Image

കോട്ടയം നെഹ്റു സ്റ്റേഡിയം പുനർനിർമിക്കുന്നു (സനിൽ പി.തോമസ്)

Published on 21 October, 2026
കോട്ടയം നെഹ്റു സ്റ്റേഡിയം പുനർനിർമിക്കുന്നു (സനിൽ പി.തോമസ്)

എൻ്റെ ഓർമയിൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിലെ റെക്കോർഡ് ജനക്കൂട്ടം 1995ലെ മാമ്മൻ മാപ്പിള ട്രോഫി ഫുട്ബോൾ ഫൈനലിൽ ജെ.സി.ടി. ഫഗ്വാരയും കണ്ണൂർ കെൽട്രോണും ഏറ്റുമുട്ടിയപ്പോഴാണ്. ഐ.എം.വിജയനും ജോ പോൾ അഞ്ചേരിയുമൊക്കെ ഉൾപ്പെട്ട ജെ.സി.ടി. ചാംപ്യൻമാരായി.
നെഹ്റു സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റും സംസ്ഥാന സ്കൂൾ കായിക മേളയും അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്ലറ്റിക്സും റിപ്പോർട്ട് ചെയ്തതും ഓർക്കുന്നു.

പക്ഷേ, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയം ദേശീയ ശ്രദ്ധ നേടിയത് 1972 ലെ അന്തർ സംസ്ഥാന അത് ലറ്റിക്സിലൂടെയാണ്. സ്കൂൾ വിദ്യാർഥി ആയിരിക്കെ ഒന്നോ രണ്ടോ ദിവസം ഗാലറിയിൽ ഞാനും ഉണ്ടായിരുന്നു.
വർഷങ്ങളായി തകർന്നു കിടക്കുന്ന നെഹ്റു സ്റ്റേഡിയം പുനർനിർമിക്കാൻ തീരുമാനമായി. ഇന്ന് സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണനോട് സംസാരിച്ചപ്പോൾ പ്രതീക്ഷ ഉയർന്നു. തുടക്കമായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചെന്ന് അദ്ദേഹം പറഞ്ഞു.കോട്ടയം നഗരസഭയുടെ കീഴിലാണ് സ്റ്റേഡിയം.
1972 ലെ അന്തർ സംസ്ഥാന മീറ്റ് ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതെന്നു പറഞ്ഞല്ലോ. അന്നത്തെ ഗ്ലാമർ താരം കർണാടകയുടെ നിർമല പൊന്നപ്പ (ഉത്തയ്യ ) ആയിരുന്നു. മൺ  ട്രാക്കിൽ മിന്നൽപിണർ ആയ നിർമലയുടെ സ്പ്രിൻറ് ഡബിളിനൊപ്പം ഇന്ത്യൻ താരം പൊന്നപ്പയുമായുള്ള പ്രണയവും അന്നു മലയാളം പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു.
പുതിയ സ്റ്റേഡിയം നിർമിക്കുന്ന വാർത്ത അറിയിച്ചപ്പോൾ നിർമലയ്ക്ക് സന്തോഷം.

Yes Sanil . It was fantastic . I won 4 gold medals at the Nationals here . Wonderful memories of the packed stadium for our events 😊!
അന്ന് തിളങ്ങിയ മലയാളി താരങ്ങളിൽ സുരേഷ് ബാബു ( ഹൈ ജംപ് സ്വർണം )  അകാലത്തിൽ വേർപിരിഞ്ഞു.ടി.സി.യോഹന്നാൻ ലോങ് ജംപിലും ട്രിപ്പിൾ ജംപിലും സ്വർണം നേടി. പി.ആർ. പുരുഷോത്തമൻ 800 മീറ്ററിലും 4x400 മീറ്റർ റിലേയിലും സ്വർണം നേടി. 400 മീറ്ററിലും അക്കാലത്തെ മികച്ച താരമായിരുന്ന പുരുഷോത്തമൻ എന്തുകൊണ്ട് അന്ന് 400 മീറ്റർ ഓടാതെപോയി എന്ന് ഓർക്കുന്നില്ല.ജോൺ ജെ.ക്രിസ്റ്റിക്കായിരുന്നു 400 മീറ്ററിൽ വെള്ളി. ഒ.എൽ.തോമസ് 200 മീറ്റർ വിജയിച്ചു.ഇന്നു സംസാരിച്ചപ്പോൾ റിലേ ഓടിയപ്പോൾ, മൺ ട്രാക്കിൽ കാൽ താഴ്ന്നു പോയ അനുഭവം ഒ.എൽ.തോമസ് ഓർത്തു.
താൻ ഹൈജംപിൽ ദേശീയ റെക്കോർഡുകാരിയായത് ഇവിടുന്നുള്ള തുടക്കമാണെന്ന് ഡോ.എലിസബത്ത് മത്തായി ഓർക്കുന്നു.

ഇനിയൊരിക്കൽ കൂടി നെഹ്റു സ്റ്റേഡിയത്തിൽ ദേശീയ അത്ലറ്റിക്സ് നടക്കട്ടെ എന്ന് ആഗ്രഹിക്കാം.

നിർമലയുടെ പുത്രി മുൻ ദേശീയ വനിത ടെന്നിസ് ചാംപ്യൻ ആരതി പൊന്നപ്പയുടെ പ്രതികരണം ചുവടെ. 
This is good to hear. Hope they utilise it well and productively after.
നെഹ്റു സ്റ്റേഡിയത്തിൽ 1970 കളുടെ ആദ്യം കേരള- കർണാടക രഞ്ജി ക്രിക്കറ്റ് നടന്ന കഥ കെ.എം.റോയ്  പറഞ്ഞത് കൂടി ഓർത്തെടുക്കട്ടെ. സൂപ്പർ സ്റ്റാർ ഗുണ്ടപ്പ വിശ്വനാഥ് ഒക്കെ കർണാടക ടീമിൽ കളിച്ചിട്ടും കളി കാണാൻ ആരുമില്ല.ഒടുവിൽ കോട്ടയം എസ്.പി. വെങ്കടാചലം രക്ഷകനായി. രാവിലെ ചോറും പാത്രവുമായി പണിക്കു പോകാൻ ഇറങ്ങിയവരെയൊക്കെ എസ്. പി. പിടിച്ച് ഗാലറിയിൽ ഇരുത്തി അഭിമാനം രക്ഷിച്ചത്രെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക