നവംബര്‍ ആറാംതീയതി അമേരിക്കയില്‍
തിരഞ്ഞെടുപ്പാണ്. അന്ന് അന്തിയോടെ, യു.എസ്. പ്രസിഡന്റ് ആരാണെന്ന്
വിധിക്കപ്പെടും,(രണ്ടായിരത്തിലേതുപോലെ തര്‍ക്കത്തെത്തുടര്‍ന്ന്
സുപ്രീംകോടതിവരെ തീരുമാനെ ചെന്നെത്തുന്നില്ലെങ്കില്‍ ) 31 കോടി
ജനങ്ങളുള്ള അമേരിക്കയിലെ ഈ തിരഞ്ഞെടുപ്പുഫലം എഴുന്നൂറു കോടിയിലധികം
വരുന്ന ലോകജനതയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്നു!
2008-ല്‍ അര്‍ഹതയുള്ള വോട്ടേഴ്‌സ് ഇരുപത്തൊന്നു കോടിയിലധികം വരുമായിരുന്നു.
അവരില്‍ പതിമൂന്നു കോടിയില്‍ അല്പം കൂടുതല്‍ പേര്‍ വോട്ടുചെയ്തു, ഏതാണ്ട്
62 ശതമാനം. 2012-ല്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ളവരുടെ എണ്ണം, 24 കോടി (240
മില്യന്‍)യില്‍ കൂടുതല്‍ വരുമെന്നാണൊരു കണക്ക്.
ഇത്രയും വലിയ ഒരു
സംഖ്യയില്‍ ഇന്ത്യന്‍ വംശജരുടെ സ്ഥാനമെന്ത്? മലയാളികളുടെ
പങ്കെന്ത്? സമ്മേളനങ്ങളില്‍ പ്രഖ്യാപിക്കുന്നത്, യു.എസില്‍ 30 ലക്ഷത്തിലേറെ
ഇന്ത്യന്‍ വംശജര്‍ ഉണ്ടെന്നാണ്, അവരില്‍ അഞ്ചുലക്ഷത്തോളം പേര്‍
മലയാളികളാണെന്നാണ് അവകാശവാദം. ഇവരില്‍ എത്ര ശതമാനം, ജന്മംകൊണ്ടോ
മറ്റുവിധത്തിലോ യു.എസ്.പൗരത്വം ഉള്ളവരാണ്? പൗരത്വമുള്ളവരില്‍ എത്രപേര്‍
വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്? അവരില്‍ എത്രപേര്‍
വോട്ടുചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. ഈ ചോദ്യങ്ങള്‍ക്കു മറുപടിപറയാന്‍
ഇന്ത്യന്‍ വംശജരുടെ കേന്ദ്രസംഘടനകള്‍ക്കുപോലും കഴിയുന്നില്ല!
അവയ്‌ക്കൊന്നിനുംതന്നെ രാഷ്ട്രീയകാര്യ പഠനത്തിനുള്ള ഒരു ശാഖയില്ല.
എന്നാല്‍, നേതൃസ്ഥാനത്തിന്റെ 'ഇരട്ടപ്പേര്' ഇല്ലെങ്കിലും ഈ വിഷയങ്ങളില്‍
നിരന്തരമായി പ്രവര്‍ത്തിക്കുന്ന പലരുമുണ്ട്. അവരുടെ പ്രയത്‌നവും
പ്രേരണയുംമൂലം പല മലയാളികളും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്,
വോട്ടുചെയ്യുന്നുണ്ട്, അവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.
മലയാളികളെ തന്നെ സ്ഥാനാര്‍ത്ഥികാളാക്കാനും, മലയാളിയായതുകൊണ്ട്
മലയാളിസ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്ന് ആഹ്വാനംചെയ്യാനും പല
പൊതുവേദികളും ഉപയോഗിക്കപ്പെടാറുണ്ട്. ഈ 'ആഹ്വാനം' അതേ തോതില്‍ തന്നെ
മറ്റുള്ളവരും നടപ്പിലാക്കിയാലോ? 'കറുത്ത'വരെല്ലാം കറുത്തവര്‍ക്കും,
'വെളുത്ത'വരെല്ലാം വെളുത്തവര്‍ക്കും വോട്ടുചെയ്യുന്ന അപകടകരമായ അവസ്ഥ
വന്നാലോ? എങ്കില്‍, അമേരിക്കയില്‍ ഏതെങ്കിലുമൊരു കോണിലെങ്കിലും ഒരു 'മലയാളി'
തിരഞ്ഞെടുക്കപ്പെടുമോ! ബറാക്ക് ഒബാമ, വൈറ്റ്ഹൗസില്‍ കയറുമായിരുന്നോ?
വോട്ടുചെയ്യേണ്ടത് സ്ഥാനാര്‍ത്ഥിയുടെ നിറമോ വംശമോ നോക്കിവേണമെന്നുള്ള ഒരു
സൂചനപോലും തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉണ്ടാകരുത്. ഉണ്ടായാല്‍, അതു
പരാജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ്. കഴിവും യോഗ്യതയും ആകണം
മാനദണ്ഡങ്ങള്‍. എടുത്തുപറയാന്‍ പ്രവര്‍ത്തനപാരമ്പര്യവും വേണം. ആ വഴിക്ക്
ചിന്തിക്കാന്‍ ഇനിയും വൈകരുത്. മലയാളികളുടെ കേന്ദ്രസംഘടകളായ ഫൊക്കാനയും
ഫോമയും ഈ വിഷയത്തിന്റെ ഗൗരവം അംഗസംഘടനകള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം.
മാധ്യമങ്ങള്‍ക്കും നിര്‍ണ്ണായകമായ ഒരു പങ്കുണ്ട് ഇക്കാര്യത്തില്‍.
സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ജനാധിപത്യത്തില്‍
രാഷ്ട്രീയധര്‍മ്മമാണ്, പൗരന്റെ ബാധ്യതയാണ്, കടമയാണ്, ഒപ്പം അവകാശംകൂടിയാണ്.
ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണെങ്കില്‍പോലും ഒരാളെ ജയിപ്പിക്കാനോ
തോല്‍പ്പിക്കാനോ 'ഒരേയൊരു വോട്ടുമാത്രം' മതിയാകും, അതു നിങ്ങളുടേതാകാം.
സ്‌ക്കൂള്‍ബോര്‍ഡ് മീറ്റിംഗ് മുതല്‍ സൂപ്പ്കിച്ചന്‍ വരെയുള്ള വിവിധ
പരിപാടികളില്‍ പങ്കെടുക്കണം, പ്രവര്‍ത്തനരംഗത്തു കാണപ്പെടണം. ജനങ്ങളുടെ
സൗഹൃദവും വിശ്വാസവും നേടണം. ആദ്യം, വോട്ടുചെയ്യണം, തുടര്‍ന്ന്
വോട്ടുചോദിക്കാന്‍ അര്‍ഹതനേടണം, എന്നിട്ടു വോട്ടു ചോദിക്കണം.
അര്‍ഹതയുണ്ടെങ്കില്‍ വിജയം ഉറപ്പാണ്
(പുതിയ ലക്കം ജനനിയിലെ മുഖപ്രസംഗം)