
നെൽസൺ രചനയും സംവിധാനവും നിർവഹിച്ച ജയിലർ പാർട്ട് 2 കഥ കൊണ്ടോ പ്രമേയം കൊണ്ടോ യാതൊരു പുതുമയും മേന്മയും പുലർത്തുന്നില്ല . ഒന്നാം ഭാഗത്തിലെ നായകൻ്റെയും വില്ലൻ്റെയും പാത്രസൃഷ്ടിയിൽ തന്നെ ഒരു കരുത്തുണ്ടായിരുന്നു . സത്യത്തിനും നീതിക്കും വേണ്ടിയുള്ള മുഖം നോക്കാത്ത നിലപാട് ദൃശ്യം പോലുള്ള മലയാള സിനിമകളുടെ അധാർമ്മിക മനോഭാവത്തിന് നേർക്കുള്ള കനത്ത പ്രഹരവുമായിരുന്നു . എന്നാൽ രണ്ടാം ഭാഗം അത്തരത്തിൽ യാതൊരു മികവും പുലർത്തുന്നില്ല . എങ്കിലും നായകനായി നിറഞ്ഞാടുന്ന സൂപ്പർ താരം രജ്നീ കാന്ത് അദ്ദേഹത്തിൻ്റെ എഴുപത്തിയഞ്ചാം വയസ്സിലും നടത്തുന്ന പ്രകടനം ശരിക്കും അമ്പരപ്പിക്കുന്നതാണ് . പ്രകടനം എന്ന് പറയുമ്പോൾ ത്രസിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളോ സാഹസിക സംഘട്ടനങ്ങളോ കിടിലൻ സംഭാഷണ പ്രവാഹമോ ഒന്നുമല്ല . മെലിഞ്ഞ ശരീരവും നരച്ച താടിയും മുഖത്തേക്ക് വീഴുന്ന മുടിയുമായി ഒരു നടപ്പ് , നിൽപ്പ് , നോട്ടം .... അതൊക്കെ മതി . രജ്നി ചെയ്യുമ്പോൾ കാഴ്ച്ചയ്ക്ക് ഒരു ഇമ്പവും ആവേശവുമാണ് . മൂപ്പരുടെ സ്ക്രീൻ സാന്നിധ്യം ഒരു വിധ പ്പെട്ട പ്രേക്ഷകരിലേക്കെല്ലാം പടർത്തുന്നുണ്ട് ഒരു ഹരം . മടുപ്പ് വരാൻ ഇട തരാത്ത വിധം രജ്നി കാന്തിനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഈ സിനിമയിൽ നെൽസൺ കാണിച്ച മാജിക്ക് .
ആദർശവാനായ ഒരു ജയിലറുടെ വിശ്രമ കാല ജീവിതത്തെ ഹൃദയസ്പർശിയായി ആവിഷ്കരിക്കാനോ കുടുംബത്തിൽ അയാൾ അനുഭവിക്കുന്ന സംഘർഷങ്ങൾ ചിത്രീകരിക്കാനോ സിനിമ പരിശ്രമിച്ചിട്ടേയില്ല . അത് രജ് നിയുടെ സ്റ്റാർഡത്തിലൂന്നുന്നു . ഒരു കമേർഷ്യൽ സിനിമയെ എത്രത്തോളം വിനോദപ്രദമാക്കാമോ , അതിലേക്ക് വളർത്താൻ ഒരേ ഒരു ഘടകമായി വർത്തിക്കുന്നത് താരത്തിൻ്റെ സാന്നിധ്യം തന്നെയാണ് . സാന്നിധ്യം തന്നെ പ്രകടനമാവുന്ന മാസ്മരിക അനുഭവമാണ് ജയിലർ 2 വിലൂടെ രജ് നികാന്ത് നമുക്ക് സമ്മാനിക്കുന്നത് .
അഖിലേന്ത്യാ തലത്തിൽ വിവിധ ഭാഷാ സിനിമകളിലെ മാർക്കറ്റിന് വേണ്ടി വൻ താര നിര ഇവിടെയും അകമ്പടിയുണ്ട് . അതൊരു മാർക്കറ്റ് സൂത്രം മൂത്രമാണ് . അതു കൊണ്ടൊന്നുമല്ല ജയിലർ 2 സാധാരണ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത് . പ്രകടനപരതയെ ലളിതവും സരളവുമാക്കാൻ സഹായകമായ ഒരു ശരീരഭാഷയും മാനറിസങ്ങളും കൊണ്ട് രജ്നിക്ക് സാധിക്കുന്നു . അതാണ് ആ നടനത്തിൻ്റെ അഴകും ആരോഗ്യവും .