മന്ദ സമീരന്റെ ശീത കിരണങ്ങൾ
മെല്ലെ തഴുകിത്തലോടി നിൽക്കേ...
അരിയൊരാളോങ്ങിയ കത്തിമുനയിലായ്;
വേരറ്റുപോയെന്റെ ശാപജന്മം!
ധരയും വെറുക്കുമീ കണ്ടകഗാത്രിയെ,
നിർദയം ചീന്തിയെറിഞ്ഞു മണ്ണിൽ!
തൊട്ടുകൂടാതുള്ള മുള്ളിൻ ചെടികളായ്
പാതയ്ക്കരികിലായ് നിന്ന കാലം!
ഒരു കുഞ്ഞു ജന്മമായ് തളിരിട്ടു പൂവിട്ടു;
മോഹക്കുടന്നയിൽ തേൻ നിറച്ചു!
മഴയത്തും വെയിലത്തും വാടുമീ മേനിയെ
തൊട്ടു തലോടിടാനാരുമില്ലാ...
കൂമ്പിയടഞ്ഞോരെന്നിലകളും ഭീതിയിൽ
വ്രീളാലതിക സുമം കണക്കേ...
ഈവിധമെന്തിനായീശൻ ചമച്ചതീ,
മുള്ളിൻ കളേബരമാർക്കു വേണ്ടി?
ക്രോധത്തോടുറ്റവർ നോക്കി നിന്നീടുന്നു;
ദ്രോഹിയായ് കാണുന്നു ലോകരെല്ലാം.
രാഗമഴയിലലിഞ്ഞു രസിക്കുവാൻ
അതിലോലമെന്നുള്ളും തുടിച്ചിരുന്നു.
ഈ വഴിയാരുമേ, വന്നതില്ലൊട്ടുമെ-
ന്നനുരാഗത്തേൻകണം നുകർന്നുമില്ലാ!
ഏറ്റം പരവശയായിത്തളർന്നിന്നും
മകരന്ദ കലശമായ് കാത്തിരിപ്പൂ..!
✍️ഷൈല ബാബു