
കൊളംബോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ രണ്ടാം ദ്വിവത്സര സമ്മേളനം 2027 ജനുവരി 23 മുതല്‍ 26 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കും.
വനിതാ നേതൃത്വം, സ്ത്രീശാക്തീകരണം, ഐക്യം, സഹകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന സമ്മേളനം ലോകമെമ്പാടുമുള്ള മലയാളി വനിതകളുടെ സംഗമവേദിയാകും. പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വെളിയത്ത് , ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍ എന്നിവര്‍ സമ്മേളനത്തിന് പിന്തുണയേകും.

ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സലീന മോഹന്‍, പ്രസിഡന്റ് ഷീല റെജി, സെക്രട്ടറി ലിനു തോമസ്, ട്രഷറര്‍ റോസിലി വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ കരുത്തുറ്റ ആഗോള മലയാളി വനിതാ സമൂഹം കെട്ടിപ്പടുക്കാനുള്ള ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.