
ഹൂസ്റ്റണ്‍: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഒക്ടോബര്‍ മാസ സൂം സമ്മേളനം 2026 ഒക്ടോബര്‍ 11-ന് വൈകുന്നേരം 4 മണിക്ക് നടന്നു. പ്രസിഡന്റ് ജോര്‍ജ് പുത്തന്‍കുരിശ് യോഗത്തിന് അധ്യക്ഷത വഹിച്ച് അംഗങ്ങളെ സ്വാഗതം ചെയ്തു. സ്വാഗത പ്രസംഗത്തില്‍, നവംബര്‍ 8-ന് ടെക്‌സസിലെ സ്റ്റാഫോര്‍ഡിലുള്ള ഫിയസ്റ്റ മെക്‌സിക്കാന ഓഡിറ്റോറിയത്തില്‍ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യുസ്റ്റണ്‍ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയെക്കുറിച്ച് അദ്ദേഹം അറിയിച്ചു. പ്രശസ്ത പിന്നണിഗായകന്‍
വില്‍സ്വരാജ് പരിപാടിയില്‍ പങ്കെടുക്കുകയും മലയാളത്തിലെ വിവിധ ജനപ്രിയ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം
പ്രഖ്യാപിച്ചു. സംഗീതസന്ധ്യയുടെ വിജയത്തിനായി എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സെക്രട്ടറി ടി. എന്‍. സാമുവല്‍ തന്റെ മറ്റു അറിയിപ്പുകളോടൊപ്പം പ്രസിഡന്റിന്റെ സന്ദേശത്തിന് ഊന്നല്‍ നല്‍കി സംഗീതസന്ധ്യയില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സമ്മേളനത്തിന്റെ നിയന്ത്രണം മോഡറേറ്ററായ ഡോ. ജോസഫ് പൊന്നോലി ഏറ്റെടുത്തു.
ഡോ. പൊന്നോലി, സാഹിത്യത്തോടും കഥാരചനയോടുമുള്ള താല്‍പര്യം കൊണ്ട് ശ്രദ്ധേയനായ ജെയിംസ് ചിറത്തടത്തിലിനെ
പരിചയപ്പെടുത്തി. മുന്‍കാലങ്ങളിലും മലയാളം സൊസൈറ്റി വേദികളില്‍ അദ്ദേഹം വിവിധ വിഷയങ്ങളും കഥകളും
അവതരിപ്പിച്ചിട്ടുണ്ടെന്ന് അനുസ്മരിച്ചു.

തുടര്‍ന്ന് ജെയിംസ് ചിറത്തടത്തില്‍ തന്റെ ദീര്‍ഘകഥയായ ''മനോയാനം'' അവതരിപ്പിച്ചു. ജോയല്‍, ഡോണ, അവരുടെ മകന്‍ ജൂഡ് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്.
പരസ്പരം ആഴത്തില്‍ മനസ്സിലാക്കാതെയും കുടുംബപശ്ചാത്തലങ്ങള്‍ അറിയാതെയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന രണ്ട് വ്യക്തികളുടെ ജീവിതസംഘര്‍ഷങ്ങളാണ് കഥയുടെ പ്രമേയം. ഡോണയുടെ ജീവിതാനുഭവങ്ങളും ജോയലിന്റെ അനുഭവലോകവും പരസ്പരം വ്യത്യസ്തമായതിനാല്‍ ദാമ്പത്യജീവിതത്തില്‍ നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നു.
ഡോണയുടെ പ്രിയപ്പെട്ട വളര്‍ത്തുനായ വില്‍സണ്‍, ജോയലിനും ഡോണയ്ക്കുമിടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. തന്റെ വളര്‍ത്തുനായയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഒരു സ്‌കിറ്റില്‍ ജോയല്‍ പങ്കെടുക്കണമെന്ന് ഡോണ നിര്‍ബന്ധിക്കുന്നു. എന്നാല്‍ കടുത്ത സ്റ്റേജ് ഭയം കാരണം ജോയല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു.
അവസാനം സ്‌കിറ്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ച ജോയല്‍, ഭയം മറികടക്കാന്‍ സുഹൃത്തായ ജോണിയുമായി ചേര്‍ന്ന് പ്രത്യേക ക്രമീകരണം നടത്തുന്നു. സ്‌കിറ്റ് തുടങ്ങുന്നതിന് മുമ്പ് കോഗ്‌നാക്കും ഇളനീരും കലര്‍ത്തിയ പാനീയം എത്തിക്കാമെന്ന് ജോണി വാഗ്ദാനം
ചെയ്യുന്നു. എന്നാല്‍ ജോണി വൈകി എത്തുകയും പരിപാടി ആരംഭിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു.
ഒടുവില്‍ പാനീയമെത്തിയപ്പോള്‍ ജോയല്‍ അത് കഴിച്ച് മദ്യലഹരിയിലാകുന്നു. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. സ്‌കിറ്റ് അവതരണം താറുമാറാകുകയും പ്രേക്ഷകരില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്യുന്നു. ഡോണയ്ക്ക് വേദി വിട്ടിറങ്ങേണ്ടിവരുന്നു. പൊതുസമക്ഷം ജോയലിനെ കുറ്റപ്പെടുത്തുകയും താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്യുന്നു.

മടങ്ങിവരുന്ന വഴിയിലും ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഏകമകനായ ജൂഡിന്റെ മുന്നില്‍ ഉണ്ടായ സംഘര്‍ഷം
ശാരീരിക കൈയാങ്കളിയിലേക്ക് വരെ നീളുന്നു. ഭയന്നുപോയ ജൂഡ് പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് ജോയല്‍
അറസ്റ്റിലാകുകയും ചെയ്യുന്നു.
എന്നാല്‍ കുടുംബബന്ധങ്ങളുടെ പുനര്‍നിര്‍മാണത്തിന്റെയും ആത്മപരിശോധനയുടെയും സന്ദേശം നല്‍കിക്കൊണ്ട് കഥ
ശുഭപ്രതീക്ഷയോടെ അവസാനിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ബന്ധങ്ങളെ വീണ്ടെടുക്കാനുള്ള സാധ്യതകളെ കഥ മുന്നോട്ടുവയ്ക്കുന്നു.
കഥയെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രൊഫ. ഫിലിപ്പ് കല്ലട (കാലിഫോര്‍ണിയ), നാരായണന്‍ നായര്‍, വിജി നായര്‍, ശശിധരന്‍പിള്ള, റോയ് തോമസ്, സുരേന്ദ്രന്‍ നായര്‍ ജോസഫ് താച്ചറ, ഉഷാ നായര്‍ (ഡാലസ്), എ. സി. ജോര്‍ജ്, ഡോ. ജോസഫ് പൊന്നോളി, ടി. എന്‍. സാമുവല്‍, വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ള, ജോര്‍ജ് പുത്തന്‍കുരിശ് എന്നിവര്‍ സജീവമായി പങ്കെടുത്തു. കഥയുടെ ആശയവും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ജെയിംസ് ചിറത്തടത്തില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി നല്‍കി.
സെക്രട്ടറി ടി. എന്‍. സാമുവല്‍ നന്ദിപ്രസംഗം നിര്‍വഹിച്ചതോടെ വൈകുന്നേരം 6 മണിക്ക് സമ്മേളനം സമാപിച്ചു.