Malabar Gold

പുരാണങ്ങളിലൂടെ തുടര്‍ച്ച- സപ്തര്‍ഷികള്‍ -1)അത്രിമഹര്‍ഷി(2) -ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 02 November, 2012
പുരാണങ്ങളിലൂടെ തുടര്‍ച്ച- സപ്തര്‍ഷികള്‍ -1)അത്രിമഹര്‍ഷി(2) -ഡോ.എന്‍.പി.ഷീല
അത്രിമുനിയെ സംബന്ധിച്ച മറ്റൊരു കഥ മഹാഭാരത്തിലുണ്ട്; (അനുശാസന-93).

കശ്യപന്‍, അത്രി, വസിഷ്ഠന്‍, ഭരദ്വാജന്‍, ഗൗതമന്‍, വിശ്വാമിത്രന്‍, പശുസഖന്‍ തുടങ്ങിയ മുനിമാരും അരുന്ധതി, ഗണ്ഡ എന്നീ മുനിപത്‌നിമാരും കൂടി ഒരു ലോകപര്യടനത്തിനിറങ്ങി. ബ്രഹ്മലോകത്തേക്ക് പോകണമെന്നു കരുതി പുറപ്പെട്ടതാണ്. ആ ഘട്ടത്തില്‍ ലോകത്ത് അനാവൃഷ്ടിമൂലം ജീവജാലങ്ങള്‍ കഷ്ടപ്പെട്ടു. ശിബിയുടെ പുത്രന്‍ വൃഷദര്‍ഭിരാജ്യഭരണം നടത്തിയിരുന്ന സമയം. രാജാവ് ഈ യാത്രാസംഘത്തെ ക്ഷണിച്ചുവരുത്തി അവര്‍ക്കു ദക്ഷിണ കൊടുക്കാന്‍ അനുചരര്‍ക്കു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അതുസ്വീകരിക്കാന്‍ യാത്രാസംഘം വിസമ്മതിച്ചു. രാജാവ് കോപിഷ്ഠനായി. അദ്ദേഹം ആഹവനാഗ്നിയില്‍ ഹോമം നടത്തി. അതില്‍ നിന്നും യാതുധാനിയെന്ന രാക്ഷസി പിറന്നു. യാത്രാസംഘത്തെ നശിപ്പിക്കാന്‍ രാജാവ് അവളെ നിയോഗിച്ചു. താമരപ്പൊയ്ക കാത്തുകൊണ്ടിരുന്ന യാതുധാനി ആരാണെന്ന് മുനിമാര്‍ ദിവ്യദൃഷ്ടികൊണ്ടു മനസ്സിലാക്കി. അവര്‍ തങ്ങളുടെ ത്രിദണ്ഡുകൊണ്ട് അവളെ തല്ലി ചാമ്പലാക്കി. താമരപ്പൂക്കള്‍ ഭക്ഷിച്ചു തൃപ്തരായി അവര്‍ ബ്രഹ്മലോകത്തേക്കു യാത്രയായി.
അത്രിയുടെ വംശജനായ നിമി എന്ന ചക്രവര്‍ത്തിയെ മുനി ഉപദേശിക്കുന്ന ഒരു ഭാഗവും അനുശാസന പര്‍വ്വത്തില്‍ കാണുന്നു(അ.91).

അത്രിപുത്രനായ ദത്താത്രേയന്റെ പുത്രനായ നിമി ശോകാര്‍ത്തനായി പുത്രനുവേണ്ടി ഒരു ശ്രാദ്ധം(ചാത്തം)കഴിച്ചു. ശ്രാദ്ധത്തിന്റെ മാഹാത്മ്യം അത്രിപുത്രനെ പറഞ്ഞുകേള്‍പ്പിച്ചകാര്യം ഭീക്ഷ്മ പിതാമഹന്‍ ധര്‍മ്മപുത്രരോടു പറയുന്നതാണു സന്ദര്‍ഭം.

ബ്രഹ്മ വിഷ്ണുമഹേശന്മാര്‍ അത്രിയുടെ പുത്രന്മാരായി ജനിച്ച മറ്റൊരു കഥ ബ്രഹ്മപുരാണത്തിലുണ്ട് പതിവ്രതാരത്‌നമായ ശീലാവതി! തന്റെ(കുഷ്ഠ) രോഗിയായ ഭര്‍ത്താവിന് തീവ്രമായ ഒരാഗ്രഹം; തനിക്ക് ഒരു വേശ്യയെ പ്രാപിക്കണമെന്ന്! ആ പതിവ്രതാരത്‌നം ആ വേന്ദ്രനെ തോളില്‍ വഹിച്ചുകൊണ്ട് വേശ്യാഗ്രൃഹത്തിലേക്കു ഗമിച്ചു. വഴിക്കുവച്ച് ആ സാധ്വനിയുടെ പങ്കപ്പാടു കണ്ട മുനി മാണ്ഡവ്യന്‍, 'സൂര്യോദയത്തിനുമുമ്പ് ആ സ്ത്രീജിതന്‍ ചത്തുപോകട്ടെന്നു' ശപിച്ചു. ദുഃഖിതയും പതിഭക്തയുമായ ആ പതിവ്രത 'നാളെ സൂര്യന്‍ ഉദിക്കാതെ പോട്ടെ' എന്നു മറുശാപവും ചൊല്ലി.
സൂര്യനുദിക്കാതിരുന്നാലത്തെ സ്ഥിതിയില്‍ സംഭ്രാന്തരായി ത്രിമൂര്‍ത്തികള്‍ അത്രിമഹര്‍ഷിയുടെ പത്‌നി അനസൂയയെക്കൊണ്ട് ശാപം പിന്‍വലിപ്പിച്ചു. സംപ്രീതരായ ത്രിമൂര്‍ത്തികള്‍ പ്രത്യുപകാരമായി ഇഷ്ടവരം ആവശ്യപ്പെടാന്‍ അനസൂയയ്ക്ക് അനുമതി നല്‍കി. ത്രിമൂര്‍ത്തികള്‍ പുത്രന്മാരായി ജനിക്കണമെന്ന മോഹമാണ് അവര്‍ പ്രകടിപ്പിച്ചത്. ദേവന്മാര്‍ തഥാസ്തു പറഞ്ഞു വിടചൊല്ലി.

തുടര്‍ന്ന് വിഷ്ണു ദത്താത്രേയനായും ശിവന്‍ ദുര്‍വ്വാസാവായും, ബ്രഹാമാവ് ചന്ദ്രനായും പിറന്നു. ഇതിനെല്ലാം ഉപകഥകള്‍ ബ്രഹ്മാണ്ഡ പുരാണത്തിലുണ്ട്. ജിജ്ഞാസുക്കള്‍ വായിച്ചറിയുക.(അ.39-43)

അത്രിസംബന്ധിയായ മറ്റൊരു കഥകൂടി:

മുനി കാമവനത്തില്‍ തപസ്സനുഷ്ഠിക്കവെ, നാട്ടില്‍ അനാവൃഷ്ടിമൂലം ജീവജാലങ്ങള്‍ പൊറുതിമുട്ടി. അപ്പോള്‍ അനസൂയ മണല്‍കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി പൂജിച്ചു. അത്രി ഭാര്യയോട് അല്പം ജലം കൊടുക്കാന്‍ പറഞ്ഞു. അതാകട്ടെ, ഒരിടത്തുമില്ല. അപ്പോള്‍ ഗംഗാദേവി അവിടെ പ്രത്യക്ഷയായി 'ഇവിടെ ഒരു ദ്വാരമുണ്ടാകും, അതില്‍നിന്നും ജലം കുതിച്ചുചാടും' എന്നറിയിച്ചു. തല്‍ക്ഷണം ദേവി ചൂണ്ടികാട്ടിയ സ്ഥലത്തുനിന്ന് നിര്‍മ്മലജലം പ്രവഹിച്ചു തുടങ്ങി. ഒരു മാസം ഗംഗ തന്റെ അതിഥിയായി താമസിക്കാന്‍ അനസൂയ ഗംഗയോടപേക്ഷിച്ചു. 'ഒരു മാസത്തെ തപഃഫലം തന്നാല്‍ സമ്മതം' എന്ന ഗംഗയുടെ വ്യവസ്ഥ അനസൂയ അംഗീകരിച്ചു.

ജലം കുടിച്ചു തൃപ്തനായ മുനി വിവരമെല്ലാം ഗ്രഹിച്ചപ്പോള്‍ ഗംഗാദേവിയെ കാണണമെന്നായി. ദേവി, ദര്‍ശനം നല്‍കി. ഗംഗ എന്നും ഭൂമിയിലുണ്ടാകാന്‍ അനസൂയ വീണ്ടും അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷത്തെ തപഃശക്തിയുടെയും ഭര്‍ത്തൃപരിചരണത്തിന്റെയും ഫലം പ്രതിഫലമായി ഗംഗ ആവശ്യപ്പെട്ടു. അനസൂയ അതും സമ്മതിച്ചു. തല്‍ക്ഷണം ശിവന്‍ ലിംഗരൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അത്രിയും ഭാര്യയും അപേക്ഷിച്ചതനുസരിച്ച് ഭക്തവത്സലനായ ഭഗവാന്‍ അത്രീശ്വരന്‍ എന്ന നാമം സ്വീകരിച്ച് അവിടെ സ്ഥിരവാസമുറപ്പിച്ചു എന്ന് ശിവപുരാണം.

ഈ 'മിത്തു'കളാണ് നമ്മുടെ ജീവിതത്തിന്റെ അന്തര്‍ദ്ധാര എന്നു തന്നെ പറയാം.
(അവസാനിച്ചു.)
പുരാണങ്ങളിലൂടെ തുടര്‍ച്ച- സപ്തര്‍ഷികള്‍ -1)അത്രിമഹര്‍ഷി(2) -ഡോ.എന്‍.പി.ഷീല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക