ന്യൂഡൽഹി: യമൻ പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്. നിമിഷ തന്ന സന്ദേശം തള്ളിക്കളയാൻ കഴിയില്ലെന്നും, ഈദിന് ശേഷം വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ തുടങ്ങാൻ സാധ്യതയുണ്ടെന്നും ദീപ ജോസഫ് പറയുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്നും, കേന്ദ്രത്തിന് മാത്രമേ ഇനി ഇക്കാര്യത്തിൽ സഹായിക്കാനാകൂ എന്നും അവർ വ്യക്തമാക്കി. ശനിയാഴ്ചയാണ് ജയിൽ അധികൃതർക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നുവെന്നുള്ള നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്.
നിമിഷ പ്രിയ സന്ദേശത്തിൽ ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് പറയുന്നത്. ഈ ഓഡിയോ സന്ദേശം ലഭിച്ചത് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ്. നേരത്തെ, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധി അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായുള്ള ഇറാന്റെ ചർച്ച നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രിയാണ് നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇക്കാര്യത്തിൽ കഴിയാവുന്നതെല്ലാം ചെയ്യാമെന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ യെമനുമായി ചർച്ചകൾ നടക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. യെമനിലെ മിക്ക മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായത് കൊണ്ടാണ് ഇന്ത്യ ചർച്ചകൾക്ക് ഇറാന്റെ സഹായം തേടിയത്. അതേസമയം, നിമിഷപ്രിയയുടെ അമ്മ കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി മോചനം സാധ്യമാക്കുന്നതിന് വേണ്ടി നിലവിൽ യമനിൽ തന്നെയാണ് തങ്ങുന്നത്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് കൈമാറിയതായി കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് അറിയിച്ചിരുന്നു.