''രാജീവ് ചന്ദ്രശേഖര്‍ എന്ന പ്രൊഫഷണല്‍ കേരളാ ബി.ജെ.പിയുടെ തലവനാകുമ്പോള്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ബഞ്ച് മാര്‍ക്കാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് ബി.ജെ.പിക്ക് മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹത്തിനും ഉണര്‍വ്വേകും. ഇന്നല്ലെങ്കില്‍ നാളെ കേരള രാഷ്ട്രീയം ബി.ജെ.പി തെളിയിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനാകുന്ന ആദ്യ എഞ്ചിനീയര്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. എന്‍ജിനീയറുടെ കൃത്യത, സംരംഭകന്റെ കൗശലം എന്നിവയ്ക്കൊപ്പം രാഷ്ട്രതന്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണവും കൃതഹസ്തതയും കൂടി ചേരുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു ഡെഡ്ലി കോംബിനേഷന്‍ ആകും. മുന്‍ വിധികളും പരിഗണനകളും ഇല്ലാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാനും അദ്ദേഹത്തിന് സാധിക്കും...''
തികച്ചും അപ്രതീക്ഷിതമായി രാജീവ് ചന്ദ്രശേഖര്‍ എന്ന ടെക്‌നോക്രാറ്റിനെ കേരളത്തിലെ ബി.ജെ.പി പ്രസിഡന്റായി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ നേതാക്കളുടെ പ്രതീക്ഷ ഇങ്ങനെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ നിലവിലെ പ്രസിഡന്റ്‌കെ സുരേന്ദ്രന്‍ തുടരുമെന്നും അല്ലെങ്കില്‍ ശോഭാ സുരേന്ദ്രനെ തല്‍സ്ഥാനത്ത് നിയമിക്കുമെന്നൊക്കെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നത്രേ. അതിന് ആര്‍.എസ്സ്.എസ്സിന്റെ ആശീര്‍വാദവും ഉണ്ടായിരുന്നു. ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കേന്ദ്ര തീരുമാനം അറിയിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി ഏകകണ്ഠമായി കേന്ദ്ര തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പ്രതിക മാത്രമേ സമര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം പുതിയ നിയോഗം ഏല്‍പ്പിച്ചിരിക്കുന്നത്. കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ ഇരുചേരികളായി നിന്നുകൊണ്ട് പതിറ്റാണ്ടുകളായി പോരടിക്കുന്ന സംസ്ഥാന ബി.ജെ.പിയിലേക്കാണ് ഈ രണ്ടു ഗ്രൂപ്പുകളിലും പെടാത്ത പുതിയ നേതാവിനെ അവതരിപ്പിച്ച് ബി.ജെ.പി ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. സംഘപരിവാര്‍ പശ്ചാത്തലം ഇല്ലാത്ത നേതാവാണ് രാജീവ് ചന്ദ്രശേഖര്‍ എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇങ്ങനെയൊരു നേതാവിനെ ഇതാദ്യമായാണ് സംസ്ഥാന നേതൃപദവിയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയില്‍ ഉടലെടുത്ത ആഭ്യന്തര കലഹങ്ങളില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി സന്ദീപ് വാര്യരെ പോലുള്ള നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഉണ്ടായി. മാത്രമല്ല കൊടകര കുഴല്‍പ്പണ വിവാദത്തിലും സുരേന്ദ്രന്റെ പേര് ചര്‍ച്ചയായി. കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. ഇതെല്ലാമാണ് സുരേന്ദ്രനെ മാറ്റി നിര്‍ത്താനുള്ള കാരണം എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി രാഷ്ട്രീയത്തിന് അതീതനായ, എല്ലാ വോട്ടര്‍മാര്‍ക്കിടയിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന നേതാവിനെ നിയമിക്കുന്നതിലൂടെ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് വളരാനാകൂവെന്ന കാഴ്ചപ്പാടാണ് ദേശീയ നേതൃത്വത്തിന്റേത്. ഇതാണ് രാജീവിന്റെ പേരിലേക്ക് എത്താന്‍ കാരണം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖര്‍ വോട്ടെണ്ണല്‍ ഘട്ടത്തില്‍ വിജയിക്കുമെന്ന നിലയിലെത്തിയിരുന്നു. മണ്ഡലത്തില്‍ നിര്‍ണായക മുന്നേറ്റം കാഴ്ചവെക്കാന്‍ രാജീവിന് സാധിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ ഐ.ടി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്ന ഇദ്ദേഹം താരതമ്യേന അപരിചിതനായിട്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വ്യക്തമായ കാരണമുണ്ട്. കക്ഷി രാഷ്ട്രീയത്തിനപ്പുറം വികസന അജണ്ട മുഖ്യ വിഷയമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. ന്യുനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള അദ്ദേഹം തീരദേശ മേഖലയില്‍ ബി.ജെ.പിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്ത നേതാവ് കൂടിയാണ്.
രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. ലോക്‌സഭാ തിരരഞ്ഞെടുപ്പിന് ശേഷം തോറ്റെങ്കിലും തലസ്ഥാനത്ത് വീട് വാങ്ങി പ്രവര്‍ത്തനം സജീവമാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ എന്‍ട്രി. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ ഇലക്ഷനും പാര്‍ട്ടിയെ നേട്ടങ്ങളുണ്ടാക്കാന്‍ പാകത്തില്‍ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പഥമ ദൗത്യം. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശൈലി മാറ്റം ഉറപ്പുവരുത്താനാണ് രാജീവിലൂടെ മോദിയുും അമിത്ഷായും ശ്രമിക്കുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ അതിജീവിക്കുക എന്നതും രാജീവ് ചന്ദ്രശേഖറിന് മുന്നിലെ വെല്ലുവിളിയാണ്.
ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമ്മഡോറായിരുന്ന എം.കെ ചന്ദ്രശേഖരന്റെയും ആനന്ദവല്ലിയുടേയും മകനായി 1964 മെയ് 31-ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗില്‍ ഡിപ്ലോമയും ഇല്ലിനോയി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ചിപ്പ് പ്രൊസസര്‍ നിര്‍മ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കി. പെന്റിയം ചിപ്പിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ എഞ്ചിനീയറും വ്യവസായിയുമായ വിനോദ് ധാം ആണ് രാജീവിനെ ഇന്റല്‍ കമ്പനിയിലെത്തിച്ചത്.
ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബി.പി.എല്‍ മൊബൈല്‍ സ്ഥാപിച്ചത് രാജീവ് ചന്ദ്രശേഖറാണ്. 1991-ല്‍ ബി.പി.എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.ജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തതോടെ ബി.പി.എല്‍ കമ്പനിയില്‍ ചേര്‍ന്ന് 1994-ല്‍ ബി.പി.എല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. ബി.പി.എല്‍ മൊബൈല്‍ കമ്പനി ലയന ശേഷം വോഡാഫോണ്‍ എസ്സാര്‍ കമ്പനി എന്ന പേരില്‍ അറിയപ്പെടുന്നു. 2005-ല്‍ രാജീവ് ചന്ദ്രശേഖര്‍ ജുപ്പിറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി. ഇപ്പോള്‍ അത് 800 മില്യണ്‍ യു.എസ് ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയാണ്. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുടെ ഹോള്‍ഡിംഗ് കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
2006-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നയുടന്‍ കര്‍ണാടകയില്‍ നിന്ന് പാര്‍ട്ടി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ 2024 വരെയുള്ള 18 വര്‍ഷം ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ-മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെക്ക്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റ പ്രൈവസി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ പ്രതിച്ഛായ കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
നിലവില്‍ ബി.ജെ.പിയുടെ ദേശീയ വക്താവാണ്. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി 36 കോടിയാണ് എന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്തുള്ള രാജീവ് 36 കോടി മാത്രം ആസ്തിയായി കാണിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏതായാലും ജനങ്ങള്‍ക്ക് സ്വീകാര്യനും വികസന മുഖവുമുള്ള രാജീവ് ചന്ദ്രശേഖര്‍ തന്നെ കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ ആകട്ടെയെന്ന കേന്ദ്ര തീരുമാനം ശരിയായിരുന്നുവെന്ന് തെളിയാന്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതിവരെ കാത്തിരിക്കണം.