്ചയിച്ചുറപ്പിച്ച വിധത്തില്‍ ,തന്‍റെ പതിവ് ശൈലിയില്‍ കൊല ചെയ്യുന്നു നായകന്‍ ആയ പ്രതിനായകന്‍ . കുറേക്കാലം ജയിലില്‍ കഴിഞ്ഞാല്‍ എന്ത് പ്രശ്നം എന്നാണ് ചോദ്യം അല്ലെങ്കില്‍ ജയിലില്‍ ആണെങ്കിലും സ്വാതന്ത്ര്യം ഇല്ലേ എന്നാണു നായകന്‍റെ ചോദ്യം .വളരെ സര്ഗ്ഗല്‍മകമാണ് ആ ചോദ്യമെങ്കിലും നമുടെ സാധാരണ ജീവിതത്തെ നയിക്കുന്നത് ഈ മൂല്യബോധമൊന്നുമല്ലല്ലോ !
ഹിഗാഷിമോയുടെ കഥയിലും ഈ ന്യായം നായകന്‍ അവതരിപ്പിക്കുന്നുണ്ട് . എത്ര .വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നാലും അതൊന്നും തന്നെയോ തന്‍റെ ഗണിതശാസ്ത്ര ചിന്തകളെയോ ബാധിക്കില്ല എന്നാണു നായകന്‍ കരുതുന്നത് .അയാള്‍ക്കു ജയിലിനു പുറമേ കഴിയുന്നത് പോലെയാണ് ജയിലില്‍ കഴിയുന്നതും . സുഹൃത്തിന് ചെയ്ത സഹായം എന്ന കൃത്യത്തിലാണ് അയാളുടെ മനസ്സ് ആഹ്ലാദിക്കുന്നത് ശരിക്കും ഒരു കുറ്റവാളിയുടെ മന്സാണിത് .താന്‍ ചെയ്യുന്ന എന്തിനെയും ,അത് കുറ്റകൃത്യമാണേങ്കിലും , ന്യായീകരിക്കുന്ന മനസ്സ് . ഡെവിള്‍സ് ഓണ്‍ അഡ്വക്കേറ്റ് !’
ദൃശ്യം രണ്ടിലും മോഹന്‍ ലാല്‍ ആണ് നായകന്‍ .ദൃശ്യവുമായി ബന്ധം തോന്നുന്ന ചിത്രങ്ങളിലും ഈ ചിത്രത്തില്‍ അഭിനയ മികവ് കാണിച്ച ഷാജോണ്‍ പ്രത്യക്ഷപെടുന്നു .ഔസേപ്പിന്റെ ഒസ്യത്തില്‍ കുറ്റകൃത്യം നടത്തുന്ന സഹോദരനായാണ് പോലിസ് ഓഫീസറായ ഷാജോണ്‍ പ്രത്യക്ഷപ്പെടുന്നത് .കുറ്റം തടയേണ്ട വ്യക്തി തന്നെ കുറ്റവാളിക്കൂട്ടില്‍.സ്വാഭാവികമായി തന്നെ രക്ഷപെടുത്താനായി എന്ത് ഹീന മാര്‍ഗവും പ്രയോഗിക്കാന്‍ ഒരുമ്പെടുകയാണ് അയാള്‍. യാദൃശ്ചികമായി നടന്ന ഒരു കുറ്റകൃത്യത്തിലെ വില്ലന്‍ ആയിപ്പോയി എന്നതാണ് അയാളുടെ പാതകം .ഒരു പരിധി വരെ കാണികള്‍ പോലും അയാളുടെ ഭാഗത്താണ് .
പക്ഷെ സന്ദര്‍ഭം തന്നെ അയാള്‍ക്ക് വിനയാകുന്നു .മകന്‍ മറിച്ച ദുഖത്തില്‍ .അപ്പന്‍ മരിക്കുമ്പോള്‍ , ഒസ്യത്ത് മരിച്ച മകനാണ് എഴുതി വെച്ചതെന്നു പുറത്തു വന്നതോടെ അവര്‍ ഒരിക്കലും ഉദ്ദേശിക്കാത്ത ഒരു മോട്ടിവ് അയാള്‍ക്കും മൂത്തജേഷ്ടനും എതിരെ ഉണ്ടാകുന്നു .മറവു ചെയ്ത ഇടം മറ്റൊരാള്‍ വാങ്ങാന്‍ വഴി തെളിഞ്ഞതോടെ ജഡം തന്നെ അവിടെ നിന്ന് മാറ്റേണ്ട നിസഹായവസ്ഥ ഉണ്ടാകുന്നു .മാത്രമല്ല കുറ്റകൃത്യത്തില്‍ പങ്കാളി അല്ലാത്ത ,അല്ലെങ്കില്‍ ഏറു പിഴച്ചത് കൊണ്ടു രക്ഷപെട്ട മൂത്ത ജേഷ്ഠന്‍ ചാഞ്ചല്യം പ്രകടിപ്പിക്കുന്നു .എത്ര കഴുകിയിട്ടും തീരാത്ത കറ ഉള്ള കൈകളാണ് തന്‍റെതെന്നു അയാള്‍ക്ക് തോന്നുന്നു .
ഒളിപ്പിച്ച ജഡം പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് .അതൊക്കെ ഏതെങ്കിലും ഡമ്മി ഇട്ടോ അല്ലാതെയോ സേതു രാമ അയ്യര്‍ കണ്ടു പിടിച്ചിരിക്കും .അല്ലെങ്കില്‍ ഭരത് ചന്ദ്രന്‍ ഐ പി എസ് പുറത്തെടുതിരിക്കും .പക്ഷെ ചില സിനിമകളില്‍ അത് എന്നന്നേക്കുമായി കണ്ടു പിടിക്കപെടില്ല .കാരണം നായകന്‍ അതില്‍ പ്രതിയല്ലല്ലോ !
“ആര്‍ക്കറിയാം” എന്ന ചിത്രത്തില്‍ വിജയരാഘവനായിരുന്നു ആ റോള്‍.സ്മ്രുതിക്ഷയത്തിലേക്ക് കടന്നു പോകുന്ന ഒരു വ്യക്തി താന്‍ കൊന്നു തള്ളിയ വ്യക്തിയുടെ ജഡം ഓര്‍മ്മ പോകുന്നതിനു മുന്‍പേ തന്‍റെ പുരയിടത്തില്‍ നിന്ന് നീക്കുന്ന കഥയാണ് ഇത് .വിജയരാഘവന്‍ എന്ന നടനെ വലിയ ഔന്നത്യത്തിലേക്ക് കൊണ്ടു പോന്ന കഥാപാത്രം .വേലക്കാരിയുടെ മകളെ ബലാത്സംഗത്തിനിരയാക്കുന്ന തന്‍റെ മരുമകനെ കൊന്നു കുഴിച്ചു മൂടുന്ന കാരണവര്‍ . സാമാന്യ ബുദ്ധി കൊണ്ടു അയാളെ ന്യായീകരിക്കാന്‍ തോന്നുമെങ്കിലും ഇതായിരുന്നോ നിയമപരമായി ശരി എന്ന സംശയം കാണിയുടെ മനസ്സില്‍ ഉയരാം .ആര്‍ക്കറിയാം എന്ന് പറഞ്ഞു തള്ളിക്കളയാമോ ഈ ചോദ്യം ?
ഈ അഭിനയ മികവാണ് ഇത്തരമൊരു കഥ പറയുന്ന കിഷ്ക്കിന്ധ കാണ്ഡത്തിലെ വിജയ രാഘവന്‍ അവതരിപ്പിക്കുന്ന അച്ഛന്‍റെ പ്രത്യേകതയും . യാദൃശ്ചികമായി തന്‍റെ തോക്ക് കൊണ്ടു പൌത്രന്‍ കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കുന്ന,അതിന്റെ തെളിവുകള്‍ മറയ്ക്കുന്ന അച്ഛന്‍ .ഇവിടെയും താല്‍കാലിക അംനീഷ്യ ബാധിച്ച ആളാണ് അദേഹം .മരിച്ചുവെന്നു അറിഞ്ഞിട്ടും നാട്ടുകാരെ ബോധിപ്പിക്കാന്‍ തന്‍റെ മകനെ തെരഞ്ഞു ഇടക്കിടെ യാത്ര നടത്തുന്ന അഛനായി ആസിഫ് അലി .ഇവിടെയും മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണ് പ്രമേയം .ആ കുടുംബം നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടുന്നതില്‍ കാണികള്‍ ആഹ്ലാദിക്കുന്നുവെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു .യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികയില്‍ സൃഷ്ടിച്ച സിനിമകളാണിവ ഇവ എന്നത് കൊണ്ടാണ് ഈ ചോദ്യം .അതിമാനുഷ്യ ചിത്രങ്ങളില്‍ നാം കഥയില്‍ ചോദ്യമില്ല എന്ന യുക്തി അനുസരിച്ചു നിശ്ശബ്ദരായിരിക്കുന്നതാണല്ലോ ഉചിതം . .
മറ്റൊരു ദൃശ്യം മോഡലിലും വിജയരാഘവന്‍ പ്രധാന കഥാപാത്രമാകുന്നു .പക്ഷെ സിനിമ അതിലും എത്രയോ മുകളിലേക്ക് കടന്നു പോകുന്നു ..ഔസേപ്പിന്റെ ഒസ്യത്ത് ഏറ്റവും വിമലീകരിക്കുന്ന മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ചതാണ് .അതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഹിഗഷിമോയുടെ നോവല്‍ അവസാനിക്കുന്നത് ആ വിമലീകരണത്തിലാണ്. ”താങ്കളുടെ സുഹൃത്ത് ഒരു കൊല നടത്തിയിട്ടാണ് താങ്കളെ രക്ഷപെടുത്തിയത് എന്നറിയാമോ “എന്ന് പോലിസ് അയാളുടെ സ്ത്രീസുഹൃത്തിനോടു ചോദിക്കുന്നു .അപ്പോഴാണ് അവര്‍ക്ക് ആ ക്രൂരമായ യാഥാര്‍ത്ഥ്യം ഉള്ളില്‍ തട്ടുന്നത് .തന്‍റെ സുഹൃത്തിനെ സഹായിക്കാന്‍ തിയതിയില്‍ തിരുത്ത് വരുത്തുക മാത്രമല്ല കൊല്ലപ്പെട്ടയാളുടെ ജഡം നശിപ്പിച്ച ശേഷം അയാളോട് സാദൃശ്യമുള്ള മറ്റൊരാളെ ഒരു മടിയും കൂടാതെ കൊലപ്പെടുത്തി ആ ജഡം നദിയില്‍ ഒഴുക്കി വിടുകയും ചെയ്യുന്നു അയാള്‍ .അയാളെപ്പോലെ സമര്‍ഥനായ ഒരു സുഹൃത്ത് അവിടെ എത്തിയിരുന്നില്ലെങ്കില്‍ ആ കുറ്റകൃത്യം ആരും കണ്ടു പിടിക്കുമായിരുന്നില്ല .എന്തിനു ആ സുഹൃത്തിനു തന്നെ ആ കുറ്റം ഒളിപ്പിക്കാമായിരുന്നു .ഏതായാലും നീതിബോധം കൊണ്ടു തലകുനിച്ചു പെണ്‍സുഹൃത്ത് കുറ്റസമ്മതം നടത്തി കീഴടങ്ങുന്നു .ഏറ്റവുംസമര്‍ഥമായി നടത്തിയ എന്നാല്‍ ഏറ്റവും ഹീനമായ ഒരു കൊലപാതകം അങ്ങനെ നിയമത്തിന്‍റെ പരിധിയിലാകുന്നു .
ഔസേപ്പിന്റെ ഒസ്യത്തും ദൃശ്യം മോഡലിലേക്കാണ് പോകുന്നതെന്ന സൂചനകള്‍ തുടക്കത്തിലുണ്ട് .ജഡം ഒളിപ്പിക്കുന്നത് എങ്ങനെയാകും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന കാണികളുടെ മുന്നില്‍ അത്ഭുതാവഹമെന്നു പറയട്ടെ ജേഷ്ഠന്‍ കുറ്റസമ്മതം നടത്തുന്നു .ആ ഏറ്റുപറച്ചിലിന് വിവിധ മാനങ്ങള്‍ ഉണ്ട് .
വലിയ അടിയൊഴുക്കുകള്‍ ഉള്ള ഒരു കുടുംബത്തിന്‍റെ ശക്തമായ കഥയായി അത് മാറുന്നു .ജീവിതത്തില്‍ ഒന്നുമാകാതെ പോയ, തന്‍റെ ആഗ്രഹങ്ങള്‍നുസരിച്ച് ജീവിക്കാന്‍ കഴിയാതെ പോയ വ്യക്തിയാണ് ഇതില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന ജേഷ്ഠന്‍ .അദേഹത്തിന്റെ മികച്ച കഥാപാത്രം കൂടിയാണിത് .അമ്മ മരിച്ചപ്പോള്‍ താന്‍ അമ്മയുടെ സ്ഥാനത്തു നിന്നു അനുജന്മാര്‍ക്ക് വേണ്ടി വാദിക്കേണ്ടിയിരുന്നു എന്ന് അയാള്‍ ഒരിടത്തു കുമ്പസാരിക്കുന്നുണ്ട്.അവസാനം തോളില്‍ എടുത്തു വളര്‍ത്തിയ കുഞ്ഞനുജന് നീതി കിട്ടാന്‍ പോലീസില്‍ കുറ്റകൃത്യം ഏറ്റു പറയുന്നു.ഒരു പക്ഷെ മലയാളത്തില്‍ ഇത്ര നീതിബോധത്തോടെയുള്ള മറ്റൊരു ഏന്‍ഡ് ഉണ്ടായിട്ടുണ്ടാവില്ല .ഒരു സാധാരണ ക്രൈം സ്റ്റോറി അസാധാരണ കുടുംബ കഥയായി മാറുന്നതാണ് ഇവിടെ കാണുന്നത് .ഇനിയെങ്കിലും അല്പകാലത്തെക്കെങ്കിലും അനാഥ ജഡങ്ങള്‍ പ്രേക്ഷകരെ വല്യ്ക്കില്ലെന്നു ആശ്വസിക്കാം
-പി എസ് ജോസഫ്