
ഒരു വ്യക്തി ജനിച്ചുവീഴുന്ന കുടുംബത്തെയോ നാടിനെയോ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന പേരാണ് കുടുംബപ്പേര്. ഒരാളുടെ വ്യക്തിഗദ പേരും കുടുംബപ്പേരും ചേരുമ്പോള്‍ മുഴുവന്‍ പേര് ആകുന്നു. ഒരുവ്യക്തിയുടെ അച്ഛന്‍റെയും മുത്തച്ഛന്‍റെയും കുടുംബത്തില്‍ നിന്ന് വരുന്ന പേരാണ് കുടുംബപ്പേര്. ഇത് നിങ്ങള്‍ ഏത് കുടുംബത്തില്‍ പെട്ടതാണെന്നും, നിങ്ങളുടെ പൂര്‍വ്വികര്‍ ആരാണെന്നും, ഗോത്രം സ്ഥലം സ്വത്ത് എന്നിവ എന്താണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഇതിനെ കുടുംബപ്പേര് എന്ന്‍ പറയുന്നത്.
കുടുംബപ്പേര് അഥവാ തറവാട്ടുപേര് വെറും ഒരു പേരല്ല. ഒരേ പേരില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. എന്നാല്‍, വീട്ടുപേര് ചേര്‍ക്കുന്നതു കൊണ്ട് വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഏത് നാട്ടില്‍ നിന്ന് വന്നുവെന്നും, മുത്തച്ഛനും മുത്തച്ഛിയും ആരായിരുന്നുവെന്നും കുടുംബപ്പേര് പറയും. അത് നമ്മുടെ ചരിത്രമാണ്. സ്വന്തസ്വത്തും തറവാട്ടു വസ്തുവും കൈമാറുന്നതിന്, കുടുംബപ്പേര് നിയമപരമായി ആവശ്യമുണ്ട്. ഒരേ കുടുംബപ്പെരുള്ളവര്‍ എല്ലാം ഒരേ രക്തബന്ധത്തില്‍പ്പെട്ടവരാണെന്നു മനസ്സിലാക്കി ഒരു കൂട്ടമായി നില്‍ക്കാനും സഹായിക്കും. കുടുംബപ്പേരില്ലാ ത്തവര്‍, വേരില്ലാത്ത മരങ്ങള്‍ പോലെയാണെന്നും പറയപ്പെടുന്നു. എന്നാല്‍, കുടുംബപ്പേര് ഉള്ളവര്‍ക്ക് അത് അടയാളവും അഭിമാനവുമാണ്. ഒരു വ്യക്തി ആരാണെന്നും അയാള്‍ എവിടെ നിന്ന്, ഏത് വംശത്തില്‍ നിന്ന് വരുന്നുവെന്നും, വേരും അടയാളവും ഉണ്ടെന്നും, കുടുംബപ്പേരിലൂടെ ലോകത്തോട് പറയാന്‍ കഴിയുന്നു. കൂടാതെ, നല്ല കുടുംബപ്പേര് സമുദായത്തില്‍ ബഹുമാനവും നേടിത്തരുന്നു. പൂര്‍വ്വികരെ സംബന്ധിച്ച വിവരങ്ങളും പാരമ്പര്യവും നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുന്നതിനും, നിയമനത്തിനും, നിയമപരമായ രേഖകള്‍ക്കും, നടപടിക്രമങ്ങള്‍ക്കും ഇപ്പോള്‍ കുടുംബപ്പേര് നിര്‍ബന്ധവുമാണ്.
കുടുംബപ്പേരിനും ചരിത്രമുണ്ട്. പുരാതനകാലത്ത് മനുഷ്യര്‍ക്ക് ഒറ്റപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ വര്‍ദ്ധിച്ചതോടെ, ഒരേ പേരുള്ള അനേകര്‍ ഉണ്ടാവുകയും അതുകൊണ്ട് മറ്റൊരു പേര് കൂടി ചേര്‍ത്തു എന്നും ചരിത്രം പായുന്നു. അച്ഛന്‍റെ പേര്, അധിവസിക്കുന്ന സ്ഥലത്തിന്‍റെ പേര്, ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ പേര്, കുടുംബത്തിന്‍റെ പ്രത്യേകത എന്നിവ രണ്ടാമത്തെ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിച്ചു. അങ്ങനെ, ഓരോരുത്തരുടെയും പേരുകള്‍ അവരവരുടെ അടയാളങ്ങളായി. നല്ല ജീവിതവും പ്രവര്‍ത്തനവും കൊണ്ട്, കുടുംബപ്പേര് അഭിമാനഭരിതവും സുപ്രസിദ്ധവുമാക്കാന്‍ സാധിക്കും. ധനം നഷ്ടപ്പെട്ടാല്‍ കുറച്ചും, ആരോഗ്യം നഷ്ടപ്പെട്ടാല്‍ കൂടുതലും കുംബത്തിന്‍റെ മാനം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടമായി എന്ന് കരുതുന്നവരും ഉണ്ട്. അതുകൊണ്ട്, കുടുംബപ്പേര് ഒരു നാമം മാത്രമല്ല. ഓരുരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്.
അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ സ്ഥിരമായി താമസിക്കുന്ന മലയാളികള്‍, അവരുടെ വീട് നമ്പരിന്‍റെ അടിയില്‍ തങ്ങളുടെ കുടുംബപ്പേരും എഴുതിവെക്കാറുണ്ട്. നാട് വിട്ട് വേറൊരു രാജ്യത്തെ പൗരനായി ജീവിക്കുമ്പോഴും, ഞാന്‍ എവിടെ നിന്ന് വന്നു എന്ന് അറിയുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട്, തറവാടിന്‍റെ പേര് അവര്‍ക്കൊരു തിരിച്ചറിയല്‍ രേഖയാണ്. നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചതും നമ്മള്‍ ജനിച്ചുവളര്‍ന്നതുമായ കുടുംബത്തോടുള്ള നന്ദിയും ബഹുമാനവും ഇതിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ട് വിദേശത്ത് ജനിച്ചുവളരുന്ന പുതു തലമുറയ്ക്ക് മലയാളം എഴുതാനും വായിക്കാനും കഴിഞ്ഞില്ലെങ്കിലും, അവരുടെ നാട്ടിലെ കുടുംബബന്ധങ്ങള്‍ മറക്കാതിരിക്കാന്‍ ഇത് സഹായിക്കും. കുടുംബപ്പേര് പ്രദര്‍ശിപ്പിക്കുന്ന രീതി മലയാളികള്‍ക്ക് മാത്രമല്ല, ലോകത്ത് എവിടെയും കുടിയേറിപ്പാര്‍ക്കുന്ന മിക്ക ദേശക്കാരും സ്വീകരിക്കാറുണ്ട്. മറു നാടുകളിലുള്ള മലയാളികള്‍ പരസ്പരം പരിചയപ്പെടുന്നതിനും, സന്തോഷം പങ്കുവയ്ക്കുന്നതിനും, സംഘടനകള്‍ സ്ഥാപിച്ച് സാംസ്കാരികവും രാഷ്ട്രീയ വുമായ രംഗങ്ങളില്‍, നേട്ടങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഇവ വഴിയൊരുക്കുന്നുണ്ട്. പ്രവാസ ജീവിതത്തിന്‍റെ തിരക്കിനിടയില്‍ സ്വന്തം തറവാടിന്‍റെ പേര് കാണുമ്പോള്‍ ജന്മഭൂമിയില്‍ എത്തിയ സുഖം തോന്നും. നാട്ടിലെ തറവാടും സ്വത്തും വിറ്റുപോയാലും, കുടുംബപ്പേരിലൂടെ ബന്ധങ്ങളേയും ബന്ധുജനങ്ങളേയും ഓര്‍ക്കാന്‍ കഴിയും. കൂടാതെ, പുതിയ തലമുറക്ക് അതൊരു കഥയാകും.
പ്രവാസിമലയാളികള്‍ കുടുംബവൃക്ഷം ( family Tree) തയ്യാറാക്കുന്നത് ഒരു വിനോദമായിട്ടല്ല ഇപ്പോള്‍ കാണുന്നത്. അത് അവരുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്. ജന്മദേശം വിട്ട് ഏതെങ്കിലും ഒരു രാജ്യത്ത് സ്ഥിരമായി ജീവിക്കുമ്പോള്‍, അവരുടെ ബന്ധങ്ങള്‍ ക്രമേണ അറ്റുപോകാം. അതിനൊരു ശക്തമായ പരിഹാരമാണ് കുടുംബവൃക്ഷം. മറുനാടുകളില്‍ ജനിച്ചുവളരുന്ന യുവതലമുറക്ക്, അവര്‍ ആരാണെന്നും, അവരുടെ മാതാപിതാക്കള്‍ എങ്ങനെ എവിടെനിന്ന് വന്നു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് നല്‍കുന്ന വ്യക്തമായ ഉത്തരമാണ് കുടുംബവൃഷം.
എന്നാല്‍, കുടുംബവൃഷം ഉണ്ടാക്കി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യവും ഉദ്ദേശ്യവും എന്തെന്ന് മനസ്സിലാക്കാത്ത പ്രവാസികളും ഉണ്ട്. അവരുടെ ബന്ധുക്കളുടെയും നാടിന്‍റെയും തറവാടിന്‍റെയും പേരുകളും ആചാരങ്ങളും ആഘോഷങ്ങളും സംബന്ധിച്ച അറിവ്, ആത്മസന്തോഷം നല്‍കുന്നതാണ്. മനുഷ്യബന്ധങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതും ബന്ധുക്കളെ ഓര്‍ക്കാന്‍ കഴിയുന്നതും അനുഗ്രഹമാണ്. ശരിയായി തയ്യാറാക്കിയ കുടുംബവൃക്ഷം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍, അതില്‍ അടയാളപ്പെടുത്തിയിട്ടുള്ളവരില്‍ ആരൊക്കെയാണ് രക്തബന്ധമുള്ളവര്‍ എന്നും യുവതലമുറക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത് നിര്‍ണ്ണായകമാണ്. വിവാഹം പോലെയുള്ള സുപ്രധാന സന്ദര്‍ഭങ്ങളില്‍ ബന്ധുക്കളെ തിരിച്ചറിഞ്ഞു് ക്ഷണിക്കുന്നതിനും ഇത് സഹായിക്കും.
പ്രവാസികള്‍ക്ക് അവരടെ സ്വദേശത്തുള്ള തറവാട്ട്സ്വത്ത് പൂര്‍വ്വികസ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, വംശപരമ്പര രേഖപ്പെടുത്തിയ കുടുംബവൃക്ഷം ഉണ്ടെങ്കില്‍, ആധാരങ്ങള്‍, അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച തെളിവുകള്‍ നല്‍കുന്നതിനു ഏറെ ഉപകരിക്കും. ഇത് മറ്റ് നിയമ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പിന്തുണ നല്‍കും.
അമേരിക്കയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പരമ്പരാഗത രോഗങ്ങളെക്കുറിച്ച് അറിയുന്നതിന്, രോഗികളോട് കുടുംബ ചരിത്രം ചോദിക്കാറുണ്ട്. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ കുടുംബത്തില്‍ ആര്‍ക്കൊക്കെ ഉണ്ടായിരുന്നു എന്ന് അറിയുന്നത്, മാതാപിതാക്കളുടെയും മക്കളുടെയും ആരോഗ്യം നേരത്തേ കാത്ത് സൂക്ഷിക്കുന്നതിന് സാധിക്കും.
നമ്മുടെ സംസ്കാരം കുടുംബ പാരമ്പര്യം ആഘോഷങ്ങള്‍ കുടുംബയോഗങ്ങ ള്‍ എന്നിവ മനസ്സിലാക്കി, യഥാവസരം കൂടിവരുന്നതിനും, സമ്പര്‍ക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അറിവ് നല്‍കുന്ന ഒരു പാഠപുസ്തകമാണ് കുടുംബവൃഷം. ഓരോരുത്തരുടെയും പേരിനോടൊപ്പം അവരുടെ ഫോട്ടോയും ചെറുവിവരണവും എഴുതിചേര്‍ക്കാം. അടുത്ത കുടുംബം, ഏറ്റവും അടുത്ത കുടുംബം, പൂര്‍വ്വികര്‍, നമ്മുടെ വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബ ജീവിതം, എവിടെയെല്ലാം വസിച്ചു, നമ്മുടെ മക്കള്‍, പേരക്കുട്ടികള്‍, അവരുടെ മക്കള്‍, നമ്മുടെ പൗരത്വം, മതപരമായ നാഴികക്കല്ലുകള്‍, മിലിട്ടറി സേവനം, രാഷ്ട്രിയപ്രവര്‍ത്തനം, അവാര്‍ഡുകള്‍, സ്വത്തുക്കള്‍, ഓര്‍മ്മക്കായി സൂക്ഷിക്കുന്ന വസ്തുക്കള്‍, കുടുംബഫോട്ടോ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കുടുംബവൃക്ഷം ഒരു നിധിയായി മാറും. പ്രവാസികള്‍ക്ക്, ജന്മദേശം എന്നത് ഒരു സ്ഥലം മാത്രമല്ല, അനഘമായ സ്മരണകളുമാണ്. അത് മക്കളിലേക്കും അവരുടെ തലമുറകളിലേക്കും പകരാനുള്ള ഏക മാര്‍ഗ്ഗവും ഇതാണ്.
കുടുംബവൃക്ഷം വെറും ഒരു ചിത്രമല്ല. അത് ഓരോരുത്തരുടെയും മക്കളോട് തങ്ങള്‍ ആരാണെന്ന് പറയുന്ന സംഭവകഥയാണ്. ഇത് ഉണ്ടാക്കിവച്ചില്ലെങ്കില്‍, പേരക്കുട്ടികള്‍ക്ക് അവരുടെ ഗതകാലസംഭവങ്ങളും ചരിത്രവും നഷ്ടമാകും. അതുകൊണ്ട്, മാതാപിതാക്കളും, മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരിക്കുമ്പോ ള്‍ തന്നെ, അവരില്‍ നിന്ന് അറിവുകള്‍ ശേഖരിക്കണം. കുടുംബവൃക്ഷം ഉണ്ടാക്കുവാന്‍, എല്ലാ ബന്ധുക്കളെയും സമീപിക്കണം. അപ്പോള്‍, സമ്പര്‍ക്കം ഇല്ലാത്തവരെപ്പോലും കുടുംബത്തോട് ചേര്‍ത്ത് സന്തുഷ്ട ഭാവി സൃഷ്ടിക്കാന്‍ കഴിയും. തങ്ങള്‍ ഏത് വംശാവലിയില്‍പ്പെട്ടവരാണെന്നും, എവിടെ നിന്ന് വന്നുവെന്നും തിരിച്ചറിയുമ്പോള്‍, മക്കളുടെ അഭിമാനവും ആത്മവിശ്വാസ വും വര്‍ദ്ധിക്കും. കുടുംബം ഓരോ പ്രവാസിയുടെയും സ്വത്താണ്. ധനവും വീടും നഷ്ടപ്പെടാം. പക്ഷേ, കുടുംബചരിത്രം ആര്‍ക്കും തന്നെ എടുത്തു കളയാന്‍ സാധിക്കാത്ത സ്വന്തം സ്വത്താണ്. പൌരത്വവും മാറ്റാം .എന്നാല്‍, രക്തബന്ധം മാറില്ല. കുടുംബവൃഷം ആ ബന്ധത്തിന്‍റെ അടയാളമാണ്. അക്കാരണത്താല്‍, കുടുംബവൃഷം ഇല്ലാത്തവര്‍ എത്രയും പെട്ടെന്ന് അത് ഉണ്ടാക്കി സംരക്ഷിക്കുന്നത് ഉപകാരപ്പെടും.
ഇന്‍ഡൃയിലെ കുടുംബവൃഷത്തിനു ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുണ്ടത്രേ. എങ്കിലും, അതിന് രേഖാമൂലമായ തെളിവുകള്‍ ഇല്ല. സൂര്യവംശം, ചന്ദ്രവംശം, ഗോത്രങ്ങള്‍ എന്നിവയിലൂടെ, വാമൊഴിയായും പുരാണങ്ങളിലൂടെയും വന്നതാണ്. എന്നാല്‍, ചൈനയുടെ 250 വര്‍ഷം പഴക്കമുള്ള കുടുംബവൃഷം സംബന്ധിച്ച വിവരങ്ങള്‍ക്ക് രേഖകള്‍ ഉണ്ട്. ചൈനീസ് തത്ത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷ്യസിന്‍റെ കുടുംബത്തില്‍ ജനിച്ച ഓരോ കുഞ്ഞിന്‍റെയും പേര്, ജനനത്തീയതി, ജന്മസ്ഥലം എന്നിവ 80 തലമുറകളായി ഒരു പുസ്തകത്തില്‍ എഴുതി സൂക്ഷിക്കുന്നുണ്ട്. അതിന് ലോകറിക്കാര്‍ഡും ഉണ്ട്.
ഇന്ത്യന്‍ കുടുംബവ്യവസ്ഥയെ കുടുംബവൃഷം എന്നല്ല, വംശാവലി എന്നാണ് പറയുന്നത്. ഇതിന്‍റെ വേര് കൂട്ടു കുടുംബമാണ്. അച്ഛന്‍ അമ്മ മക്കള്‍ മക്കളുടെ മക്കള്‍ എല്ലാവരുംകൂടി ഒന്നിച്ചു താമസിച്ചതിനാല്‍ ഇതിനെ കൂട്ടു കുടുംബം എന്നറിയപ്പെട്ടു. ഇത് രക്തബന്ധം ഗോത്രം ധര്‍മ്മം സംസ്കാരം എന്നിവ ചേര്‍ന്നതാണ്. ലോകത്തിലെതന്നെ വലിയ വംശാവലിയാണെങ്കിലും പഴക്കം നിച്ഛയിക്കാന്‍ രേഖകള്‍ ഇല്ല.
ക്രിസ്ത്യന്‍ ചരിത്രത്തില്‍ കുടുംബവൃക്ഷത്തിന് പ്രാധാന്യമുണ്ട്. ലോകത്തിലെ ആദ്യത്തെ കുടുംബവൃഷം, ബൈബിള്‍ ഉല്‍പത്തി പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍, ആദാമില്‍ നിന്ന് തുടങ്ങി നോഹവരെയുള്ള പത്ത് തലമുറയുടെ പേരുകള്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. യേശുക്രിസ്തുവിന്‍റെ കുടുംബവൃക്ഷം മത്തായിയുടെ സുവിശേഷം അദ്ധ്യായം ഒന്നില്‍ അബ്രഹാമില്‍ തുടങ്ങി നാല്‍പത്തിരണ്ട് തലമുറവരെ എഴുതിയിട്ടുണ്ട്. ആയിരത്തി അഞ്ഞുറ് വര്‍ഷമായി എല്ലാ കുടുംബങ്ങളുടെയും മാമ്മോദീസ, വിവാഹം, മരണം എന്നിവ ചര്‍ച്ച് രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുന്നു. ഇത് വിശ്വാസത്തിന്‍റെ രേഖ കൂടിയാകുന്നു.
ബുദ്ധമതത്തില്‍ വംശാവലിക്ക് വലിയ പ്രാധാന്യം ഇല്ല. കാരണം, ബുദ്ധന്‍ ജാതിയും മതവും നോക്കരുതെന്ന് പഠിപ്പിച്ചിട്ടുണ്ട്. ബുദ്ധമതത്തില്‍ രക്തബന്ധത്തെക്കാള്‍ വലുത് ഗുരുശിഷ്യ ബന്ധമാണ്. അതിനാല്‍, ബുദ്ധമതത്തിന്‍റെ കുടുംബവൃക്ഷം രക്തബന്ധമല്ല, ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് പകരുന്ന ജ്ഞാനത്തെയാണ് അര്‍ത്ഥമാക്കുന്നത്.
യഹൂദമതവും ഇസ്ലാംമതവും ഒരു വേരില്‍ നിന്നും വളര്‍ന്നുവന്ന രണ്ട് മതങ്ങളാണ്. യഹൂദമതത്തിന്‍റെ വംശാവലി അബ്രഹാമിന്‍റെ മകന്‍ ഇസഹാക്കിലൂടെയും, ഇസ്ലാംമതത്തിന്‍റെ വംശാവലി അബ്രഹാമിന്‍റെ ഇളയമകന്‍ ഇസ്മായേലിലൂടെയും ഉണ്ടായി. ഇസ്മയേലിന്‍റെ പരമ്പരയില്‍ മുഹമ്മദു നബിയും ഉണ്ടായി. ആകെയാല്‍, യഹൂദ ഇസ്ലാംമതങ്ങളെ അബ്രഹാമിക മതങ്ങള്‍ എന്നും വിളിച്ചുവരുന്നു.
മിശ്രവിവാഹത്തില്‍ രണ്ട് പശ്ചാത്തലങ്ങള്‍ ഉള്ള കുടുംബങ്ങളാണ് ഒന്നിക്കുന്നത്. അതുമൂലം, രണ്ട് മതങ്ങളുടെയും രണ്ട് സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളും സ്വാധീനങ്ങളും മക്കളിലേക്ക് കടന്നുവരുന്നു. മിശ്രവിവാഹ ത്തിലെ മക്കള്‍ക്ക് ഉണ്ടാകാവുന്ന വലിയ സംശയം ഞാന്‍ ആരാണ് എന്നതാണ്. അതുനിമിത്തം, മിശ്രവിവാഹിതര്‍ കുടുംബവൃഷം തയ്യാറാക്കു മ്പോള്‍, അച്ഛന്‍റെ ഭാഗവും അമ്മയുടെ ഭാഗവും തുല്യ പ്രാധാന്യത്തോടെ എഴുതണം. ഓരോരുത്തരുടെയും പേരിന്‍റെ നേരെ: പേര്, ജനനവര്‍ഷം, മതം, ജാതി, ദേശം, ഭാഷ, ജനിച്ച സ്ഥലം, എന്നിവ എഴുതിയാല്‍ മക്കള്‍ക്ക് തങ്ങളുടെ വേരുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരു മതത്തെയോ സംസ്കാരത്തെയോ മറ്റൊന്നിനേക്കാള്‍ വലുതാക്കി കാണിക്കരുത്. രണ്ടും ആദരവോടെ എഴുതണം. സത്യം മാത്രം എഴുതുക. അത് എത്ര കാലം കഴിഞ്ഞാലും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മനസ്സിലാക്കാന്‍ കഴിയണം.
സ്വവര്‍ഗ്ഗദമ്പതികളുടെ വിവാഹം ഒരു മതപരമായ രേഖയല്ല. ഇത് ആധുനിക കാലത്ത് രണ്ട് വ്യക്തികളുടെ വ്യക്തിപരമായ ഇഷ്ടത്തെയും നിയമപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവാഹമാണ്. പരമ്പരാഗത മതപരമായ നിര്‍വചനത്തില്‍ നിന്നും വ്യത്യസ്‌തമായ ഒന്ന്. ചില മതങ്ങളും, ചില രാജ്യങ്ങളും ഇത് ആംഗീകരിക്കുന്നുമുണ്ട്. വിവാഹം ഏത് തരത്തില്‍ നടത്തിയാലും, ഒരു കുടുംബവൃക്ഷം ഉണ്ടാക്കി സൂക്ഷിക്കുന്നത് നല്ലതാണ്.
പ്രവാസിമലയാളികള്‍ അവരുടെ കുടുംബപ്പേരും കുടുംബവൃക്ഷവും സംബന്ധിച്ച് ബോധവാന്മാരാണ്. എന്നാലും, അവരില്‍ പലരും, അവരുടെ കുടുംബ വൃക്ഷത്തില്‍ പെണ്‍മക്കളുടെ പേരുകള്‍ ചേര്‍ക്കാറില്ല. പണ്ട്, കുടുംബവൃഷം എന്നത് കുടുംബപ്പേര്, സ്വത്ത്, ഗോത്രം എന്നിവ ആണ്‍മക്കളിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന പിതൃദായകക്രമം ആയിരുന്നു. പെണ്‍കുട്ടി വിവാഹശേഷം, ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ ഭാഗമായി കുടുംബം മാറുന്നു എന്ന ചിന്തയായിരുന്നു മറ്റൊരു കാരണം. എന്നാല്‍, ഇത് ശരിയല്ല. അതുകൊണ്ട്, ഇപ്പോള്‍ മിക്ക ആളുകളും ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ, എല്ലാ മക്കളെയും കുടുംബവൃഷത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കുടുംബവഴക്കും തര്‍ക്കങ്ങളും വ്യവഹാര വിവരങ്ങളും കുടുംബവൃക്ഷ ത്തില്‍ ചേര്‍ക്കരുത്. നല്ല ഓര്‍മ്മകള്‍ക്കായി എഴുതുക. പ്രവാസികള്‍ അവരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, അതില്‍ എല്ലാ കുടുംബാംഗങ്ങളേയും ബന്ധുക്കളെയും ചേര്‍ത്ത് ഡിജിറ്റല്‍ കുടുംബവൃക്ഷം ഉണ്ടാക്കുന്ന രീതിയും നിലവിലുണ്ട്. കുടുംബ വിവരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും ഇത് ഉപകരിക്കുന്നു!
രണ്ടാമത് വിവാഹം കഴിച്ചവരുടെ കുടുംബവൃക്ഷത്തില്‍, ആദ്യ പങ്കാളിയുമായി മുറിഞ്ഞവരയും, രണ്ടാമാത്തെ പങ്കാളിയുമായി നേര്‍രേഖയും ഇട്ട് കാണിക്കും, കുട്ടികള്‍ ഏത് വിവാഹത്തില്‍ നിന്നാണോ ആ വരിയില്‍ നിന്ന് താഴോട്ട് ചേര്‍ക്കും. മുറിഞ്ഞ വര ഇട്ട ഭാഗത്ത് വിവാഹമോചനം എന്ന് എഴുതുക.
കുടുംബവൃക്ഷം എങ്ങനെ ഉണ്ടാക്കാമെന്നും, വംശാവലി സംബന്ധിച്ചും പഠിക്കുന്നതിന് “കുടുംബവൃക്ഷ ഗൈഡ്,” “ജനിതക വംശാവലി ശാസ്ത്രം” എന്നീ പുസ്തകങ്ങള്‍ സഹായിക്കും. ഇവ അമേരിക്കയില്‍ ആമസോണ്‍ വഴിയായും, കേരളത്തില്‍ എറണാകുളം കോട്ടയം തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഉള്ള പ്രധാന പുസ്തകക്കടകളില്‍നിന്നും വാങ്ങാവുന്നതാണ്.
________________