Image

വംശീയ വിദ്വേഷത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ

Published on 17 October, 2026
 വംശീയ വിദ്വേഷത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ

ന്യൂയോർക്ക്: ഇല്ലിനോയിയിലെ അറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ സംഭവത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (IOCUSA) ശക്തമായി അപലപിച്ചു. വംശീയതയ്ക്കും മതവിദ്വേഷത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഹിന്ദു വിശ്വാസികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തിൽ 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ആയുധങ്ങളും വെടിയുണ്ടകളും ഇന്ത്യക്കാരെയും മറ്റ് ന്യൂനപക്ഷങ്ങളെയും അപമാനിക്കുന്ന വംശീയ പരാമർശങ്ങളടങ്ങിയ രേഖയും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഇത് ഒരു ഹിന്ദു ക്ഷേത്രത്തിനോ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനോ നേരെയുള്ള ആക്രമണശ്രമം മാത്രമല്ലെന്നും മതസ്വാതന്ത്ര്യം, മനുഷ്യന്റെ അന്തസ്സ്, മനഃസാക്ഷിയുടെ സ്വാതന്ത്ര്യം എന്നീ അമേരിക്കൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം പറഞ്ഞു.

അമേരിക്കയുടെ സാമ്പത്തിക, ശാസ്ത്ര, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളുടെ വളർച്ചയിൽ ഇന്ത്യൻ വംശജർ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വംശീയതയുടെയോ മതവിശ്വാസത്തിന്റെയോ പേരിൽ ഒരു സമൂഹവും ഭയത്തോടെ ജീവിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭവത്തിൽ വിദ്വേഷക്കുറ്റത്തിന്റെ സാധ്യതകൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് ഫെഡറൽ, പ്രാദേശിക നിയമപാലകരോട് സംഘടന ആവശ്യപ്പെട്ടു. ആക്രമണശ്രമം തടയാൻ സഹായിച്ച ജാഗ്രതയുള്ള പൗരന്മാരെയും നിയമപാലകരെയും IOCUSA അഭിനന്ദിച്ചു.

ഇന്ത്യയും അമേരിക്കയും പോലുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും സംഘടന വ്യക്തമാക്കി. ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ, സിഖ്, ജൂത വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങൾക്കും ഭയമില്ലാതെ ആരാധന നടത്താനുള്ള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇല്ലിനോയിസിലെയും അമേരിക്കയിലുടനീളമുള്ള ഹിന്ദു സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച IOCUSA, വംശീയത, മതവിദ്വേഷം, തീവ്രവാദം എന്നിവയുടെ എല്ലാ രൂപങ്ങളെയും തള്ളിക്കളയാൻ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക