Image

ഗ്രാമത്തിന്റെ കാമറകണ്ണുകള്‍, കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍.. (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 29 March, 2025
ഗ്രാമത്തിന്റെ കാമറകണ്ണുകള്‍, കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍.. (കുര്യന്‍ പാമ്പാടി)

ലില്ലി ഗ്രാമത്തിലെ കാമറകണ്ണുകളാണ്. മൂന്നു പതിറ്റാണ്ടായി കല്യാണമോ മാമ്മോദീസയോ പിറന്നാളോ  അന്ത്യയാത്രയോ എന്തുമാകട്ടെ ലില്ലിയുടെ സാനിധ്യമില്ലാതെ ഒന്നും നടന്നിട്ടില്ല. 'കണ്‍മണിനീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ..'' എന്ന ബാബുരാജ് ഈണം പകര്‍ന്നു എഎം രാജയും പി സുശീലയും  പാടിയ പി. ഭാസ്‌കരന്റെ വരികള്‍ ലില്ലിയുടെ കാര്യത്തില്‍ അന്വര്‍ഥമാണ്.

പാലായ്ക്കടുത്ത് കടനാട് ഗ്രാമത്തില്‍ നാലുനൂറ്റാണ്ടു മുമ്പ് പണിത സെന്റ് അഗസ്റ്റിന്‍  തീര്‍ഥാടന  പള്ളിയുടെ എതിര്‍വശത്താണ്  ലില്ലിയുടെ അലന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ. ശരിക്കു പറഞ്ഞാല്‍ പള്ളിയുടെ മുമ്പില്‍ സ്ഥാപിച്ച പാറേമ്മാക്കല്‍  ഗോവര്‍ണദോര്‍  തോമാ കത്തനാരുടെ ശില്‍പ്പത്തിന്റെ നിഴലില്‍. ഗവര്‍ണര്‍ എന്ന പദത്തിന്റെ പോര്‍ട്ടുഗീസ് രൂപമാണ് ഗോവര്‍ണ്ണദോര്‍.

മുത്തശ്ശന് ഹേസലിന്റെ പ്രണാമം - മാതാപിതാക്കള്‍ ഫ്രനി-അലാനയും ലൂഷിന്‍-പ്രിയയും

കടനാട് ഗ്രാമത്തില്‍ ജനിച്ച തോമാകത്തനാര്‍, ജോസഫ് കരിയാട്ടി എന്ന മല്‍പ്പാനുമൊത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍  ആറുമാസം കപ്പലില്‍ യാത്ര ചെയ്തു പോര്‍ട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലും കത്തോലിക്കാ സഭാസ്ഥാനമായ റോമിലും എത്തി വിദേശിയര്‍ക്കു പകരം നാട്ടുകാരെ മെത്രാന്‍ പദവിയിലേറ്റണമെന്നു നിവേദനം നടത്തിയ ആളാണ്.

കോടികള്‍ മുടക്കി പുതുക്കിപ്പണിത കടനാട് സെന്റ്അഗസ്റ്റിന്‍ പള്ളി; ലില്ലി എടുത്ത കല്യാണ ഫോട്ടോ

വൈദേശിക മേധാവിത്തത്തിനെതിരെ ലോകത്ത് ഉയര്‍ന്ന ആദ്യത്തെ പ്രതിഷേധമായിരുന്നു അത്. ഫലമുണ്ടതായി. ജോസഫ് കരിയാറ്റി മെത്രാനായി അഭിഷിക്തനായി.പക്ഷെ മടങ്ങിവരും വഴി  ഗോവയില്‍ വച്ച് മരണപെട്ടു. മരിക്കും മുമ്പ് അദ്ദേഹം തോമാ കത്തനാരെ കൊടുങ്ങലൂര്‍ ആസ്ഥാനമായ അതിരൂപതയുടെ ഗവര്‍ണര്‍ ആയി നിയമിച്ചു. 13 വര്‍ഷം ആ പദത്തില്‍  തുടര്‍ന്ന കത്തനാര്‍ മരിച്ചപ്പോള്‍ കടനാടിനടുത്ത രാമപുരം സെന്റ് അഗസ്തിനോസ് പള്ളിയില്‍ അടക്കം ചെയ്തു.

എട്ടു വര്‍ഷം നീണ്ടു നിന്ന വിദേശ പര്യടനത്തെപ്പറ്റി 1785ല്‍ കത്തനാര്‍  എഴുതിയ 'വര്‍ത്തമാനപുസ്തകം' മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമാണ്.

പള്ളിയകത്തെ ലില്ലിയുടെ കാമറകണ്ണുകള്‍

ഗോവര്‍ണദോറുടെ പാറേമ്മാക്കല്‍ കുടുംബത്തില്‍ പെട്ട വലിയകുന്നേല്‍ വിഎം സെബാസ്ട്യന്റെ സംസ് ക്കാരത്തിനാണ് ലില്ലിയെ ഞാന്‍ ഒടുവിലായി കണ്ടത്.  ഡല്‍ഹി ഗുഡ് ഗാവില്‍ മാരുതി പ്ലാന്റില്‍ എന്‍ജിനീയര്‍ ആയിരുന്നു. ഗള്‍ഫില്‍ സേവനം ചെയ്തു മടങ്ങി. ലയണ്‍സ് ക്ലബ് പ്രസിഡന്റ്. ആയിരുന്നു.  അംഗങ്ങളോടൊപ്പം കാശ്മീരില്‍ പോകുന്നതിനു തൊട്ടു മുമ്പായിരുന്നു ആകസ്മികമായ വിടവാങ്ങല്‍. പ്രായം 70. ലണ്ടനിലെ മകന്‍  ലൂഷിനും ഭാര്യ പ്രിയയും ഡിട്രോയിറ്റിലെ മകന്‍ ഡോ. ഫ്‌റെനിയും ഭാര്യ ഡോ.അലാനയും എത്തി അമ്മ റോസമ്മയോടൊപ്പം അന്ത്യ കര്‍മങ്ങള്‍ നടത്തി.

ടെലിലെന്‍സ്  പിടിപ്പിച്ച കാമറയുമായി വന്ന ലില്ലി കോളജ് കുമാരിയുടെ ചുറുചുറുക്കോടെ വീട്ടിലെ പ്രാര്‍ഥനാവേളയില്‍ ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒരു പോലീസുകാരിയായിമാറി.  അതിനിടെ മറക്കാനാവാത്ത നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

മണ്ണോടു മണ്ണു ചേരും മുമ്പ്  റോസാദളങ്ങള്‍

പാലായില്‍ മീനച്ചില്‍ പ്ലാക്കുഴിയില്‍ ജനിച്ച പ്രീഡിഗ്രിക്കാരിയാണ് ലില്ലി. കടനാടിനടുത്ത കൊല്ലപ്പള്ളി ചൂരക്കാട്ടു സന്തോഷിന്റെ ഭാര്യയായി എത്തും മുമ്പ് തന്നെ ഫോട്ടോഗ്രാഫറായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കടനാട് പള്ളിക്കു മുമ്പില്‍ ഇളയമകന്‍ അലന്റെ പേരില്‍ സ്റ്റുഡിയോ ഇട്ടുകൊണ്ടു മുഴുവന്‍ സമയ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി മാറി. മൂത്തമകന്‍ ആല്‍ബിയുടെ പേരില്‍ തൊട്ടുചേര്‍ന്നു ഒരു ഫാന്‍സി സ്റ്റോറും തുറന്നു.

ആല്‍ബിയും അലനും മംഗലാപുരത്തു പഠിക്കുന്നു. ആല്‍ബി ഫിസിയോ തെറപ്പിയില്‍  ബി.പി. ടി. ഫൈനല്‍ ഇയര്‍ ആണ്. വിദേശത്തുപോയി മാസ്‌റെര്‍ഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. അലന്‍ ബിഎസ്സി നഴ്‌സിങ് ഫസ്‌റ് ഇയര്‍. ഇരുവരെയും നല്ല നിലയില്‍ ആക്കണമെന്ന മോഹമേ ലില്ലിക്കുള്ളു.

വീഡിയോഗ്രാഫര്‍ ട്വിങ്കിളിന്റെ മന്ത്രികസ്പര്‍ശം

സന്തോഷ് ഏതാനും വര്‍ഷം മുമ്പ് അന്തരിച്ചതോടെ കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും ലില്ലിയുടെ ചുമലില്‍  ആയി. 'വയലിലെ  ലില്ലിപൂക്കളെ  നോക്കുക. അവ അധ്വാനിക്കുന്നില്ല, നൂല്‍ നൂക്കുന്നുമില്ല എന്നിട്ടും അവ ആഭരണമായി ശിരസില്‍ ഏറ്റപ്പെടുന്നു,' എന്ന് ക്രിസ്തു പറഞ്ഞതായി മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായം വാക്യം 28 ല്‍ പറയുന്നു. പക്ഷെ കടനാട്ടെ  ലില്ലി വെളുപ്പിന് ഉണര്‍ന്നു പാതിരാ വരെ അത്യദ്ധ്വാനം ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.

ഫോട്ടോയോഗ്രഫി തൊഴിലാക്കിയ പെണ്‍കുട്ടികള്‍ കേരളത്തില്‍ അവിടവിടെ ഉണ്ടെന്നു തീര്‍ച്ചയാണ്. ഹോബിയായി കൊണ്ടു നടക്കുന്നവര്‍ ആയിരക്കണക്കിന്. പ്രത്യേകിച്ചു കാമറ ഫോണുകള്‍  വന്നതു മുതല്‍. ട്രാവെല്‍ മാസികകളില്‍ സ്വന്തം  ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ എഴുതുന്നവരുമുണ്ട്.  

താരങ്ങളൊപ്പം ട്വിങ്കിള്‍; ലൈവ് സ്ട്രീമേഴ്സ് അധ്യക്ഷന് അഭിനന്ദനം

ലില്ലി അതിനൊന്നും മിനക്കെടുന്നില്ല. സമയമില്ല എന്നത് മറ്റൊരു കാര്യം.. എങ്കിലും തന്നെപ്പറ്റി വനിതയിലും മറ്റും  ഫീച്ചറുകള്‍ വന്നകാര്യം എപ്പോഴും ഓര്‍മിക്കും. താന്‍ സ്റ്റില്‍ ഫോട്ടോയില്‍ ശ്രദ്ധിക്കുമ്പോള്‍ വീഡിയോ കവറേജിനും ലൈവ് സ്ട്രീമിങ്ങിനുമായി പാലായിടെ ചിരന്തന സുഹൃത്ത് ട്വിങ്കിളിനെയാണ് ആശ്രയിക്കാറ്, ട്വിങ്കിള്‍  ആകട്ടെ  ഫോട്ടോകവറേജിനായി ലില്ലിയെ കൂട്ടു  പിടിക്കുന്നു.

പഠിച്ചിറങ്ങിയ കാലത്ത് യാഷിക്ക ക്യാമറയില്‍ തുടങ്ങിയതാണ് ലില്ലി. ഇന്ന് ഉപയോഗിക്കുന്നത് മൂന്നരലക്ഷം വിലവരുന്ന കാനന്‍ ആര്‍ 5.

'ലില്ലിയോടൊപ്പം പന്തലിലും പള്ളിയിലും കണ്ടില്ലല്ലോ, എവിടെപ്പോയിരുന്നു' എന്ന് ഞാന്‍  ട്വിങ്കിനോട് ചോദിച്ചു.  'എന്റെ കൂടെയുള്ള  റ്റിജോയാണ്  വീഡിയോ എടുത്തത്. ഞാന്‍ പിന്നില്‍ കാറില്‍ ഇരുന്നു ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ലൈവ് ആയി സംപ്രേഷണം ചെയ്തു,' എന്നു മറുപടി.

ദുബൈ മാഗസിന്‍ ഫോട്ടോ എഡിറ്റര്‍ തിരുവനന്തപുരത്തെ യൂ.എസ്. രാഖി

പാലാ സെന്റ്  തോമസ് കോളജില്‍ പ്രീഡിഗ്രി വരെയേ പഠിച്ചുള്ളൂവെങ്കിലും രണ്ടു പതിറ്റാണ്ടു മുമ്പ് ഒന്നരലക്ഷം  മുടക്കി വീഡിയോ  കാമറ സ്വന്തമാക്കിക്കൊണ്ടു ജീവിതമാര്‍ഗം കണ്ടെത്തുകയായിരുന്നു ട്വിങ്കിള്‍. പാലാ നഗരത്തിനു നടുവില്‍ സിവില്‍ സ്റ്റേഷന് എതിരെ ട്വിങ്കിള്‍ എന്ന പേരില്‍ സ്റ്റുഡിയോ ഇട്ടു. വിളിച്ചാല്‍ വരുന്ന നാലഞ്ചു പേരെ സഹായികളാക്കി.

ആദ്യകാലത്ത് ഇവന്റ്  മാനേജ്മെന്റും കൂടെ കൊണ്ടുപോയി. സിനിമാ സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.  ഇവന്റ് മാനേജ്മെന്റ് പിന്നീട് വേണ്ടെന്നു വച്ചു. അല്ലാതെ തന്നെ ഇഷ്ട്ടം പോലെ പരിപാടികള്‍ ഉണ്ട്. ഞായറാഴ്ച പോലും. വീടിനടുത്ത് ചേര്‍പ്പുങ്കല്‍  മാര്‍ സ്ലീബാ പള്ളിക്കു  സമീപം ലൈവ് പോയിന്റ് എന്ന പേരില്‍ ഒരു ബ്രാഞ്ച് തുറന്നിട്ടുണ്ട്. ഭാര്യ ഷിജിക്കാണ്   ചുമതല.

ഡിജിറ്റല്‍ യുഗത്തില്‍  കേരളത്തിലെ മുക്കിലും മൂലയിലും വരെ ഫോട്ടോ ഗ്രാഫര്‍മാര്‍ ഉണ്ട്. എന്നാല്‍ ലില്ലിയെപ്പോലുള്ള വനിതകള്‍ ദുര്‍ലഭമായിരിക്കും. കേരളം മുഴുവന്‍ എത്ര വനിതാ ഫോട്ടോ ജേര്ണലിസ്റ്റുകള്‍ ഉണ്ടെന്നറിയാന്‍ ഗവര്‍മെന്റിന്റെ മീഡിയ ഹാന്‍ഡ്ബുക് മുഴുവനായി ഞാന്‍ പരതി. പന്ത്രണ്ടു പ്രധാന പത്രങ്ങള്‍ക്കു അരക്കോടി കോപ്പി പ്രചാരമുള്ള  നാട്ടില്‍ ടെലിവിഷന്‍ ഉള്‍പ്പെടെ  കാമറ കൈകാര്യം ചെയ്യന്നവര്‍ അരഡസന്‍ പോലുമില്ല.

 മനോരമയിലെ ആദ്യ ഫോട്ടോജേര്‍്ണലിസ്‌റ് ശ്രീലക്ഷ്മി ശിവദാസ്
കേരളത്തില്‍ എനിക്കറിയാവുന്ന നാലോ അഞ്ചോ വനിതാ ഫോട്ടോജേര്ണലിസ്റ്റുകളേ  ഉള്ളു. നാലു പേരും തിരുവനന്തപുരത്ത്-മനോരമയിലെ ആദ്യ വനിതാ ഫോട്ടോ ജേര്ണലിസ്‌റ് ശ്രീലക്ഷ്മി ശിവദാസ്, ദേശാഭിമാനിയിലെ നിലിയ വേണുഗോപാല്‍, ദുബൈ 'ഗ്രാന്‍ഡ് എഡിഷന്‍' എന്ന സെലിബ്രിറ്റി  മാഗസിന്റെ  ഫോട്ടോ എഡിറ്റര്‍ തിരുവനന്തപുരംകാരി  യുഎസ് രാഖി, കൈരളി ന്യൂസിലെ എ. ഷാലിജ. അഞ്ചാമത്തെയാള്‍ തൃശൂരില്‍ U4U ചാനലിലെ സി. ജിഷ.

കൊടുങ്ങല്ലൂര്‍ സ്വാദേശിനി ശ്രീലക്ഷ്മി   കൊച്ചി മീഡിയ അക്കാദമിയില്‍ ഫോട്ടോ ജേര്‍ണലിസം പഠിച്ച ആളാണ്. മികച്ച ന്യൂസ് ഫോട്ടോയ്ക്കുള്ള മാതൃഭൂമി ഫോട്ടോ ജേര്ണലിസ്റ്റുകളുടെ സികെ ജയകൃഷ്ണന്‍ പുരസ്‌കാരം നേടി.  കൂവൈറ്റില്‍  ഫോട്ടോഗ്രാഫര്‍മാരുടെ ഗ്രൂപ്പില്‍ അംഗമായിരുന്നു നിലിയ വേണുഗോപാല്‍. കുറെ അവാര്‍ഡുകള്‍ നേടി. കേരള യൂണിവേഴ്സിറ്റിയുടെ ഫോട്ടോഗ്രാഫി കോഴ്‌സ് പഠിച്ച രാഖി, ട്രിവാന്‍ഡ്രം സിറ്റി, തേജസ്, മംഗളം എന്നിവ കടന്നു ഫോട്ടോ എഡിറ്റര്‍ ആയി.

ദേശാഭിമാനിയിലെ നിലിയ വേണുഗോപാല്‍

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സി. ജിഷ, തൃശൂര്‍, പാലക്കാട്, എറണാകുളം  ജില്ലകളില്‍ 2500 വരിക്കാരുള്ള ചാനല്‍ നടത്തുന്നുവെങ്കിലും ഫോട്ടോഗ്രാഫി ഒരു 'പാഷന്‍' ആയി കൊണ്ടുനടക്കുന്നു. പതിനഞ്ചു പേരടങ്ങിയ വനിതാ ഫോട്ടോഗ്രാഫേഴ്‌സ് വാട്‌സ് ആപ് ഗ്രൂപ്പില്‍  അംഗമാണ്. ബഹുഭൂരിപക്ഷവും വിവാഹവും പിറന്നാളും ജന്മവാര്‍ഷികവുമൊക്കെ കവര്‍ ചെയ്തു ജീവിക്കുന്നവര്‍.

കടനാട്ടെ ലില്ലിക്കോ പാലായിലെ ട്വിങ്കിളിനോ വാട്‌സ് ആപ് ഗ്രൂപ് ഒന്നുമില്ല. എന്നാല്‍ ട്വിങ്കിളിനെ ഈയിടെ കേരള ലൈവ് സ്ട്രീമേഴ്സ് യൂണിയന്‍  പ്രസിഡന്റ്  ആയി തെരഞ്ഞെടുത്തു.


ചിത്രങ്ങള്‍

1. കടനാട്ടെ ലില്ലി-മൂന്നു പതിറ്റാണ്ടായി ഗ്രാമത്തിന്റെ കാമറകണ്ണുകള്‍

 

Join WhatsApp News
Rinku Raj Mattancheriyil 2025-03-29 22:58:12
എല്ലാവർക്കും BIGGG ആശംസകൾ
Unni 2025-03-31 08:29:25
Great article. Thank you Kurian Pampadi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക