കേരളത്തിലെ പ്രശസ്തനായ ഒരു സിനിമ നടൻറെ അർബുദ ചികത്സയുമായുള്ള ബന്ധത്തിൽ നമ്മൾ ഏറെ കേൾക്കുന്ന ഒന്നാണ് പ്രോട്ടോൺ തെറപി. പ്രോട്ടോൺ തെറപിയെക്കുറിച്ച് ഒരു ഏകദേശ രൂപം മാന്യ വായനക്കാർക്ക് നൽകുക എന്നതാണ് ഈ ചെറു ലേഖനത്തിന്റെ ഉദ്ദേശ്യം.
എന്താണ് പ്രോട്ടോൺ (proton)?
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ അണുകേന്ദ്രത്തിന്റെ (Necleus) മദ്ധ്യത്തിൽ കാണുന്ന ഒരു കണികയാണ് (particle) പ്രോട്ടോൺ. അതിന്റ ഘനം (mass) ഒന്നും (1) അതിന്റെ പരമമായ ഊർജ്ജം (Positive charge) ഒന്നുമാണ് (+1 ) ശക്തമായ പ്രോട്ടോൺ ഊർജ്ജം ഉപയോഗിച്ച് പലതരത്തിലുള്ള അർബുദത്തെ ചികിത്സിക്കുന്ന ഒരു തരത്തിലുള്ള റേഡിയേഷൻ തെറപിയാണ് പ്രോട്ടോൺ തെറപി. പോസറ്റീവ് ഊർജ്ജമുള്ള, സൂക്ഷ്മമായ പ്രോട്ടോൺകണികയെ അർബുദ ബാധിതമായ മുഴകളിലേയ്ക്കോ കോശങ്ങളിലൊക്ക കേന്ദ്രീകരിച്ചു തിരിച്ചുവിട്ടാണ് ചികത്സ നിർവഹിക്കുന്നത്.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്:
എക്സറേയിൽ നിന്നും വ്യത്യസ്തമായി സൂക്ഷ്മമായ പ്രോട്ടോൺ കണിക മനുഷ്യ ശരീരത്തിലെ അർബുദ ബാധിതമായ കോശത്തിൽ, സമീപത്തിലുള്ള രോഗബാധിതമല്ലാത്ത കോശ്ങ്ങൾക്ക് നാശം ലഘൂകരിച്ചുകൊണ്ട്, അതിന്റെ ഊർജ്ജത്തെ ഒരു നിശ്ചിതമായ ആഴത്തിൽ നിക്ഷേപിക്കുന്നു. പ്രോട്ടോൺ പെട്ടെന്ന് മോചിപ്പിക്കുന്ന ശക്തമായ ഊർജ്ജം അർബുദ ബാധിതമായ കോശത്തെ നശിപ്പിക്കുന്നു.
പ്രയോജനങ്ങൾ:
പ്രോട്ടോൺ തെറപിയുടെ ഒരു പ്രയോജനമെന്നു പറയുന്നത് രോഗബാധിതമായ ട്യൂമറിനെയോ അർബുധം ബാധിച്ച കോശങ്ങളെയോ ലക്ഷമാക്കി വളരെ കൃത്യമായി ചികിത്സിക്കാൻ സാധിക്കുമെന്നുള്ളതാണ്; അത് നിർണ്ണായകമായ മറ്റൊരു അവയവത്തിന്റെ സമീപത്തായിരുന്നാൽ തന്നെ. ആരോഗ്യപൂർണ്ണമായ മറ്റു കോശങ്ങളെ നശിപ്പിക്കാതെ, പ്രോട്ടോൺ തെറപി നിർവഹിക്കാമെന്നുള്ളത് ഈ തെറപിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതിന് പരമ്പരാഗതമായ റേഡിയേഷൻ തെറപിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവാണ്. പ്രോട്ടോൺ തെറപി ഉപയോഗിച്ച് മസ്തിഷ്കത്തിലും നട്ടെല്ലിലും അതുപോലെ മറ്റു ശരീരത്തിന്റെ ഭാഗങ്ങളിലുമുള്ള അര്ബുദങ്ങൾക്കും ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കുമെന്നുള്ളതും ഇതിന്റെ മറ്റൊരു പ്രത്യകതയാണ്.
പരമ്പരാഗതമായ റേഡിയേഷൻ തെറപിയും പ്രോട്ടോൺ തെറപിയും:
പാരമ്പരഗതമായ റേഡിയേഷൻ തെറപിയുമായി താരതമ്യം ചെയ്യുമ്പോൾ, റേഡിയേഷൻ തെറപിയിൽ എക്സ്റേയാണ് ഉപയോഗിക്കുന്നത്. അത് ശരീരത്തിൽ ആകമാനം അതിന്റ ഊർജ്ജത്തെ നിക്ഷേപിക്കുകയും ആരോഗ്യപൂർണ്ണമായ കോശങ്ങളെ നശിപ്പിക്കുകയും മറ്റു അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ പ്രോട്ടോൺ തെറപി നൽകുന്നത് ഒരു ലക്ഷ്യമാക്കിക്കൊണ്ടുള്ള സമീപനമാണ്. അതോടൊപ്പം മറ്റ് അവയവങ്ങൾ തെറപിയിൽ നിന്നുള്ള പ്രസരണത്തിന് വളരെ കുറവുമാത്രമേ വിധേയപ്പെടുന്നുള്ളു. പ്രോട്ടോൺ തെറപി മസ്തിഷ്കം, നട്ടെല്ല്, പ്രൊസ്റ്റേറ്റ് ഗ്രന്ഥി അതുപോലെ മറ്റു അവയവങ്ങൾക്കുള്ള അർബുദത്തിനും ഉപയോഗിക്കുന്നു. കുട്ടികളിലെ നിർണ്ണായക അവയവങ്ങളെ ബാധിക്കുന്ന അർബുദത്തിനും പ്രോട്ടോൺ തെറപി ഉപയോഗിക്കപ്പെടുന്നു.
പാർശ്വഫലങ്ങൾ:
പ്രോട്ടോൺ തെറപിക്ക് വളരെ കുറച്ചു പാർശ്വഫലങ്ങളെ ഉള്ളെങ്കിൽതന്നെ, ക്ഷീണം, ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥത, മുടി കൊഴിച്ചിൽ അതുപോലെ ചികിത്സ ലഭിക്കുന്ന ഭാഗത്തിനനുസരിച്ച് മറ്റു രോഗലക്ഷങ്ങലും കാണപ്പെടാവുന്നതാണ്.
G. Puthenkurih
(District Manager of Nuclear Medicine (Retired), Harris HealthSystem, Houston)