ഏതൊരു കുറ്റകൃത്യത്തിനും രാഷ്ട്രീയനിറം കൊടുത്തുള്ള പ്രചാരണം കേരളത്തില്‍
ശക്തിപ്പെട്ടുവരുന്നു. കുറ്റം ചെയ്യുന്ന ആളിന്റെ രാഷ്ട്രീയനിലപാട്
ചികഞ്ഞെടുത്ത് കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ആ രാഷ്ട്രീയകക്ഷിയുടെ
മേല്‍ ആരോപിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഏതെങ്കിലും
രാഷ്ട്രീയപാര്‍ട്ടിയോട് നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാത്ത ഒരു
മനുഷ്യന്‍പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകാനിടയില്ല. ഫലത്തില്‍, നാട്ടില്‍
നടക്കുന്ന ഓരോ കുറ്റകൃത്യവും ഏതെങ്കിലും കക്ഷിയുടെ കുറ്റകൃത്യമായി
പ്രചരിപ്പിക്കപ്പെടുന്നു. മാധ്യമമാനേജുമെന്റിന്റെ താല്‍പര്യത്തിനും
പ്രവര്‍ത്തകരുടെ വാസനയ്ക്കും അനുസരിച്ച് കുറ്റാരോപണത്തിന്റെ നിറപ്പകിട്ട്
കൂടുന്നു.
ക്രൂരവും നിന്ദ്യവുമായ കൊലപാതങ്ങള്‍, ആര്, എന്തിന് നടത്തിയെന്നുള്ള
അന്വേഷണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഏതെങ്കിലും കക്ഷിയുടെമേല്‍
ആരോപിക്കുകയാണ് മാധ്യമങ്ങള്‍. ക്രൂരകൃത്യങ്ങളെ ഒരേസ്വരത്തില്‍
എതിര്‍ക്കേണ്ട ജനങ്ങളെ രാഷ്ട്രീയാടിസ്ഥാനത്തില്‍ ചേരിതിരിച്ചു നിര്‍ത്താന്‍
മാത്രമാണ് ഇത്തരം പ്രചരണങ്ങള്‍കൊണ്ടു സാധിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍
ചേരിതിരഞ്ഞു നടത്തുന്ന വാദപ്രതിവാദങ്ങളുടെ ചൂടില്‍, കൊലപാതങ്ങളോടും
ക്രൂരതകളോടുമുള്ള എതിര്‍പ്പ് ആവിയായി പോകുന്നു.
രാഷ്ട്രീയ-മത വിശ്വാസങ്ങള്‍ എന്തായിരുന്നാലും കൊലയാളിയെ കൊലയാളി ആയിത്തന്നെ
കാണാം. രാഷ്ട്രീയ കൊലയാളി ആയി അയാളെ മുദ്രകുത്തുമ്പോള്‍, നിര്‍ഭാഗ്യവശാല്‍
അയാളുടെ പിന്‍ബലം വര്‍ദ്ധിക്കുന്നു. അയാള്‍ക്ക് അനുകൂലമായി
രാഷ്ട്രീയകക്ഷിയുടെ ഒരു പ്രതിരോധനിരതന്നെ രൂപപ്പെടുന്നു. അപ്പോള്‍, ഏതു
കൊലപാതകത്തെയും ഏതെങ്കിലുമൊരു കക്ഷി ന്യായീകരിച്ചുകൊണ്ടിരിക്കും.
കൊലയാളി-ശിക്ഷിക്കപ്പെട്ടാല്‍ പോലും- ഒരു വിഭാഗം ജനങ്ങളുടെ സഹതാപം
നേടിയെടുക്കുന്നു.
ഈ ദുരവസ്ഥയ്ക്കു മുഖ്യകാരണം, കൂടുതല്‍ ലാഭത്തിനുവേണ്ടി എന്ത് അസത്യവും
പ്രചരിപ്പിക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന മാധ്യമഉടമകളാണ്. ഒരിക്കലും
മലിനമാകാത്ത മനസ്സുള്ള മലയാളികള്‍ക്കു മാത്രമേ ഇത്തരം മാധ്യമങ്ങലെ
നിയന്ത്രിക്കാന്‍ കഴിയൂ.