
പ്രസിഡന്റ് ട്രംപിനെതിരെ അപൂർവമായ കടന്നാക്രമണം നടത്തി മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ. ഇറാൻ യുദ്ധം, താരിഫ്, കുടിയേറ്റ വേട്ട എന്നിവയെ വിമർശിച്ച ഒബാമ വൈറ്റ് ഹൗസ് മോടി പിടിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ അതിന്റെ സദ്ദാം ഹുസൈൻ ചീസ്കേക്ക് ഫാക്ടറി ഉണ്ടാക്കിയതു പോലെയാക്കി എന്നു പരിഹസിക്കയും ചെയ്തു.
ഒഹായോവിലെ ക്ളീവ്ലൻഡിൽ ഡെമോക്രാറ്റിക് ഗവർണർ സ്ഥാനാർഥി ആമി ആക്ടൻ, സെനറ്റ് സ്ഥാനാർഥി ഷെറോഡ് ബ്രൗൺ എന്നിവർക്കു വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ഒബാമ.
വിലകൾ കുതിച്ചുയരുന്നത് ഭരണകൂടത്തിന്റെ നടപടികൾ മൂലമുള്ള പ്രത്യാഘാതമാണെന്നു ഒബാമ ചൂണ്ടിക്കാട്ടി. "ആരും ആവശ്യപ്പെടുകയോ ചുമതലപ്പെടുത്തുകയോ ചെയ്യാത്ത യുദ്ധമാണ് ട്രംപ് ഇറാനിൽ ആരംഭിച്ചത്. ഇറാന് അണ്വായുധങ്ങളൊന്നും ഇല്ല. ഞാൻ നയതന്ത്രം കൊണ്ടു അവരുടെ ആണവ പദ്ധതി നിയന്ത്രിച്ചതാണ്, ലോകം അത് അംഗീകരിച്ചതുമാണ്.അതിന്റെ പേരിൽ ഒരു മിസൈൽ വിടേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല.
"ഏഴു മാസത്തിനിടയിൽ നമ്മുടെ സഖ്യരാജ്യങ്ങൾ ആക്രമിക്കപ്പെട്ടു, നമ്മുടെ സൈനിക താവളങ്ങൾ ആക്രമിക്കപ്പെട്ടു. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, നൂറു കണക്കിനു അമേരിക്കക്കാർക്കു പരുക്കേറ്റു. നമ്മുടെ ആയുധശേഖരം ശോഷിച്ചു. ഇപ്പോൾ ലോക വിപണിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഹോർമുസ് കടലിടുക്കിനു മേൽ ഇറാനു വീറ്റോ അധികാരമുണ്ട് എന്നതാണ് സ്ഥിതി.
"അതു കൊണ്ടാണ് എണ്ണ വില കുതിക്കുന്നത്. അതു കൊണ്ടാണ് ഡീസലിനു നമ്മൾ കൂടുതൽ വില കൊടുക്കേണ്ടി വരുന്നത്."
ട്രംപിന് താരിഫുകളോടു പ്രേമമാണെന്നു ഒബാമ പറഞ്ഞു. "അതിന്റെ പേരിൽ കഷ്ടം സഹിക്കുന്നതോ യുഎസ് ഉപഭോക്താക്കളും. വിലക്കയറ്റത്തിന് ഒരു കാരണം അദ്ദേഹത്തിന്റെ താരിഫുകളാണ്.
"ഇപ്പോൾ ചെകുത്താന്റെ സാമ്രാജ്യം എന്ന് അദ്ദേഹം വിളിക്കുന്ന കാനഡയുമായി വ്യാപാര യുദ്ധം ആരംഭിച്ചിട്ടുണ്ട്."
യുഎസ് അതിർത്തികൾ സുരക്ഷിതമായിരിക്കണം എന്ന് ഒബാമ സമ്മതിച്ചു. ആളുകൾ നിയമം അനുസരിച്ചേ അകത്തു കടക്കാവൂ. "ഞാനും കുടിയേറ്റ നിയമം കർശനമായി നടപ്പാക്കിയതിനു വിമർശനം ഏറ്റു വാങ്ങിയിട്ടുണ്ട്, പക്ഷെ ഞാൻ ആരുടെയും വീട്ടിലേക്കോ തെരുവിലേക്കോ മുഖം മറച്ച ഏജൻറുമാരെ അയച്ചിട്ടില്ല. നിയമം മാനിക്കുന്ന ഒരാളെയും അറസ്റ്റ് ചെയ്യുകയോ തടവിൽ വയ്ക്കുകയോ വെടിവയ്ക്കുകയോ ചെയ്തിട്ടില്ല."
എല്ലായിടത്തും സ്വർണം പൂശുന്നു
വൈറ്റ് ഹൗസ് പുതുക്കലിനെ പരിഹസിച്ചു ഒബാമ പറഞ്ഞു: "അദ്ദേഹം പുതിയൊരു ബോൾ റൂം നിർമിക്കയാണ്. അതിനു വൈറ്റ് ഹൗസിനേക്കാൾ വലുപ്പമുണ്ട്. എല്ലായിടത്തും സ്വർണം പൂശുന്നു. അദ്ദേഹത്തെ എച് ജി ടി വിയിൽ ഇരുത്തണം."
സ്വന്തം നേട്ടങ്ങൾക്കായി ട്രംപ് അധികാരം ദുർവിനിയോഗം ചെയ്യുന്നു എന്നാരോപിക്കാൻ ഒബാമ മടിച്ചില്ല. വെനസ്വേലയിൽ നിന്നുളള ഒരു ബില്യണയർക്കു മാപ്പു കൊടുത്തത് ഉദാഹരണം. ജനം നികുതി കൊടുക്കുന്ന പണം കൊണ്ടു സ്വന്തം മക്കളുടെ കച്ചവടം പരിപോഷിപ്പിക്കയാണ്."
ആമി ആക്ടനെതിരെ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി ഉപയോഗിച്ച പരസ്യത്തെ ഒബാമ നിശിതമായി വിമർശിച്ചു. അധികാരം കൈയാളുന്ന നേതാക്കൾ പാലിക്കേണ്ട ഒരു മാന്യതയുണ്ടെന്നു ഒബാമ ചൂണ്ടിക്കാട്ടി. "എന്നിട്ടും അത്ര തരം താണ ഒരു പരസ്യം ഉണ്ടാക്കാൻ ഒരാൾക്ക് എങ്ങിനെ കഴിഞ്ഞു?"
Obama tears into Trump over Iran war