
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ ഉൾപ്പെടാത്ത രണ്ടു ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് ലഭിച്ച പരസ്യമായ ഇന്ത്യൻ അമേരിക്കൻ പിന്തുണ ഇടക്കാല തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി. ടെക്സസിൽ കടുത്ത പോരാട്ടം നേരിടുന്ന ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി ജെയിംസ് തലറിക്കോ, ന്യൂ യോർക്കിൽ വീണ്ടും മത്സരിക്കുന്ന റെപ്. ടോം സോസി എന്നിവർക്കു ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ നിർണായക പിന്തുണയാണ് ലഭിച്ചത്. രണ്ടിടത്തും ഈ സമൂഹത്തിനു ഗണ്യമായ സാന്നിധ്യവുമുണ്ട്.
കുടിയേറ്റക്കാരെ അടിച്ചൊതുക്കാനും നീക്കം ചെയ്യാനുമുള്ള റിപ്പബ്ലിക്കൻ പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ശക്തമായ പ്രതികരണം ഉണ്ടായത്.
ഇന്ത്യൻ അമേരിക്കൻ വസന്ത് ഭട്ട് എക്‌സിൽ കുറിച്ചത് "ഞാൻ ഇപ്പോൾ ജെയിംസ് തലറിക്കൊയ്‌ക്കു വോട്ട് ചെയ്തു" എന്നാണ്. "രണ്ടാം തലമുറ ഇന്ത്യൻ അമേരിക്കനായ എനിക്ക് അതിന്റെ പേരിൽ സഹിക്കേണ്ടി വരുന്ന വംശീയ വിദ്വേഷവും വർധിച്ചു വരുന്ന ആക്രമണങ്ങളും മടുത്തു. കഠിനാധ്വാനം ചെയ്തു ത്യാഗങ്ങൾ സഹിച്ചാണ് എന്റെ കുടുംബം അമേരിക്കൻ സ്വപ്നത്തിനു സംഭാവനകൾ നൽകിയത്.
"ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന അവസരങ്ങളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞാൻ എന്റെ വീടായി കാണുന്ന ഈ നാട്ടിൽ വിദേശി എന്ന് എന്നെ വിളിക്കുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയുന്നതല്ല. ഞാൻ അക്ഷരാർഥത്തിൽ അമേരിക്കൻ തന്നെയാണ്.
" വോട്ടവകാശമുള്ള ഓരോ ടെക്സനോടും വോട്ട് ചെയ്യാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. നമ്മൾ അടിയറ വയ്ക്കാൻ വിസമ്മതിക്കുന്ന ആദർശങ്ങൾക്കു വേണ്ടിയുള്ളതാണ് ഈ തിരഞ്ഞടുപ്പ് പോരാട്ടം."
ഭട്ടിന്റെ പോസ്റ്റ് 857,000 പേർ കണ്ടു, 7,300 പേർ ഇഷ്ട്ടപ്പെട്ടു. 3,000 പേർ പ്രതികരിക്കുകയും ചെയ്തു. വലതു പക്ഷത്തു നിന്നു കടന്നാക്രമണം ഉണ്ടായി. വലതുപക്ഷ നിരീക്ഷകൻ പാട്രിക് കെയ്‌സിയുടെ വിമർശനത്തിനു 32,000 പേർ പ്രതികരിച്ചു. ഭട്ട് നേരത്തെ റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസിനു വേണ്ടി ജോലി ചെയ്തിരുന്നു എന്നദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യൻ അമേരിക്കൻ സമൂഹങ്ങളിൽ ഒന്നാണ് ടെക്സസിൽ ഉള്ളത്. വിവാദപുരുഷനായ അറ്റോണി ജനറൽ കെൻ പാക്സ്റ്റൺ ആണ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചു വന്ന ഈ സീറ്റിൽ തലറിക്കോയെ നേരിടുന്നത്. തലറിക്കൊയ്ക്കു പോളിംഗിൽ നേരിയ ലീഡുണ്ട്.
ന്യൂ യോർക്കിൽ
ന്യൂ യോർക്ക് യൂണിയൻഡെയ്‌ലിൽ റെപ്. സോസിയെ പിന്തുണച്ചു അഞ്ഞൂറിലേറെ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ഒത്തുകൂടി. ലോംഗ് ഐലൻഡിൽ ന്യൂ യോർക്ക് ഡിസ്‌ട്രിക്‌ട് 3 പ്രതിനിധിയാണ് സോസി. ഗണ്യമായ ഇന്ത്യൻ അമേരിക്കൻ സാന്നിധ്യമുള്ള ഡിസ്ട്രിക്ടിൽ അദ്ദേഹത്തിനു ആ പിന്തുണ ഏറി വരുന്നുണ്ട്.
ഇന്ത്യയുമായി ഉറച്ച ബന്ധങ്ങൾക്കു ആഹ്വാനം ചെയ്തിരുന്ന മുൻ റെപ്. സ്റ്റീഫൻ സോളാർസിനെ പോലെയാണ് സോസിയെന്നു സമൂഹത്തിന്റെ നേതാവ് വരീന്ദർ ഭള്ള പറഞ്ഞു.
ടെക്സസിൽ ഏർലി വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ വോട്ടിംഗ് എങ്ങിനെ പോകുന്നു എന്നാണ് രണ്ടു പാർട്ടികളും നിരീക്ഷിക്കുന്നത്.
Indian American support extended to Democratic candidates