മീൻ പിടിക്കാനുളള ഉല്ലാസയാത്ര പോലെയാണ് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ (എസ്എസ്എ) എലോൺ മസ്‌ക് നയിക്കുന്ന ഡി ഓ ജി ഇ നടത്തുന്ന അന്വേഷണങ്ങളെന്നു മെരിലാൻഡ് ഫെഡറൽ ജഡ്‌ജ് എലെൻ ഹൊളാണ്ടെർ. പാഴ്‌വ്യയവും തട്ടിപ്പും കണ്ടെത്താനുള്ള അന്വേഷണത്തിൽ യുഎസ് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങളിൽ തൊടരുതെന്നു ജഡ്‌ജ് അവർക്കു നിർദേശം നൽകി.
എസ് എസ് എ യിൽ നിന്നു ശേഖരിച്ച വ്യക്തിപരമായ ഡാറ്റ ഡി ഓ ജി ഇ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണം എന്നതാണ് 14 ദിവസത്തെ വിലക്കു കൽപിക്കുന്ന കോടതി ഉത്തരവിന്റെ ഫലം.
മസ്‌കിന്റെ സഹായികൾ അത്തരം വിവരങ്ങൾ എത്തിപ്പിടിക്കുന്നത് തടയണമെന്നു എസ് എസ് എ സീനിയർ ഉദ്യോഗസ്ഥരോട് ജഡ്‌ജ് ആവശ്യപ്പെട്ടു. സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ, മെഡിക്കൽ റെക്കോർഡുകൾ, ബാങ്കിങ്, വരുമാന, നികുതി വിവരങ്ങൾ എന്നിവ തൊടാൻ അനുവദിക്കരുത്.
ആ വിവരങ്ങൾ മറച്ച ഡാറ്റ മാത്രമേ ഡി ഓ ജി ഇക്ക് നൽകാവൂ.
ഒബാമയുടെ ഭരണകാലത്തു നിയമിക്കപ്പെട്ട ജഡ്‌ജ് 134 പേജുള്ള ഉത്തരവിൽ പറഞ്ഞു: "പാഴ്‌വ്യയവും തട്ടിപ്പും എസ് എസ് എ ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികളിൽ ഇല്ലാതാക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ അമേരിക്കൻ ജനതയ്ക്കു പിന്തുണയ്ക്കാം. പക്ഷെ അതിനുള്ള രീതികൾ എന്താണ് എന്നതാണ് ചോദ്യം.
"എസ് എസ് എയിൽ ഡി ഓ ജി ഇ മീൻ പിടിക്കാൻ ഇറങ്ങിയ പോലെയാണ്. വെറും സംശയത്തിന്റെ പേരിൽ ഇല്ലാത്ത പകർച്ചവ്യാധി ഉണ്ടെന്നു ഭാവിച്ച്. വൈക്കോൽ കൂനയിൽ സൂചിയുണ്ടോ എന്ന് ഉറപ്പില്ലാതെ അതന്വേഷിക്കുന്ന പോലെ."
എസ് എസ് എയുടെ ഡാറ്റ സംവിധാനം മുഴുവൻ അരിച്ചുപെറുക്കാൻ ട്രംപ് ഭരണകൂടം ഒരൊറ്റ കാരണമെങ്കിലും ഹാജരാക്കിയിട്ടില്ലെന്നു ജഡ്‌ജ് പറഞ്ഞു. വ്യക്തിപരവും രഹസ്യവും തൊടാൻ പാടില്ലാത്തതുമായ സ്വകാര്യ വിവരങ്ങൾ മില്യൺ കണക്കിന് അമേരിക്കൻ പൗരന്മാർ അവരുടെ ഗവൺമെന്റിനെ വിശ്വസിച്ചു ഏല്പിച്ചത് ഇവർ തുറന്നു നോക്കുകയാണ്.
തൊഴിലാളി യുണിയനുകളാണ് ഡി ഓ ജി ഇ നടപടിക്കെതിരെ കോടതിയിൽ പോയത്. വ്യക്തിപരമായ വിവരങ്ങൾ വായിക്കാൻ മാത്രമേ 10ൽ ഏഴു ഡി ഓ ജി ഇ അംഗങ്ങൾക്കും കഴിയൂ എന്ന് ട്രംപ് ഭരണകൂടം കോടതിയിൽ ബോധിപ്പിച്ചിരുന്നു. എസ് എസ് എയിലെ ഫെഡറൽ ജീവനക്കാർക്ക് പതിവായി എത്തിപ്പിടിക്കാൻ കഴിയുന്ന വിവരങ്ങൾ മാത്രമേ ഇവർക്കും ലഭ്യമാവൂ.
ഡി ഓ ജി ഇ അമിതമായി കടന്നു കയറുന്നു എന്നു ചൂണ്ടിക്കാട്ടി എസ് എസ് എ മേധാവി മിഷാൽ കിംഗ് കഴിഞ്ഞ മാസം രാജിവച്ചിരുന്നു.
Court rips DOGE for action at SSA