
മൂന്ന് ദശകങ്ങള്ക്ക് മുമ്പ് നടനും, നാടക കൃത്തും, സംവിധായകനുമായി അറിയപ്പെടുകയും, അമേരിക്കയിലേക്ക് കുടിയേറിയപ്പോള് ഇവിടുത്തെ മലയാള പ്രസിദ്ധീകരണങ്ങളില് ശക്തമായ കവിതകളും, ലേഖനങ്ങളുമെഴുതി അമേരിക്കന് മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും ചെയ്ത ജയന് വര്ഗീസ് അദ്ദേഹത്തിന്റെ നൂറ് കവിതകള് സമാഹരിച്ച പുസ്തകമാണ് സൂര്യജന്മം.
അക്ഷരങ്ങളുടെ അരണി കടഞ്ഞ് അനുഭവങ്ങളുടെ അഗ്നിസ്പുലിംഗങ്ങള് ഉജ്ജ്വലിപ്പിക്കുന്ന പ്രകാശ പ്രളയത്തില് അജ്ഞതയുടെ അന്ധകാരത്തെ ആട്ടിയോടിക്കുന്ന കവി ചിലപ്പോളെങ്കിലും ഒരു അവദൂതനായി മാറുന്നത് കാണാം. അദ്ദേഹത്തിന്റെ എഴുത്താണിയുടെ മുനയില് ധര്മ്മാധര്മ്മങ്ങള് ചോരയൊലിപ്പിക്കുന്നു. തീവ്രമായ വികാരങ്ങളുടെ വിസ്ഫോടനം ഉള്ക്കൊള്ളുന്ന കവിതകള് വായനക്കാരന് മുന്നില് നേരിന്റെയും, നെറിവു കേടിന്റെയും കോടതി വിചാരണകള് തന്നെ സൃഷ്ടിച്ചു കൊണ്ടാണ് മുന്നേറുന്നത് !
ചിലപ്പോള് അത്തരം ന്യായാ- ന്യായ വിചാരണകള്ക്ക് വിധേയമാവുന്നത് നമ്മള് തന്നെയോ എന്ന് തോന്നുമാറ് വാക്കുകള് നമ്മുടെ മനസ്സില് തറച്ചു കയറുന്നു. ' സത്യമോ, മിഥ്യയോ, സംസാര സാഗര സത്യമിതജ്ഞാത, മുക്തിയോ, മോക്ഷമോ, സാഫല്യമോ ? ' എന്ന് ചോദിക്കുന്ന കവിയുടെ മനസ്സില് പ്രകാശ വേഗത്തില് ചിന്തകള് പറക്കുന്നു. ഓരോ വരികളിലൂടെയും അനീതിയെയും, അസമത്വത്തേയും എതിര്ക്കുന്നതിലൂടെ, ഒരു നിഷേധിയോ, വിപ്ലവ കാരിയോ ആകാതെ അപ്രിയ സത്യങ്ങള് വെളിച്ചത്തേക്ക് ചികഞ്ഞെടുക്കുകയാണ് കവി ചെയ്യുന്നത്.
താനാരെന്ന അസ്തിത്വ ചിന്തയുടെ സഞ്ചാര പഥങ്ങളില് തന്നെ അമ്പരപ്പിക്കുകയും, നിരാശപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള് സത്യസന്ധതയോടെ ആവിഷ്ക്കരിക്കുമ്പോള് കവിയിലെ വിപ്ലവ കാരിയെ നമ്മള് കാണുന്നു. തന്റെ ആദര്ശ ചിന്തകളും, അഭിലാഷങ്ങളും സാക്ഷാല്ക്കരിക്കപ്പെടാന് ആവാത്ത വിധം മനുഷ്യര് തീര്ത്ത നീതി ബോധത്തിന്റെ അന്ധകാരത്തില് നഷ്ടപ്പെടുമ്പോള് കവി പൊട്ടിത്തെറിക്കുന്നുമുണ്ട് : ' ഒരു വേള വഴി തെറ്റിയെത്തിയോ, യെവിടെയെന് കരളിന്റെ കുളിരായ ഭൂമി ? ' എന്നിങ്ങനെ തേങ്ങുന്നകവിക്കറിയാമായിരുന്നു: ' ഇവിടെയീ ധന്യമാം സ്നേഹത്തിന് തീരത്തി -ലൊരു ദേശമുണ്ടായിരുന്നു ' എന്ന സത്യം.
ഇല്ലാത്തത് ഉണ്ടാക്കുന്നതിനേക്കാള് ഉള്ളത് നഷ്ടപ്പെടാതിരിക്കുന്നതിനുള്ള ആഹ്വാനങ്ങള്, കാഹളങ്ങള് സുധീരം മുഴക്കുമ്പോളും, പ്രപഞ്ചമെന്ന പ്രദര്ശന ശാലയ്ക്ക് മുന്പില് കളി കാണാന് നില്ക്കുന്ന ഒരാളായിട്ടല്ലാ, മറിച്ച് താനും അവിടെ അരങ്ങിലെത്തിയിട്ടുള്ള ഒരു നടനാണെന്ന തിരിച്ചറിവോടെ തന്നെയാണ് കവി പ്രതികരിക്കുന്നത്.

കവിത എന്തെന്ന ചോദ്യത്തിന് കാളിദാസന് പറഞ്ഞ ഉത്തരം ' രുധിതാനുസാരി കവി ' എന്നാണ്. കരച്ചിലിന് പിറകേ പോകുന്നവനാണ് കവി എന്ന് സാരം. ശ്രീ ജയന് വര്ഗീസ് എന്ന കവിയില് ധാര്മ്മിക രോഷം തിളച്ചു പൊന്തുമ്പോളും അദ്ദേഹം തനിക്കു ചുറ്റുമുള്ളവരുടെ നിസ്സഹായതയുടെ കരച്ചില് കേള്ക്കുന്നുണ്ട്. വ്യവസ്ഥിതികളെ മാറ്റി മറിക്കാന് ഒരു കവിക്ക് കഴിയില്ലായിരിക്കാം. എങ്കിലും കരയുന്നവര്ക്ക് വേണ്ടി അയാള്ക്ക് കവിത ചമയ്ക്കാം, വിപ്ലവത്തിന്റെ ഒരു വിത്ത് അവരുടെ മനസ്സില് എറിഞ്ഞു കൊടുത്ത് കൊണ്ട് അവരെ ബോധവല്ക്കരിക്കാം, ' വിജ്ഞാന സാഗര തീരത്ത് നിന്നൊരു കക്കയെടുത്തു കളിക്കുമീ മാനവന് ' എന്നും, ' മുത്താണ് നീ നിന്നെ മാറിലമര്ത്തുവാന് സ്വപ്നവും പേറിയിരിപ്പൂ വസുന്ധര ' എന്നുമൊക്കെ അവരെ ആശ്വസിപ്പിക്കുകയുമാവാം ?
' എവിടെ വേദങ്ങള്, ഇതിഹാസ, മുപനിഷത്ത് ? ' എവിടെ ഖുര്ആന്, സത്യ ബൈബിള് ?' എന്ന് അതിന്റെ നിരര്ത്ഥകതയിലേക്ക് വിരല് ചൂണ്ടുന്ന കവി പിന്നെയുള്ള വരികളില് : ' കലി കയറുന്നോരു കാളിയെന് ഭാരത, പ്പെരുമകള് കത്തിയമര്ന്നിടുമ്പോള് ' എന്ന് ആശ്വസിക്കുന്നു. ' എങ്കിലും വെറുതേ ഭയന്നോടുകയല്ലാ,' വരിക, സഹോദരാ, യീ യുഗ സംഗമപ്പടിയിലൊരു നവ പരിമളം ചാര്ത്തു നീ ! ഒരുമിച്ചു നമ്മളുയര്ത്തുക തമസ്സിന്റെ വിരിമാരിലായിരം പുലരിപ്പതാകകള് ! ' എന്നിങ്ങനെ ആത്മ വീര്യം പകരുകയാണ്.
അനുഭവങ്ങളെ ആവിഷ്ക്കരിക്കാന് കവികള്ക്ക് വാക്കുകള് അപര്യാപ്തങ്ങളാവാറുണ്ട്. പക്ഷേ കുഞ്ചന് നമ്പ്യാര് പറഞ്ഞത് പോലെ ശ്രീ ജയന് പാല്ക്കടല്ത്തിരകള് പോലെ വാക്കുകള് തള്ളിത്തള്ളി വരുന്നതായി കാണാം. കവിതയെ സുഗമവും, സുന്ദരവുമാക്കുന്നത് വാക്കുകളുടെ ഈ സമ്മോഹന സമ്മേളനമാണ്. ഈ വരികള് ശ്രദ്ധിക്കുക : ' എന്നും വിടരേണ്ട പൊന് പ്രഭാതങ്ങളെ, യുമ്മകള് നല്കി യുണര്ത്തേണ്ട നാളെകള്, ഇങ്ങിനി വന്നു ചേരേണ്ടെന്ന് നമ്മുടെ പൊങ്ങന് ഭരണാധികാരികള് ചൊല്ലിയാല്, ഇല്ലെന്നുറക്കെ യലറിക്കരയുവാന് എന്നിലും, നിന്നിലും ചങ്കൂറ്റമാവണം, ജന്മാന്തരങ്ങള് തഴക്കുമീ ഭൂമിയെന് ജന്മാവകാശമാണെന്ന് പറയണം. '
വിപ്ലവത്തിന്റെയും, നിഷേധത്തിന്റെയും ശബ്ദങ്ങള്ക്കിടയില് കാല്പ്പനിക സൗന്ദര്യത്തിന്റെ മനോഹാരിത വഹിച്ചു നില്ക്കുന്ന കവിതകളും കാണാം. ' പടിഞ്ഞാറേ മാനത്തെ പവിഴപ്പൂമ്പാടത്ത്, പകലോനാം പുലയന്റെ കാള പൂട്ട്, ചേറിന്റെ മണമുള്ള ചെന്താമരപ്പെണ്ണിന് മാറത്ത് പ്രണയത്തിന് കേളി കൊട്ട്. നോക്കൂ, എത്ര ഹൃദ്യമായ വരികള് !
കവി ആവിഷ്കരിക്കുന്നത് അനുഭവങ്ങളുടെ ഒരു കലവറയാണ്. അത് വായിക്കുമ്പോള് നമ്മുടെ അനുഭവങ്ങളുടെയും, അറിവുകളുടെയും പരിധികള്ക്ക് അപ്പുറത്തേക്ക് കൊണ്ട് പോയി നമ്മെ ചിന്തിപ്പിക്കുകയും, വിജ്ഞാനം പകര്ന്നു നല്കുകയും ചെയ്യുന്നു. ' കാലങ്ങളേറെയായ് കാണുന്നു ധാര്മ്മിക ഛേദം കരകളില്, ജീവിത വേദിയില് ; കച്ചവടക്കണ്ണു കൊണ്ട് സകലവും വെട്ടിപ്പിടിക്കുന്നു ലോകവും, ലോകരും. '
സാഹിത്യം പകര്ന്നു തരുന്ന ആശയങ്ങളുടെയും, നമ്മുടെ അനുഭവ ബോധ്യങ്ങളുടെയും ഒരു വിനിമയം നടക്കുമ്പോള് സമൂഹം പുരോഗതി പ്രാപിക്കുന്നു. കവിതകളുടെ ശക്തി ഗദ്യങ്ങളെ അപേക്ഷിച്ച് അവ എളുപ്പത്തില് മനുഷ്യരെ സ്വാധീനിക്കുന്നു എന്നുള്ളതാണ്. ജയന് വര്ഗീസ് കവിതകളിലൂടെ സഞ്ചരിക്കുമ്പോള് നമ്മള് കണ്ടിട്ടുള്ള, കേട്ടിട്ടുള്ള പല കാര്യങ്ങളുടെയും വ്യത്യസ്ഥമായ ഒരു തലം ദര്ശിക്കുവാന് നമുക്ക് കഴിയുന്നുവെന്നതാണ് അതിന്റെ പ്രത്യേകത. ' സത്യമേവ ജയതേ ' എന്ന ഫലകവും പേറി നില കൊണ്ട ആദര്ശ ദീപ്തമായ ഒരു സംസ്ക്കാരത്തിന് ച്യുതി സംഭവിക്കുമ്പോള് അത്തരം പാളിച്ചകള്ക്ക് മേലെയാണ് കവി നമ്മുടെ സജീവ ശ്രദ്ധ ആകര്ഷിക്കുന്നതും, ആവശ്യപ്പെടുന്നതും.
ഇനിയും അധഃ പതനമാണ് ഉണ്ടാകാന് പോകുന്നതെന്ന സന്ദേശം അറിയിച്ചു കൊണ്ടാണ്, ' എവിടെ സനാതന ധര്മ്മത്തിന് പിച്ചക, ളടി വച്ച സൈന്ധവ തീരം ? എവിടെ യഹിംസ ക്കൊടിക്കൂറകള് പേറി യുരുളും രഥ ' രവ 'കാരം ? എവിടെ ദ്വൈപായനന്, സിദ്ധാര്ത്ഥന്, കരള് നൊന്ത് കരയുമശോകന്, വാത്മീകി ? എവിടെ നിഷാദ ശരത്തിന്റെ മുനയൊടി, ച്ചുയരു ' മാ ' യിടിനാദ ശബ്ദം ? എന്ന് അധികാരത്തോടെ ചോദിക്കുമ്പോള്ഇതിനേക്കാള് ശക്തമായി എങ്ങിനെ ഒരു കവി പ്രതികരിക്കും ? പാടിയിട്ടും, പാടിയിട്ടും മതി വരാതെ ആവേശ ഭരിതനായി കവി വീണ്ടും ചോദിക്കുന്നു : ' മാനവാ, ഹേ മാനവാ, ഊരിപ്പിടിച്ച നിന് വാളുമായ് നില്ക്കുന്നതാരെ മുറിക്കുവാന് ? അമ്മയെ ? അമ്മിഞ്ഞ നല്കിയൊരമ്മയെ ? ഭൂമിയെ ? നിന്നെ ? നിന് മക്കളെ ?
കവികള് ക്രാന്ത ദര്ശികള് ആയത് കൊണ്ടായിരിക്കാം, അവര് ഉത്കണ്ഠാകുലരാണ് എപ്പോഴും. എല്ലാം സമൂഹത്തോട് വിളിച്ചു പറയാന് അവര് വെമ്പുന്നു. ആ ഒരു തിടുക്കം വരികളില് സ്പഷ്ടമാണ്. അത് കൊണ്ടാണ് മാധുര്യവും, സാരള്യവും തുളുമ്പുന്ന കവിതകള്ക്കിടയിലും തീവ്രമായ, തീഷ്ണമായ പ്രതിഷേധങ്ങളുടെ കാഠിന്യം ഉള്ക്കൊള്ളുന്ന കവിതകളും കാണുന്നത്. ശുഭാപ്തി വിശ്വാസ കാരനായ കവി മാര്ഗ്ഗ ദര്ശനങ്ങള് നല്കിക്കൊണ്ട് നേര്വഴി കാണിച്ചു കൊടുക്കുന്നതില് വ്യാപൃതനാണ്. അത് കൊണ്ടല്ലേ കവിക്ക് ഇങ്ങനെ എഴുതാന് കഴിയുന്നത് : ' സാമൂഹ്യ തമ്പുരാക്കന്മാര് തള്ളിക്കളഞ്ഞ കല്ലുകള് മൂലക്കല്ലുകളാക്കി വച്ച്, സ്നേഹവും, സൗഹൃദവും ചാലിച്ച ചാന്തില് ഒട്ടിച്ചു വച്ച്, നമുക്ക് പണിയാം നമ്മുടെ നഗരം ( അഥവാ ജീവിതം ) എന്ന് ! ശുഭം.