
പി.വി. ആല്ബി
'താരകളേ, കാണ്മിതോ നിങ്ങള്
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിന്, ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥര് നിങ്ങള്?'
(ഗാനഗന്ധര്വ്വന് ചങ്ങമ്പുഴ കൃഷ്ണപിള്ള)
മേലുദ്ധരിച്ച ഗാനഗന്ധര്വ്വന് എന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് നിര്വചിക്കുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പദ്യശകലം വായിക്കാനിടയായ എനിക്ക് കേരളത്തിലെ ജനങ്ങള് അദ്ദേഹത്തെ വേണ്ടവിധത്തില് മാനിക്കുന്നുണ്ടോ എന്നോര്ത്തുപോകുന്നു. എത്ര ഗഹനമായ, അര്ത്ഥവത്തായ പദ്യം. കേരളത്തില് നിന്നും ഏഴാം കടലിനിക്കരെ
ഇരിക്കുമ്പോഴും എന്റെ മനസ്സ് ഞാന് കുട്ടിക്കാലം ചിലവഴിച്ച കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കുറിച്ചിത്താനം, പാലക്കാട്ടുമല, കുടക്കച്ചിറ, വലവൂര്, രാമപുരം, പാലാ എന്നീ പ്രദേശങ്ങളെപ്പറ്റിയുള്ള ഓര്മ്മകളുമായി ദിനരാത്രങ്ങള് കഴിച്ചുകൂട്ടുന്നു. അമേരിക്കന് ഭൂഖണ്ഡത്തിലുള്ള ന്യൂയോര്ക്ക് സ്റ്റേറ്റിലെ ഒരു സിറ്റിയായ യോങ്കേഴ്സിലെ വിജനമായ സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ഞാന് എന്റെ കഴിഞ്ഞുപോയ ബാല്യകാലത്തെപ്പറ്റിയുള്ള ഓര്മ്മകള് കുറിക്കുന്നതെന്ന് ഒരിക്കല്ക്കൂടി വ്യക്തമാക്കിക്കൊള്ളട്ടെ. ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലുള്ള ഒരു മനസ്സ് എനിക്കുണ്ടായിരുന്നെങ്കില് എന്റെ എഴുത്ത് എത്ര മനോഹരമായി അവതരിപ്പിക്കാന് എനിക്കു കഴിഞ്ഞേനേ എന്ന് ഞാന് ഓര്ത്തുപോകുന്നു.
എന്റെ ചെറുപ്പത്തില് കടപ്ലാമറ്റത്തുനിന്നും പാലക്കാട്ടുമലയ്ക്കു പോകുന്നത് ഇടവഴികളും, തൊണ്ടും, പാടത്തിന്റെ വരമ്പുകളും,തോടിന്റെ പാലങ്ങളും താണ്ടിയാണ്. ആണ്ടൂര് കോഴിക്കൊമ്പു പാലത്തിലൂടെ കടന്ന് മരങ്ങാട്ടുപിള്ളി - ആണ്ടൂര് - ഇല്ലിക്കല് കഴിയുമ്പോള് പാലക്കാട്ടുമലയ്ക്കുള്ള റോഡ് കാണാം. ഇന്ന് തൊണ്ടുകളോ, ഇടവഴികളോ, മരംകൊണ്ടുള്ള പാലങ്ങളോ ഒന്നും കാണാനില്ല. എല്ലായിടവും ടാറിട്ട റോഡുകളും, കോണ്ക്രീറ്റില് പണിതപാലങ്ങളും. അന്ന് ഞാന് നടന്നുപോകുന്ന വഴിക്കുള്ള വീട്ടുകാര് എല്ലാം എന്നെ അറിയുമായിരുന്നു. ഞാന് അവരെയും. പക്ഷേ, ഇന്ന് ആരുംതന്നെ പരസ്പരം അറിയാത്ത ഒരു ലോകമാണല്ലോ നമുക്കു ചുറ്റും. എന്നുതന്നെയല്ല, ഇന്നത്തെ തലമുറയ്ക്ക് അവരുടെ അങ്കിള്മാരെ പോലും അറിഞ്ഞുകൂടാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. അവര്ക്ക് അറിയണമെന്ന ആഗ്രഹം പോലുമില്ല. 'GEN Z' എന്നറിയപ്പെടുന്ന പുതിയ തലമുറ വ്യക്തിസ്വാതന്ത്ര്യചിന്താഗതിക്കാരും, സ്വന്തം ആശയങ്ങളില് മാത്രം ഉറച്ചു നില്ക്കുന്നവരുമാണല്ലോ. അവര്ക്ക് ഞാന് എഴുതുന്നതുപോലെയുള്ള ചരിത്രം നോക്കാന് നേരമില്ല. വേഗതയേറിയ ആശയവിനിമയം, മീമുകള് (Memes) റീലുകള് (Reels), ഷോര്ട്ട് മെസ്സേജുകള് എന്നിവയിലൂടെ ആശയവിനിമയം നടത്താന് പുതിയ തലമുറ ഇഷ്ടപ്പെടുന്നു. എന്നെപ്പോലെ കഴിഞ്ഞകാലത്തിലേക്കു തിരിഞ്ഞുനോക്കുന്നവരെ 'പഴഞ്ചന്' എന്നു മുദ്രയടിച്ച് അവര് പിന്തള്ളുന്നു. സാങ്കേതിക വിദ്യകളുമായി ഇഴുകിചേര്ന്നു വളരുന്നവര്ക്കു വേണ്ടിയല്ല ഞാന് കഷ്ടപ്പെട്ട് എന്റെ ആത്മകഥ എഴുതുന്നത്. ഒരുപക്ഷേ, ഇത് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാന് എന്റെ കഴിഞ്ഞുപോയ കാലത്തെപ്പറ്റി ഇവിടെ കുറിക്കുകയാണ്.

My great uncle, late Rev. Fr. Joseph Koovalloor ( Sr.)
ഞാന് പാലക്കാട്ടുമല കുളങ്ങര തറവാട്ടില് എത്തിയെന്നറിഞ്ഞാല്, തറവാട്ടില് നിന്നും ഒരുമൈല് അകലെ വരിക്കാനിതറപ്പേല് എന്ന വീട്ടില് താമസിച്ചിരുന്ന എന്റെ അമ്മയുടെ മൂത്ത സഹോദരന് ഔസേപ്പ് ജോസഫിന്റെ മക്കളായ ചാക്കോച്ചനും ചാക്കോച്ചന്റെ അനുജന് ബേബിയും ഓടിയെത്തും. അവരുടെ ജ്യേഷ്ഠനാണ് ജോര്ജ് കുളങ്ങര. ജോര്ജ് കുളങ്ങര എന്നെക്കാള് നാലഞ്ചുവയസ് മൂത്തതായിരുന്നതിനാല് എന്റെ തരപ്പടിക്കാരനല്ല. ഞാനും ചാക്കോച്ചനും ചെയ്യാത്ത കുരുത്തക്കേടുകള്ക്ക് കൈയും കണക്കുമില്ല. ഒരിക്കല് ഞാനും ചാക്കോച്ചനുംകൂടി താഴത്തുരുത്തിയിലെ പറമ്പില് കന്നുകാലികളെ മേയ്ച്ച് തിരിച്ചു കുളങ്ങര തറവാട്ടിലേക്ക് വരുമ്പോള് പാലക്കാട്ടുമലയിലെ മുതിര്ന്നവര് നിര്മ്മിച്ച ഒരു വോളിബോള് ക്ലബിന്റെ തിണ്ണയില് കയറിയപ്പോള് വോളിബോളിന്റെ ഒരു ബ്ലാഡര് ഇരിക്കുന്നതുകണ്ടു. ഞങ്ങള് അതു കൈക്കലാക്കി. പിറ്റേദിവസം വരിക്കാനിതറപ്പേല് എത്തിയ ഞങ്ങള് വോളിബോളിന്റെ അകത്തുവച്ച് പന്തുവീര്പ്പിക്കുന്ന ബ്ലാഡര് ഊതിവീര്പ്പിച്ച് ഒരു ചരടുകൊണ്ടു വലിച്ചുമുറുക്കി കളിച്ചുകൊണ്ടിരിക്കുമ്പോള് ഒരു ഡിറ്റക്ടീവിനെപ്പോലെ പാറടി പാപ്പച്ചന്ചേട്ടന് എന്ന വോളിബോള് കളിക്കാരുടെ ക്യാപ്റ്റന് അവിടെയെത്തി ഞങ്ങളെ തൊണ്ടിസഹിതം കണ്ടുപിടിച്ചു. ചാച്ചന് എന്നു ഞങ്ങള് വിളിക്കുന്ന എന്റെ അമ്മാവന് അന്ന് ചാക്കോച്ചന് നല്ല പുളിവാര്കൊണ്ട് അടിക്കുന്ന കാഴ്ച എന്റെ ഹൃദയത്തെയും വേദനിപ്പിച്ചു. എന്റെ പിതാവിനെപ്പോലെ തന്നെ ആയിരുന്നു എന്റെ അമ്മാവനും. പക്ഷേ, എന്റെ അമ്മാവന് എന്നെ ശകാരിക്കുകപോലും ചെയ്തില്ല.
പിന്നെ മറ്റൊരുദിവസം വരിക്കാനിതറപ്പേല് ഞാന് താമസിക്കുന്ന അവസരത്തില് ഞാനും ചാക്കോച്ചനും അവിടുത്തെ കന്നുകാലികളെ മേയ്ക്കാന് അവിടെനിന്നും വളരെ ദൂരെയുള്ള പെരുഞ്ചൂര് എന്ന പറമ്പില് പോയി. ആ പറമ്പില് ഒരു ചെറിയ വീടും വിശാലമായ പറമ്പും ധാരാളം തെങ്ങുകളും തെങ്ങുനിറയെ തേങ്ങയും.
ഒരു ദിവസം ചാക്കോച്ചന് ഒരു ആഗ്രഹം ശര്ക്കര ഉണ്ടായിരുന്നെങ്കില് തേങ്ങായും ശര്ക്കരയും കൂടി തിന്നാന് നല്ല രസമാണ്. അതിന് രണ്ടു തേങ്ങാ കുറെ അകലെയുള്ള പീടികയില് കൊണ്ടുപോയി കൊടുത്താല് അതിനുകിട്ടുന്ന കാശുകൊണ്ട് ശര്ക്കര വാങ്ങാം. നിമിഷനേരംകൊണ്ടു ഞാന് തെങ്ങില് കയറി തേങ്ങാ ഇട്ടു. അങ്ങിനെ രണ്ടു തേങ്ങയുമായി കടയില്ചെന്ന ഞങ്ങളെ കടക്കാരന് തിരിച്ചറിഞ്ഞു. തേങ്ങാ വാങ്ങാതെ ശര്ക്കര നല്കി തിരിച്ചയച്ചു. കാരണം കടക്കാരന് ഞങ്ങളുടെ സ്വന്തക്കാരന് ആയിരുന്നു. ഞാനും ചാക്കോച്ചനും ചെയ്ത ഏറ്റവും വലിയ ധീരകൃത്യം വരിക്കാനിതറപ്പേലെ പാറയുടെ അടിവാരത്ത് താഴക്കാട് എന്നൊരു പറമ്പുണ്ട്, ആ പറമ്പില് ആകാശം മുട്ടുന്ന ഒരു കള്ളു ചെത്തുന്ന പനയുണ്ട്. ഇന്നത്തെക്കാലത്ത് അത്രയും ഉയരമുള്ള ചൂണ്ടപ്പന കേരളത്തില് ഉണ്ടെന്നു തോന്നുന്നില്ല. ചെത്തുകാരന് നീളമുള്ള മൂന്നുനാല് മുള ഏണി പനയില് കൂട്ടിക്കെട്ടിയാണ് അതിന്റെ മുകളില് കുല ചെത്തികള്ള് എടുക്കാന് കയറുന്നത്. സാധാരണ ചെത്തുകാരന് രാവിലെയും വൈകിട്ടുമാണ് കള്ളെടുക്കാന് വരുന്നത്. ഒരുദിവസം ചെത്തുകാരന് കള്ളെടുത്തു പോയശേഷം ഞാനും ചാക്കോച്ചനും ആ പനയില് കയറി കള്ളുകുടിക്കാന് പ്ലാനിട്ടു. അതിനായി കപ്പളത്തിന്റെ രണ്ടുനീളമുള്ള തണ്ടുകള് ഒടിച്ച് അതു കലത്തിലിട്ട് വലിച്ചുകുടിക്കുക എന്നായിരുന്നു പ്ലാന്. ആദ്യം ഞാന് തന്നെ കയറി ആവശ്യത്തിനു കുടിച്ചു. പിന്നെ ഞാന് ഇറങ്ങിയശേഷം ചാക്കോച്ചനും കയറി ആവശ്യത്തിനു കുടിച്ചു. ഈ വിവരം ഭൂമിയില് ആരും അറിഞ്ഞില്ല. സൃഷ്ടികര്ത്താവായ ദൈവം ഒഴികെ മാറ്റാരും. ഇതുപോലെ എഴുതിയാല് തീരാത്ത ചരിത്രം എനിക്കുണ്ട്. ഞങ്ങള് വിവാഹം കഴിക്കുന്നതിന് വളരെ മുമ്പുള്ള ചരിത്രങ്ങളാണിത്.
കുട്ടിക്കാലത്ത് എനിക്ക് കളിത്തോഴിമാരും ഉണ്ടെന്നു പറഞ്ഞല്ലോ. അവരില് രണ്ടു മൂന്നു പേര് ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില് ജീവിച്ചിരിപ്പുണ്ട്. കുളങ്ങര തറവാട്ടില് ഞാന് സാധാരണ ചെല്ലുമ്പോള്, സ്കൂള് അവധി ദിവസങ്ങളിലാണ് അധികവും അമ്മവീട്ടില് പോകുന്നത്. എന്റെ മാതാവിന്റെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചിരുന്നത് കുറവിലങ്ങാട്ട് പള്ളിയുടെ താഴക്കൂടിയുള്ള വഴിയിലൂടെ അല്പം നടന്നാല് വഴിയുടെ പടിഞ്ഞാറുവശത്തു കാണുന്ന വീട് ആയിരുന്നു ഓരത്തേല് എന്ന വീട്. ഓരത്തേല് സെബാസ്റ്റ്യന് അദ്ദേഹത്തിന്റെ പിതാവിന്റെ ഏക സന്താനം ആയിരുന്നു. അക്കാലത്ത് കുറവിലങ്ങാട് അറിയപ്പെടുന്ന വീട് ആയിരുന്നു അവരുടേത്. ശരിക്കും ഓരം പോലെ കിടന്നിരുന്നു അവരുടെ സ്ഥലം. ജര്മ്മന് കുന്നുവരെ നീണ്ടുനിവര്ന്നുകിടന്നിരുന്ന സ്ഥലം. വീടിനുമുമ്പില് കിഴക്കുവശത്തു നെല്പ്പാടവും, ഒരിക്കലും വറ്റാത്ത കുളവും. എന്റെ തരപ്പടിക്കാരെല്ലാം പെണ്ണുങ്ങള് ആയിരുന്നു. ലില്ലിയും, ലിസ്സിക്കുട്ടിയും. അവരോടൊത്ത് ജര്മ്മന് കുന്നില് കന്നുകാലികളെ മേയ്ക്കാന് പോയിരുന്നത് ഞാന് ഇന്നും ഓര്ക്കുന്നു. അന്ന് ആ പ്രദേശം വിജനമായിരുന്നു. ഇന്ന് അവിടം ഒരു പട്ടണംപോലെ ആയിമാറി എന്നുകാണാന് കഴിയും.

My female childhood playmate Cousin Lissykutty ,a retired Nurse, her mother ( my late aunty ), and son( now a Navel Officer) living in Mumbai.
ലിസ്സിക്കുട്ടിയും ലില്ലിയും കഥകള് പറയാന് നല്ല വശമുള്ളവരായിരുന്നു. രാത്രിയില് കുളങ്ങര തറവാട്ടിലെ തെക്കേപ്പുരയ്ക്കകത്ത് നിലത്ത് പായ് വിരിച്ച്്, ഞാന് നടുക്കും. ഇവര് രണ്ടുപേരും അപ്പുറത്തും, ഇപ്പുറത്തും കഥകള് കേള്ക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ആ കഥകള് എല്ലാം ഞാന് ഇപ്പോഴും ഓര്ക്കുന്നു എന്നതാണ് വാസ്തവം. ഇവരില് ലിസ്സിക്കുട്ടി ദീര്ഘകാലമായി ബോംബെ (മുംബൈ)യില് ആണു താമസം. ആഴ്ചയില് രണ്ടുതവണയെങ്കിലും എന്നെ വിളിക്കും. ഒരിക്കലും പിരിയാത്ത ബന്ധം. ബാക്കിയുള്ള സഹോദരങ്ങള് എല്ലാം തന്നെ വിവാഹിതരായശേഷം ബന്ധങ്ങളുപേക്ഷിച്ചതു പോലെയായി. അവരില് മേരിചേച്ചി എന്ന മൂത്തയാള് സ്കൂള് ടീച്ചര് ആയി റിട്ടയര് ചെയ്തു കുറുപ്പന്തറ അടുത്ത് താമസിക്കുന്നു.
ലിസ്സിക്കുട്ടി മാത്രമേ ശരിക്കുപറഞ്ഞാല് ഇന്നും എന്നോട്ടുള്ള ബന്ധം പിരിയാതെ നില്ക്കുന്നുള്ളൂ. ഞാന് മുംബൈയില് പഠിച്ചുകൊണ്ടിരുന്നകാലത്ത് എന്നെ കാണാന് ഇടയ്ക്ക് കൊളാബയിലെ നേവി നഗറില് ലിസ്സിക്കുട്ടി വരാറുണ്ടായിരുന്നു. യഥാര്ത്ഥ സ്നേഹം കാത്തുസൂക്ഷിക്കുന്നവര് ഇന്നത്തെ ലോകത്തില് വളരെ കുറവാണ്. അവരെ ഭൂമിയിലെ മാലാഖമാര് എന്നു വിളിക്കുന്നതില് തെറ്റില്ല. 2026 ഫെബ്രുവരി മാസം 24ന് എന്റെ അമ്മ ഇഹലോകവാസം വെടിയുന്നതുവരെ ലിസ്സിക്കുട്ടി മിക്ക ദിവസവും എന്റെ അമ്മയെ വിളിക്കുമായിരുന്നു.
2024 ല് എന്റെ അമ്മയെ തിരുമ്മിക്കുന്നതിന് ഞാന് മുന്കൈയെടുത്ത് കുറിച്ചിത്താനത്തുള്ള ശ്രീധരി ആയുര്വേദ സെന്ററില് ഒന്നരമാസത്തോളം കിടത്തി ചികില്സിപ്പിച്ചു. ഈ വിവരം അറിഞ്ഞ ലിസ്സിക്കുട്ടിയും അമ്മയോടൊപ്പം രണ്ടുമൂന്നാഴ്ച താമസിച്ച് ചികിത്സയ്ക്കു വിധേയയായി. ആത്മാര്ത്ഥ സ്നേഹത്തിന് ഉദാഹരണങ്ങളാണ് ഇവയെല്ലാം.
ഇത്രയും എഴുതിയപ്പോഴാണ് എന്റെ അമ്മയെ കൂവള്ളൂര് എന്ന വീട്ടില് വിവാഹം കഴിക്കാനുണ്ടായ കാരണം ഞാന് തന്നെ അറിയുന്നത്. കുളങ്ങര തറവാട്ടിലെ എന്റെ വല്ല്യപ്പന് മരങ്ങാട്ടുപിള്ളി പള്ളിയുടെ കൈക്കാരന് ആയിരുന്ന സമയം അദ്ദേഹത്തിന് സ്വന്തമായി രജിസ്റ്റര് ചെയ്ത ചിട്ടി ഉണ്ടായിരുന്നു. ഈ വിവരം മുന്പ് ഞാന് എഴുതിയിരുന്നുവല്ലോ. മരങ്ങാട്ടുപിള്ളി പള്ളിക്ക് പള്ളി പണിയുടെ ആവശ്യത്തിന് ഫണ്ട് ഇല്ലാതെ വന്ന സാഹചര്യത്തില് പതിനായിരം രൂപയുടെ ഒരുചിട്ടി പള്ളിയുടെ പേര്ക്ക് വല്ല്യപ്പന് കുളങ്ങര ഔസേപ്പ് ഔസേപ്പ് ഉണ്ടാക്കി ആ ഫണ്ട് പള്ളി പണിക്കായി വിനിയോഗിച്ചു. അക്കാലത്ത് പലിശ 20 മുതല് 30 വരെ ആയിരുന്നു. ബാങ്കുകാര് വരെ ഈടാക്കിയിരുന്നത്. അതേസമയം എന്റെ വല്ല്യപ്പന് 100 രൂപയ്ക്ക് ഒരു രൂപ എന്നതോതിലാണ് പലിശ ഈടാക്കിയിരുന്നത്. ഇതെഴുതുമ്പോള് ഞാന് മലപ്പുറം ജില്ലയില് വെറ്റിലപ്പാറയില് താമസിച്ചിരുന്ന കാലത്ത് 'ആഴ്ചപ്പത്ത്' എന്ന തോതിലാണ് മുസ്ലിംങ്ങള് ആള്ക്കാര്ക്ക് പണം കൊടുത്തിരുന്നത്. അതായത് 100 രൂപയ്ക്ക് ഒരാഴ്ചത്തേക്ക് പത്തുരൂപ എന്നതോതില്. സാധാരണക്കാരായ കുടിയേറ്റക്കാരാണ് ഇത്തരത്തില് മുസ്ലീം പണക്കാരില് നിന്നും പണം കടം വാങ്ങിയിരുന്നത്. കുടിയേറ്റക്കാര് എല്ലാം തന്നെ കൃഷിക്കാരും. അവര്ക്കാണെങ്കില് യാതൊരുവരുമാനവും കാണുകയില്ല. സ്വന്തംഭൂമി പണയം വച്ചിട്ടായിരുന്നു ഇക്കൂട്ടര് പണം വാങ്ങിയിരുന്നത്. സാധുക്കളായ അവര്ക്ക് ആഴ്ചയില് 100 രൂപയ്ക്ക് 10 രൂപ എന്നുള്ളത് എത്ര ശതമാനം ആണെന്നു കണക്കുകൂട്ടാന്പോലും അറിഞ്ഞുകൂടായിരുന്നു. കണക്കു കൂട്ടിയാല് 500 ശതമാനത്തിലധികം പണം പലിശയിനത്തില് കൊടുക്കേണ്ടിവരുമെന്ന് സാധുകര്ഷകര്ക്ക് കണക്കൂകൂട്ടാന് അറിയാതെ പോയി. അങ്ങിനെ മലപ്പുറം ജില്ലയില് കുടിയേറിയ തിരുവിതാംകൂറില് നിന്നുമുള്ള പലകുടിയേറ്റ കര്ഷകരും കിട്ടിയവിലയ്ക്ക് തങ്ങളുടെ ഭൂമി മുസ്ലീം കച്ചവടക്കാര്ക്ക് വിട്ടുകൊടുത്ത് മലപ്പുറം ജില്ലയില് നിന്നും രക്ഷപ്പെട്ടു പോകേണ്ടി വന്ന ചരിത്രം നേരിട്ടറിയാവുന്ന ഒരാളാണ് ഞാന്. മുസ്ലീങ്ങള് അവരുടെ ഖുറാന് പറയുന്നതനുസരിച്ച് പലിശയ്ക്കല്ല പണം കടം കൊടുക്കുന്നത് 'ആഴ്ചപ്പത്ത്' എന്ന കപടനാമത്തില് ആണെന്നുമാത്രം.
ഏതായാലും കുളങ്ങര വല്ല്യപ്പന് കടംകൊടുത്തിരുന്നത് കണക്കൂട്ടിയാല് ഒരുവര്ഷം പന്ത്രണ്ടര ശതമാനമേ ആകുമായിരുന്നുള്ളു. അത് അന്നത്തെക്കാലത്ത് സാധാരണക്കാര്ക്ക് വലിയ ആശ്വാസവുമായിരുന്നു. എന്റെ വല്ല്യപ്പന്റെ അനുജന് റവ.ഫാ. ജോസഫ് കൂവള്ളൂര് മരങ്ങാട്ടുപിള്ളി പള്ളിയുടെ വികാരി ആയിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ജ്യേഷ്്ഠന്റെ ഇളയമകനായ എന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂരിനുവേണ്ടി കുളങ്ങര ഔസേപ്പ് ഔസേപ്പിന്റെ മകള്, എന്റെ അമ്മ, മേരിയുമായി വിവാഹാലോചന നടത്തുന്നത്. അവരിലുള്ള ആദ്യത്തെ സന്താനമായ എന്നോട് എന്തുകൊണ്ടോ കൂവള്ളൂര് വല്ല്യച്ചന് ഇഷ്ടമായിരുന്നു. അതിന്റെ പ്രതിഫലനമാണ് എനിക്ക് സ്കൂള് വിദ്യാഭ്യാസം കഴിഞ്ഞ് പിഡിസി മുതല് ബി.കോം ഡിഗ്രി പാസാകുന്നതു വരെയുള്ള ഫീസ് തന്നത് റവ.ഫാ. ജോസഫ് കൂവള്ളൂര് എന്ന വല്ല്യച്ചനായിരുന്നു. ഓരോ മാസവും അച്ചന്റെ മുറിയുടെ മുമ്പില് പോയി ഓഛാനിച്ചുനില്ക്കുന്നത് എനിക്ക് അക്കാലത്ത് നിന്ദ്യമായി തോന്നിയെങ്കിലും അദ്ദേഹത്തിന്റെ മഹാമനസ്കതയെ മറക്കാന് എനിക്കു കഴിയുകയില്ല. ആ പ്രതിഭയുടെ മുമ്പില് ഞാന് ശിരസ്സു നമിക്കുന്നു. കൂവള്ളൂര് തറവാട്ടിന്റെ ഒരു വീതത്തിന് അവകാശി ആയിരുന്ന ഒരു സമ്പന്നനായിരുന്നു എന്റെ വല്ല്യപ്പന്റെ അനുജന് റവ.ഫാ. ജോസഫ് കൂവള്ളൂര് എന്ന വല്ല്യച്ചന്. അദ്ദേഹത്തിന്റെ സ്വത്ത് അധികവും അനുഭവിച്ചത് തറവാട്ടിലുണ്ടായിരുന്ന പേരപ്പന് ആയിരുന്നു. റവ.ഫാ. ജോസഫ് ഉദാരമനസ്കനായിരുന്നു എന്നതിനു തെളിവാണ് കടപ്ലാമറ്റം ഹോസ്പിറ്റലിന്റെ വാര്ഡ് പണിക്ക് ഏറ്റവും കൂടുതല് പണം മുടക്കിയതും, കൂവള്ളൂര് തറവാട്ടില് തെങ്ങുകയറിക്കൊണ്ടിരുന്ന ഇപ്പേപ്പ് എന്ന പണിക്കാരന് ഒരുവീടുവച്ചുകൊടുത്തതും, മണ്ണുകൊണ്ടുള്ള ഓലക്കുടിലില് താമസിച്ചിരുന്ന എന്റെ മാതാപിതാക്കള്ക്ക് വീടുപണി പൂര്ത്തിയാക്കാന് പണം നല്കിയതും, വാസ്തവത്തില് റവ.ഫാ. ജോസഫ് കൂവള്ളൂര് ആയിരുന്നു. പണക്കാരന് ആയിരുന്നതുകൊണ്ടുതന്നെ കടപ്ലാമറ്റത്തുള്ള മറ്റ് അനേകരെ സഹായിച്ചിരുന്നതായും എനിക്കറിവുണ്ട്. അദ്ദേഹം മരിക്കുന്ന സമയത്ത് ഉണ്ടായിരുന്ന സ്വത്തുമുഴുവന് ദാനമായി മറ്റുള്ളവര്ക്കു നല്കിയിട്ടാണ് പോയത്.
ദീര്ഘകാലം റവ.ഫാ. ജോസഫ് കൂവള്ളൂരിന്റെ പാചകക്കാരനായിരുന്ന ലൂക്കാ ചേട്ടന് എന്ന വൈക്കംകാരന് താമസിക്കാന് ഒരുവീടും അല്പം സ്ഥലവും വാങ്ങാനുള്ള പണവും കൊടുത്തതായും എനിക്കറിവുണ്ട്. നാല്പതിലധികം വര്ഷം അച്ചനോടൊപ്പം നിന്ന ആളുമാണ് ലൂക്കാച്ചേട്ടന് എന്ന വൈക്കംകാരന്. കൂവള്ളൂര് തറവാട്ടില് എന്തു സദ്യ ഉണ്ടെങ്കിലും ലൂക്കാച്ചേട്ടന് ആയിരുന്നു മുഖ്യപാചകക്കാരന്. ഈ വകകാര്യങ്ങളെല്ലാം ഒരു കണ്ണാടിയില് എന്നപോലെ ഇപ്പോള് എന്റെ മുമ്പില് തെളിഞ്ഞുവരുന്നു.
കുളങ്ങര ഔസേപ്പ് ഔസേപ്പ് എന്ന എന്റെ വല്ല്യപ്പന് മരിക്കുന്നതിനു കുറെ മുന്പ് കുറെനാള് വാര്ദ്ധക്യസഹജമായ അസുഖങ്ങളാല് രോഗശയ്യയില് കിടക്കുകയുണ്ടായി. ആ സമയത്ത് ഞാന് നാട്ടില് ഉണ്ടായിരുന്നു. എന്റെ വല്ല്യപ്പനെ ശുശ്രൂഷിക്കാന് വീടുനിറയെ ആള്ക്കാരായിരുന്നു. മക്കളും, അവരുടെ ഭാര്യമാരും, അവരുടെ മക്കളും, അവര്ക്കു പുറമെ വല്ല്യമ്മയുടെ വീട്ടുകാരും. എല്ലാവരും മാറിമാറി വല്ല്യപ്പനെ ശുശ്രൂഷിക്കാന് അടുത്തുണ്ടായിരുന്നു. എന്റെ വല്ല്യപ്പന് രോഗിയായി കിടന്നപ്പോള് ഒരിക്കല് ഞാന് കാണാന് പോയിരുന്നു. അപ്പോള് എന്റെ പിതാവിന്റെ അപ്പന് വര്ഷങ്ങള്ക്കു മുന്പ് 500 രൂപ എന്റെ പിതാവിന്റെ ഇളയ സഹോദരി സിസ്റ്റര് ചാള്സ് സി.എം.സിയെ മഠത്തില് ചേര്ക്കുന്നതിലേക്ക് പണം വാങ്ങിയിരുന്നു എന്നും, ഒരു വ്യവസ്ഥപ്രകാരമാണ് വാങ്ങിയതെന്നും ആ വ്യവസ്ഥ പാലിച്ചില്ലെന്നും എന്നോടു പറയുകയുണ്ടായി. സിസ്റ്റര് ചാള്സിന്റെ പേര്ക്കുള്ള സ്ഥലം എന്റെ മാതാവിന് സ്ത്രീധനമായി കൊടുത്തുകൊള്ളാം എന്നതായിരുന്നു കരാറ്. പക്ഷേ എന്റെ പിതാവിന്റെ പിതാവ് ആവ്യവസ്ഥ പൂര്ത്തികരിച്ചില്ല. ആ വീതം എന്റെ പിതാവിന്റെ മൂത്തസഹോദരന് കറിയാസാറിനു വിട്ടുകൊടുക്കുകയാണുണ്ടായത്. അന്നത്തെക്കാലത്ത് പെണ്കുട്ടികളെ മഠത്തില് വിടുമ്പോള് അവര്ക്കുള്ള വീതം, അല്ലെങ്കില് തത്തുല്യമായ തുക മഠത്തില് കൊടുത്തിരിക്കണം. ആ ആവശ്യത്തിലേക്കാണ് പണം വാങ്ങിയത്.
ഈ വിവരം ഞാന് എന്റെ പിതാവിനെ അറിയിച്ചു താമസിയാതെ ഉത്തരിപ്പുകടം ഉണ്ടാവാതിരിക്കാന് എന്റെ പിതാവ് മരണക്കിടക്കയില് തന്നെ വല്ല്യപ്പനു പണം കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. 1981 ജൂലൈ 11ന് ആയിരുന്നു എന്റെ വല്ല്യപ്പന് ഔസേപ്പ് ഔസേപ്പ് കുളങ്ങര ഇഹലോകവാസം വെടിഞ്ഞത്. ആ സമയത്ത് ഞാനും ഉണ്ടായിരുന്നു എന്റെ ജീവിതത്തിലെ ഒരു അനര്ഹനിമിഷമായിരുന്നു അത്. ഈയിടെ പല്ലാട്ട് ബ്രഹ്മദത്തന് എന്ന ആന ഇടിവെട്ടേറ്റ് ജീവന് വെടിഞ്ഞതും, ആ ആനയുടെ മൃതശരീരം കണ്ട് ജനങ്ങള് വാവിട്ടു കരയുന്നതും ഇതുവായിക്കുന്ന പലരും കണ്ടുകാണുമല്ലോ. അതുപോലെയായിരുന്നു എന്റെ വ്ല്ല്യപ്പന് മരിച്ചപ്പോള് ഉണ്ടായരംഗം. ബന്ധുമിത്രാദികളും സ്വന്തക്കാരുമെല്ലാം പൊട്ടിക്കരയുന്നരംഗം. അത് കേരളത്തില്, പ്രത്യേകിച്ച് പാലാക്കാര്ക്കു മാത്രമുള്ള ഒരു സ്നേഹപ്രകടനമാണ്. അമേരിക്കയില് ഇത്തരത്തിലുള്ള ഒരുവികാരപ്രകടനം വളരെ ചുരുക്കമാണ്. മരിക്കുന്നതുവരെ ഹോസ്പിറ്റലില് പോയി ചികിത്സതേടാത്ത ഒരാളായിരുന്നു എന്റെ വല്ല്യപ്പന്. എന്തെങ്കിലും രോഗം വന്നാല് ആയുര്വേദ ചികിത്സകള്മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ജനനം മുതല് മരണം വരെ എല്ലാം ഹോസ്പിറ്റലുമായി ബന്ധപ്പെട്ടുമാത്രം. മരിച്ചാല് പോലും ഹോസ്പിറ്റലില് കൊണ്ടുപോയി മരിച്ചു എന്ന് ഉറപ്പുവരുത്തി സര്ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ഇല്ലെങ്കില് ചിലപ്പോള് ജയിലില് പോകേണ്ടിവന്നേക്കും. കോവിഡ് - 19 വന്നപ്പോള് വാക്സിനേഷന് എടുക്കാത്ത വിദേശികളെ വീടുവളഞ്ഞ് കസ്റ്റഡിയില് എടുത്തതുമെല്ലാം ഇന്നും ഞാന് ഓര്ക്കുന്നു. ഇതിനിടയാക്കിയ അമേരിക്കയിലെ മുന് പ്രസിഡണ്ടായിരുന്ന ബൈഡന്റെ ചീഫ് മെഡിക്കല് അഡൈ്വസര് ആയിരുന്ന ഡോ. ആന്റണി ഫൗചി എന്നയാള് ഇന്ന് അമേരിക്കയില് കൊലപാതകകുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. ലോകത്തിലുള്ള മുഴുവന് മനുഷ്യരാശിയുടെയും ജനനം മുതല് മരണം വരെയുള്ള കാര്യങ്ങള് ഹോസ്പിറ്റലുകള് വഴി ആയിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ഒരാള് ജീവിക്കണോ മരിക്കണോ എന്തു തിന്നണം, എന്തു കുടിക്കണം ഇവയെല്ലാം തീരുമാനിക്കേണ്ടത് മെഡിക്കല് ലോബി ആയിരിക്കണം എന്നുള്ളതായിരുന്നു ഈ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടായിരുന്ന രഹസ്യം. പ്രസിഡന്റ് ട്രംപ് അധികാരത്തില് വീണ്ടും വന്നതോടെ മെഡിക്കല് ലോബിയുടെ ഈ ഗൂഢതന്ത്രം പുറത്തുവന്നു. ഡോ. വി.എ. ശിവ അയ്യാദുരൈ എന്ന ഒരു ഇന്ഡ്യന് ശാസ്ത്രജ്ഞന് കോവിഡ് - 19 വാക്സിനേഷനെതിരെ ജനങ്ങളെ സംഘടിപ്പിച്ച ആളായിരുന്നു. അദ്ദേഹത്തിന്റെ 50,000 പോരാളികളില് ഒരാളായിരുന്നു ഞാനും. അദ്ദേഹത്തിന്റെ പോരാളികള് ആരും കോവിഡ് -19 വാക്സിനേഷന് എടുത്തുമില്ല. ഇപ്പോഴാണ് എടുക്കാത്തവരാണ് ഭാഗ്യവാന്മാരെന്ന് ലോകം അറിയുന്നത്. ലോകത്തില് സ്ഥായിയായി ഒരു നിയമവും ഇല്ല എന്നതിന് തെളിവാണിത്.
തുടരും...
Read More: https://www.emalayalee.com/writer/114