എനിക്കൊരു വാഹനം ഉണ്ടാക്കണം;
ആരും ഇതുവരെയും കണ്ടുപിടിക്കാത്ത
പ്രകൃതിനീയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന,
ന്യുട്ടന്റെയും ഐന്‍സ്റ്റീനിന്റെയും
ചിന്താഗതികളെ തകര്‍ത്ത്,
അതിശീക്രം പായുന്ന ഒരു വാഹനം!
അതില്‍ കയറി
ഭൂമിയുടെ പുറം തോട് പൊട്ടിച്ചു ,
വായുവും അണുക്കളും ഇല്ലാത്ത,
നക്ഷത്രങ്ങളും, ഗ്രഹങ്ങളും,
പൊടിയും പാറകളും മാത്രമുള്ള
മായയില്‍ക്കൂടെ സഞ്ചരിക്കണം.
ജനനമരണങ്ങളുടെയും, ഇണക്കത്തിന്റെയും,
പിണക്കത്തിന്റെയും, പ്രേമത്തിന്റെയും,
രതിയുടെയും, ദേഷ്യത്തിന്റെയും,
ശാഠ്യത്തിന്റെയും,
വഴക്കിന്റെയും, അക്രമങ്ങളുടെയും
ശബ്ദമുകരിതമായതും
ശ്രവണത്തിനും കാഴ്ചകള്‍ക്കും അതീതമായതുമായ
ശൂന്യതയില്‍ കൂടെ
എല്ലാം കണ്ടും കേട്ടും മതിമറന്ന് ഒഴുകണം.
ഒടുക്കം ആരാലും ഇതുവരെ കണ്ടെത്താത്ത
തങ്കനദികളും, രത്നപ്പുഴകളും,
വജ്രതീരങ്ങളും,
പവിഴകുന്നുകളും വൈഡൂര്യമലകളുമു
രാപകലുകള്‍ ഇല്ലാത്ത,
തിളങ്ങുന്ന, വിളങ്ങുന്ന
ഒരു നാട്ടില്‍ ചെന്നിറങ്ങണം!
അവിടെ ഒരു പീഠം ഉണ്ടാക്കി,
ഈ മനോഹര ദൃശ്യങ്ങള്‍ കണ്ടു
അവയുടെ മണമുള്ള ശീതക്കാറ്റടിച്ചു,
ഒരിക്കലും പുഴുത്തും പൊടിഞ്ഞും പോകാതെ
ആ പീഠത്തില്‍ ശേഷകാലം വാഴണം......
ഇതൊരു സ്വപ്നം അല്ല ഒരു മോഹം!
********************
പലരുടെയും ജീവിതത്തില്‍ ഇതൊരു സ്വപ്നമോ, ആഗ്രഹമോ ഒക്കെ ആയിരുന്നു. എന്നാല്‍ ഇന്നത് എനിക്കോ, നിങ്ങളില്‍ ആര്‍ക്കെങ്കിലുമോ സാധിച്ചില്ലെങ്കില്‍ തന്നെയും, നമ്മുടെ വരും തലമുറയില്‍ ആര്‍ക്കെങ്കിലും ഇതുപോലുള്ള സ്വപ്നലോകത്ത് തീര്‍ച്ചയായും എത്തിച്ചേരുവാന്‍ സാധിക്കും. ആ പ്രതീക്ഷയ്ക്ക് നന്ദി പറയേണ്ടത് ഫ്രഞ്ച്-അമേരിക്കന്‍ ശാസ്ത്രഞ്ജരോട് തന്നെ! അതില്‍ പ്രധാനമായും ഇന്ത്യന്‍ വംശജനും ആ ഗവേഷണസംഘത്തലവുമായ 'നിക്കു മധുസുഥന്‍' എന്ന ശാസ്ത്രഞ്ജനോടും അവര്‍ കണ്ടുപിടിച്ച 'ക്യാന്ക്രി ~ഇ' എന്ന ഗ്രഹത്തോടും!
തെളിഞ്ഞമാനമുള്ള രാവുകളില്‍ നഗ്നനേത്രങ്ങളാല്‍ കാണുവാന്‍ സാധിക്കുന്ന ഈ ഗ്രഹത്തെപ്പറ്റിയുള്ള പഠനങ്ങള്‍ 2004-മുതല്‍ക്കാണ് തുടങ്ങിയത്. വെറും ദ്രാവകത്താലോ വായുവിനാലോ മാത്രം നിര്‍മ്മിതമാണ് ഈ ഗ്രഹമെന്നായിരുന്നു പ്രഥമ ചിന്തകള്‍. ആ ചിന്തകള്‍ക്ക് വിരാമം ഇട്ടുകൊണ്ടാണ് ആസ്ട്രോ ഫിസിക്കല്‍ ജേര്‍ണല്‍ ലെറ്റേഴ്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി സമര്‍പ്പിച്ച പ്രബന്ധത്തില്‍ കൂടി യെയില്‍ യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസേര്ച്ചര്‍ കൂടിയായ ഡൊ. മധുസുഥന്റെ നേതൃത്ത്വത്തിലുള്ള ശാസ്ത്രസംഗം വെളിപ്പെടുത്തിയത്.
ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷമകലെയുള്ള ഭൂമിയുടെ ഇരട്ടിവലിപ്പവും, എട്ടുമടങ്ങ് പിണ്ഡവും ഉള്ള 'ക്യാന്ക്രി ~ഇ' എന്ന ഈ ഗ്രഹം കാര്‍ബണിന്റെ രൂപഭേദങ്ങളായാ വജ്രം, ഗ്രാഫൈറ്റ്, സിലിക്കണ്‍ കാര്‍ബൈഡ്, ഇരുമ്പു, സിലിക്കേറ്റുകള്‍ എന്നിവയാല്‍ നിര്‍മ്മിതമാണ്. ഭൂമിയിലെ പോലെതന്നെ ധാരാളം ഒക്സിജെന്‍ ഉണ്ടെങ്കിലും കാര്‍ബണിന്റെ ഘടന പിണ്ഡത്തിന്റെ ആയിരത്തില്‍ ഒരു അംശം മാത്രമേയുള്ളൂ.
ഭൂമി സൂര്യനെ 365 ദിവസം കൊണ്ട് വലംവെയ്ക്കുമ്പോള്‍ ഈ ഗ്രഹം തന്റെ മാതൃനക്ഷത്രത്തെ വെറും 18 ഭൌമ മണിക്കൂര്‍ കൊണ്ട് വലംവെയ്ക്കുന്നു. മാതൃനക്ഷത്രത്തോട് വളരെയടുത്തു സ്ഥിതിചെയ്യുന്ന 'സൂപ്പര്‍ എര്‍ത്ത്' എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഈ ഗ്രഹത്തിലെ താപനില 3,900 ഡിഗ്രീ ഫാറന്‍ ഹീറ്റ് ആണ്. ആയതിനാല്‍ അവിടെ പോയി വജ്രങ്ങള്‍ വാരിക്കൊണ്ടുപോരാം എന്നുള്ള വിചാരം അത്ര എളുപ്പവുമല്ല.
സ്വപ്നങ്ങളും മോഹങ്ങളും വൃഥാവിലല്ലെന്നു ഈ കണ്ടുപിടുത്തത്തില്‍ക്കൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അവയെല്ലാം ഒരു മനുഷ്യായുസ്സില്‍ എത്തിച്ചേരാന്‍ പാറ്റാത്തത്ര ദൂരത്തിലാക്കിയും, ആവാസയോഗ്യമാല്ലാത്തതാക്കിയും സൃഷ്ടാവ് സ്ഥാപിച്ചിരിക്കുന്നു. ചിലപ്പോള്‍ അങ്ങനെ അവയെ സ്ഥാപിച്ചതിന്റെ ഉദ്ദേശം തന്നെ മനുഷ്യന്റെ മോഹങ്ങളും സ്വപ്നങ്ങളും നിലനിര്‍ത്താന്‍ വേണ്ടീട്ടായിരിക്കാം, ക്രീയാത്മകത കൈവിട്ടു അലസ്സരാവാതിരിക്കാന്‍ വേണ്ടീട്ടായിരിക്കാം. എന്റെ സ്വപ്നത്തിലെ ശീതക്കാറ്റു ഈ ഗ്രഹത്തിലില്ല, അവിടെ അതിതാപക്കാറ്റാണ്. അവിടേക്കും ഒരുന്നാള്‍ ശീതവും മനുഷ്യനും കടന്നെത്തട്ടെ!
ശുഭം!