Image

കേരള നർമ്മവേദി യുഎസ്എ യുടെ 'ചിരിയോ ചിരി പൊട്ടിച്ചിരി' തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി

എ.സി.ജോർജ് Published on 16 October, 2026
കേരള നർമ്മവേദി യുഎസ്എ യുടെ  'ചിരിയോ ചിരി പൊട്ടിച്ചിരി' തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി

ഹൂസ്റ്റൻ : കേരള നർമ്മവേദി യുഎസ്എ ഒക്ടോബർ 10, വൈകുന്നേരം , മിസോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിൽ  " ചിരിയോ ചിരി പൊട്ടിച്ചിരി" എന്ന പേരിൽ സംഘടിപ്പിച്ച ചിരി അരങ്ങ് യാതൊരു തരത്തിലുള്ള ഔപചാരിതകളോ, പ്രോട്ടോക്കോളുകളോ ഇല്ലാതെ വെറും നർമ്മത്തിൽ മാത്രം ചാലിച്ചെടുത്ത ഒരു ജനകീയ പരിപാടിയായി പെയ്തിറങ്ങി. തുടക്കം മുതൽ യാതൊരു ഗ്യാപ്പും ഇല്ലാതെ ബഹുഭൂരിപക്ഷം സദസ്യരും ഓരോരുത്തരായി  വേദിയിൽ വന്നു സ്വന്തം ജീവിതാനുഭവങ്ങളും അമളികളും തമാശരൂപെണ പറഞ്ഞു. 

സന്നിഹിതരായ  ചില ദമ്പതികൾ പരസ്പരം  ഞോണ്ടിയും  ട്രോൾ ചെയ്തും സംസാരിച്ചപ്പോൾ അതൊരു മധുര നൊമ്പരക്കാറ്റായി വീശിയടിച്ചു. അനേകം ചിരി അരങ്ങുകൾ അവതരിപ്പിച്ചിട്ടുള്ള, ഫ്ലോറിഡയിൽ നിന്നെത്തിയ പ്രശസ്ത എഴുത്തുകാരൻ ശ്രീ രാജു മൈലപ്രയുടെ നർമ്മത്തിൽ  പൊതിഞ്ഞ വാക്കുകളും വാചകങ്ങളും ഏവർക്കും ചിരിക്കാനും ചിന്തിക്കാനും അവസരം നൽകി. സദസ്സിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റു വന്നു വാക്കുകളും വാചകങ്ങളും ആംഗ്യങ്ങളും കൊണ്ട് ചിരിയുടെ മാല പടക്കത്തിനു തന്നെ തീ കൊളുത്തി എന്ന് പറയാം. ചിരിക്കാൻ മടി കാണിക്കുന്ന ഏതു  മലയാളിയെയും അക്ഷരാർത്ഥത്തിൽ കിറിക്കറ്റു  കുത്തിപോലും ചിരിപ്പിച്ചു എന്ന് ചിലർ അവിടെ അഭിപ്രായപ്പെടുകയുണ്ടായി. പൊതുവേ ഗൗരവക്കാരായ ശ്വാസം പിടിച്ചിരിക്കുന്ന ചില മലയാളികളെയും ആ  അഭിപ്രായം രസിപ്പിച്ചു.

അമേരിക്കൻ മലയാളികളുടെ ദിനചര്യകളെയും, ജീവിത മുഹൂർത്തങ്ങളെയും ഇവിടത്തെ കൊച്ചു കൊച്ചു സംഘടനകളുടയും, മെഗാ സംഘടനകളുടെയും പ്രവർത്തനത്തെയും പ്രവർത്തകരെയും ആധാരമാക്കി നർമ്മത്തിലും, ആക്ഷേപഹാസ്യ ഭാവത്തിലും പറഞ്ഞ കൊച്ചു കൊച്ചു കഥകളും വിവരണങ്ങളും ഏവരെയും കുട കുട ചിരിപ്പിച്ചു. നാട്ടിലുള്ള രാഷ്ട്രീയ നേതാക്കളെയും, അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്ന ചോട്ടാ  ബഡാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത നേതാക്കളെ, തോളിൽ കയറ്റിയും, പൊക്കിയെടുത്തും,  അലങ്കരിച്ച ലോറിയിൽ കയറ്റിയും, കൊട്ടു കുരവ  ചെണ്ടമേളം, താലപ്പൊലിയേന്തിയ പെൺ കൺമണികൾ അകമ്പടിയോടെ, തൊണ്ട  തൊരപ്പൻ മുദ്രാവാക്യങ്ങളുമായി എതിരേൽക്കുന്ന രംഗങ്ങളെ പറ്റി ഒക്കെ ചിലർ ആക്ഷേപ ഹാസ്യ രൂപേണ വാചകങ്ങൾ ഫിറ്റ് ചെയ്തു വിതറിയപ്പോൾ എങ്ങനെ ചിരിക്കാതിരിക്കും. അതുപോലെ നാട്ടിലും അമേരിക്കയിലും, സ്വന്തം പണം മുടക്കി തയ്യാറാക്കി, വെക്കുന്ന അല്ലെങ്കിൽ വെപ്പിക്കുന്ന സ്വന്തം ഫോട്ടോ കട്ടൗട്ടുകൾ, ഫ്ലക്സ് ബോർഡുകൾ, അതിലെ ഉചിതവും അനുചിതവും അനുഗ്രഹീതവും ആയ പാണന്റെ  പുകഴ്ത്തു പാട്ടുകൾ.  പിന്നെ വിവിധതരത്തിലും നിറത്തിലും പൊന്നാടകളും, ബഹുമതി പത്രങ്ങളും, സർട്ടിഫിക്കറ്റുകളും  കൂട്ടത്തിൽ ചിലരുടെ പട്ടി ഷോകളെ പറ്റി ഒക്കെ ഉള്ള തമാശ  രൂപത്തിലുള്ള നിർദോഷ വാചക  കസർത്തുകൾ ഏവരെയും ചിരിയുടെ മായാലോകത്തേക്ക് കൊണ്ടുപോയി.

ഭാര്യയുടെ മേൽ ഭർത്താവിന് സന്ദേഹം, ഭാര്യക്കു ഭർത്താവിൻറെ മേൽ സന്ദേഹം, പരസ്പരം പിടിപെട്ടാൽ രക്ഷപ്പെടാനുള്ള പ്രതിവിധികൾ, കുറുക്കുവഴികൾ, മാജിക്കുകൾ അല്ലെങ്കിൽ നാട്ടുമരുന്നുകൾ എല്ലാംകൊണ്ടും ഈ സായംസന്ധ്യ ചിരിയുടെയും പൊട്ടിച്ചിരിയുടെയും, നർമ്മ നിർഭരമായ ഒരു വേദിയായി പരിലസിച്ചു. സംഘാടക വാളണ്ടിയർ സമിതിയിൽപ്പെട്ട എ.സി.ജോർജ് നർമ്മ ഭാഷയിൽ അവതരിപ്പിച്ച ലഘുവായ ആമുഖത്തിന് ശേഷം നർമ്മവേദിയിലേക്ക് സ്വതന്ത്രമായി ഓരോരുത്തർ അവരുടെ പൊടിക്കൈകളുമായി കടന്നു വരികയായിരുന്നു.

പരിപാടികൾക്കിടയിൽ ജോൺ മാത്യു എഴുതിയ " Ages Never End" എന്ന ഇംഗ്ലീഷ് നോവൽ ശ്രീ രാജു മൈലപ്രാക്കു നൽകി പ്രകാശനം ചെയ്തതും ആകർഷകമായി.

ജോർജ് പുത്തൻകുരിശ്, പൊന്നുപിള്ള, ജോസഫ് പോന്നോലി, ടി. എൻ.സാമുവൽ, തോമസ് ചെറുകര, ജോൺ മാത്യു, ബോബി മാത്യു,   തോമസ് ഓലിയാൻകുന്നേൽ, ആൻഡ്രൂസ് ജേക്കബ്, നാരായണൻ നായർ, വിജി നായർ, മാത്യു സക്കറിയാ, ജോളി സക്കറിയ, ഷാജി എഡ്‌വേർഡ്‌, സിൽവിയ ഫെയ്‌സൽ, ജെയിംസ് ചാക്കോ മുട്ടുങ്ങൽ, നൈനാൻ മാത്തുള്ള, പുഷ്പ മൈലപ്ര, റോയി തോമസ് തിയോടിക്കൽ, ജോസഫ് ജോസഫ്, അമ്മിണി ജോസഫ്, ചാർലി പടനിലം, ജോസഫ് തച്ചാറ, ജോൺ പി. ചാക്കോ, എസ്. കെ. ചെറിയാൻ, എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, ജോസഫ് ജേക്കബ്, ഫ്രാൻസിസ് ജോസഫ്, മേഴ്സി തോമസ്, ജോർജ് സാമുവൽ, അബ്ദുൽ പനയിൽ, ജോഷി തേവർ മഠം, എ.സി.ജോർജ്  തുടങ്ങിയവർ നർമ്മവേദി ചിരിയങ്ങിൽ സജീവമായി പങ്കെടുത്തു.

 

കേരള നർമ്മവേദി യുഎസ്എ യുടെ  'ചിരിയോ ചിരി പൊട്ടിച്ചിരി' തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി
Join WhatsApp News
മത്തായി കോഴിക്കാലാ 2026-10-16 02:56:12
നമ്മൾ ചിരിക്കുമ്പോൾ ശരീരവും മനസ്സും ഒന്ന് ആകപ്പാടെ ഇളകി മറിയും, മറിക്കും. അങ്ങനെ നല്ല ആരോഗ്യം കൈവരിക്കാം. കോട്ടക്കൽ ആര്യ വൈദ്യശാലക്കാരുടെയോ, കാളൻ നെല്ലായിയുടെയോ, കൈപ്പേറിയ അരിഷ്ടങ്ങളോ, ചവിട്ടി തിരുമല ഒന്നും ആവശ്യമില്ല. ശരീരം ആ ശകലം അടിമുടി കുലുങ്ങി ചിരിക്കണം കേട്ടോ. സദാ കുത്തിയിരുന്ന് ഇവിടെ പ്രതികരണം എഴുതുന്ന, രജീഷ് നെടുങ്ങാടപ്പള്ളി എന്ന TEXAS കാരനെയും ചിരി അരങ്ങിൽ കണ്ടില്ലല്ലോ ല്ലോ കണ്ടില്ലല്ലോ?. ചുമ്മാ കുത്തിയിരിക്കുകയല്ലേ, അവിടെ പോയി രണ്ടു നർമ്മം പറഞ്ഞിരുന്നെങ്കിൽ ഒന്ന് KUDU-KUDA ചിരിച്ചിരുന്നെങ്കിൽ പ്രതികരണം എഴുതുമ്പോഴുള്ള നെഗറ്റീവ് മാനറിസം ഒന്ന് പോയി കിട്ടിയേനെ?. നിങ്ങളുടെ സുഹൃത്ത്, പാസ്റ്റർ നൈനാൻ മാത്തുള്ള പങ്കെടുത്തതായി വാർത്തയിൽ കണ്ടു. അപ്രകാരം ഒരേ വേദിയിൽ നിങ്ങൾ ഇരുവരും ചിരി അരങ്ങിലൂടെ ഒന്ന് ഏറ്റുമുട്ടേണ്ടത് ആയിരുന്നു. ഒന്നാലോചിച്ചാൽ നമ്മുടെ ചുറ്റും എന്തെല്ലാം തമാശകളും നർമ്മങ്ങളും ആണ് നടക്കുന്നത്?. നമ്മുടെ അമേരിക്കയിലെ ഒരു വലിയ സംഘടനക്കാരൻ നാട്ടിൽ പോയി അവിടെ എന്തെങ്കിലും സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാൻ അവസരം കിട്ടുമോ എന്ന് നോക്കി?. ഒത്തിരി പണം മുടക്കിയും ഫ്ലക്സ് വെക്കും അദ്ദേഹത്തിന് പഞ്ചായത്തിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനുള്ള അവസരം കൈവന്നു?. പുള്ളിയും, ഭാര്യയും നല്ല അമേരിക്കൻ സ്റ്റൈലിൽ സൂട്ടും കോട്ടും കെട്ടി ഉദ്ഘാടനത്തിന് തയ്യാറായി ചെന്നു. . ചെന്നപ്പോഴാണ് അറിയുന്നത് കക്കൂസ് ഉദ്ഘാടനം ആണെന്ന്. അതും പബ്ലിക് കക്കൂസ്. ഏതായാലും കിട്ടിയതല്ലേ?. പുള്ളിയുടെ നീണ്ട ഉദ്ഘാടന പ്രസംഗം ആവേശത്തിൽ ആരംഭിച്ചു. ഒരു കള്ളുകുടിയൻ അമേരിക്കൻ മലയാളിയെയും, ഭാര്യയെയും, മൈക്ക് സഹിതം, ആ വലിയ കക്കൂസ് കുളത്തിലേക്ക് തള്ളിയിട്ടു. ദേഹമാസകലം മുഖത്തും മല മൂത്രത്തിന്റെ അംശവും വായിൽ വെച്ചുകൊണ്ട് , തൊണ്ണ മലർക്കെ തുറന്നു, ഒരു വിജയമുദ്രവാക്യം തട്ടിവിട്ടു" ജയ് ജയ് മല്ലപ്പള്ളി പബ്ലിക് കക്കൂസ്.. ഞാനിതാ ഇന്ന് പ്രാക്ടിക്കൽ ആയി ഇത് പബ്ലിക്കിന് സമർപ്പിക്കുകയാണ്. എല്ലാവരും ഒന്ന് കൈയ്യടിക്കേ?. ജനം ആർത്തുല്ലസിച്ച് ചിരിച്ചു കൈയ്യടിച്ചു? അതിനിടയിൽ പുള്ളി വളരെ സുഖമായി അടിയിലൂടെ ഒന്ന് വിസർജിക്കുകയും ചെയ്തു. പിന്നെ ഭാര്യയും ഭർത്താവും ഒന്ന് ചേർന്ന് അടുത്തുള്ള പുഴയിലേക്ക് എടുത്തു ചാടി. അച്ചൻകോവിൽ ആറിലേക്ക് ആണെന്ന് തോന്നുന്നു.
GP 2026-10-16 04:21:18
നർമ്മം മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും മനോഹരമായ അനുഗ്രഹങ്ങളിൽ ഒന്നാണ്. ജീവിതത്തിലെ രസകരവും അപ്രതീക്ഷിതവും വൈരുദ്ധ്യാത്മകവുമായ സാഹചര്യങ്ങളെ തിരിച്ചറിയാനും ആസ്വദിക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവാണ് നർമ്മം. ആളുകളെ ചിരിപ്പിക്കുന്നതിൽ ഒതുങ്ങാതെ, നർമ്മം മാനസിക സമ്മർദ്ദം കുറയ്ക്കുകയും, ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുകയും, സാംസ്കാരിക വ്യത്യാസങ്ങൾക്കിടയിൽ പാലങ്ങൾ പണിയുകയും, ജീവിതത്തിലെ വെല്ലുവിളികളെ പ്രത്യാശയോടും ആത്മവിശ്വാസത്തോടും കൂടി നേരിടാൻ വ്യക്തികളെ സഹായിക്കുകയും ചെയ്യുന്നു. നല്ല നർമ്മബോധം സാധാരണ നിമിഷങ്ങളെ പോലും മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റുന്നു. കഠിനമായ സത്യങ്ങൾ സൗമ്യമായി പറയാനും, മനസ്സിലെ മുറിവുകൾ സുഖപ്പെടുത്താനും, സമൂഹബോധം വളർത്താനും അത് സഹായിക്കുന്നു. ചാതുര്യം, കഥപറച്ചിൽ, ആക്ഷേപഹാസ്യം, അല്ലെങ്കിൽ ദൈനംദിന ജീവിതത്തിലെ ലളിതമായ ചിരികൾ എന്നിവയിലൂടെ പ്രകടമാകട്ടെ, നർമ്മം സംസാരിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരുപോലെ സന്തോഷം പകരുന്നു. ഒരു പ്രസിദ്ധമായ ചൊല്ല് പറയുന്നതുപോലെ, "രണ്ട് മനുഷ്യർക്കിടയിലെ ഏറ്റവും ചെറിയ ദൂരം ഒരു പുഞ്ചിരിയാണ്." നർമ്മം വെറും വിനോദത്തിനുള്ള ഉപാധിയല്ല; നമ്മെത്തന്നെ അതീവ ഗൗരവത്തോടെ കാണാതിരിക്കാനും ജീവിതത്തെ കൂടുതൽ സന്തോഷത്തോടെയും സമ്പന്നമായും അനുഭവിക്കാനും നമ്മെ ഓർമ്മിപ്പിക്കുന്ന അമൂല്യമായ ഒരു ജീവിതകല കൂടിയാണ്. എ. സി. ജോർജിനും, രാജു മൈലപ്രയ്ക്കും, ഈ സായാഹ്നം ചിരിയുടെയും സന്തോഷത്തിന്റെയും ആഘോഷമാക്കി മാറ്റാൻ അശ്രാന്തമായി പ്രവർത്തിച്ച മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാവർക്കും മറക്കാനാവാത്തതും ആനന്ദഭരിതവുമായ ഒരു സായാഹ്നം സമ്മാനിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-16 06:28:52
💥🔥ഒരു കാരണവശാലും ഇങ്ങനെയുള്ള, പൈശാജീക "ചിരിയരങ്ങു" കൂട്ടങ്ങളിൽ സംബന്ധിക്കാൻ ബൈബിൾ അനുവാദം കൊടുക്കുന്നില്ല. പൊട്ടച്ചൊല്ല്, തമാശ, ചിരി, കളിവാക്ക് ഇതൊക്കെ നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ബൈബിളിൽ. [വാക്യങ്ങൾ വേണോ ആർക്കെങ്കിലും] 🔹പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് അദ്ദേഹം പങ്കെടുത്തതെന്ന് , അദ്ദേഹം തന്നെ ഇവിടെ വിശദീകരണം തരണം. ഇന്നു വരെ ഒരു പ്രാവശ്യമെങ്കിലും ഏശു ചിരിച്ചതായി വേദപുസ്തകം പറയുന്നില്ല, തമാശ പറഞ്ഞതായി പറയുന്നില്ല, ആരെയെങ്കിലും ചിരിപ്പിച്ചതായും പറയുന്നില്ല. ഒരു ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ പോലും ഏശുവിന്റെ ഇല്ല. ഗൗരവം ആണ് ഏശുവിന്റെ അടിസ്ഥാന വികാരം. ദുഖിച്ചിരിക്കുന്ന, ശപിക്കുന്ന, ദേഷ്യപ്പെടുന്ന,ഭർൽസിക്കുന്ന, കരയുന്ന, വഴക്കുണ്ടാക്കുന്ന, കോപിക്കുന്ന, നിലവിളിക്കുന്ന ഏശുവിന്റെ ചിത്രം എമ്പാടുമുണ്ട്. ക്രിസ്തിയാനിക്ക് തമാശയും ചിരിയും നിഷിദ്ധമാണ്. മറ്റൊരു കാര്യം - : ഞാൻ ഇന്നു വരെയും ശ്രീ. മാത്തുള്ള യോട് തർക്കിച്ചിട്ടില്ല, സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് എനിക്ക് അദ്ദേഹത്തോട് ഉള്ളത്. 🔹എന്റെ ഒരേ ഒരു ചോദ്യം എന്നും കുന്നും ഇതു തന്നെയാണ് - അതായത്, 🔺മാത്തുള്ളയുടെ ഒന്നാം പുസ്തകം ഏതാണ്?? 🔻ജനാധിപത്യ ഭരണഘടന ആണോ, അതോ ബൈബിൾ ആണോ??? 🔺ഏതു പുസ്തകമാണ് പ്രാവശ്യം വന്നാൽ അദ്ദേഹം പ്രധാനമായും ഉപയോഗിക്കുന്നത്??? 🔻ഭരണ ഘടനയാണോ ബൈബിൾ ആണോ??? 🔺ഇപ്പോൾ അദ്ദേഹം ജീവിക്കുന്നത് ഭരണഘടനയ്ക്ക് അനുസരിച്ചാണോ, അതോ ബൈബിളിന് അനുസരിച്ചാണോ???? 🔻ഒരു രാജ്യത്ത് ജീവിക്കുമ്പോൾ ആ രാജ്യത്തിന്റെ ശാസനയ്ക്ക് കീഴ്പ്പെട്ടാണോ, അതോ മത ശാസനയ്ക്കും ദൈവ ശാസനയ്ക്കും കീഴ്പ്പെട്ടാണോ ജീവിക്കേണ്ടിയത് ???? അദ്ദേഹം ഉത്തരം തരികയാണെങ്കിൽ എല്ലാവരും മനസ്സിരുത്തി അത് വായിക്കണം. എന്നിട്ട് അതിലെ ഉപായവും കൗശലവും കൈയ്യോടെ നിങ്ങൾ പിടിച്ചോണം. ഞാനായിട്ട് മിണ്ടത്തില്ല. 🔸{{ എന്റെ സ്നേഹിതനാണ്, എന്റെ സഹോദരൻ ആണ് ശ്രീമാൻ. മാത്തുള്ള🤝🤞. ഇക്കാര്യത്തിൽ മറ്റു Narration ഒന്നും ആരും മുൻപോട്ടു വയ്ക്കരുതേ. 🙏🙏🙏}} ✳️Rejice ജോൺ
Jayan Varghese 2026-10-16 14:34:41
ഈ അച്ചായന്മാർ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും. ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കാതെ കൊച്ചുമൊയലാളിമാരേ !
Participant 2026-10-16 14:57:06
'നർമവേദി'യുടെ ആഭിമുഖ്യത്തിൽ ശ്രീ എ.സി. ജോർജ് സംഘടിപ്പിച്ച ചിരിയരങ്ങു വേറിട്ടൊരു അനുഭവമായി. ആദ്യത്തെ സംരംഭം ആയതുകൊണ്ട് പലർക്കും ഇതിന്റെ concept പൂർണ്ണമായി മനസിലായില്ലെന്നു തോന്നുന്നു അതുകൊണ്ടു ചിലർ ചിരിയുടെ ഗുണങ്ങളെപ്പറ്റിയാണ് സംസാരിച്ചത്. എന്നാൽ പങ്കെടുത്ത എല്ലാവരും തന്നെ പരിപാടിയിൽ വേദിയിൽ എത്തി ചില സ്വന്തം അനുഭവകഥകൾ അവതരിപ്പിച്ചത് രസകരമായി. ഒരു കോഓർഡിനേറ്റർ പരിപാടികൾ ലീഡ് ചെയേണ്ടത് ആവശ്യമാണ്. zoom meeting - ൽ കൂടി അവതരിപ്പിക്കുവാൻ പറ്റില്ല. രാജു മൈലപ്രയുടെ സാന്നിധ്യവും പരിപാടി കൂടുതൽ ആസ്വാദ്യകരമാക്കി. മാസത്തിൽ ഒന്ന് എന്നതിന് പകരം, വല്ലപ്പോഴും കൂടുന്നതാണ് നല്ലതു. അല്ലെങ്കിൽ ആവർത്തന വിരസത ഉണ്ടാകും. ഒരു കാര്യം കൂടി - ചായക്കൊപ്പം നൽകിയ പഴംപൊരിയും, ഉഴുന്നു വടയും വളരെ രുചികരമായിരുന്നു. മൊത്തത്തിൽ പരിപാടി ആസ്വദിച്ചു.
Adoor Bhasi 2026-10-16 15:07:46
"ആര് എന്ത് എഴുതിയാലും, "ഞങ്ങളെ ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലാതെ കൊച്ചുമുതലാളി" എന്ന സ്ഥിരം'ചെമ്മീൻ' ഡയലോഗുമായി എടുത്തു ചാടുന്ന ഒരു അരസികനാണ് ജയൻ വര്ഗീസ് എന്ന് തോന്നുന്നു. ആർക്കും മനസിലാകാത്ത കവിതകൾ എഴുതുന്നതാണ് അദ്ദേഹത്തിന് പഥ്യം. ഓരോരുത്തർക്ക് ഓരോ വഴി. വല്ലപ്പോഴും ഒന്ന് പുറത്തു ഇറങ്ങി നാലു പേരോട് സംസാരിച്ചു നോക്ക്. ജീവിതം കൂടുതൽ സന്തോഷമുള്ളതാകും.. . ചിരിക്കാതെ ബലം പിടിച്ചിരിക്കുന്ന ബുദ്ധിജീവികളുടെ ഒരു സംഘടന തുടങ്ങി അതിന്റെ ഭാരവാഹി ആയിക്കൂടെ?
മത്തായി ഉമ്മൻ 2026-10-16 18:41:37
മിക്ക മീറ്റിങ്ങുകളിലും ആളുകളോട് വരാൻ പറയുന്നത് ചുമ്മാ കേട്ടിരിക്കാൻ വേണ്ടി, അല്ലെങ്കിൽ ഭാരവാഹികൾ പറയുന്നത് കേട്ട് കൈയ്യടിക്കാൻ വേണ്ടി മാത്രമാണ്. ഭാരവാഹികൾ എല്ലാവരും കയറി മുൻമന്തിയിൽ, മുൻനിരയിൽ, സ്റ്റേജിൽ കയറി കുത്തിയിരിക്കും, മാലകൾ സ്വീകരിക്കും, കയ്യിൽ പെൺകുട്ടികൾ തരുന്ന പുഷ്പങ്ങൾ സ്വീകരിക്കും. ഭാരവാഹികൾക്കൊപ്പം മത മേതാപികളും വൈദികരും കയറി കുത്തിയിരിക്കും, പിന്നെ മലയാളി Elected officers അവരും മേലെ വന്ന് കുത്തിയിരിക്കും. ഇവരെല്ലാം നീണ്ട നീണ്ട വിഡ്ഢിത്ത പ്രസംഗങ്ങൾ ആവർത്തന പ്രസംഗങ്ങൾ തട്ടി വിടും. അത് FOMA, FOKANA, WMC എന്തുമാകട്ടെ പതിവിൻ പടിയുള്ള ആവർത്തന വിരസ മീറ്റിങ്ങുകൾ. ചിലവിൽ ഒന്ന് പങ്കെടുക്കണമെങ്കിൽ അതി ഭയങ്കര പണച്ചെലവ്, പിന്നെ ഓടിയൻസ് ഭാഗത്ത് ചെന്നാൽ അവിടെയും മുൻനിരയിൽ അഞ്ചാറു Raw മുന്തിയ ജനങ്ങൾക്കായി Reserved ആക്കി ചിലപ്പോൾ ലേബലും അപ്രകാരം തൂക്കിയിട്ടിരിക്കും. ഒന്നുമറിയാതെ വെറും സാധാരണക്കാർ ആ ഭാഗത്തെ എവിടെയെങ്കിലും പോയി ഇരുന്നാൽ അവരെ കുറ്റം പറഞ്ഞു തെറി പറഞ്ഞു, അല്ലെങ്കിൽ ചെറിയ ഒരു തള്ളും കൊടുത്ത് പിറകിൽ കൊണ്ടിരുത്തും. നാട്ടിൽ നിന്ന് എത്തിയ, ഒരു പാവം ഏതാണ്ട് 90 വയസ്സുകാരനെ കഴിഞ്ഞ ദിവസം ഒരു മെഗാ പരിപാടിയിൽ മുൻനിരയിൽ reserved സീറ്റിൽ പോയി ഇരുന്നു എന്നതിൻറെ പേരിൽ ഭാരവാഹിയായ ഒരു badge ധരിച്ചഭാരവാഹി ആ വൃദ്ധനെ പിറകിൽ കൊണ്ടുപോയി ഇരുത്തുന്നത് കണ്ടു. . അത് കണ്ടപ്പോൾ എനിക്ക് വളരെയധികം വേദന തോന്നി. ആ പരിപാടി നടത്തിപ്പുകാരായ അഹങ്കാരികളെ പിടിച്ചൊന്ന് പ്രഹരിക്കാൻ തോന്നിയതാണ്. അതൊക്കെ വെച്ച് നോക്കുമ്പോൾ നർമ്മവേദി ഇത്തരം പരിപാടികൾ വളരെ ലളിതമായി, വലിപ്പച്ചെറുപ്പം ഇല്ലാതെ, ഭാരവാഹികൾ ഒരു വ്യത്യാസവും, വകഭേദവും കാണിക്കാതെ എല്ലാവർക്കും തുല്യ സംസാരിക്കാൻ ഉള്ള അവസരം കൊടുത്തത് ഏറ്റം മാതൃകാപരമാണ്. ഓരോരുത്തരുടെയും വലിപ്പമോ പദവികളോ ഒന്നുമല്ല നമ്മുടെ പരിപാടികൾക്ക് വേണ്ടത്?. കഴിവുകളാണ് വേണ്ടത്. വെറും പ്രോട്ടോകോൾ ഫോളോ ചെയ്യുകയല്ല വേണ്ടത്?. മറ്റവൻ കാണിക്കുന്ന മാതിരി ഇവിടെയും കാണിക്കണമെന്ന് നിർബന്ധമില്ല. ഓരോ മീറ്റിങ്ങുകളും വൈവിധ്യമാണ് കാണിക്കേണ്ടത്. ഫോട്ടോകളും വാർത്തകളും കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാനിവിടെ എൻറെ അഭിപ്രായം എഴുതുന്നത്. ഞാൻ താമസിക്കുന്ന സിറ്റിയിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. എന്തിനും ഏതിനും വലിയ ചൊറിഞ്ഞു പൊക്കി എഴുത്തുകാരൊക്കെ എവിടെ പോയി?. ? അവരൊക്കെ വമ്പന്മാരുടെ കൂടെയായിരിക്കും അല്ലേ?. എല്ലാം നല്ലതായി പോട്ടെ ആശംസകൾ?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക