ന്യൂജഴ്സി : ജാക്സണ് ഹൈറ്റ്സ് സെന്റ്
മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ആത്മീയ നിറവോടെ സമാപിച്ചു. ഡോവര്‍
സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ഷിബു ഡാനിയേല്‍
മൂന്നിന്മേല് കുര്‍ബാനയില്‍ മുഖ്യകാര്‍മികനായിരുന്നു. എംജിഒസിഎസ്എം ഇന്ത്യ
ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വര്‍ഗീസ് വചനഘോഷണം നല്കി. റവ. ടി.എം.
സഖറിയ കോര്‍ എപ്പിസ്കോപ്പ മധ്യസ്ഥ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി.
ആത്മീയ സംഘടനകളുടെ യോഗത്തില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് അധ്യക്ഷനായിരുന്നു.
സെലൂക്കിയയില് നിന്നും കാതോലിക്കേറ്റ് ഭാരതത്തിലേക്ക് മാറ്റി
സ്ഥാപിക്കുവാന്‍ സഹായിച്ച അബ്ദുള്‍ മശിഹ പാത്രിയര്‍ക്കീസിനെ പ്രത്യേകം
സ്മരിച്ചു.
ഡോ. പി.സി. അലക്സാണ്ടറിന്റെ ദേഹവിയോഗത്തില്‍ അനുസ്മരിച്ചുകൊണ്ട് വികാരി
ഫാ. ജോണ്‍ തോമസ് സംസാരിച്ചു. സഭയ്ക്കും വിദ്യാര്‍ഥി പ്രസ്ഥാനത്തിനും
അദ്ദേഹം നല്കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. സെക്രട്ടറി കുരുവിള കോര
സ്വാഗതവും ട്രസ്റ്റി ജോസഫ് വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. സാറാമ്മ
ജോര്‍ജ്, മിനി ഏലിയാസ്, ജോബിന് മാത്യു, മൗറീന്‍ വര്‍ഗീസ്, ജാസ്മിന്
ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചഭക്ഷണത്തിനുശേഷം സണ്‍ഡേ സ്കൂള്‍
വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളോടെ പെരുന്നാളിന് ശുഭപര്യവസാനമായി.