Image

സോണിയയുടെ തീയില്‍ കുരുത്ത ബിലോങ്ങിങ്, മിഷേലിന്റെ ബിക്കമിങ്. (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 23 October, 2026
 സോണിയയുടെ തീയില്‍ കുരുത്ത ബിലോങ്ങിങ്, മിഷേലിന്റെ ബിക്കമിങ്. (കുര്യന്‍ പാമ്പാടി)

രണ്ടു ആത്മകഥകളൂണ്ട്  എന്റെ കണ്‍മുമ്പില്‍. സോണിയഗാന്ധിയുടേത് ബിലോങ്ങിങ്, മിഷേല്‍ ഒബാമയുടേത് ബിക്കമിങ്.  സോണിയയുടെ പുസ്തകം നവംബര്‍ 10നു ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കുന്നു. ആദ്യ പ്രതി പ്രസാധകര്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തു. മിഷേലിന്റെ കഥ എട്ടുവര്‍ഷം മുമ്പ് 2018ല്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ചത്.

അമേരിക്കയുടെ 250 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു ബ്ലാക്കിന് പ്രസിഡണ്ട്  പദത്തിലേറാന്‍ ബാരക് ഒബാമ  നേരിടേണ്ടിവന്ന വെല്ലുവിളികളുടെയും അപമാനങ്ങളുടെയും ഉദ്വേഗജനകമായ കഥയാണ് എല്ലാറ്റിനും കൂടെ നിന്ന മിഷേല്‍ ഒബാമ അണിനിരത്തുന്നത്.

 മിഷേല്‍  ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാനോപചാരം

കേംബ്രിഡ്ജില്‍ ഒരേ കാലത്തു പഠിച്ച വേളയില്‍  കണ്ടുമുട്ടി പ്രണയിച്ച  മിഥുനങ്ങളാണ് രാജീവും സോണിയയും. ഇറ്റലിയില്‍ ജനിച്ചു ഇന്ത്യയെ വരിച്ച സോണിയ, വിദേശി എന്ന നിലയില്‍ നേരിട്ട അപമാനങ്ങളെ ധീരമായി നേരിട്ടു. പ്രധാനമന്ത്രിമാരായിരിക്കുമ്പോള്‍ കൊല്ലപ്പെട്ട അമ്മയുടെയും മകന്റെയും ഇടയില്‍ ദുഃഖങ്ങള്‍ മനസ്സില്‍ ഒതുക്കിജീവിച്ചു.

ഷിക്കാഗോയില്‍ ജനിച്ച മിഷേല്‍  റോബിന്‍സണ്‍ ഒബാമ എല്ലാ പ്രതികൂലങ്ങളെയും ചവുട്ടിമെതിച്ച് പ്രിന്‍സ്ടനിലും ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലും പഠിച്ച് സിഡ്ലി ആന്‍ഡ് ഓസ്റ്റിന്‍ എന്ന വലിയ അഭിഭാഷക ലോ സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴാണ് ഒബാമയെ കണ്ടുമുട്ടുന്നത്. ഒബാമ പ്രസിഡണ്ട് ആയ എട്ടു വര്‍ഷം-2009-2017-കാലയളവില്‍ അമേരിക്കയുടെ പ്രഥമ വനിതയായി.

പ്രസാധകര്‍ എത്തിച്ച  ആദ്യ പ്രതി

ഒബാമ ഭരണകാലത്തു സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റണും ജോ ബൈഡന്റെ വൈസ് പ്രസിഡന്റ്  ആയിരുന്ന ഇന്ത്യന്‍ വംശജ കമല ഹാരീസും പ്രസിഡന്റ്  സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ പശ്ചാത്തലത്തില്‍ മിഷേല്‍ ഒബാമ രംഗപ്രവേശം ചെയ്ത്  അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്  ആയിത്തീരുമെന്നു പലരും മോഹിച്ചു. പക്ഷെ മിഷേല്‍ തയ്യാറായില്ല.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭൂരിപക്ഷം നേടിയ യുപിഎ എന്ന യുണൈറ്റഡ് പ്രോഗ്രസ്സിവ് അലയന്‍സില്‍ പ്രധാനമന്ത്രി പദം 2004ല്‍ സോണിയയുടെ കൈപ്പാടകലെ എത്തിയതാണ്. രാജീവ് പ്രധാനമന്ത്രിയായ അഞ്ചു വര്‍ഷക്കാലം കൂടെ നിന്ന ആള്‍. വലിയ പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണമേധാവി പദം അവര്‍ വേണ്ടെന്നു വച്ചു.

ഡല്‍ഹിയില്‍ താമസിച്ച്, സാരിയുടുത്ത്, ഹിന്ദി പഠിച്ച്, ഇന്ത്യന്‍ ഭക്ഷണം വച്ചുവിളമ്പി ഇന്ദിരയെയും രാജീവിന്റെയും മക്കള്‍ രാഹുലിനെയും പ്രിയങ്കയെയും പോറ്റിയ  സോണിയ ഇറ്റലിക്കാരിയാണ്, റോമിനോടാണ് അവര്‍ക്കു കൂറ് എന്നാക്ഷേപിച്ചു ഭരണകക്ഷി ബിജെപി. സോണിയ പ്രധാനമന്ത്രിയായാല്‍ താന്‍ തല മുണ്ഡനം ചെയ്തു തറ്റുടുത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചു അവരുടെ നേതാവ് സുഷമ സ്വരാജ്.

ഗോര്‍ബച്ചേവും റസിയയും ഇന്ത്യയില്‍; റസിയയെ സ്വീകരിക്കുന്ന സോണിയ 

അതൊന്നും വേണ്ടിവന്നില്ല.  ഡല്‍ഹി മുഖ്യമന്ത്രിയും ആദ്യ മോഡി ഭരണകാലത്തു വിദേശകാര്യ മന്ത്രിയും ആയിരുന്നു സുഷമ. ഒരിക്കല്‍   ഞാന്‍  പ്രസിഡണ്ട് ആയിരുന്ന കോട്ടയം പ്രസ്‌ക്ലബ്ബില്‍ എത്തി സൗമ്യമായി പുഞ്ചിരിയോടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.  എതിര്‍വശത്തെ തിരുനക്കര മൈതാനത്തു അവരുടെ കക്ഷിയുടെ യോഗം ഉണ്ടായിരുന്നു. 2019ല്‍  സുഷമ അന്തരിച്ചു.

സോണിയ വിവേകപൂര്‍വം കരുക്കള്‍ നീക്കി. സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിംഗിനെ ഇന്ത്യയിലെ ആദ്യ സിക്ക് പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ചു. ഇന്ദിരയെ വധിച്ച സിഖ് ഭടന് ലഭിച്ച കാവ്യ നീതി. മന്‍മോഹന്‍ സിംഗ്  ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ലോകത്തിന്റെ മുമ്പില്‍ തുറന്നു കൊടുത്തു-ആര്‍ക്കും വരാം ഇന്‍വെസ്റ്റ് ചെയ്യാം. ചുവപ്പു നാട ഉണ്ടായിരിക്കില്ല. ആ നയത്തിന്റെ വഴിത്താരയിലാണ് മോഡി ഭരണകൂടവും  മുന്നോട്ടു പോകുന്നത്.

വിവാഹം; കേംബ്രിജില്‍ കണ്ടുമുട്ടിയ നാളുകള്‍

നേരിട്ട് ഭരണത്തില്‍ പങ്കാളിയായില്ലെങ്കിലും നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ രൂപവല്‍ക്കരിച്ച് അധ്യക്ഷപദത്തിലേറിയ സോണിയ, അഴിമതിക്കെതിരെ അടരാടാന്‍ അറിയാനുള്ള അവകാശം അരക്കിട്ടുറപ്പിക്കുന്ന റൈറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ടിനു ചുക്കാന്‍ പിടിച്ചു.  ജനലക്ഷ ങ്ങളുടെ പട്ടിണി മാറ്റാന്‍ സഹായിച്ച നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ്‌റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കി.  

ഡിസംബര്‍ 9നു 80 വയസ് തികയുന്ന സോണിയ വടക്കു കിഴക്കേ  ഇറ്റലിയില്‍ ആല്‍പ്‌സ് പര്‍വത താഴ്വരയില്‍  ഫിയറ്റ് കാര്‍കമ്പനി ആസ്ഥാനമായ  ടൂറിന്‍  പട്ടണത്തിനടുത്ത് മൂവായിരം പേര്‍  മാത്രം വസിക്കുന്ന ലൂസിയാനയില്‍ മൈനോ കുടുംബത്തിലാണ് ജനിച്ചത്. അച്ഛനമ്മമാര്‍ സ്റ്റെഫാനോയും പാവോളയും. അച്ഛന്‍ കെട്ടിട നിര്‍മ്മാണകമ്പനി ഉടമ. സലേഷ്യന്‍ കന്യാസ്ത്രീകളുടെ സ്‌കൂളില്‍ പഠിച്ച മകളെ ഇംഗ്‌ളീഷ് പഠിക്കാനായി കേംബ്രിഡ്ജിലെ ലെനോസ് കുക്ക് സ്‌കൂളില്‍ ചേര്‍ത്തു.

മുത്തശ്ശന്‍ ജവഹര്‍ലാല്‍  നെഹ്രുവും അമ്മ ഇന്ദിരാഗാന്ധിയും പഠിച്ച ഇംഗ്ലണ്ടില്‍ രാജീവും പഠിക്കാന്‍ എത്തിയത് സ്വാഭാവികം. അവിടെ ഒരു റെസ്റ്റോറന്റില്‍ വച്ച് രാജീവ് സോണിയയെ കണ്ടുമുട്ടുന്നു. സൈക്കിളും  ബൈക്കും  ഒടുവില്‍ പഴയൊരു വോക്സ് വാഗണ്‍ കാറും ഓടിച്ചെത്തിയ രാജീവ് തീരുമാനിച്ചു സുന്ദരിയായ ഇവളാനെന്റെ  ഭാവി ജീവിത പങ്കാളി.

പിച്ചവച്ച കാലം മുതല്‍  ഇന്നു വരെ

ആദ്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സഫ് ദര്‍ജംഗ് റോഡിലെ ഔദ്യോഗിക വസതിയില്‍ താമസിച്ചു അവര്‍. അമൃതസറില്‍  തീവ്രവാദി ബിന്ദ്രന്‍വാലയെ വകവരുത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ കലിപൂണ്ട സ്വന്തം കാവല്‍ഭടന്റെ വെടിയേറ്റ് ഇന്ദിര  നിലംപതിച്ചപ്പോള്‍ അവരെ സ്വന്തം മടിയില്‍ കിടത്തിയാണ് സോണിയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

തമിഴ്നാട്ടിലെ  ശ്രിപെരുമ്പദൂരില്‍ 1991 മെയ് 10നു രാത്രി10 10നു ശ്രീലങ്കന്‍ ചാവേര്‍ വനിതയുടെ ബോംബ് സ്‌ഫോടനത്തില്‍ ശരീരം ചിന്ന ഭിന്നമായി രാജീവ് വീഴുമ്പോള്‍ സോണിയ കൂടെയുണ്ടായിരുന്നില്ല.  ഇന്ദിരക്കു സംഭവിച്ചതുപോലെ മരണം ഏതു നിമിഷവും എത്തിപ്പെടും എന്നവര്‍ക്കറിയാമായിരുന്നു.

കാശ്മീരില്‍ വെടിയേറ്റ ഒരു മുസ്ലിം സുഹൃത്തിനു സ്വന്തം ബുള്ളറ്റ്പ്രൂഫ് വെസ്റ്റ് അയച്ചു കൊടുത്തശേഷം അതൊന്നുമില്ലാതെയാണ് രാജീവ്  രാത്രി കാലത്തെ തെരഞ്ഞെടുപ്പു  റാലിക്കു എത്തിച്ചേര്‍ന്നത്, അങ്ങിനെ മരണം സ്വയം വരിച്ചു എന്നു പറയണം. രാജീവിന്റെ ശരീരം ഡല്‍ഹിയില്‍ എത്തിച്ചപ്പോള്‍ മരവിച്ച  മനസോടെ സോണിയ വിധിയുടെ തീട്ടുരം ഏറ്റു വാങ്ങി.

ബിബിസി ലേഖിക റാണി സിംഗ് എഴുതിയ ജവിതകഥ

ഒരാധുനിക ഭാരതം കെട്ടിപ്പടുക്കാനാണ് രാജീവ് ആഗ്രഹിച്ചത്. അതിനായി ഒട്ടേറെ നടപടികള്‍ തുടങ്ങുകയും  ചെയ്തു. ആ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചുകൊണ്ടാണ് സോണിയ പ്രണയജീവിതത്തിന്റെ താജ് മഹലിനു മുമ്പില്‍ നമ്രശിരസ്‌കയായി ജീവിച്ചതെന്നു സോണിയയെക്കുറിച്ചുള്ള ഏറ്റവും മികച്ച ജീവചരിത്രത്തില്‍ ബിബിസി ലണ്ടന്‍ ലേഖിക റാണി സിംഗ് എഴുതുന്നു.

രാജീവുമായുള്ള സോണിയയുടെ വിവാഹം1968ലായിരുന്നു. 1983ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. മക്കളും കൊച്ചുമക്കളുമായി. കോണ്‍ഗ്രസ് പ്രസിഡണ്ട് ആയി, യുപിഎ അധ്യക്ഷയായി, പ്രതിപക്ഷ നേതാവായി. ബോഫേഴ്‌സ് കൈക്കൂലി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ നിരന്തരം വേട്ടയാടിയിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിട്ടും തളരാതെ മുന്നോട്ടു പോകുന്നു.

പാല്‍ഗ്രേവ് മാക് മില്ലന്‍ 2011ല്‍ പ്രസിദ്ധീകരിച്ച 267 പേജുള്ള ജീവചരിത്രം-Sonia Gandhi An Extraordinary Life An Extraordinary Destiny- എഴുതാന്‍ റാണിസിംഗ് ഡല്‍ഹിയിലും സോണിയ ലോക് സഭ യിലേക്ക് ജയിച്ച ഉത്തര്പ്രദേശിലെ അമേഠിയും റായി ബറേലിയും സന്ദര്‍ശിച്ച് ഗവേഷണവും അഭിമുഖങ്ങളും നടത്തി. സോവിയറ്റ് പ്രസിഡണ്ട് മിഖായില്‍ ഗോര്‍ബച്ചേവിന്റേതാണ് അവതാരിക.

ഒരു ദിവസം കൊണ്ട് വായിച്ച് തീര്‍ത്ത ഈ പുസ്തകവും എന്റെ ശേഖരത്തിലുണ്ട്. ഒമ്പതു അപൂര്‍വ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഉള്ള ഹാര്‍ഡ് ബൗണ്ട് പുസ്തകം.

ബിബിസി ലേഖിക റാണി സിംഗ് എഴുതിയ ജവിതകഥ

സോണിയയുടെ വരാനിരിക്കുന്ന പുസ്തകം അവരുടെ ആദ്യത്തേതല്ല. രാജീവ്, രാജീവിന്റെ ലോകം എന്നീ  പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. ജവാഹര്‍ലാല്‍ ജയിലില്‍ നിന്നു മകള്‍ ഇന്ദിരക്കയച്ച കത്തുകളുടെ രണ്ടുവാള്യങ്ങള്‍ പെന്‍ഗ്വിന്‍ ഇറക്കിയപ്പോള്‍ അതിന്റെ എഡിറ്ററും സോണിയ ആയിരുന്നു.

സോണിയയുടെ ആത്മകഥ Belonging ഒരുലക്ഷം  കോപ്പി ആദ്യം ഇറക്കുമെന്നാണ് ഹാര്‍പ്പര്‍ കോളിന്‍സ് പറയുന്നത്. അതിന്റെ ആഗോള പതിപ്പിന്റെ പ്രീബുക്കിങ്ങില്‍ പണം അടച്ചു  കാത്തിരിക്കുന്നു.


ചിത്രങ്ങള്‍

1. സോണിയയുടെയും മിഷേല്‍ ഒബാമയുടെയും സമാന കഥകള്‍


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക