
വാഷിങ്ടൺ: ഇല്ലിനോയിയിലെ അറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ സംഭവത്തെത്തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്ക ശക്തമായി. സംഭവത്തെ ഇന്ത്യയുടെ യുഎസ് അംബാസഡർ വിനയ് മോഹൻ ക്വാത്ര അപലപിച്ചു. ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ വർധിപ്പിക്കണമെന്ന് വിവിധ ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് അലക്സാണ്ട്രോസ് പാപൊറാക്കിസ് (19) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. വെളുത്ത വംശീയ മേധാവിത്വത്തിലും നവനാസി ആശയങ്ങളിലും വിശ്വസിച്ചിരുന്ന പ്രതി ഞായറാഴ്ച ക്ഷേത്രത്തിൽ വെടിവെപ്പ് നടത്താൻ ശ്രമിച്ചെങ്കിലും ഇയാളുടെ റൈഫിൾ പ്രവർത്തിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ ആരോപണം. സംഭവത്തെക്കുറിച്ച് സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ, വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതിയുണ്ടെന്ന വിവരവും പുറത്തുവന്നു. സഹപ്രവർത്തകർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്.
ഇല്ലിനോയിയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയും കുടുംബവും ആക്രമണശ്രമം നടന്ന സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുള്ള വംശീയ വിദ്വേഷവും വെളുത്ത വംശീയ മേധാവിത്വവും ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘എല്ലാ അമേരിക്കക്കാർക്കും ഭയമില്ലാതെ ജീവിക്കാനും ആരാധന നടത്താനും കഴിയണം. വിദ്വേഷത്തിന്റെ എല്ലാ രൂപങ്ങൾക്കുമെതിരെ നാം ഒരുമിച്ച് നിൽക്കണം,’ രാജാ കൃഷ്ണമൂർത്തി പ്രതികരിച്ചു. പൊലീസിനെ വിവരമറിയിച്ച സഹപ്രവർത്തകരെയും ഇടപെട്ട നിയമപാലകരെയും അദ്ദേഹം അഭിനന്ദിച്ചു.
‘അറോറയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ കൂട്ടവെടിവെപ്പ് ശ്രമം അതീവ ആശങ്കാജനകമാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ വിദ്വേഷം ഉൾപ്പെടെയുള്ള വംശീയ അതിക്രമങ്ങൾക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല,’ അംബാസഡർ വിനയ് മോഹൻ ക്വാത്ര സമൂഹമാധ്യമത്തിൽ കുറിച്ചു.
എഫ്ബിഐയുടെ ചിക്കാഗോ ഓഫീസ് അറസ്റ്റും അന്വേഷണത്തിൽ പ്രാദേശിക പൊലീസ് വകുപ്പുകളുടെ പങ്കാളിത്തവും സ്ഥിരീകരിച്ചു. നവീന തീവ്രവാദ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അക്രമഭീഷണികൾ കണ്ടെത്താനും തടയാനും പ്രാദേശിക, സംസ്ഥാന നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി എഫ്ബിഐ അറിയിച്ചു.
ഹിന്ദു മന്ദിർ എംപവർമെന്റ് കൗൺസിൽ (HMEC) തങ്ങളുടെ ശൃംഖലയിലുള്ള ക്ഷേത്രങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. ജാഗ്രതയും മുൻകരുതലുകളും വർധിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസും (FIIDS) കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും (CoHNA) സംഭവത്തെ അപലപിച്ചു. എആർ മാതൃകയിലുള്ള റൈഫിളും നൂറുകണക്കിന് വെടിയുണ്ടകളും കൈവശമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നതായി CoHNA ചൂണ്ടിക്കാട്ടി.
ഈ മാസം ആദ്യം ഒഹായോയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് അറോറയിലെ സംഭവം. അമേരിക്കയിലെ ഹിന്ദു ആരാധനാലയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.