എംപുരാൻ ഒന്ന് പോയി കണ്ടാലോ എന്ന എൻ്റെ ആത്മഗതത്തിന് "ആണുങ്ങളാണ് ഇത്തരം മെഗാ സിനിമകൾ റീലീസ് ചെയ്യുന്ന ദിവസം തീയേറ്ററിൽ പോയി കാണുക" എന്ന പുച്ഛിസ്റ്റ് മറുപടി ഒരിടത്ത് നിന്ന് കേട്ടപ്പോൾ എന്നാൽപ്പിന്നെ ആദ്യ ദിവസം തന്നെ തീയേറ്ററിൽ പോയി കണ്ടാൽ എന്ത് സംഭവിക്കും എന്നറിയാനാണ് മകളുടെ ഭർത്താവിനോട് എനിക്കും ദീപ്തിക്കും കൂടി ഓരോ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞത്.
തലശ്ശേരി ലിബർട്ടി പാരഡൈസിനേക്കാളും നല്ല സൗണ്ട് എഫക്ട് ഡൗൺടൗൺ മാളിലെ തിയേറ്ററിനാണ് എന്ന് ഫാൻഷോ കണ്ട് വന്ന അനിയൻ പറഞ്ഞപ്പോൾ മാളിലെ
തീയേറ്ററിലാവട്ടെ ടിക്കറ്റ് എന്ന് തീരുമാനിച്ചതിനാൽ സിനിമാ കാഴ്ചയെ ശല്യപ്പെടുത്തുന്ന വിധത്തിലുള്ള ഫാൻകൂട്ടങ്ങളുടെ അലറി വിളി ബഹളങ്ങൾ ഉണ്ടായില്ല.
ലൂസിഫറിൻ്റെ ഏട്ടനാണ് എമ്പുരാൻ എന്നറിയാവുന്നതിനാൽ എങ്ങിനെയായിരിക്കും അതിൻ്റെ ഉള്ളടക്കം എന്നതിനെക്കുറിച്ച് ഒരു ഏകദേശ ബോധ്യം ഉണ്ടായിരുന്നു. ആ മുൻധാരണയിൽ ഇത്തരം സിനിമകളിൽ "കാര്യകാരണ ബന്ധ"ത്തെ അന്വേഷിക്കരുതെന്നും അറിയാമായിരുന്നു.
ഇന്നും ഒരു മെഗാ സിനിമ വിജയിക്കാൻ ഏറ്റവും അനുകൂലമായ ചേരുവകൾ മതം, രാഷ്ട്രീയം, ചതി, പക , കൂട്ടത്തിൽ ടെക്നിക്കൽ പെർഫെക്ഷൻ എന്നിവയാണെന്ന് പൃഥിരാജ് മനസ്സിലാക്കുകയും കാഴ്ചക്കാരുടെ മനസ്സറിഞ്ഞ് അവ ഈ സിനിമയിൽ ഭംഗിയായി കൃത്യമായ അടരുകളായി ചേർക്കുകയും ചെയ്തിട്ടുണ്ട്.
ഏതൊരു സിനിമയും ഒരു കൂട്ടം മനുഷ്യന്മാരുടെ രാപ്പകലില്ലാത്ത അത്യധ്വാനമാണ്. കുറേപ്പേരുടെ സ്വപ്നവും പ്രതീക്ഷയുമാണ്.
അതുകൊണ്ട് തന്നെ വമ്പൻ സിനിമകൾ ഒറ്റവാക്ക് റിവ്യുകളിൽ തള്ളിക്കളയേണ്ടതല്ല. സിനിമയിൽ കാണിക്കുന്ന മതവും രാഷ്ട്രീയവും ഒരിക്കലും റിയൽ അല്ല.
കഥയല്ല, കാഴ്ചകളാണ് ഇത്തരം സിനിമകൾ എന്ന് മനസ്സിലാക്കിയാൽ സിനിമ ആസ്വദിക്കാം.
ഏട്ടൻ്റെ മുണ്ട് മാടിക്കുത്തൽ കാഴ്ച്ചക്കാർക്ക് മടുത്തിട്ടുണ്ട്.
ആദ്യ രംഗത്തെ വയലൻസ് കുറച്ച് കടുത്തു പോയി. ഞാൻ അത് കഴിയുന്നത് വരെ കണ്ണടച്ചിരിക്കുകയായിരുന്നു. കണ്ണ് മാത്രമല്ല ചെവിയും.
ഒടുവിലത്തെ ഭാഗത്ത് വില്ലൻമാരെ അടിച്ച് തകർക്കുന്നത് കൈകൊട്ടിക്കൊണ്ട് തന്നെ കണ്ടിരുന്നു. സൂപ്പർ ഫൈറ്റ് ആയിരുന്നു. എനിക്കിഷ്ടമായി അത്.
എന്നാലും ഈ സിനിമയിൽ ഇറാഖും കുറെ വെള്ളക്കാരും സ്റ്റീഫൻ നെടുമ്പള്ളിയുമായുള്ള ബന്ധം ശരിക്കും മനസ്സിലായില്ല. അത് തിരിയണമെങ്കിൽ L 3 കാണണമെന്ന സൂചന തന്നിട്ടുണ്ട്...
അത് വരുമ്പോഴേക്ക് നുമ്മൾക്ക് വയസ്സാവും!
സാങ്കേതികത്വത്തിൽ മികച്ച് നിൽക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. ചില രംഗങ്ങൾ അത്രയും റിയൽ ആയി തോന്നിയത് കൊണ്ടാണ് കണ്ണ് പൂട്ടിപ്പോയത്. ബോളിവുഡ്, അര ഹോളിവുഡ് സിനിമകളുടെ ടെക്നിക്കൽ പെർഫെക്ഷൻ ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
ഞാൻ കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്. എൻ്റെ ആസ്വാദനനിലവാരവും അതേ സ്കെയിലിൽ ഉള്ളതായത് കൊണ്ട് ഇത്തരം ഒരു സിനിമയുടെ റിവ്യൂ പറയുന്നത് ശരിയാവുകയും ഇല്ല.
പിന്നെ ഒരു മേമ്പൊടിക്ക് കുത്തിച്ചേർത്തിയ മെഗാ തിരുവാതിര, കറുത്ത മാസ്ക് ഡയലോഗുകൾ കൃത്യമായ അവജ്ഞയോടെ തള്ളിക്കളയുന്നു ! കേരളത്തിൻ്റെ രാഷ്ട്രീയ അന്തരീക്ഷത്തിൻ്റെ വികലമായ ചിത്രമാണ് ഈ സിനിമ കാണിച്ച് തരുന്നത് എന്ന് മനസ്സിലാക്കാൻ ഇത്തരം രംഗങ്ങൾ മതി. സിനിമ ജീവിതമല്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് കുറച്ചുകൂടി L ഉള്ള റോൾ കൊടുക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്.
ടൊവിനോ ശരിക്കുമൊരു സൂപ്പർ സ്റ്റാർ ആയി വളർന്നു എന്നതിലും സന്തോഷം !
*മൂന്നാം ഭാഗത്തിൻ്റെ കഥ ചുരുക്കിപ്പറഞ്ഞ് തന്നാൽ ഒരു ചെറിയ മനസമാധാനം ഉണ്ടാവുമായിരുന്നു*
വയസ്സാവുന്നതിൻ്റെ ലക്ഷണങ്ങൾ മനസ്സ് കാണിച്ചു തുടങ്ങുന്നത് കൊണ്ട് പറഞ്ഞ് പോയതാണേ !