Image

കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

Published on 29 March, 2025
കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യയും സഹോദരനും വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതിയെന്ന മട്ടിലാണ് അന്വേഷണം. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞത്. എസ്‌ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പൊലീസ് സംഘം അന്വേഷിച്ചതില്‍ നിന്ന് വ്യത്യാസമൊന്നും എസ്‌ഐടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി തോന്നുന്നില്ലെന്നും കുടുംബം പറയുന്നു.

മറ്റൊരു അന്വേഷണ ഏജന്‍സി വേണമെന്ന നിലപാടില്‍ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നവീന്‍ ബാബു മരിച്ച് 166 ദിവസത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു രണ്ട് തവണ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്നും നാട്ടിലേക്കുള്ള ട്രെയിന്‍ പോയതിന് ശേഷവും റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ട്രെയിന്‍ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ ചിലവഴിച്ചെന്നും ആത്മഹത്യ ചെയ്യുന്നത് പുലര്‍ച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക