Image

സ്വർഗ്ഗപുത്രി, നവരാത്രി (സുധീർ പണിക്കവീട്ടിൽ)

Published on 19 October, 2026
സ്വർഗ്ഗപുത്രി, നവരാത്രി (സുധീർ പണിക്കവീട്ടിൽ)

വയലാറിന്റെ പ്രശസ്തമായ ഗാനമാണ് സ്വർഗ്ഗപുത്രി, നവരാത്രി.  നവരാത്രിയെ സ്വർഗ്ഗപുത്രിയായി വിശേഷിപ്പിക്കുന്ന വളരെ മനോഹരമായ ഒരു സങ്കൽപ്പമാണത്. നവരാത്രിയുടെ സൗന്ദര്യം ഇതിൽ  പ്രതിഫലിക്കുന്നു.ആദിപരാശക്തിയായ ദേവിയെ ഒമ്പത് രൂപത്തിൽ ആരാധിക്കുന്ന  ഉത്സവമാണ് നവരാത്രി. 2026-ലെ ശാരദീയ നവരാത്രി ഉത്സവം ഒക്ടോബർ 11 ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 20 ചൊവ്വാഴ്ച വിജയദശമിയോടെ സമാപിക്കുന്നു. ഒമ്പതു രാത്രികളും പത്തു പകലുകളുമായി ആഘോഷിക്കുന്ന നവരാത്രി തിന്മയുടെ മേൽ നന്മ നേടിയ ഓർമ്മ പുതുക്കുന്നു. അതെ സമയം ഈ ആഘോഷം സ്ത്രീ ശക്തിയെ എടുത്തുകാട്ടുന്നു. ആദ്യത്തെ മൂന്നു ദിവസം മഹാകാളിയാകുന്നു, അടുത്ത മൂന്നു  ദിവസങ്ങൾ മഹാലക്ഷ്മി, അവസാനത്തെ മൂന്നു ദിവസം മഹാസരസ്വതി. ഇത് യഥാക്രമം ശക്തിയുടെ, സമ്പത്തിന്റെ അറിവിന്റെ  ദിവസങ്ങളായി കണക്കാക്കുന്നു.  മേല്പറഞ്ഞ മുമ്മൂന്നു ദിവസങ്ങൾ ദുർഗ്ഗാഷ്ടമി,  മഹാനവമി,വിജയദശമി, എന്നറിയപ്പെടുന്നു.
ഒമ്പത് ദിവസങ്ങളിലെ ദേവിമാരെ  നവദുർഗ്ഗമാർ എന്ന് വിളിക്കുന്നു.അവരെ ഓർക്കാൻ ഒരു ശ്ലോകം ഉണ്ട്.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാ്ണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കനന്ദമേതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ

1.ശൈലപുത്രി

നവരാത്രിയുടെ ആദ്യനാള്‍ ശൈലപുത്രിയെ ആരാധിക്കുന്നു. ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി.   ഒരു കൈയ്യില്‍ തൃശൂലവും മറു കയ്യിൽ താമരയുമേന്തി നിൽക്കുന്ന  ദുർഗ്ഗാ   ഭാവമാണിത്. അവർ ഇരിക്കുന്നത് കാളപ്പുറത്താണ്. ത്രിമൂർത്തികളുടെ  ശക്തികള്‍ ഒന്നു ചേർന്ന  മൂർത്തി   ഭാവമാണ് ശൈലപുത്രി.

2.ബ്രഹ്മചാരിണി

നാരദമുനിയുടെ നിർദ്ദേശപ്രകാരം  ശിവപത്നിയാകുവാന്‍ ആഗ്രഹിച്ച്  കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ  ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ  ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണി.

3.ചന്ദ്രഘണ്ഡാ

മണിയുടെ ആകൃതിയില്‍ നെറ്റിയിൽ   ചന്ദ്രക്കലയുള്ളതിനാൽ  ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തില്‍ അറിയപ്പെടുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്ത് കൈകളുണ്ട്. ഓരോ കൈകളിലുമായി പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്

4.കൂശ്‍മാണ്ഡ

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂശ്‍മാണ്ഡ.എട്ട് കൈകളിലായി ദേവി താമര, വിവിധ ആയുധങ്ങള്‍, ജപമാല മുതലായവ ധരിച്ചിരിക്കുന്നു..

5.സ്‍കന്ദമാതാ

ബാലമുരുകനെ,  സ്കന്ദനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യരൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി . മുരുകന്റെ  മാതാവായതിനാല്‍ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു.

6.കാത്യായനീ

കാത്യായന ഋഷിയുടെ പുത്രിയായി അവതരിച്ച ദേവിയാണ് കാത്യായനി. നവരാത്രിയിലെ ആറാം ദിനം കാത്യായനിയുടെ ആരാധനയാല്‍ മഹത്വപൂർണ്ണമാകുന്നു..

7.കാളരാത്രീ

ദുർഗ്ഗാദേവിയുടെ രൗദ്രരൂപമാണ് കറുത്ത ശരീരം ഉള്ള കാളരാത്രി.  കാളരാത്രീ ഭാവത്തിലാണ് ഏഴാം നാള്‍ ദേവിയെ ആരാധിക്കുന്നത്. നാലു കൈകളോടുകൂടിയ  ദേവിയുടെ വലതുകരങ്ങൾ  എപ്പോഴും അനുഗ്രഹം ചൊരിയുന്നു. ഭക്തരെ എല്ലാവിധ ഭയത്തില്‍ നിന്നും ക്ലേശങ്ങളിൽ  നിന്നും സംരക്ഷിക്കുന്നതിനാൽ  ദേവിക്ക് ശുഭകാരി എന്നൊരു  നാമവുമുണ്ട്.

8.മഹാഗൗരി

ശാന്തിയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി.   വെളുത്ത നിറമുള്ള  ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർഥം. അഭയ-വരദ മുദ്രകളും ശൂലവും ഡമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.

9.സിദ്ധിധാത്രി

എപ്പോഴും ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക്  സർവ്വ സിദ്ധികളും പ്രദാനം  ചെയ്യുന്നു. ഒമ്പതാം  നാള്‍ സിദ്ധിധാത്രി രൂപത്തില്‍ ദുർഗ്ഗാദേവി ആരാധിക്കപ്പെടുന്നു. സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണ് പരമേശ്വരന് സർവ്വസിദ്ധികളും ലഭിച്ചതെന്നും അതിനാൽ തന്നെ തന്റെ പാതി ദേവിക്ക് നൽകി ഭഗവാൻ  അർദ്ധനാരീശ്വരനായെന്നുമാണ് പുരാണങ്ങളിൽ പറയുന്നത്.
നവരാത്രി ഐതിഹ്യം: പോത്തിന്റെ  തലയുള്ള വളരെ  പരാക്രമശാലിയായ മഹിഷൻ എന്ന അസുരൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി ഒരു സ്ത്രീയിൽ നിന്നേ തനിക്ക് മരണമുണ്ടാകാവൂ എന്ന വരം  നേടി.ശക്തനായ തന്നെ ഒരു സ്ത്രീയും നേരിടില്ല എന്ന വിശ്വാസത്തിൽ അഹങ്കരിച്ച് അവൻ ലോകം കീഴടക്കി.ഈ അസുരന്റെ  ശല്യം തീർക്കാൻ എല്ലാ ദേവീദേവന്മാരുടെയും ശക്തികൾ ഒത്തുചേർന്ന് ആദിപരാശക്തി പുനരവതരിച്ചു. ദേവിയും മഹിഷാസുരനും തമ്മിൽ ഒൻപത് രാത്രിയും പത്ത് പകലും യുദ്ധം ചെയ്തു. പത്താം ദിവസം (വിജയദശമി) ദേവി മഹിഷാസുരനെ വധിച്ചു. ദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസം മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗയുടെ വിജയസ്മരണ ഉണർത്തുന്നു. ഇരുട്ടിൽനിന്നും  വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് 

നവരാത്രി നൽകുന്ന സന്ദേശം

ചുവന്ന പൂക്കൾ ദേവിക്ക് ഏറ്റവും പ്രിയങ്കരമാണ്. ഭദ്രകാളിക്ക് ചുവപ്പും ലക്ഷ്മിക്ക് മഞ്ഞയും സരസ്വതിക്ക്.വെള്ളയുമാണ് കൂടുതൽ നല്ലത്. 9 ദിവസവും പൂജക്ക് ചെത്തി, ചെമ്പരത്തി നന്ത്യാർവട്ടം, തുളസി, അരളി, താമര തുടങ്ങിയവ ഉപയോഗിക്കാം.

വിജയദശമി നാളിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.   തളികയിലെ അരിയിലാണ് കുട്ടികളെക്കൊണ്ടെഴുതിക്കുന്നത്. ഒരാളുടെ അരിയിൽ മറ്റൊരാൾ എഴുതാൻ പാടില്ല. എഴുതിയ അരി ആ കുട്ടിക്കുതന്നെ പാകം ചെയ്തുകൊടുക്കേണ്ടതാണ്. നാവിൽ സ്വർണ്ണം കൊണ്ടും എഴുതാറുണ്ട്. അറിവിന്റെ ലോകത്തേക്കുള്ള കുരുന്നുകളുടെ കാൽ വയ്പ്പ് മാതാപിതാക്കൾക്ക് വളരെ ആഹ്ളാദം പകരുന്ന  ചടങ്ങാണ്. ഭാരതീയ സംസ്‌കാരത്തിൽ അരി (അന്നം) ബ്രഹ്മത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു. അതിനാൽ കുട്ടിക്ക് ലഭിക്കുന്ന അറിവ്  ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഇതു നിർവഹിക്കുക.  ആദ്യമായി എഴുതുന്ന "ഓം ഹരിഃ ശ്രീ ഗണപതയേ നമഃ" എന്ന മന്ത്രം പ്രപഞ്ചത്തിന്റെ നാദത്തെയും (ഓം), സൃഷ്ടികർത്താവിനെയും (ഹരി), ഐശ്വര്യത്തെയും (ശ്രീ), വിഘ്നങ്ങൾ മാറ്റുന്ന ദൈവത്തെയും (ഗണപതി) വണങ്ങിക്കൊണ്ടുള്ളതാണ്. കുട്ടിയുടെ ചൂണ്ടുവിരൽ പിടിച്ചാണ് അരിയിൽ അക്ഷരങ്ങൾ എഴുതിക്കുന്നത്. നവഗ്രഹങ്ങളിൽ വിദ്യയുടെയും ബുദ്ധിയുടെയും ദേവനായ വ്യാഴത്തെ (Jupiter) പ്രതിനിധീകരിക്കുന്ന വിരലാണ് ചൂണ്ടുവിരൽ.

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം  കരിഷ്യാമി സിദ്ധിർ ഭവതുമേ സദാ

പഠനം തുടങ്ങുന്നതിന് മുൻപോ, വിദ്യാരംഭ ദിവസങ്ങളിലോ വിദ്യയുടെ ദേവതയായ സരസ്വതിയുടെ അനുഗ്രഹം തേടി   കുട്ടികൾ ചൊല്ലുന്ന മന്ത്രമാണിത്.

അർത്ഥം: വരങ്ങൾ നൽകുന്നവളും ജ്ഞാനത്തിന്റെ രൂപവുമായ സരസ്വതിദേവി, ഞാൻ നിന്നെ വന്ദിക്കുന്നു. ഞാൻ എന്റെ വിദ്യാഭ്യാസം (പഠനം) ആരംഭിക്കുകയാണ്. എനിക്ക് എപ്പോഴും അതിൽ വിജയവും സിദ്ധിയും ഉണ്ടാകണമേ."

വെളുത്ത താമരയിൽ ശുഭ്രവസ്‌ത്രധാരിണിയായി വീണയും പുസ്തകങ്ങളും കയ്യിലേന്തിയാണ് ദേവി സരസ്വതിയെ കാണുക. സത്യത്തിന്റെയും നൈർമ്മല്യത്തിന്റെയും പ്രതീകമായാണ് വെളുത്ത നിറം കണക്കാക്കപ്പെടുന്നത്. അറിവ് അവിദ്യയാകുന്ന ഇരുട്ടിനെ അകറ്റി വെളിച്ചം പരത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെളുത്ത താമരയിൽ ഇരിക്കുന്ന ദേവി ആത്മീയജ്ഞാനത്തെ സൂചിപ്പിക്കുന്നു.  ദേവിയുടെ കൈകളിലെ വീണ കലകളെയും സംഗീതത്തെയും, പുസ്തകം വേദങ്ങളെയും അറിവിനെയും പ്രതിനിധീകരിക്കുന്നു.

വിദ്യാധനം സർവ്വധനാൽ പ്രധാനം!!. എല്ലാവരും വിദ്യാസമ്പന്നരാകട്ടെ എന്നാശംസിക്കുന്നു.
ശുഭം

 

Join WhatsApp News
ജോസഫ്‌ എബ്രഹാം 2026-10-19 10:32:03
സുധീർ പണിക്കവീട്ടിലിന്റെ ഓരോ കുറിപ്പുകളും വളരെയേറെ അറിവുകൾ നൽകുന്നതാണ്. ഭാരതീയ ആചാരങ്ങളെക്കുറിച്ചും അവയ്ക്കു പിന്നിലെ ഐതിഹങ്ങളെക്കുറിച്ചുമുള്ള അറിവുകൾ വായിച്ചു മനസ്സിലാക്കാൻ കഴിയുന്നത് രസകരമാണ്. ഒരു അറിവും ചെറുതല്ല-കഥയായാലും കാര്യമായാലും 🙏❤️
Jayan varghese 2026-10-19 16:04:04
ഇന്ത്യൻ മിതോളജിയിൽ ആഴത്തിൽ വായനയുള്ള ശ്രീ സുധീറിന്റെ അറിവുകൾ പ്രയോജനപ്പെടുത്തുവാൻ അമേരിക്കയിലെ മലയാളി ( സാഹിത്യ )സംഘടനകൾ മുൻകൈ എടുക്കേണ്ടതാണ്‌‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക