
ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസമേകി റഷ്യൻ ഊർജ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഉപരോധങ്ങളിലും തീരുവകളിലും ഇളവ് അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026 സെപ്റ്റംബറിൽ അദ്ദേഹം ഒപ്പുവച്ച 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇളവ് അനുവദിച്ചത്. വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ, അമേരിക്കയുടെ ദേശീയ താൽപ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
"ഗ്രഹാം നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഉപരോധങ്ങൾ, നിയന്ത്രണങ്ങൾ, തീരുവകൾ എന്നിവയുടെ പ്രയോഗത്തിൽനിന്ന് ഞാൻ ഇളവ് അനുവദിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ഇളവ് അമേരിക്കയുടെ ദേശീയ താൽപ്പര്യത്തിന് അനുയോജ്യമാണെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ട്," ട്രംപ് ഉത്തരവിൽ പറഞ്ഞു.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് അമേരിക്കയുടെ പുതിയ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. നൂറ് ശതമാനം തീരുവ ചുമത്തിയിരുന്നെങ്കിൽ അത് ഇന്ത്യൻ കയറ്റുമതിക്കാരെ വലിയ രീതിയിൽ ബാധിക്കുമായിരുന്നു. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഈ ഇളവ് ഇന്ത്യയെ സഹായിക്കുമെന്ന് ഗ്രാൻ്റ് തോൺടൺ ഭാരതിലെ വിദഗ്ധനായ മനോജ് മിശ്ര വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കും ഈ തീരുമാനം അനുകൂല സാഹചര്യമൊരുക്കും
എന്നാൽ, ഉത്തരവിലൂടെ റഷ്യയുമായി ബന്ധപ്പെട്ട തീരുവകൾ നടപ്പാക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതിനാൽ, ഭാവിയിൽ ഏത് സമയത്തും ട്രംപിന് വീണ്ടും തീരുവകൾ ഏർപ്പെടുത്താൻ കഴിയും. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് സെനറ്റർ ലിൻഡ്സെ ഒ. ഗ്രഹാമിന്റെ നേതൃത്വത്തിലാണ് നിയമനിർമാണ നീക്കം നടന്നത്.