
ഇല്ലിനോയിലെ അറോറയിലുള്ള ഹൈന്ദവ ക്ഷേത്രത്തിൽ 19കാരൻ കൂട്ടക്കൊല നടത്താൻ എത്തിയപ്പോൾ താനും കുടുംബവും ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെന്നു യുഎസ് കോൺഗ്രസ് ഇന്ത്യൻ അമേരിക്കൻ അംഗം റെപ്. രാജാ കൃഷ്ണമൂർത്തി വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വിദ്വേഷം നിയന്ത്രിക്കാൻ എല്ലാവരും ഒത്തുചേർന്നുള്ള പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണമൂർത്തി എക്സിൽ കുറിച്ചു: "ഞാനും എന്റെ കുടുംബവും ഞായറാഴ്ച്ച അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ ആരാധന നടത്തുമ്പോഴാണ് വെള്ളക്കാരനായ യുവാവ് ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ അവിടെ എത്തിയത്. മഹാദുരന്തം ഒഴിവാക്കാൻ ഇടപെട്ട എല്ലാവർക്കും നന്ദി. പക്ഷെ നിരവധി നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം വിദ്വേഷം ഇല്ലാതാക്കാൻ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം."
കുറ്റാരോപിതന്റെ സഹപ്രവർത്തകനാണ് പോലീസിൽ റിപ്പോർട്ട് ചെയ്തതെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. അക്രമിയുടെ റൈഫിൾ പ്രവർത്തിക്കാതെ വന്നതു കൊണ്ടാണ് ദുരന്തം ഒഴിവായത്.
"വെള്ളക്കാരുടെ പേരിലുള്ള അതിക്രമങ്ങളും ഇന്ത്യക്കാരോടുള്ള വിദ്വേഷവും എത്ര അപകടകരമായ നിലയിൽ എത്തിയെന്നു ഈ സംഭവം സൂചിപ്പിക്കുന്നു. ഈ ഭീഷണി ഗൗരവമായി എടുത്തില്ലെങ്കിൽ നിരവധി നിരപരാധികളുടെ ജീവൻ അപകടത്തിലാകും. എല്ലാവർക്കും ഭീതി കൂടാതെ അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള സുരക്ഷ ഉണ്ടാവണം."
സൗത്ത് ഏഷ്യൻ വംശജർക്കെതിരായ വിദ്വേഷ പ്രകടനത്തിൽ 240% വർധന ഉണ്ടായിട്ടുണ്ടെന്നു അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്നു ഒരു റിപ്പബ്ലിക്കൻ ജനപ്രതിനിധി ആവശ്യപ്പെട്ടു. "അദ്ദേഹം എന്നെ വിദേശിയായ അധിനിവേശക്കാരൻ എന്നാണ് വിളിച്ചത്.
"ജനപ്രതിനിധികൾ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ വോട്ടിനു വേണ്ടി അഴിച്ചു വിടുന്ന വിദ്വേഷം ഭീകരമായ അക്രമത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്."
Krishnamoorthi and family were at targeted temple