Image

മാസപ്പടിയില്‍ പിണറായി ഇ.ഡിയുടെ ചോദ്യമുനയിലേയ്ക്ക്; സുപ്രീം കോടതിയും കനിഞ്ഞില്ല (എ.എസ് ശ്രീകുമാര്‍)

Published on 16 October, 2026
മാസപ്പടിയില്‍ പിണറായി ഇ.ഡിയുടെ ചോദ്യമുനയിലേയ്ക്ക്; സുപ്രീം കോടതിയും കനിഞ്ഞില്ല (എ.എസ് ശ്രീകുമാര്‍)

കേരള രാഷ്ട്രീയത്തിലെ അതിശക്തനും കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി സി.പി.എമ്മിനെയും ഇടതു മുന്നണിയെത്തന്നെയും ഏകാധിപത്യ ശൈലിയില്‍ ഉള്ളംകൈയിലിട്ട് അമ്മാനമാടുന്ന ഇരട്ടച്ചങ്കനുമായ പിണറായി വിജയന്‍ എന്ന മുന്‍ മുഖ്യമന്ത്രി ഒരു കൊടിയ അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി അറസ്റ്റിലേയ്ക്ക് നീങ്ങുന്നു. പ്രമാദമായ മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇടപെടല്‍, സുപ്രീം കോടതിയിലെ നിയമപോരാട്ടം എന്നിവ ഒരേസമയം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാവുകയാണ്.

ചോദ്യങ്ങള്‍ക്ക് അതീതനെന്ന് സ്വയം അഹങ്കരിച്ചിരുന്ന പിണറായിയെ മാസപ്പടി കേസില്‍ ചോദ്യം ചെയ്യാന്‍ ഇ.ഡി സമന്‍സ് അയച്ചിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ബ്രേക്കിങ് ന്യൂസ്. ഇത് കേസിന്റെ അന്വേഷണഘട്ടത്തിലെ നിര്‍ണായക നീക്കമാണ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡിയുടെ നിര്‍ദേശം. കേസില്‍ ഇ.ഡി നേരത്തെ രണ്ടിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്  സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് സര്‍വീസ് ലീഗല്‍ എഗ്രിമെന്റ് വഴി 2017 മുതല്‍ 2019 വരെ പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ വീതം സി.എം.ആര്‍.എല്‍ നല്‍കിയെന്നാണ് ഇ.ഡി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ഐ.ടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന നിലയിലും ഇതേ കാലയളവില്‍ വീണയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്. പ്രത്യേകിച്ച് സേവനങ്ങളൊന്നും നല്‍കാതെ ഈ തുക കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ഇ.ഡിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസുകളിലും ടി. വീണ പ്രതിയാണ്. മാസപ്പടി കേസില്‍ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികള്‍. എന്നാല്‍ ഈ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍, വീണ ടി, മുഹമ്മദ് റിയാസ്, ഹസന്‍ വാരിസ് എന്നിവര്‍ ഇന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത ആഴ്ച പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

വിജിലന്‍സ് നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയത്. സുപ്രീം കോടതിയില്‍ അടിയന്തര സംരക്ഷണം ആവശ്യപ്പെട്ട പിണറായി വിജയനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂതറയാണ് ഹാജരായത്. അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് 82 വയസ്സുണ്ടെന്ന കാര്യവും ഉന്നയിച്ച് ഇന്നുതന്നെ ഇടക്കാല സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിഷയത്തില്‍ അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കുന്ന കാര്യമായിരിക്കും കോടതി തിരുമാനിക്കുക. ഇതിനിടയിലാണ് ഇ.ഡി അന്വേഷണ സംഘം സമന്‍സ് അയച്ച് പ്രതിപക്ഷ നേതാവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം, അധികാരത്തിന്റെ വിനിയോഗം, അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തിന് സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും കുറ്റകൃത്യത്തില്‍നിന്ന് ലഭിച്ച വരുമാനത്തിന്റെ സഞ്ചാരവുമാണ് പ്രധാനമാകുന്നത്. രണ്ട് അന്വേഷണങ്ങളുടെയും നിയമപരമായ പരിധികള്‍ വ്യത്യസ്തമാണെങ്കിലും, ഒരേ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും സാക്ഷിമൊഴികളും അന്വേഷണത്തിന്റെ ഭാഗമായേക്കാം. അതുകൊണ്ടുതന്നെ ഒരു ഏജന്‍സിയുടെ കണ്ടെത്തലുകള്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഓരോ ഏജന്‍സിയും സ്വന്തം നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കം മുന്നോട്ടുപോകുന്നത്.

മാസപ്പടി വിവാദം ആദ്യം രാഷ്ട്രീയ ആരോപണമായാണ് പൊതുചര്‍ച്ചയില്‍ ഇടംപിടിച്ചത്. പിന്നീട് കമ്പനികള്‍ തമ്മിലുള്ള പണമിടപാടുകള്‍, സേവനങ്ങളുടെ സ്വഭാവം, പണം നല്‍കിയതിന്റെ കാരണം തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണത്തിന്റെയും നിയമവ്യവഹാരത്തിന്റെയും ഭാഗമായി. ഇവിടെ നിര്‍ണായകമാകുന്നത് പണം കൈമാറിയെന്ന വസ്തുത മാത്രമല്ല; എന്തിനാണ് പണം കൈമാറിയത്, അതിന് ലഭിച്ച സേവനങ്ങള്‍ എന്തൊക്കെയാണ്, ഇടപാടുമായി ബന്ധപ്പെട്ട് അധികാരദുരുപയോഗമോ നിയമവിരുദ്ധമായ നേട്ടമോ ഉണ്ടായിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. പണം നല്‍കിയതും സ്വീകരിച്ചതും സംബന്ധിച്ച രേഖകള്‍ക്കൊപ്പം കരാറുകള്‍, ഇന്‍വോയിസുകള്‍, സേവനങ്ങളുടെ തെളിവുകള്‍, ബാങ്ക് ഇടപാടുകള്‍, ബന്ധപ്പെട്ട വ്യക്തികളുടെ മൊഴികള്‍ എന്നിവയും പരിശോധിക്കേണ്ടിവരും.

പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി സമന്‍സ് അയച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍, ചോദ്യം ചെയ്യലും അറസ്റ്റും രണ്ട് വ്യത്യസ്ത നിയമനടപടികളാണ്. അന്വേഷണവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ തേടാനും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയങ്ങള്‍ വ്യക്തമാക്കാനും അന്വേഷണ ഏജന്‍സിക്ക് ബന്ധപ്പെട്ട വ്യക്തിയെ വിളിച്ചുവരുത്താം. അതുകൊണ്ടുമാത്രം അറസ്റ്റ് ഉണ്ടാകുമെന്ന് നിഗമനത്തിലെത്താനാവില്ല. അറസ്റ്റിന്റെ ആവശ്യകതയും നിയമപരമായ വ്യവസ്ഥകളും അതിനുള്ള അടിസ്ഥാനവും പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട വ്യക്തി നല്‍കുന്ന വിശദീകരണങ്ങളും ഹാജരാക്കുന്ന രേഖകളും തുടര്‍നടപടികളെ സ്വാധീനിച്ചേക്കാം.

കേരളത്തില്‍ അധികാരത്തിലിരുന്ന കാലത്തെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഒരു മുന്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത് സ്വാഭാവികമായും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച്, ഭരണപരമായ തീരുമാനങ്ങളും സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയരുമ്പോള്‍, പൊതുജനവിശ്വാസവും ഭരണത്തിന്റെ സുതാര്യതയും ചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് വരും. പണമിടപാടുകളുടെ യഥാര്‍ഥ സ്വഭാവം വ്യക്തമാക്കുന്ന രേഖകളും സാക്ഷിമൊഴികളും പുറത്തുവരുമോ എന്നതാണ് പ്രധാന ചോദ്യം. വിജിലന്‍സ് അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാടും ഇഡിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളും കേസിന്റെ ഗതിയെ സ്വാധീനിക്കും. സാമ്പത്തിക ഇടപാടുകളില്‍ നിയമവിരുദ്ധതയുണ്ടെന്ന ആരോപണം അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കേണ്ടിവരും.

മാസപ്പടി കേസ് ഒരു വ്യക്തിയെയോ കുടുംബത്തെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ മാത്രം ബാധിക്കുന്ന വിഷയമല്ല. അധികാരവും സ്വകാര്യ സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം എത്രത്തോളം സുതാര്യമായിരിക്കണം എന്ന അടിസ്ഥാന ജനാധിപത്യചോദ്യവും ഈ വിവാദത്തിന്റെ മെരിറ്റിലുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക