Image

പാരാ സ്‌പോര്‍ട്‌സില്‍ ഇന്ത്യന്‍ കുതിപ്പ് (സനിൽ പി.തോമസ് )

Published on 19 October, 2026
പാരാ സ്‌പോര്‍ട്‌സില്‍ ഇന്ത്യന്‍ കുതിപ്പ് (സനിൽ  പി.തോമസ് )

വൈകല്യമുള്ളവരുടെ കായികവാസന പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങിയതോടെ അദ്ഭുതകരമായ മുന്നേറ്റമാണ് ഈ രംഗത്ത് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ജപ്പാനിലെ ഐച്ചി -നഗോയില്‍ ഏഷ്യന്‍ ഗെയിംസ് സമാപിച്ചതിനു പിന്നാലെ ഏഷ്യന്‍ പാരാ ഗെയിംസ് അഥവാ പാരാ ഏഷ്യാഡിനു തുടക്കമായി. 2024 ല്‍ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആറു മെഡല്‍ നേട്ടത്തെ ബഹുദൂരം പിന്തള്ളി പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യ തിളങ്ങിയിരുന്നു. ഏഴു സ്വര്‍ണ്ണവും ഒന്‍പതും  വെള്ളിയും 13 വെങ്കലവുമായി 29 മെഡലുകളാണ് പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ഐച്ചി-നഗോയ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യ പാരിസ് ആവര്‍ത്തിക്കുമെന്നാണ് തുടക്കത്തിലെ കുതിപ്പ് സൂചിപ്പിക്കുന്നത്. ഗെയിംസ് രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ രണ്ടു സ്വര്‍ണ്ണം ഉള്‍പ്പെടെ ആറു മെഡല്‍ സ്വന്തമാക്കിക്കഴിഞ്ഞു. പുരുഷന്മാരുടെ ലോങ് ജംപില്‍ (ടി 47 വിഭാഗം) നിഷാദ് കുമാര്‍ 7.11 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി. വനിതകളുടെ  10 മീററര്‍ എയര്‍ റൈഫിള്‍(സ്റ്റാന്‍ഡിങ് SH 1 വിഭാഗം) ഷൂട്ടിങ്ങില്‍ മോണാ അഗര്‍വാള്‍ സ്വര്‍ണ്ണം നേടി. മോണ 250 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ വെള്ളി നേടിയത് ഇന്ത്യയുടെ തന്നെ അവാനി ലേഖ്‌റയാണ്(249.6 പോയിന്റ്). അവാനി പാരിസ് പാരാലിംപിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേത്രിയാണ്.

168 അത്‌ലിറ്റുകള്‍(112 പുരുഷന്മാരും 56 വനിതകളും) ഉള്‍പ്പെടെ 281 അംഗ ടീമിനെയാണ് ഇന്ത്യ ഐച്ചി-നഗോയ ഏഷ്യന്‍ പാരാ ഗെയിംസിന് അയച്ചിരിക്കുന്നത്. 5000 വര്‍ഷം പിന്നോട്ടുള്ള ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതിയാണ് 100 ല്‍ അധികം ഇന്ത്യന്‍ താരങ്ങള്‍ ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഇന്‍ഡസ് വാലി സംസ്‌കാരത്തിന്റെ മുദ്രകള്‍ പതിച്ച ബ്ലേസറുകളാണ് ഇന്ത്യന്‍ സംഘം ധരിച്ചത്. പാരാലിംപിക് മെഡല്‍ നേടിയ സ്പ്രിന്റര്‍ സിമ്രാന്‍ ശര്‍മയും ഷട്ടില്‍ ബാഡ്മിന്റന്‍ താരം പ്രമോദ് ഭാഗതുമാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.

ഒക്ടോബര്‍ 18 നു തുടങ്ങിയ ഏഷ്യന്‍ പാരാ ഗെയിംസ് 24 വരെ നീളും. 2010 ല്‍ ചൈനയിലെ ഗാങ്‌ചോയില്‍ തുടക്കമിട്ട ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യ ഇതുവരെ ഓരോ പതിപ്പിലും പ്രകടനം മെച്ചപ്പെടുത്തി വരുന്നു. ഉദ്ഘാടന ഗെയിംസില്‍ 14 മെഡല്‍ നേടിയ ഇന്ത്യ 2014 ല്‍ 33 മെഡലും 2018 ല്‍ 72 മെഡലും നേടി. 2023 ല്‍ ഹാങ്‌ചോയില്‍ 29 സ്വര്‍ണ്ണവും 31 വെള്ളിയും 51 വെങ്കലും ഉള്‍പ്പെടെ 111 മെഡല്‍ കരസ്ഥമാക്കി. 2010 ല്‍ പുരുഷന്മാരുടെ എഫ് 46 ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടിയ ജഗസീര്‍ സിങ് ആണ് ഇന്ത്യയുടെ പ്രഥമ മെഡല്‍ ജേതാവ്.

ഏഷ്യന്‍ പാരാ ഗെയിംസിനു മുമ്പ് 1975 മുതല്‍ 2006 വരെ ഫെസ്പിക്(FESPIC)ഗെയിംസ് പാരാ അത്‌ലിറ്റുകള്‍ക്കായി നടത്തിയിരുന്നു. ഏഷ്യാ-പെസിഫിക് മേഖലയില്‍ നിന്നുള്ള താരങ്ങളാണ് മത്സരിച്ചുപോന്നത്. പാരാലിംപിക്‌സ് ഒളിംപിക്‌സ് നഗരത്തില്‍ നടത്തുന്നതുപോലെ ഏഷ്യന്‍ പാരാ ഗെയിംസും ഏഷ്യാഡ് നടന്ന നഗരത്തില്‍ തന്നെ നടത്തുന്ന രീതിയാണ് 2010ല്‍ തുടങ്ങിയത്. ഏഷ്യന്‍ പാരാലിംപിക് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ പാരാലിംപിക് കമ്മറിറിക്കു കീഴിലാണ് ഏഷ്യന്‍ ഘടകത്തിന്റെ പ്രവര്‍ത്തനം. ഇന്ത്യയില്‍ പാരാ സ്‌പോര്‍ട്‌സ്, പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രത്തിലാണ്. പാരാലിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ദേവേന്ദ്ര ജജാരിയാണ് പി.സി.ഐ. പ്രസിഡന്റ്, കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തനം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക